Category Archives: Views

നിങ്ങള്‍ നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ടോ?

“Enjoy your own life without comparing it with that of another.” – Marquis de Condorcet

നമ്മുടെ ജീവിതം നമ്മൾ തിരഞ്ഞെടുക്കുന്നതാണ്. അല്ലാതെ മറ്റുള്ളവരോ ചുറ്റുപ്പാടോ തീരുമാനിക്കുന്നതല്ല. ആത്മാര്‍ത്ഥമായി വിചാരിച്ചാൽ ജീവിതത്തിൽ നിങ്ങൾക്കു എന്തും നേടിയെടുക്കാൻ സാധിക്കും. എന്നാൽ ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കില്ല. പലതും നമുക്ക് തീർച്ചയായും നഷ്ടപ്പെടും..

മറ്റുള്ളവരോട് നമ്മളെ താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ ആദ്യം ആലോചിക്കേണ്ട കാര്യവും ഇതാണ്. നമ്മൾ ജീവിതത്തിൽ ചിലതെല്ലാം നേടിയിട്ടുണ്ട്. മറ്റുള്ളവരും. അവരുടെ ഏറ്റവും മികച്ച സം​​ഗതികളെ നമ്മുടെ ശരാശരി കാര്യങ്ങളുമായി താരതമ്യം ചെയ്യുന്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇടംകൈകൊണ്ട് നന്നായി ബാഡ്മിന്റൺ കളിയ്ക്കുന്ന ഒരാളെ നമ്മൾ നിർബന്ധിച്ച് വലം കൈകൊണ്ട് മറ്റൊരു വലംകൈയ്യനുമായി കളിയ്ക്കാൻ വിട്ടാൽ എങ്ങനെയിരിക്കും. തീർച്ചയായും അതു തന്നെയാണ് നമ്മൾ നമ്മളെ മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ നടക്കുന്നത്. വ്യക്തികളെ വ്യക്തികളുമായി താരതമ്യം ചെയ്യുന്നത് തീര്‍ത്തും അശാസ്ത്രീയമായ കാര്യമാണ്.

രണ്ടു വ്യക്തികളെ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് എപ്പോഴും സന്തോഷമില്ലായ്മയ്ക്ക് കാരണമാകുമെന്ന് തിരിച്ചറിയണം. നിങ്ങൾ നിങ്ങളായിരിക്കുമ്പോൾ, മറ്റുള്ളവരോട് താരതമ്യം ചെയ്യുന്നത് തീർത്തും യുക്തിപരമല്ല. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ എവിടെയാണ് നിൽക്കുന്നതെന്നു മാത്രമാണ് തിരിച്ചറിയേണ്ടത്. അതിനു ശേഷം ശ്രദ്ധിക്കേണ്ടത്. ഇപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും? നിങ്ങളെ നിങ്ങൾക്ക് എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കും അല്ലാതെ അവരെ പോലെ ആകണമെന്നല്ല ചിന്തിക്കേണ്ടത്. അത്തരം അനുകരണ ചിന്തകളും വാശികളും കടന്നു വന്നാൽ അത് നമ്മുടെ ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലേക്ക് കൊണ്ടു പോകും.

മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? എങ്കിൽ അതു വളരെ മോശം ചിന്തയാണ്. അവർ ചിന്തിക്കുന്നതു പോലെ നിങ്ങൾ ചിന്തിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ പ്രശ്നം ഉയർന്നു വരുന്നത്. അവരുടെ പരിചയസമ്പത്തും പ്രതീക്ഷകളും ചേർത്തു കാഴ്ചമങ്ങിപ്പിച്ച ഒരു കണ്ണടയിലൂടെ തന്നെ നിങ്ങളും നോക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവിടെയാണ് നിങ്ങൾക്ക് ഒരു നിലപാട് ഉണ്ടായിരിക്കേണ്ടത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ മത്സരിക്കാനോ ഉള്ളതല്ല എൻറെ ജീവിതം എന്നു തിരിച്ചറിയാൻ സാധിക്കണം.

