ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കെതിരേയും വിപ്ലവപാര്‍ട്ടി

വധശിക്ഷയ്ക്ക് എല്ലാവരും എതിരാണ്..സിപിഎമ്മും എതിരാണ്. സാധാരണക്കാരനായ ഞാനും എതിരാണ്. പക്ഷേ, നിലവിലുള്ള നിയമം അനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ക്ക് കോടതികള്‍ വധശിക്ഷ വിധിക്കാറുണ്ട്. ഇതു മതം നോക്കിയാണെന്ന് വിശ്വസിക്കാന്‍ എനിക്കു ബുദ്ധിമുട്ടാണ്.

കോടതി പരിഗണിക്കുന്നത് മുന്നിലെത്തുന്ന തെളിവുകളും സാക്ഷി മൊഴികളുമാണ്. ഇതിന്‍റെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് വിധികള്‍ വധശിക്ഷയും ജീവപര്യന്തവുമായി മാറുന്നത്. മേമന്‍ തെറ്റു ചെയ്തോ എന്ന് എനിക്കറിയില്ല. പക്ഷേ, 20 കൊല്ലത്തോളം കേസ് പരിഗണിച്ച കോടതികള്‍ക്ക് അയാള്‍ തെറ്റുകാരനാണ്. ഇക്കാര്യത്തില്‍ എന്നേക്കാള്‍ വിവരം കോടതിക്കുണ്ടെന്നും അതുകൊണ്ട് തന്നെ കോടതിക്കു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിയായിരുന്നെന്നും വിശ്വസിക്കുന്നു.

മറ്റു പല കേസിലും മറ്റു പലരെയും കോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കില്‍, അതിനും കോടതിയുടെ തലയില്‍ കയറിയിട്ട് കാര്യമില്ല. രാഷ്ട്രീയ തീരുമാനങ്ങളും അതിനോടനുബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ എടുത്ത നിലപാടുമാണ് അത്തരം വിധികള്‍ പുറത്തുവരാന്‍ കാരണം. ചുരുക്കത്തില്‍ ഇത്രയും കാലം കേന്ദ്രം ഭരിച്ച, മഹാരാഷ്ട്ര ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കേസിനോടുള്ള നിലപാടുകളാണ് മേമന് വധശിക്ഷ ഉറപ്പാക്കിയത്.

പറഞ്ഞു വരുന്നത് നിങ്ങള്‍ നിന്ദിക്കേണ്ടത് ഭരണകൂട നിലപാടുകളെയാണ്, നീതിപീഠത്തെയല്ല.. മലേഗാവ് സ്ഫോടനവും ഗുജറാത്ത് കലാപവും സിഖ് കലാപവും രാജീവ് ഗാന്ധി വധവുമെല്ലാം ..ഇത്തരത്തില്‍ സര്‍ക്കാര്‍ നിലപാടുകൊണ്ടാണ് ലഘൂകരിക്കപ്പെട്ടത്. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരേ പോലെ കുറ്റക്കാരാണ്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കാന്‍ സിപിഎം കോടതിയില്‍ അഭിഭാഷകനെ വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന സോഷ്യല്‍ മീഡിയ പരിഹാസത്തെ ഉള്‍കൊള്ളാന്‍ പാര്‍ട്ടി തയ്യാറായാല്‍ മതിയായിരുന്നു. മേമനെ തൂക്കികൊല്ലരുതെന്നും മുസ്ലീമായതുകൊണ്ടാണ് മേമനെ തൂക്കി കൊന്നതെന്നും പാര്‍ട്ടി പറയരുതായിരുന്നു. പകരം വധശിക്ഷയ്ക്കെതിരേയും അനീതിക്കെതിരേയുമാണ് പാര്‍ട്ടി ശബ്ദിക്കേണ്ടിയിരുന്നത്. അതായിരിക്കണം സിപിഎം. മേമന്‍ മുസ്ലീമായതുകൊണ്ടു മാത്രമാണ് സിപിഎം ശബ്ദിച്ചതെന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല. സല്‍മാന്‍ ഖാനും സിപിഎമ്മുമാണ് ഈ അനീതിയെ വര്‍ഗ്ഗീയ വത്കരിച്ച് ചെറുതാക്കി കളഞ്ഞത്.

