കണ്ണടച്ച് കേരളത്തെ കണ്ണൂരാക്കരുത്.

കേരള പോലിസ് ആക്ട് 73ാം വകുപ്പ് അനുസരിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാഖാ പ്രവര്‍ത്തനം നിരോധിക്കുന്ന ഉത്തരവ് തയ്യാറാക്കുന്നുണ്ട് പോലും. മുഖ്യമന്ത്രി കണ്ണ് കാട്ടിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. എന്താ അല്ലേ…എന്നാല്‍ എന്താണ് ഇത്തരം ഒരു ഉത്തരവിന്‍റെ പ്രസക്തി?

സ്വാഭാവികമായും പല സംശയങ്ങളും ഉയരും. കേരളത്തില്‍ എവിടെയൊക്കെയാണ് ശാഖകള്‍ ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്? ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ആരാണ്? ഏതൊക്കെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്ണടച്ച് കേരളത്തെ കണ്ണൂരാക്കരുത്. ദേവസ്വം ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് വളരെ കുറവാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി ആര്‍എസ്എസ് ശക്തി പ്രാപിച്ചുവരുന്നുണ്ടെന്ന് മുറവിളി കൂട്ടുന്നത് സിപിഎമ്മുകാരനല്ല, കോണ്‍ഗ്രസുകാരാണ്്. അവര്‍ പറയുന്നത് സത്യമാണു താനും. ഈ സാഹചര്യത്തെ സമാന്യവത്കരിച്ച് കണ്ണൂരിനെ കേരളമാക്കാനുള്ള ശ്രമമാണിത്. അധിക ശാഖകളും പ്രവര്‍ത്തിക്കുന്നത് കുടുംബ ക്ഷേത്രങ്ങളിലോ ആര്‍എസ്എസുകാര്‍ക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങളോട് അനുബന്ധിച്ച സ്ഥലങ്ങളിലോ ആര്‍എസ്എസുകാരുടെ തന്നെ സ്ഥലങ്ങളിലോ ആണ്.. പിന്നെ എന്തിനാണ് ഈ കാടടച്ച വെടിയെന്നു മാത്രം മനസ്സിലാകുന്നില്ല.

സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ ആര്‍എസ്എസിനെ തഴച്ചു വളരാന്‍ മാത്രമേ സഹായിക്കൂ. കൗമാരക്കാരുടെയും യുവാക്കളുടെയും ഒരു ഒഴുക്ക് തന്നെ ആര്‍എസ്എസ് പാളയത്തിലേക്കുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടു വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഒരു സര്‍ക്കാറിന് നിലവിലുള്ള ട്രെന്‍ഡ് പല പഴയ സംഭവങ്ങളും ഓര്‍മയിലെത്തിക്കും.. ഇത്തരം ഒരു ഒഴുക്കില്‍ നിന്നാണ് ഇന്നത്തെ സിപിഎം പോലും ശക്തി പ്രാപിച്ചത്.

ആര്‍ക്കാണ് ശാഖയില്‍ പോകാന്‍ നേരം?
ഒരു കാര്യം ഉറപ്പ് പറയാം. കേരളം ആകെ നോക്കുകയാണെങ്കില്‍ ശാഖകള്‍ ക്ഷയിച്ചു വരികയാണ്. പക്ഷേ, കണ്ണൂര്‍, കാസര്‍ക്കോട് ബെല്‍റ്റിലാണ് ഇത് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു വരുന്നത്. ഈ പ്രദേശങ്ങളെ മാത്രം ലക്ഷ്യമാക്കി ഒരു ഉത്തരവിറക്കിയാല്‍ അത് ഉറങ്ങി കിടക്കുന്ന പല ശാഖകളെയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘടനാപരമായി ആര്‍എസ്എസിനെ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ ഈ ഉത്തരവ് സഹായിക്കും.

സംഭവം വര്‍ഗ്ഗീയമാകുമ്പോള്‍

സിപിഎമ്മിന്റെ മതനിരപേക്ഷത ന്യൂനപക്ഷ പ്രീണനമാണെന്ന് സംഘപരിവാര സംഘടനകള്‍ പണ്ടേ പരാതി പറയുന്ന കാര്യമാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സംഘടനാപ്രവര്‍ത്തനവും ആയുധനപരിശീലനവുമാണ് പിണറായി സര്‍ക്കാര്‍ നിരോധിക്കാന്‍ നോക്കുന്നത്. അത് ഉണ്ടെന്ന് അംഗീകരിക്കുന്നത് മറ്റു ചിലത് ഇല്ലെന്ന അംഗീകരിക്കല്‍ കൂടിയാണെന്നതാണ് വാസ്തവം.