ഇതിനർത്ഥം നല്ല ഉപദേശങ്ങൾ നൽകുന്നവരെ നിരാകരിക്കണം എന്നല്ല. നിങ്ങളുടെ ജീവിതത്തിന് മുതൽക്കൂട്ടാകുന്ന കാര്യങ്ങളെ തിരിച്ചറിയാൻ സാധിക്കണം. കാരണം നിങ്ങളുടെ ജീവിതം നിങ്ങളുടെ മാത്രമാണ്. അതുകൊണ്ട് മനസ്സിൽ വ്യക്തികളുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. നിങ്ങൾ നിങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന്, അവിടെ എന്താണ് ആവശ്യമെന്ന് തിരിച്ചറിയാൻ ശ്രമിക്കണം. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാനും കളിയ്ക്കാനും എളുപ്പമാണ്.

എന്നാൽ സ്വന്തം ജീവിതത്തിൽ ഒരു പ്ലാനുണ്ടാക്കുകയെന്നത് നിങ്ങൾക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്. ആ പ്ലാനിൽ വേണം നിങ്ങൾ ജീവിയ്ക്കാൻ. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സംഭവിക്കുന്നത് നമ്മുടെ മനസ്സിനുള്ളിൽ നിന്നു തന്നെയാണ്. നിങ്ങൾക്ക് മാത്രം നന്നായി ചെയ്യാൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയണം. നിങ്ങൾ നിങ്ങളെ താരതമ്യം ചെയ്യേണ്ടത്..നിങ്ങളുടെ തന്നെ ഇന്നലെയുമായാണ്. എന്തു വ്യത്യാസം നിങ്ങളിൽ ഉണ്ടായെന്നും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും ഈ താരതമ്യത്തിലൂടെയാണ് കണ്ടെത്തേണ്ടത്. അല്ലാതെ മറ്റേതെങ്കിലും വ്യക്തിയെ നോക്കിയായിരിക്കരുത് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടത്. നിങ്ങൾ നിങ്ങളായിരിക്കുക. താരതമ്യം നിങ്ങളെ ദുഖത്തിലേക്കു മാത്രമേ നയിക്കൂ..

ഇത്രയും കാലം ജീവിച്ചതിനും ഇങ്ങനെ ജീവിയ്ക്കാൻ സാധിച്ചതിനും അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെയൊക്കെ ജീവിയ്ക്കാൻ കഴിയുന്നതിൽ ആശ്വസിക്കാറുണ്ട്. കാരണം ഇത്രയും കാലം ജീവിച്ചതെല്ലാം എന്റെ സ്വന്തം ഇഷ്ടത്തിനാണ്. .നൂറു ശതമാനവും എന്റെ തീരുമാനങ്ങൾ തന്നെയാണ് എന്നെ മുന്നോട്ട് നയിച്ചിരുന്നത്. പോളിസികളിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ കാലാ കാലങ്ങളിൽ തിരുത്തലുകളും വരുത്താറുണ്ട്. അറിവ് നേടാനുള്ള അവസരങ്ങളൊന്നും തന്നെ നഷ്ടപ്പെടുത്താറുമില്ല. പറഞ്ഞു വരുന്നത്..നിങ്ങള്‍ നിങ്ങളെ മെച്ചപ്പെടുത്തി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനാണ് നോക്കേണ്ടത് എന്നാണ്..തളര്‍ന്നിരിക്കരുത്.. പോരാടൂ.. തോല്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്നാല്‍ തോല്‍വികളില്‍ നിന്നും ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരുന്നിടത്താണ് മിടുക്ക്..

പ്രധാനപ്പെട്ടതാണ് ഉറക്കം, അതു കളഞ്ഞുള്ള ജോലി അപകടകരമാണ്

ലോകത്തിലെ 40 ശതമാനം പേരും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. തീര്‍ച്ചയായും ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ നമുക്ക് ഉറക്കമില്ലാതാവുക തന്നെ വേണം. കൂടുതല്‍ ജോലി ചെയ്യുന്നതിനാല്‍ എനിക്ക് അധികം ഉറങ്ങാന്‍ കഴിയുന്നില്ല, ഇന്നലെ രാത്രി മുഴുവന്‍ പഠിച്ച് ഉറക്കം ശരിയായില്ല എന്നെല്ലാം ഇത്തിരി അഭിമാനത്തോടെ പറയുന്നവരെ നമുക്ക് കാണാനാകും.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാണ് ഉറക്കമില്ലായ്മ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. രാത്രി നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. പക്ഷേ, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ബാറ്ററി കുറയുന്നില്ലേ. അതിനുകാരണം  വെറുതെയിരിക്കുകയാണെങ്കിലും അത് ആക്ടീവാണെന്നതാണ്. ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരം മുഴുവന്‍ സ്റ്റാന്റ് ബൈ മോഡിലേക്ക് പോകുമ്പോഴും ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും.