ജാതകം, കല്യാണം, വിശ്വാസം..

വിശ്വാസത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റെതായ രീതികളുണ്ടായിരുന്നു. കല്യാണം കഴിയ്ക്കുന്ന സമയത്ത് ഇക്കാര്യത്തില്‍ കുറെ കടുംപിടുത്തങ്ങളും. ജാതകം നോക്കണ്ട, ആളെ വിളിക്കണ്ട. ജാതകത്തിന്റെ കാര്യത്തില്‍ ഞാന്‍ കോംപ്രമൈസ് ചെയ്തില്ല. പക്ഷേ, കള്ള കൂട്ടുകാര്‍ ആദ്യമേ നോക്കിയിട്ടാണ് എന്നെ കൊണ്ടുപോയതെന്ന് പിന്നീടാണ് അറിഞ്ഞത്. ആളെ വിളിച്ചില്ലെങ്കിലും തലേന്ന് ആയിരം പേരാണ് എത്തിയത്. അടിച്ച കത്ത് 150, കൊടുത്തത് 40, ഇവിടെയും എനിക്കു പിഴച്ചു.

കല്യാണം കഴിഞ്ഞാല്‍ പിറ്റേ ദിവസം അമ്പലത്തില്‍ പോകണം പോലും… ഞാന്‍ പറഞ്ഞു പറ്റില്ലാ….അവള്‍ അമ്മയെ വിളിയ്ക്കുന്നു. എന്റെ അമ്മ ഇടപെടുന്നു…അവസാനം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അമ്പലത്തിലേക്ക്. പക്ഷേ, അവള്‍ തനിച്ച് അമ്പലത്തിനുള്ളിലേക്ക്…ഞാന്‍ പുറത്ത് കാത്തു നില്‍ക്കുന്നു. അന്നു നമ്മുടെ വിശ്വാസമായിരുന്നു വലുത്. ഞാന്‍ ആ വിശ്വാസം മുറുകെ പിടിച്ചു… തീര്‍ച്ചയായും അന്നവളുടെ കണ്ണ് നിറഞ്ഞു കാണും.

കഴിഞ്ഞ ദിവസം, ക്ലാസിലെ ഒരു കുട്ടിയെ പറ്റി പറയുമ്പോള്‍ പാറുവിന്റെ ആദ്യത്തെ ഡയലോഗ് ക്രിസ്ത്യനാണ്…. അതു കേട്ടപ്പോള്‍ ഞാനും ഭാര്യയും പകച്ചു.. കൂട്ടുകാരിയുടെ പേരിനേക്കാളും പ്രാധാന്യം അവളുടെ മതത്തിന്… ഞങ്ങള്‍ രണ്ടു പേരും അവളെ സാവധാനം പറഞ്ഞു മനസ്സിലാക്കി. മതമെന്നു പറയുന്നത് മനുഷ്യനുണ്ടാക്കിയ സംഗതിയാണ്. നമ്മളും അവരും പ്രാര്‍ത്ഥിക്കുന്നത് ഒരേ കാര്യത്തിനുവേണ്ടിയാണ്. മോള്‍ക്കും അങ്ങനെ ചെയ്യാം. ദൈവം എന്നത് വിശ്വാസമാണ്. മനുഷ്യന്റെ നല്ല ജീവിതത്തിന് ഇത്തരം വിശ്വാസങ്ങള്‍ നല്ലതാണ്. നിര്‍ബന്ധമാണെന്ന് പറയില്ല. വിശ്വസിക്കാതിരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മതത്തിലും ദൈവത്തിലും നല്ലതും ചീത്തയുമില്ല. എല്ലാം നമ്മളുണ്ടാക്കിയതാണ്.