നിങ്ങള്‍ക്ക് മുസ്ലീം പള്ളികളില്‍ കയറാന്‍ ധൈര്യമുണ്ടോ? ഇത്തരമൊരു ഉത്തരവ് മുസ്ലീം ക്രിസ്ത്യന്‍ പള്ളികളെ ലക്ഷ്യമാക്കി ഇറക്കാന്‍ ധൈര്യമുണ്ടോ? എന്നിട്ടല്ലേ അവിടെ നിന്ന് ഒരുത്തനെ അറസ്റ്റ് ചെയ്യുന്നത്. അതേ, ഹിന്ദുക്കള്‍ സംഘടിതമായി നില്‍ക്കാത്തതാണ് ഇത്തരം കുതിരകയറലിനു കാരണമെന്ന് സംഘികള്‍ക്ക് മുറവിളി കൂട്ടാനുള്ള ഒരു അവസരമാണിത് നല്‍കുന്നത്. ഇത്തരം വിഷയങ്ങളെ കൂടുതല്‍ ഗൗരവബോധത്തോടെ സമീപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി ഒരു സീറ്റില്‍ നിന്നും പത്തുസീറ്റിലേക്ക് എളുപ്പത്തില്‍ വളരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

അസംഘടിത മേഖലയിലുള്ള അന്യസംസ്ഥാനക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണം

അന്യസംസ്ഥാന തൊഴിലാളികളെ പറഞ്ഞു വിടാനുള്ള ധാര്‍മികമായ ഒരു അവകാശവും മലയാളികള്‍ക്കില്ല. പക്ഷേ,നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ എല്ലാം അടിഞ്ഞുകൂടാനുള്ള ഒരു സ്ഥലമായി കേരളം മാറും. ഏറ്റവും എളുപ്പ വഴി വരുന്നവര്‍ക്കെല്ലാം ആധാര്‍കാര്‍ഡ് ഉണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രം മതി. ഏറ്റവും ചുരുങ്ങിയത് അസംഘടിത മേഖലയില്‍ ജോലിയെടുക്കാന്‍ വരുന്നവരിലെങ്കിലും.

ആധാര്‍കാര്‍ഡോ പാസ് പോര്‍ട്ടോ ഇല്ലാത്തവനെ ജോലിക്കു വെച്ചാല്‍ മുതലാളി കുടുങ്ങും എന്നാക്കണം. ഒരു കന്പനിയില്‍ പുതുതായി ജോയിന്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും ആധാര്‍കാര്‍ഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലാത്തവര്‍ക്ക് അത് ഇവിടെ നിന്നു തന്നെ എടുത്തു കൊടുക്കാനുള്ള സംവിധാനം കന്പനി തന്നെ ഉണ്ടാക്കി കൊടുക്കണം. ഇതോടെ വരുന്നത് ബംഗ്ലാദേശി ആണെങ്കിലും അവന്‍റെ വിരലടയാളവും മറ്റും റെക്കോര്‍ഡിലാകും.

വാലിഡ് ആയ എന്തെങ്കിലും ഐഡി കാര്‍ഡെങ്കിലും ഇല്ലാതെ കേരളത്തിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെടണം. വാലിഡ് ആയ ഐഡി കാര്‍ഡുള്ള ഏതൊരാള്‍ക്കും ആധാര്‍ കാര്‍ഡ് കേരളത്തില്‍ നിന്നും ഉണ്ടാക്കാം. ഇപ്പോള്‍ കേരളത്തിലെത്തുന്ന അസം, ബംഗാള്‍ മേഖലയില്‍ നിന്നുള്ള പലരുടെയും കൈവശമുള്ളത് ഒറിജിനല്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് അല്ലെന്ന് ഉറപ്പാണ്. ഇനി എല്ലാം ആധാര്‍ എന്ന യൂനിക് നന്പറില്‍ ഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പോലിസ് കേസുണ്ടെങ്കില്‍ അതും ഇനി ആധാര്‍ കാര്‍ഡിലൂടെ തിരിച്ചറിയാനാകും.