വാസ്തവത്തില്‍ നിങ്ങള്‍ ഉറങ്ങുന്ന സമയത്താണ് ബ്രെയിന്‍ ‘ഓട്ടോ ഡിലിറ്റ്’ പ്രോസസ് നടത്തി നിങ്ങളുടെ പ്രോസസിങ് സ്പീഡ് കൂട്ടാന്‍ സഹായിക്കുന്നത്. അനാവശ്യമായ സംഗതികളെ ഡിലിറ്റ് ചെയ്ത് റീസൈക്കിള്‍ ബിന്നിനുള്ളിലാക്കും. വേസ്റ്റ് എലിമിനേഷന്‍ അല്ലെങ്കില്‍ ഈ ക്ലീനിങ് പ്രോസസ് നിങ്ങളുടെ പഠനത്തെയും ഓര്‍മശക്തിയെയും വൈകാരിക അവസ്ഥയെയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കൂടുതല്‍ ഉറങ്ങുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. അതും മറക്കരുത്.

ചെറിയ കാര്യങ്ങള്‍ പോലും മറന്നു പോകും. ഒരു ദിവസം ഉറക്കമൊഴിച്ചാല്‍ തന്നെ അത് നമ്മുടെ പകല്‍ ജീവിതത്തെ കാര്യമായി മാറ്റി മറിയ്ക്കാറുണ്ട്. തലച്ചോറിലെ ഹിപ്പോകാംപസ് ഓര്‍മയും പഠനങ്ങളും രേഖപ്പെടുത്തി വെയ്ക്കുന്ന ഭാഗമാണ്. നിങ്ങളുടെ ഷോര്‍ട്ട് ടേം മെമ്മറിയും ലോങ് ടേം മെമ്മറിയും ഇതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ചുരുക്കത്തില്‍ വേണ്ടത്ര ഉറക്കം കിട്ടിയിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ മറന്നു പോകാനും ശ്രദ്ധ നഷ്ടപ്പെടാനുമുള്ള സാധ്യതകളുണ്ട്. തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജോലിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും.

വിവിധ പഠനങ്ങളില്‍ നിന്നു വ്യക്തമാകുന്നത് കൃത്യമായി ഉറങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ ശരിയായി ഉള്‍കൊള്ളാനും ജോലി സ്ഥലത്ത് നന്നായി പെര്‍ഫോം ചെയ്യാനും സാധിക്കുന്നുണ്ടെന്നതാണ്. കൂടുതല്‍ ഉറക്കം മാത്രം പോര, നല്ല ഉറക്കം കൂടിയായിരിക്കണം ലഭിക്കേണ്ടത് എന്നു കൂടി ഇതോടൊപ്പം വായിക്കണം.

ഉറക്കം തലച്ചോറിനുള്ളില്‍ ഒരു രാസ പ്രതിപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിങ്ങളുടെ മൂഡിനെയും ഇമോഷന്‍സിനെയും നിയന്ത്രിക്കുന്നതില്‍ ഇത് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ? വെറുതെ ദേഷ്യം വരുന്നതും പേടിയും ഉത്കണ്ഠയും ഉണ്ടാകുന്നതും അതുകൊണ്ടാണ്.

മാത്രമല്ല, ഉറക്കമില്ലായ്മ നിങ്ങളുടെ വ്യക്തിബന്ധങ്ങളെ പോലും പ്രതികൂലമായി ബാധിക്കും. ഉറക്കവും വ്യക്തിബന്ധവും തമ്മില്‍ ഒഴിവാക്കാനാകാത്ത ഒരു കണക്ഷനുണ്ടെന്ന് ഈ മേഖലയില്‍ നടത്തിയ എല്ലാ പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നല്ല ഉറക്കം നിങ്ങള്‍ക്ക് നല്ല ബന്ധങ്ങളും സമ്മാനിക്കുമെന്ന് ചുരുക്കം.