അറിയാത്ത കാര്യങ്ങളെ ദൈവമാക്കുന്നതായിരുന്നു നമ്മുടെ രീതിയെന്നും പണ്ട് വെള്ളവും അഗ്നിയും വായുവും സൂര്യനും ചന്ദ്രനും ദൈവങ്ങളായിരുന്നുവെന്നും പറഞ്ഞു കൊടുത്തു. ദൈവത്തിനെ ഓരോ രൂപങ്ങളില്‍ നമ്മള്‍ അമ്പലങ്ങളില്‍ കാണുന്നുണ്ടെങ്കിലും അതെല്ലാം ഒരേ സങ്കല്‍പ്പമാണെന്നും ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും ഒരേ കാര്യം വ്യത്യസ്തരീതിയില്‍ ചെയ്യുകയാണെന്നും പറഞ്ഞു കൊടുത്തു.

പറഞ്ഞു വരുന്നത്, ഭാര്യയുടെ വിശ്വാസ രീതികളിലും എന്റെ സമീപനങ്ങളിലും ഏറെ മാറ്റം വന്നു. അന്ന് അമ്പലത്തിനുള്ളില്‍ കയറാതിരുന്ന ഞാന്‍ പിന്നീട് പല അമ്പലങ്ങളിലും കയറി, രണ്ടു കുട്ടികളുടെയും ചോറൂണ് ഗുരുവായൂര്‍ വെച്ചായിരുന്നു. പക്ഷേ, അതിനര്‍ത്ഥം ഞാന്‍ നേരത്തെ ഊട്ടിയുറപ്പിച്ച വിശ്വാസപ്രമാണങ്ങളില്‍ മാറ്റം വന്നുവെന്നല്ല, മറിച്ച് സമീപനത്തില്‍ മാറ്റം വന്നു. ഞങ്ങളുടെ വിശ്വാസത്തെ ഇനിയും തേച്ചു മിനുക്കിയെടുക്കേണ്ടതുണ്ട്. അതിന്റെ സത്ത പാറുവിനും കിച്ചനും പകര്‍ന്നു കൊടുക്കണം. മതവെറിയന്മാര്‍ക്കിടയില്‍ വേറിട്ട് തലയുയര്‍ത്തി തന്നെ അവര്‍ക്ക് നില്‍ക്കാനാകണം. യഥാര്‍ത്ഥ വിശ്വാസത്തിന്റെ മഹത്വം ഉയര്‍ത്തി പിടിച്ച്….സംഘിയും സുഡാപ്പിയും മതത്തിന്റെ കൃഷിക്കാരനുമല്ലാത്ത നല്ല മനുഷ്യരായി മക്കള്‍ ജീവിക്കട്ടെ. ഇഷ്ടപ്പെട്ട വിശ്വാസരീതികള്‍ സ്വീകരിക്കട്ടെ, ലക്ഷ്യം സമാധാനം മാത്രമായിരിക്കട്ടെ..