ഓരോരുത്തര്‍ക്കും ഓരോ യൂനിക് നന്പറായതിനാല്‍ ആധാര്‍ വ്യാജമായി ഉണ്ടാക്കുന്നതിന് സാങ്കേതികമായി ഏറെ ബുദ്ധിമുട്ടുണ്ട്. മൊബൈലില്‍ പോലും ആധാര്‍ നന്പര്‍ ചെക്ക് ചെയ്യാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സാധിക്കുന്ന സംവിധാനം റെഡിയായി വരുന്നുണ്ട്. ആധാര്‍ നന്പര്‍ മാത്രം പറഞ്ഞു കൊടുത്താല്‍ മതി.. കാര്‍ഡ് പോലും വേണ്ട…

മലയാളി ഗള്‍ഫില്‍ പോകുന്നതിനെയും ഇതിനെയും താരതമ്യം ചെയ്യരുത്. പാസ് പോര്‍ട്ട് എന്ന രേഖയുമായാണ് നമ്മള്‍ അവിടെ എത്തുന്നത്. ഇവന്‍ ചാത്തനാണോ പോത്തനാണോ, തിരിച്ചറിയാനുള്ള എല്ലാ സംവിധാനവും ഉണ്ട്. അസമിലേക്ക് നുഴഞ്ഞു കയറി അവിടെ നിന്നും ഉത്തരേന്ത്യക്കാരന്‍ എന്ന വ്യാജേന ഒരു കെട്ട് കള്ള നോട്ടുമായെത്തുന്നവരെ ആധാറില്‍ കുടുക്കിയിട്ടേ പറ്റൂ.  എല്ലാവിധ ഗുണ്ടായിസവും നടത്തി കേരളത്തിലേക്ക് രക്ഷപ്പെടുന്ന പ്രവണത കൂടി വരികയാണ്. ആധാര്‍കാര്‍ഡ് ഉണ്ടെങ്കില്‍ ഇവിടം മുതല്‍ ട്രാക്കിങിലാകുമല്ലോ?  കേരളത്തിലെ ആവശ്യത്തിന് ആധാര്‍കാര്‍ഡിനെ ഔദ്യോഗിക രേഖയാക്കാന്‍ പ്രേരിപ്പിക്കുക. അതു മാത്രമേ മാര്‍ഗ്ഗമുള്ളൂ.

ചുരുങ്ങിയത് അയാളെ കൊന്നത് ഈ കന്പനിയില്‍ ഈ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ആ ആധാര്‍ കാര്‍ഡിന് ഉടയാണെന്നെങ്കിലും തിരിച്ചറിയാമല്ലോ? അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രവാസിമലയാളികള്‍ക്കും ഇത് ബാധകമാണ്. കന്പനി ജോലികളില്‍ ഇതിന‍്റെ കാര്യമില്ല. അവിടത്തെ ഐഡി കാര്‍ഡ് തന്നെ ധാരാളം. കാരണം രേഖകള്‍ പരിശോധിച്ചിട്ടാണ് അവര്‍ ജോലിക്കെടുക്കുന്നത്.

 

കുട്ടികള്‍ ടെന്‍ഷനടിയ്ക്കുന്നത് ചന്ദനമഴിയിലെ അമൃതയെ ഓര്‍ത്താണ്

ഡിങ്കന്‍ അവരെ രക്ഷിക്കുമോ? മായാവിയെ കുട്ടൂസന്‍ പിടിയ്ക്കുമോ? കപീഷ് വാലു നീട്ടുമോ? പൂച്ച പോലിസ് കേസ് തെളിയിക്കുമോ? ഇത്തരം ടെന്‍ഷനുകളൊക്കെ നിറഞ്ഞതായിരുന്നു നമ്മുടെ കുട്ടിക്കാലം…പക്ഷേ, അവിടെ വായന എന്ന പ്രക്രിയ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴോ? ചന്ദനമഴയിലെ അമൃതയ്ക്ക് ഭര്‍ത്താവിനെ കിട്ടുമോ? തട്ടികൊണ്ടു പോകല്‍, മോഷണം, പാരവെപ്പ്, അമ്മായിമ്മ പോര്, ദേഷ്യം, പക…… കൊച്ചു മക്കളുടെ പോലും ചിന്ത ഇത്തരം കാര്യങ്ങളിലാണ്. കുശുന്പും കുന്നായ്മയും പ്രതികാരവുമാണ് അവര്‍ ദിവസവും കണ്ടു വരുന്നത്. അതും തീര്‍ത്തും ഏകപക്ഷീയമായി അവരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ്.