ഓവർ ഇൻഫർമേഷൻ ബിസിനസ്സിനെ എങ്ങനെ ബാധിക്കും?

എംപ്ലോയീസ് എക്‌സ്പീരിയൻസ് എന്നത് ഏതൊരു ബിസിനസ്സിന്റെയും അടിസ്ഥാനമാണ്. നമുക്ക് ലഭിച്ചിരിക്കുന്ന റിസോഴ്‌സിന് പരമാവധി വിവരങ്ങൾ നൽകി അവരെ പെട്ടെന്നു തന്നെ മികച്ചവരാക്കി മാറ്റാൻ ഓരോ ബിസിനസ് ഓണേഴ്‌സും ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ലോകത്തെ 36 ശതമാനം പേരും ഇതിൽ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. കേരളത്തിൽ അത് 55 ശതമാനത്തിനു മുകളിലാണ്. ഇൻഫർമേഷൻ ഓവർ ലോഡാകുന്നതാണ് പ്രശ്‌നം. അത് അവരെ ശാരീരികമായും മാനസികമായും തകർക്കും.

ഇൻഫർമേഷൻ ഓവർലോഡ് എന്നത് ലോകം മുഴുവൻ നേരിടുന്ന ഒരു ബിസിനസ് ചലഞ്ച് തന്നെയാണ്. ഇത് ജീവനക്കാരുടെ പെർഫോമൻസിനെയും പ്രതികൂലമായി ബാധിക്കും. നമ്മുടെ ഏറ്റവും മികച്ച റിസോഴ്‌സിനെ പോലും കൺഫ്യൂഷനാക്കുകയും മൊത്തം ബിസിനസ് തന്നെ താറുമാറാക്കുകയും ചെയ്യും. ഇതുവരെ വ്യക്തമായ പരിഹാരം കാണാനാത്ത ഒരു പ്രശ്‌നം കൂടിയാണിത്.

എന്നാൽ ഈ ഇൻഫർമേഷൻ സപ്ലൈ നമുക്ക് ഒഴിവാക്കി നിർത്താനാകില്ല. കാരണം  അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു ടീം വർക്ക് എന്നതിൽ നിന്നും വ്യത്യസ്തമായി വൺ മാൻ ഷോ അല്ലെങ്കിൽ ലീഡേഴ്‌സ് ഷോ എന്ന രീതിയിലേക്ക് ഒതുങ്ങും. ഇൻഫർമേഷന് വിലയുണ്ട്. ഒരു പക്ഷേ, അടുത്ത വർഷം ചെയ്യുന്ന കാര്യം, അതുമായി ബന്ധപ്പെട്ട നമ്പറുകൾ, ആക്ഷൻ പ്ലാൻ എന്നിവ ടീമിന് ഷെയർ ചെയ്യുമ്പോൾ മാനേജർ ആലോചിക്കുന്നത് അവരെ ഇത് സഹായിക്കുമെന്നാണ്. എന്നാൽ ഫ്യൂച്ചറും പ്രസന്റും വേർതിരിച്ച് കാണാനാകാതെ പോകുന്നത് കൺഫ്യൂഷനിലേക്കും ഡാറ്റയുടെ തിരസ്‌കരണത്തിലേക്കുമാണ് നയിക്കുന്നത്. ഒരു പക്ഷേ, വ്യത്യസ്ത ഫ്രീക്വന്‍സികളായിരിക്കുന്നതും ഇതിനു കാരണമായേക്കും. എന്നുവെച്ചാൽ നിങ്ങൾ ടീമിനയച്ച പ്രധാനപ്പെട്ട സന്ദേശങ്ങൾ പലതും അവർ വായിക്കാതെ പോകും. ഡാറ്റയെ ഒരേ അളവ് കോൽ വെച്ച് അളക്കുന്നതാണ്  ഇതിലേക്ക് നയിക്കുന്നത്.  പ്രധാനപ്പെട്ട സന്ദേശങ്ങൾ പോലും ഇത്തരത്തിൽ കാണാതെ പോകുമ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങുകയും ചെയ്യും.