ലിംഗചലനം

ഹാഫ് ബ്ളസും കുട്ടിപ്പാവാടയും ഇട്ട് നടന്നിരുന്ന കാലത്ത് ‘ലിംഗചലന’മുണ്ടായതായി കേട്ടിട്ടില്ല, എന്തിനേറെ മാറു മറയ്ക്കാതെ നടന്ന കാലത്തു പോലും….ഇപ്പോ ലെഗ്ഗിങ്സിനാണ് കുഴപ്പം, അതേ ലെഗ്ഗിനാണ് കുഴപ്പം,,,,പെണ്ണിനാണ് കുഴപ്പം പോലും….
എന്റെ അഭിപ്രായത്തില്‍ കുഴപ്പം ആണിന്റെ കണ്ണിനാണ്. മനസ്സിനാണ്. സിനിമയിലും സീരിയലിലും സൂം ചെയ്തു ശീലിച്ച ക്യാമറകണ്ണുകളാണ് ഇന്ന് ഒട്ടു മിക്ക ആണുങ്ങള്‍ക്കുമുള്ളത്. അവളുടെ മാറിടത്തിന്റെ മുഴുപ്പിലേക്കും വിടവിലേക്കും, വസ്ത്രത്തിനിടയിലൂടെ തെളിഞ്ഞു കാണുന്ന മാംസ കഷണത്തിലേക്കും…പിറകിലേക്കും,,,ഈ പറഞ്ഞ ലെഗ്ഗിലേക്കും..ലെഗ്ഗിങ്സിലൂടെ തെളിയുന്ന കൊഴുപ്പിലേക്കും..അവന്‍ ഫോക്കസ് ചെയ്യുന്നത് പലപ്പോഴും ഇവിടേക്കൊക്കെയായിരിക്കും.
നിരുപദ്രവകരമായി നോക്കുന്ന പുരുഷന്മാരുമുണ്ട്. അവര്‍ ചില ഗോപാലകൃഷ്ണന്മാരും ചന്ദ്രകുമാര്‍മാരും ശശിമാരും ഫിറ്റ് ചെയ്തുകൊടുത്ത ക്യാമറയിലൂടെ നോക്കുന്നുവെന്നേ ഉള്ളൂ. കണ്ട് ശീലിച്ച, കൈവശമുള്ള ക്യാമറ, അത്രയേ ഉള്ളൂ. ഇവര്‍ .അവരുടെ മനസ്സ് വേറെ എവിടെയെങ്കിലും ആവും. അത് അവര്‍ അവിടെ തന്നെ വിട്ടു പോവുകയും ചെയ്യും. അതിനെ തലയിലെടുത്ത് നടക്കാറില്ല.
പക്ഷേ, ഇത്തരം നോട്ടത്തെ ചില ആക്ഷനുകളിലൂടെ സാധൂകരിക്കുന്ന പെണ്‍കുട്ടികളുണ്ട്. ഉദാഹരണത്തിന് നോട്ടത്തിന്റെ മുന മനസ്സിലാക്കി മാറിടം ശരിയാക്കുന്നവര്‍..ഈ ശരിയാക്കല്‍ കൊണ്ട് പ്ളിങായി പോകുന്നത് വെറുതെ നോക്കി പോകുന്നവരാണ്. കാരണം ആ ശരിയാക്കലിലാണ് അവര്‍ സ്വന്തം ക്യാമറയുടെ ഫോക്കസ് തിരിച്ചറിയുന്നത്. പര്‍ദ്ദയിട്ടിട്ട് പോലും രക്ഷയില്ലെന്ന് ചുരുക്കം. അപ്പോള്‍ ഉയര്‍ച്ച താഴ്ചയുടെ പ്രായം പോലും നോക്കാതെയായിരിക്കും അവന്റെ സൂമിങ്..
എന്നാല്‍ ആ കാഴ്ചയെ മനസ്സിലേക്കെടുത്ത് അതുമായി അഭിരമിക്കുന്നവരുണ്ട്. അവര്‍ അത്യന്തം അപകടകാരികളാണ്. മൊബൈലില്‍ ത്രിജി ഡാറ്റ നിരന്തരം നിറയ്ക്കുകയും പോണ്‍ സിനിമകള്‍ കണ്ട് ആസ്വദിക്കുകയും അതില്‍ മുങ്ങി താഴുകയും ചെയ്യുന്നവര്‍..ഇവരില്‍ ചിലരാണ് സമൂഹത്തിനു തന്നെ അപകടകാരികളായി മാറുന്നത്.
ആണുങ്ങള്‍ അല്‍പ്പ വസ്ത്രധാരിയാകുന്നതിനെതിരേ ഏതെങ്കിലും പെണ്ണ് പ്രതികരിച്ചത് കേട്ടിട്ടില്ല. രണ്ടു പേരും ജീവിക്കുന്നത് ഒരേ സമൂഹത്തിലാണ്. അപ്പോള്‍ രണ്ടു പേരുടെയും ലൈംഗിക ചിന്ത എങ്ങനെ വ്യത്യസ്തമാകുന്നത്.
സ്ത്രീയും പുരുഷനും ശാരീരികമായും വൈകാരികമായും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് വേണമെങ്കില്‍ പറയാം. എത്ര സിനിമയില്‍ ട്രൗസറിട്ട പുരുഷനെ ലൈംഗികമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എത്ര സിനിമയില്‍ ആണിന്റെ മാറിടമോ പൊക്കിളോ കാട്ടി ലൈംഗികത ഉണര്‍ത്തിയിട്ടുണ്ട്. അപ്പോള്‍ നമ്മുടെ സമൂഹത്തിന്റെ തന്നെ ലൈംഗികതയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ പ്രശ്നങ്ങളുണ്ട്..
പറഞ്ഞു വരുന്നത് കുട്ടിക്കാലം മുതലേ കുട്ടികള്‍ക്ക് മികച്ച ലൈംഗിക വിദ്യാഭ്യാസം ലഭിക്കണം. ഈ വരി വായിക്കുമ്പോള്‍ തന്നെ ചിലരുടെ മനസ്സില്‍ കടന്നു വരിക സെക്സാണ്. ഇതു തന്നെയാണ് നമ്മുടെ പ്രശ്നവും ഒരു ആണും പെണ്ണും സംസാരിക്കുന്നത് കണ്ടാല്‍ സെക്സ്, അവളുടെ മുഴുപ്പ് കണ്ടാല്‍ സെക്സ് ..എന്തിനേറെ സ്കൂള്‍ യൂനിഫോമിട്ട് പോകുന്ന കൊച്ചുകുട്ടികളെ കണ്ടാല്‍ പോലും സെക്സ്…
ഇതിനെ മാറ്റി മറിയ്ക്കാന്‍ നമ്മുടെ വിദ്യാഭ്യാസ രീതികളില്‍, നമ്മുടെ കുട്ടികളോടുള്ള സമീപനത്തില്‍ എല്ലാം മാറ്റം വരണം. ഓരോ പ്രായത്തിനനുസരിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി കൊടുക്കണം. ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ അറിയാം..പക്ഷേ, അതില്‍ പലതും തെറ്റായ കാര്യങ്ങളാണ്. ഇവിടെയാണ് ഇടപെടല്‍ വേണ്ടത്. സെക്സ് പാപമാണെന്നല്ല, അതു പരിപാവനമാണെന്നാണ് പഠിപ്പിക്കേണ്ടത്.
വാല്‍ക്കഷണം: ഇപ്പോള്‍ പ്രായം 30 കഴിഞ്ഞവര്‍ക്കെല്ലാം ആ പഴയ ക്യാമറ തന്നെയായിരിക്കും. ഇതിനു താഴെ പ്രായമുള്ളവരുടെ ക്യാമറ ഇതിലും അപകടം പിടിച്ചതായി കൊണ്ടിരിക്കുകയാണ്.