വാസ്തവത്തില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറ അങ്ങേയറ്റം അപകടകരമായ മാനസികാവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇതാണ് ജീവിതമെന്നാണ് അവര്‍ മനസ്സിലാക്കി വെയ്ക്കുന്നത്. അതാണ് അവരുടെ മനസ്സില്‍ ഉറച്ചു പോകുന്നത്. അതേ സമയം മക്കളെ എന്‍ജിനീയറും ഡോക്ടറുമാക്കാനുള്ള തിരക്കില്‍ പുറംലോകവുമായുള്ള ഇന്‍ട്രാക്ഷന്‍ പരിപൂര്‍ണമായി കൊട്ടിയടയ്ക്കുകയും ചെയ്യും.

ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വീട്ടിലെ പ്രായമായവരാണ്.. കാരണം, ഒരു പക്ഷേ, അവര്‍ ഇക്കാര്യത്തില്‍ കുട്ടികളേക്കാള്‍ സീരിയസ്സാണ്.. അവരറിയുന്നില്ല..ഇത് വരാനിരിക്കുന്ന തലമുറയെ മാറ്റി മറിയ്ക്കുന്നുണ്ട്.. നാളെ അവരെയും നിങ്ങളെയും തന്നെയാണ് ഇത് തിരിഞ്ഞു കൊത്താന്‍ തുടങ്ങുന്നത്. മുതിര്‍ന്നവര്‍ സീരിയല്‍ കാണുന്നത് അത്ര വലിയ പാതകമല്ല, പക്ഷേ, കുട്ടികളെ മടിയിലിരുത്തി കാണാതിരിക്കാന്‍ ശ്രമിക്കുക.

മോദിയുടെ സോമാലിയ ചാണ്ടിക്ക് അനുഗ്രഹമാകുന്പോള്‍

മോദി ആദിവാസി-ദളിത് കുട്ടികളുടെ മരണനിരക്കിനെ സോമാലിയയോട് താരതമ്യം ചെയ്തത് ഇത്തിരി കൂടി പോയെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് ഇങ്ങനെ വേര്‍തിരിച്ചു പറയാതെ ഉമ്മന്‍ചാണ്ടിയുടെ ആവേശത്തില്‍ സഖാക്കളും അണി ചേര്‍ന്നത് മോദിയായതുകൊണ്ടു മാത്രമാണ്. കേരളത്തിലെ ഭൂരിഭാഗത്തിനും മോദിയേ പണ്ടേ ഇഷ്ടമല്ല. കേരളത്തെ സോമാലിയയുമായി മോദി താരതമ്യം ചെയ്തിട്ടില്ലെന്ന സത്യം ഉയര്‍ത്തിക്കാട്ടാന്‍ ഇടതുപക്ഷ സോഷ്യല്‍ മീഡിയക്കാര്‍ ശ്രമിച്ചതുമില്ല.

മോദിയുടെ പ്രസംഗത്തിലെ ഭാഗം

“Yahan Kerala ki janjaati, janta, ST Scheduled Tribe, usmey jo child death ratio hai, Somalia se bhi sthiti khatarnaak hai… Abhi kuchh din pehle… media mein dardnaak chitra dekhney ko mila…Jo Communist party ka qila maana jaata hai, jahaan voh hamesha jeet-ti hai, us Peravoor mein Scheduled Tribe ke baalak koode ke dher mein bhojan talaash kar rahe hain, yeh media mein prakaashit hua hai,” 

മീഡിയയിലൂടെ പുറത്തുവന്നുവെന്ന് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ച കാര്യം. 

തെറ്റാണെങ്കില്‍  കൃത്യമായി മോദിയെ കുറ്റപ്പെടുത്താം. പറയാത്തത് അയാളുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് എന്തിനാണ്?. മോദി കേരളത്തെ മൊത്തത്തില്‍ സോമാലിയയുമായി താരതമ്യം ചെയ്തിട്ടില്ല. പകരം കേരളത്തിലെ ട്രൈബല്‍ മേഖലയിലെ ദയനീയ അവസ്ഥ വിളിച്ചു പറയുകയാണ് ചെയ്തത്. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി കേരള നേതാക്കള്‍ നല്‍കിയ നോട്സായിരിക്കാം ഒരു പക്ഷേ, ഇതിനു കാരണം. എന്നാല്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി തെറ്റായ കണക്കുകള്‍ പറയുന്നത് ശരിയല്ല.