ക്രെഡിറ്റ് കാര്‍ഡ് വേണോ? ഒരു എളുപ്പവഴിയുണ്ട്

വളരെ ശ്രദ്ധിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ്. ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊത്തം സാമ്പത്തിക സ്ഥിതിയെ തകിടം മറിയ്ക്കാന്‍ ഈ കാര്‍ഡ് മതി. ബാങ്കുകളും നല്ല കസ്റ്റമേഴ്‌സിനു മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുകയുള്ളൂ. ഭൂരിഭാഗം പേരും ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് യോഗ്യതാ പട്ടികയില്‍ നിന്നു പുറത്തായിരിക്കുമെന്നതാണ് സത്യം.

ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നതിനു മുമ്പ് സ്വന്തം സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് ഓരോരുത്തര്‍ക്കും നല്ല ബോധ്യം വേണം. എലിജിബിലിറ്റി ഇല്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. ഇത് ഏറെ സുരക്ഷിതമാണ്.
ബാങ്കില്‍ ചെറിയൊരു ഫിക്‌സഡ് ഡിപ്പോസിറ്റ് നടത്തുക. അതിന്റെ ഈടില്‍ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് തരും. ഐസിഐസിഐ ബാങ്ക്, ആക്‌സിസ്, ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ ഈ സൗകര്യം നല്‍കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് 20000 രൂപയെങ്കിലും നിക്ഷേപിക്കണം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങള്‍