വാസ്തവത്തില്‍ അതിനെ(മോദി പറഞ്ഞതുപോലെ) ആ രീതിയില്‍ തന്നെ ഇടതുപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നെങ്കില്‍ ഇത്തിരി മൈലേജ് കിട്ടുമായിരുന്നു. ഇത് ചാണ്ടി കിട്ടിയ അവസരം മുതലാക്കി. കേരള ദേശീയതയെയും അന്ധമായ മോദി വെറുപ്പിനെയും ആളിക്കത്തിച്ചു. ഇതില്‍ നിന്നും തിരഞ്ഞെടുപ്പിനെ സഹായിക്കുന്ന രീതിയില്‍ ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നതാണ് കാര്യം.. അതേ സമയം ബിജെപിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്ന് തിരിച്ചറിയണം. ഇപ്പോ തിരഞ്ഞെടുപ്പും അതിലെ ഭൂരിപക്ഷവും തന്നെയാണ് വിഷയം. കേരളത്തിലെ ട്രൈബല്‍ മേഖലയിലെ സ്ഥിതി മോശമാണെന്നു പറയാനാണ് മോദി ശ്രമിച്ചത്. റേഷ്യോ എന്ന പദം പ്രയോഗിച്ചതുകൊണ്ട് ആ താരതമ്യം തെറ്റാണെന്നു നമുക്കു പറയാം.  പക്ഷേ, താരതമ്യം ഒരിക്കലും കേരളം എന്ന സംസ്ഥാനവും സോമാലിയ എന്ന രാജ്യവുമായിട്ടായിരുന്നില്ല. കേരളത്തിലെ ആദിവാസി മേഖലയും സോമാലിയയും തമ്മിലായിട്ടായിരുന്നു.

വാല്‍ക്കഷണം-ഇതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ്. സോളാര്‍ വിവാദം. ഇനി സരിത വല്ലതും വിളിച്ചു പറഞ്ഞാലോ പുറത്തുവിട്ടാലോ…അത് മുഖ്യ അജണ്ടയായി ഇടതുപക്ഷം ഏറ്റെടുക്കരുതെന്നാണ് അഭിപ്രായം. ആ പിണറായിയുടെ ഫേസ് ബുക്കുകാരനോട് ആദ്യം പറയണം.. കഷ്ടി നാലു ദിവസം മാത്രമേ മുന്നിലുള്ളൂ. മോദിക്കെതിരേ ആഞ്ഞടിച്ചതില്‍ ആത്മസംതൃപ്തി കൊണ്ട സഖാക്കള്‍ അറിയാതെ പോകുന്ന ഒരു സത്യമുണ്ട്. മോദിയെയും സരിതയെയും ഇടതുപക്ഷം ഏറ്റെടുത്താല്‍ വിജയിക്കുന്നത് ചാണ്ടിയുടെ തന്ത്രമാണ്. .

ഇന്നും ആറൂ രുപ പോയി, പക്ഷേ, എനിക്ക് സന്തോഷമായി

പണ്ട് നമ്മള്‍ കടയില്‍ പോവുക ഒരു സഞ്ചിയുമായാണ്. വാങ്ങിയ സാധനങ്ങളെല്ലാം അതിലിട്ട് തൂക്കി പിടിച്ചോ തോളില്‍ വെച്ചോ തിരിച്ചു പോരും. സഞ്ചിയെടുക്കാന്‍ മറന്നാല്‍ പലപ്പോഴും നമ്മള്‍ തിരിച്ചു പോകും. തുറക്കാന്‍ കഴിയാത്ത റെയ്‌നോള്‍ഡ് പെന്‍ ഉപയോഗിക്കുമ്പോഴും നമ്മള്‍ കടയില്‍ പോകുമ്പോള്‍ സഞ്ചിയെടുത്തിരുന്നു. യൂസ് ആന്റ് ത്രോ രീതി എന്നു മുതലാണ് ഒരു “ഫാഷനായി’ മാറിയതെന്ന് അറിയില്ല.

ബാംഗ്ലൂര്‍ നഗരത്തിലെത്തിയതോടെ പൈസയെടുക്കുന്ന ശീലവും മാറി. പഴ്‌സില്‍ ഒരു നൂറു രൂപ നോട്ടുണ്ടെങ്കില്‍ ആഴ്ചകളോളം അത് അനങ്ങാതെ അവിടെ ഇരിയ്ക്കുന്നുണ്ടാകും.. എല്ലാത്തിനും കാര്‍ഡായി. ചുരുക്കത്തില്‍ സാധനം വാങ്ങാന്‍ പോകുന്നത് കൈയില്‍ സഞ്ചിയോ പൈസയോ ഇല്ലാതായി മാറി.

ടണ്‍ കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ കുമിഞ്ഞു കൂടാന്‍ തുടങ്ങിയതോടെയാണ് ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ ആ കടുത്ത തീരുമാനമെടുത്തത്. എല്ലാ രൂപത്തിലുള്ള പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും തെര്‍മോകോള്‍ പാത്രങ്ങളും നിരോധിച്ചു. തിക്ക്‌നസ് നോക്കിയുള്ള വിലക്കല്ല. പരിപൂര്‍ണമായ നിരോധനമാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം തന്നെ ഇതിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്.

സഞ്ചിയെടുക്കാതെയുള്ള യാത്ര ശീലമായതിനാല്‍ തുണി സഞ്ചി പലപ്പോഴും പണം കൊടുത്തു വാങ്ങേണ്ടി വരുന്നു.. ആറു രൂപ.. പക്ഷേ, ഇത് കൊടുക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്.. നാളെയെ കുറിച്ച് ഒരു പ്രതീക്ഷയുണ്ട്. സഞ്ചിയെടുത്ത് വണ്ടിയില്‍ വെയ്ക്കണമെന്ന തീരുമാനമുണ്ട്. ബിബിഎംപിക്ക് നന്ദി..ധീരതയോടെ നടപ്പാക്കൂ…ദീര്‍ഘവീക്ഷണമുള്ള നല്ലൊരു നീക്കം…

വാല്‍ക്കഷണം-പ്ലാസ്റ്റിക് കവറുമായി പിടിച്ചാല്‍ ബാംഗ്ലൂരില്‍ 500 രൂപയാണ് പിഴ . വാങ്ങുന്നവരും വില്‍ക്കുന്നവരും ഒരു പോലെ കുറ്റക്കാരാണ്. വീണ്ടും പിടിച്ചാല്‍ പിഴ ആയിരം രൂപയാകും. കേരളം പോലെയല്ല, കവര്‍ ഉണ്ടാക്കുന്നവര്‍ക്കും പിഴയുണ്ട്. ചെറുതൊന്നുമല്ല, അഞ്ച് ലക്ഷത്തോളം.

300 രൂപയുടെ ഓട്ടം 900 രൂപയ്‌ക്കേ പോകൂവെന്ന് നമ്മുടെ നാട്ടുകാര്‍

ഈ മാസം രണ്ടാം വാരം നടന്ന സംഭവം പറയാം. ആറ്റിങലില്‍ നിന്നും തിരുവനന്തപുരം സിറ്റിയിലേക്ക് പോകാന്‍ ഒരു ടാക്‌സിക്കാരനോട് ചാര്‍ജ് ചോദിച്ചു. കഷ്ടി 30 കിലോമീറ്റര്‍. വിലപേശലെല്ലാം കഴിഞ്ഞപ്പോള്‍ നമ്മുടെ ടാക്‌സിക്കാരന്‍ പറഞ്ഞ ചാര്‍ജ് 900 രൂപ. ബാംഗ്ലൂര്‍ ഞങ്ങള്‍ 350-375 രൂപ കൊടുക്കുന്ന ദൂരം.

ആദ്യം കല്ലെറിഞ്ഞാണ് ഇത്തരം ഓണ്‍ലൈന്‍ ടാക്‌സിക്കാരെ കേരളം സ്വീകരിച്ചത്..ഇപ്പോള്‍ സമരം നടത്തി പൊളിപ്പിക്കാന്‍ നോക്കുന്നു. നമ്മുടെ പോയിന്റ് വളരെ സിംപിളാണ്.

ഇതില്‍ ജോലി ചെയ്യുന്നവരും തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഓലയിലും യൂബറിലും മെരു കാബിലും ജോലി ചെയ്യുന്ന നിരവധി ഡ്രൈവര്‍മാരുമായി സംസാരിച്ചതാണ്. അവരെല്ലാം പറഞ്ഞത്, ജോലിയെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് നല്ല വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന സംവിധാനമാണെന്നാണ്.. കുത്തക വത്കരണം എന്നൊക്കെ പറഞ്ഞ് കല്ലെറിയാന്‍ വരട്ടെ.. ഇത്തരം ടാക്‌സികള്‍ ഏറെ ഉപകാരപ്രദമാണെന്ന് അനുഭവമുള്ള ഞങ്ങളും പറയുന്നു.