ട്രേഡിങ് ചെയ്യുന്നവര്‍ക്കായി മൂന്നു കാര്യങ്ങള്‍

1 സ്റ്റോപ്പ് ലോസ്- പത്തു രൂപയ്ക്ക് തേങ്ങ വാങ്ങിയ ഒരാളുടെ കാര്യമെടുക്കാം. വില ഇപ്പോള്‍ എട്ടു രൂപയാണ്. എന്തു ചെയ്യും? എട്ടു രൂപയ്ക്ക് തേങ്ങ വിറ്റൊഴിവാക്കുക. നൂറു തേങ്ങയാണ് ഉള്ളതെങ്കില്‍ അയാളുടെ നഷ്ടം 200 രൂപയാണ്. വീണ്ടും തേങ്ങയ്ക്ക് വിലകുറഞ്ഞാലും അയാള്‍ക്ക് പേടിക്കേണ്ട കാര്യമില്ല. കാരണം അയാള്‍ നഷ്ടം പരിമിതപ്പെടുത്തി. ഇവിടെ പത്തു രൂപയ്ക്ക് തേങ്ങ വാങ്ങുന്പോള്‍ , എട്ട് രൂപയിലേക്ക് താഴ്ന്നാല്‍ ഞാനിത് വിറ്റൊഴിവാക്കും എന്നയാള്‍ തീരുമാനിച്ചിട്ടുണ്ട്. അതു പോലെ വില പന്ത്രണ്ട് രൂപയിലേക്ക് ഉയര്‍ന്നാലും കൊടുത്തൊഴിവാക്കാന്‍ തയ്യാറാകണം. എട്ടു രൂപ എന്നതാണ് അയാളുടെ സ്റ്റോപ് ലോസ്. ഇതു പോലെ പ്രോഫിറ്റിനും ഒരു ബ്രെയ്ക്ക് കാണണം. അത്യാഗ്രഹം പാടില്ല. ഓരോ ഓഹരിക്കനുസരിച്ചും നഷ്ടവും ലാഭവും നിശ്ചയിക്കണം. അതിന് ആ ഓഹരിയെ കുറിച്ച് കൂടുതല്‍ പഠിയ്ക്കണം. ഈ രീതിയില്‍ റിസ്ക് കുറവാണ്.

2 ആവറേജ്- ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് നമ്മള്‍ വാങ്ങിയ ഓഹരികളുടെ വില ഇടിഞ്ഞുവെന്നിരിക്കട്ടെ. അത്തരം സാഹചര്യങ്ങളിലാണ് ആവറേജ് രീതി വര്‍ക്ക് ചെയ്യുക. തേങ്ങയുടെ കണക്കില്‍ തന്നെ നോക്കാം. പത്തു രൂപയ്ക്ക് നൂറു തേങ്ങ വാങ്ങി വെച്ചിട്ടുണ്ട്. വില ഇടിയുന്നു. എട്ടു രൂപയാകുന്നു. അപ്പോള്‍ ഈ നഷ്ടം നികത്താന്‍ ഒരു മാര്‍ഗ്ഗമുണ്ട്. 200 തേങ്ങ കൂടി അധികം വാങ്ങുക. അപ്പോള്‍ തേങ്ങയ്ക്കു വേണ്ടി മൊത്തം ചെലവാക്കിയ തുക-1000+800+800=2600. അപ്പോള്‍ ഒരു തേങ്ങയുടെ വില 8.66 പൈസ. തേങ്ങ എട്ടില്‍ നിന്നും ഉയരാന്‍ തുടങ്ങിയാല്‍ വിറ്റൊഴിവാക്കാനും തുടങ്ങുക. എട്ടില്‍ നിന്നും പത്തു തന്നെയാകാന്‍ സമയമെടുക്കും. പക്ഷേ, 8.50, 8.60 ഒക്കെ പെട്ടെന്ന് ആകും. ഈ സമയത്ത് വിറ്റൊഴിവാക്കി രക്ഷപ്പെടുക. ഇനി കൂടുതല്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ പത്തു രൂപയാകുന്നതുവരെ കാത്തിരുന്നാല്‍ നഷ്ടത്തിനു പകരം നല്ല ലാഭം കിട്ടും. ഇതില്‍ റിസ്കുണ്ട്. തേങ്ങയുടെ വില കൂടുതല്‍ താഴേക്ക് പോവുകയാണെങ്കില്‍ അധിക പണം കുടുങ്ങി കിടക്കും.

3 കാത്തിരിപ്പ്-ട്രേഡിങ് നടത്തുന്ന ഒരാള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. വിലയിടിയുന്പോള്‍ അത് ഉയരുന്നതുവരെ കാത്തിരിക്കുക. നിര്‍ഭാഗ്യത്തിന് ഇന്ത്യയിലെ ഭൂരിഭാഗം നിക്ഷേപകരും ഈ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഓഹരി വിപണിയിലെത്തുന്ന നിങ്ങള്‍ ആദ്യം തീരുമാനിക്കേണ്ടത്. ഞാന്‍ നിക്ഷേപകനാണോ ട്രേഡറാണോ എന്നതാണ്. ട്രേഡറാണെങ്കില്‍ നീണ്ട കാത്തിരിപ്പ് ശരിയായ കാര്യമല്ല. അതേ സമയം നിക്ഷേപകനാണെങ്കില്‍ നല്ല കന്പനികള്‍ തിരഞ്ഞെടുക്കുയും അതില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുകയുമാണ് വേണ്ടത്. ആകെ ശ്രദ്ധിക്കേണ്ട കാര്യം വില കുറഞ്ഞ സമയത്തുവേണം വാങ്ങാന്‍ എന്നതുമാത്രമാണ്. ഇടക്കിടെയുള്ള വിപണി കയറ്റിറക്കങ്ങളെ കുറിച്ച് അധികം ബോധവാനാകേണ്ട കാര്യമില്ല.

വേണം, വിശ്വാസരീതികളിലൊരു പൊളിച്ചെഴുത്ത്

നല്ലൊരു സമൂഹജീവിതം സാധ്യമാക്കുന്നതിന് അതാതു പ്രദേശത്ത് പൊതുവെ ശരിയെന്ന് കരുതുന്ന ചില മൂല്യങ്ങളുണ്ടെന്നും ഈ മൂല്യങ്ങളുടെ മൊത്തം ചുമതലക്കാരനായി നമ്മള്‍ തന്നെ ചുമതലയേല്‍പ്പിച്ചിരിക്കുന്ന ഒരു സങ്കല്‍പ്പമാണ് ദൈവമെന്നും കരുതിയാല്‍….ഇല്ലാത്ത ദൈവങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ബോംബെറിയുകയും കൈവെട്ടുകയും ചെയ്യുന്നതെന്ന് ചുരുക്കം.

വിശ്വാസം നല്ലതാണ്.. ദൈവം ഉണ്ടെന്നാണ് താങ്കളുടെ വിശ്വാസമെങ്കില്‍ അതിന്‍റെ മുഴുവന്‍ അര്‍ത്ഥവും ഉള്‍കൊണ്ടാകണം അത്. ഇല്ലെന്നാണ് വിശ്വാസമെങ്കിലും യാതൊരു കുഴപ്പവുമില്ല. പക്ഷേ, ആ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം. വാസ്തവത്തില്‍ കണ്‍ഫ്യൂഷനും അറിവില്ലായ്മയുമാണ് മതതീവ്രവാദം ശക്തമാക്കുന്നത്.

അയ്യോ ഞാന്‍ ദൈവം ഇല്ലെന്നു വിശ്വസിച്ചാല്‍ എനിക്ക് ദൈവകോപം കിട്ടുമോ എന്നു കരുതുന്ന നിരീശ്വരവാദികളുള്ള നാടാണ് നമ്മുടെത്. അല്ലെങ്കില്‍ നല്ല കാലത്തെല്ലാം ദൈവത്തെ ചീത്ത വിളിച്ച്…ഏതെങ്കിലും പ്രതിസന്ധി മൂലം…തുടര്‍ന്നുള്ള കാലം ആരാധനാലയത്തില്‍ അന്തേവാസികളാകുന്നവരാണ് നമ്മുടെ നിരീശ്വരവാദികള്‍….