ഇപ്പോള്‍ കേരളത്തിലെ ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലാണു പോലും. ഇതില്‍ നിന്നും എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഒരു കാര്യം ഉറപ്പാണ് ഓലയും യൂബറും കേരളത്തില്‍ വരും. ഒരു പക്ഷേ, അത് ഓടിക്കുന്ന ഉത്തരേന്ത്യന്‍ ഡ്രൈവര്‍മാരാകുമെന്നു മാത്രം.

പണം പോലും ഡ്രൈവര്‍ക്ക് കൊടുക്കേണ്ട കാര്യമില്ല. ഈ വാലറ്റില്‍ നിന്നും ഡെബിറ്റ് ആകും.. അപ്പോ 300 രൂപയുടെ ഓട്ടം 900 രൂപയ്‌ക്കേ പോകൂവെന്ന് നമ്മുടെ നാട്ടുകാര്‍ വാശിപിടിച്ചാല്‍ ഒരു രക്ഷയുമില്ല. ഈ തൊഴില്‍ സംസ്കാരം നമ്മുടെ നാടിന് ആപത്താണ്.

എന്തുകൊണ്ട് ഓഹരി വിപണി ഇടിഞ്ഞു? ഇപ്പോള്‍ നിക്ഷേപിക്കാമോ?

ചൈന തന്നെയാണോ? ഓഹരി വിപണിയിലെ ഈ വന്‍ തകര്‍ച്ചയ്ക്കു കാരണം? അല്ലെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം. എന്തൊക്കെയായിരിക്കും മറ്റു കാരണങ്ങള്‍?

1 അമിത വില- പല ഓഹരികളും ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണെന്നതാണ് പ്രധാന കാര്യം. വില കുറയുമ്പോള്‍ വാങ്ങുകയും വില കൂടുമ്പോള്‍ വില്‍ക്കുകയും ചെയ്യുകയെന്ന സാമാന്യ തന്ത്രത്തില്‍ നിന്നും വിഭിന്നമായി ആളുകള്‍ ഏതു സമയത്തും വാങ്ങാനെത്തിയപ്പോള്‍ പല ഓഹരികളുടെയും വില യുക്തിരഹിതമായി വര്‍ദ്ധിച്ചുവെന്നതാണ് വാസ്തവം.
2 വികസനത്തിന്റെ അഭാവം. ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ ഏഴയലത്തു പോലും എത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

3 കമ്പനികളുടെ മോശം പ്രകടനങ്ങള്‍-കഴിഞ്ഞ രണ്ട് പാദങ്ങളിലെയും സാമ്പത്തിക ഫലം വിശകലനം ചെയ്യുകയാണെങ്കില്‍ എടുത്തു പറയാവുന്ന പ്രകടനം നടത്തിയ കമ്പനികള്‍ അപൂര്‍വമാണ്.

4 ചൈനീസ് എക്‌സ്‌ക്യൂസ്-വാസ്തവത്തില്‍ ചൈനയിലെ തകര്‍ച്ച ഇന്ത്യയെ കാര്യമായി ബാധിക്കേണ്ട സംഗതിയല്ല. എന്നാല്‍ ഇതിനെ രക്ഷപ്പെടാനുള്ള ഒരു പഴുതാക്കിയെടുക്കുകയായിരുന്നു പലരും.

5 ഈസി മണി-വാസ്തവത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അശാസ്ത്രീയമായി പണം ഒഴുക്കിയതാണ് ഇന്ത്യയിലെ പല പ്രമുഖ കമ്പനികളുടെയും വില വര്‍ദ്ധിപ്പിച്ചത്. അനുകൂല സമയത്ത് അവര്‍ പണം പിന്‍വലിക്കും. വീണ്ടും കുറഞ്ഞ വിലയില്‍ തിരിച്ചു കയറും. അവര്‍ക്ക് പണം സ്റ്റോക്ക് ചെയ്യാനുള്ള ഒരിടം മാത്രമാണ് ഇന്ത്യന്‍ വിപണി.

ഇപ്പോള്‍ നിക്ഷേപിക്കാമോ?