അറിയാത്തതിനെ ദൈവമായി ആരാധിക്കുന്ന രീതിയാണ് നമ്മുടെത്. അതുകൊണ്ട് തന്നെ വെള്ളവും വായുവും അഗ്നിയും ഇടിയും മിന്നലും നമുക്ക് ഒരു കാലത്ത് ദൈവമായിരുന്നു. ഉത്തരം കിട്ടാത്തതെന്തും നമുക്ക് ദൈവത്തിന്‍റെ ശക്തിയാണ്.. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളിലാണ് ദൈവത്തിന്‍റെ നിലനില്‍പ്പ്…

ഭക്തിയും ഭയവും ബഹുമാനവുമെല്ലാം കൂടി ചേര്‍ന്ന ഒരു വികാരം. ഇതു നല്ലതാണ്. പക്ഷേ, ആ വിശ്വാസത്തിന്‍റെ ദൗത്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്പോള്‍ അത്തരം വിശ്വാസത്തിനു പ്രസക്തിയില്ലാതാകും. കൂട്ടുകാരും നാട്ടുകാരും കഴിഞ്ഞിട്ടേ ജാതിയും മതവും വിശ്വാസവും കടന്നു വരാന്‍ പാടുള്ളൂ. എല്ലാം മനുഷ്യ നന്മയ്ക്കു വേണ്ടി മനുഷ്യനുണ്ടാക്കിയതാണ്… അല്ലാതെ പരസ്പരം വെട്ടിവീഴ്ത്താനല്ല

വെബ് സൈറ്റില്‍ ഫേസ്ബുക്ക് കമന്റ്, ഗുണവും ദോഷവും

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ അടിസ്ഥാനമാക്കിയുള്ള കമന്റ് ബോക്‌സ് വേണമെന്ന് ഒട്ടുമിക്ക വാര്‍ത്താ പോര്‍ട്ടലുകളും ആഗ്രഹിക്കാറുണ്ട്. ടെക് ക്രഞ്ച് പോലുള്ള വന്‍കിട സൈറ്റുകളില്‍ ഇത്തരത്തില്‍ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്തൊക്കെയാണ് ഇതിന്റെ ഗുണവും ദോഷവും. മെച്ചങ്ങള്‍

  • ഫേസ്ബുക്ക് നെറ്റ് വര്‍ക്കില്‍ ഇത് സൈറ്റിന്റെ റീച്ച് വര്‍ദ്ധിപ്പിക്കും. കമന്റ് അടിയ്ക്കുന്നതോടു കൂടി ആളുകള്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്യുമെന്നതിനാല്‍ കൂടുതല്‍ പേജ് വ്യൂ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
  • കമന്റുകള്‍ ആധികാരികമാകുമെന്നൊരു മെച്ചമുണ്ട്. ഏത് കമന്റിനും ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉത്തരവാദിയായിരിക്കും. അതുകൊണ്ട് സ്പാം കമന്റുകളും തെറിവിളിയും ഇത്തിരി കുറയും.

ദോഷങ്ങള്‍

  • കമന്റടിയ്ക്കുന്നതിന്റെ എണ്ണം കുറഞ്ഞു വരും. കാരണം കമന്റ് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും സ്വന്തം ഐഡന്റിറ്റി മറച്ചു വെയ്ക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.
  • ഏതൊരു സൈറ്റിന്റെയും അസെറ്റാണ് കമന്റുകള്‍. ഫേസ്ബുക്ക് കമന്റ് ആക്കുന്നതോടെ ഇക്കാര്യത്തില്‍ ഒരു കണ്‍ട്രോളും ഇല്ലാതാകും. ഫേസ്ബുക്കിലും അനോണികള്‍ ഒട്ടേറെയുണ്ട്. വിവാദ വാര്‍ത്തകള്‍ക്കു താഴെയിടുന്ന ചില ഫേസ്ബുക്ക് കമന്റുകള്‍ നിങ്ങളെയും അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കാം.

തത്കാല ലാഭമാണ് (കൂടുതല്‍ റീച്ച്) ലക്ഷ്യമെങ്കിലും നല്ലതുപോലെ മോഡറേറ്റ് ചെയ്യാമെന്ന വിശ്വാസമുണ്ടെങ്കിലും ഫേസ്ബുക്ക് കമന്റുകള്‍ നല്ല ഓപ്ഷനാണ്. പക്ഷേ, ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.