സെന്‍സെക്‌സില്‍ ഇനിയും ഒരു പത്തു ശതമാനത്തോളം ഇടിവുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും നിക്ഷേപിക്കാം. കാരണം അപ്പോഴാണ് ഇന്ത്യന്‍ വിപണി യഥാര്‍ത്ഥ്യ മൂല്യത്തിലേക്ക് തിരിച്ചെത്തുന്നത്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കെതിരേയും വിപ്ലവപാര്‍ട്ടി

വധശിക്ഷയ്ക്ക് എല്ലാവരും എതിരാണ്..സിപിഎമ്മും എതിരാണ്. സാധാരണക്കാരനായ ഞാനും എതിരാണ്. പക്ഷേ, നിലവിലുള്ള നിയമം അനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ക്ക് കോടതികള്‍ വധശിക്ഷ വിധിക്കാറുണ്ട്. ഇതു മതം നോക്കിയാണെന്ന് വിശ്വസിക്കാന്‍ എനിക്കു ബുദ്ധിമുട്ടാണ്.

കോടതി പരിഗണിക്കുന്നത് മുന്നിലെത്തുന്ന തെളിവുകളും സാക്ഷി മൊഴികളുമാണ്. ഇതിന്‍റെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് വിധികള്‍ വധശിക്ഷയും ജീവപര്യന്തവുമായി മാറുന്നത്. മേമന്‍ തെറ്റു ചെയ്തോ എന്ന് എനിക്കറിയില്ല. പക്ഷേ, 20 കൊല്ലത്തോളം കേസ് പരിഗണിച്ച കോടതികള്‍ക്ക് അയാള്‍ തെറ്റുകാരനാണ്. ഇക്കാര്യത്തില്‍ എന്നേക്കാള്‍ വിവരം കോടതിക്കുണ്ടെന്നും അതുകൊണ്ട് തന്നെ കോടതിക്കു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിയായിരുന്നെന്നും വിശ്വസിക്കുന്നു.

മറ്റു പല കേസിലും മറ്റു പലരെയും കോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കില്‍, അതിനും കോടതിയുടെ തലയില്‍ കയറിയിട്ട് കാര്യമില്ല. രാഷ്ട്രീയ തീരുമാനങ്ങളും അതിനോടനുബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ എടുത്ത നിലപാടുമാണ് അത്തരം വിധികള്‍ പുറത്തുവരാന്‍ കാരണം. ചുരുക്കത്തില്‍ ഇത്രയും കാലം കേന്ദ്രം ഭരിച്ച, മഹാരാഷ്ട്ര ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കേസിനോടുള്ള നിലപാടുകളാണ് മേമന് വധശിക്ഷ ഉറപ്പാക്കിയത്.

പറഞ്ഞു വരുന്നത് നിങ്ങള്‍ നിന്ദിക്കേണ്ടത് ഭരണകൂട നിലപാടുകളെയാണ്, നീതിപീഠത്തെയല്ല.. മലേഗാവ് സ്ഫോടനവും ഗുജറാത്ത് കലാപവും സിഖ് കലാപവും രാജീവ് ഗാന്ധി വധവുമെല്ലാം ..ഇത്തരത്തില്‍ സര്‍ക്കാര്‍ നിലപാടുകൊണ്ടാണ് ലഘൂകരിക്കപ്പെട്ടത്. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരേ പോലെ കുറ്റക്കാരാണ്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കാന്‍ സിപിഎം കോടതിയില്‍ അഭിഭാഷകനെ വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന സോഷ്യല്‍ മീഡിയ പരിഹാസത്തെ ഉള്‍കൊള്ളാന്‍ പാര്‍ട്ടി തയ്യാറായാല്‍ മതിയായിരുന്നു. മേമനെ തൂക്കികൊല്ലരുതെന്നും മുസ്ലീമായതുകൊണ്ടാണ് മേമനെ തൂക്കി കൊന്നതെന്നും പാര്‍ട്ടി പറയരുതായിരുന്നു. പകരം വധശിക്ഷയ്ക്കെതിരേയും അനീതിക്കെതിരേയുമാണ് പാര്‍ട്ടി ശബ്ദിക്കേണ്ടിയിരുന്നത്. അതായിരിക്കണം സിപിഎം. മേമന്‍ മുസ്ലീമായതുകൊണ്ടു മാത്രമാണ് സിപിഎം ശബ്ദിച്ചതെന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല. സല്‍മാന്‍ ഖാനും സിപിഎമ്മുമാണ് ഈ അനീതിയെ വര്‍ഗ്ഗീയ വത്കരിച്ച് ചെറുതാക്കി കളഞ്ഞത്.