എന്താണ് പരിഹാരം?

ഇതിൽ നിന്ന് ഞാനെന്ത് ഉൾകൊള്ളണം. ഇത് എന്റെ ഇന്നത്തെ ജോലിക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ്? ഇതിൽ എവിടെയെങ്കിലും കൺഫ്യൂഷൻ വരുന്നുണ്ടോ? അതിന്റെ ക്ലാരിഫിക്കേഷൻ ചോദിക്കണ്ടേ..? തുടങ്ങിയ രീതിയിൽ സ്വയം ചിന്തിക്കുന്ന റിസോഴ്‌സുകൾക്ക് മാത്രമാണ് ഡാറ്റ അനലൈസ് ചെയ്യാൻ പറ്റൂ. റിലവന്റ് ഇൻഫർമേഷൻ മാത്രം ഷെയർ ചെയ്യുകയെന്നതാണ് ഇതിനുള്ള പരിഹാര മാർഗ്ഗം.
1 ടീമംഗങ്ങൾക്കിടയിൽ കൂടുതൽ ഇൻഫർമേഷൻ ഷെയർ ചെയ്യുന്നത് നല്ലതായിരിക്കില്ല.
2 വേണ്ടാത്ത അല്ലെങ്കിൽ അപ്രധാന ഇൻഫർമേഷനുകൾ പങ്കു വെയ്ക്കരുത്.
3 ചർച്ചകൾ വ്യത്യസ്ത ഫ്രീക്വൻസിയിലാവുകയും ഇൻഫർമേഷൻ വ്യത്യസ്ത റേഞ്ചുകളിൽ സപ്ലൈ ചെയ്യുകയും ചെയ്യുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകും.
4 ലീഡർഷിപ്പ് സ്ട്രാറ്റജി തെറ്റായി ഉൾകൊള്ളുമ്പോൾ കൂടുതൽ ഇൻഫർമേഷൻ ലഭിക്കുന്നത് ആ തെറ്റിദ്ധാരണ ശക്തമാക്കാനാണ് സഹായിക്കുക.

എങ്ങനെയാണിത് നമ്മുടെ ബിസിനസ്സിനെ ബാധിക്കുക?

മൂന്നു തലത്തിലാണ് ഇൻഫർമേഷൻ ഓവർ ലോഡിങ് നമ്മളെ ബാധിക്കുക. 1 ജീവനക്കാർ, 2 ടീം, 3 സ്ഥാപനം എന്ന രീതിയിൽ. തീർച്ചയായും ഇത് മൂന്നും ചേരുമ്പോൾ ബിസിനസ്സില്‍ പ്രതികൂലമായി അനുഭവപ്പെടാന്‍ തുടങ്ങും. ടീമിലെ 25 ശതമാനം പേരും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നീങ്ങും കേരളത്തിലാണെങ്കിൽ ഇത് 40 ശതമാനത്തിലധികം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻഫർമേഷൻ ഓവർ ലോഡ് കൊണ്ട് ഗ്രൂപ്പ് ലീഡ്സും സ്വാഭാവികമായും  കൺഫ്യൂഷനിലാകും. 70 ശതമാനം പേരും ചിന്തിക്കുന്ന രീതികൾ മാറും. അവരുടെ വ്യക്തിബന്ധങ്ങളിലും പ്രൊഫഷൽ റിലേഷൻ ഷിപ്പുകളിലും പ്രശ്‌നങ്ങൾ വരും.

ബേൺഡ് ഔട്ട് എന്ന സങ്കൽപ്പമുണ്ട്. ഞാൻ കത്തിതീരുകയാണ്. അല്ലെങ്കിൽ ഞാൻ കത്തിതീർന്നുവെന്ന് ചിന്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകും. ഏറ്റവും രസകരമായ കാര്യം 40 ശതമാനം പേർക്കെങ്കിലും ഏത് ഡാറ്റയാണ് എനിക്ക് വേണ്ടതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ്. അതിനേക്കാൾ സങ്കടമുള്ളത് 25 ശതമാനം പേർക്ക് തങ്ങൾക്ക് ലഭിക്കുന്ന ഡാറ്റയുടെ പ്രാധാന്യം പോലും അറിയില്ല.

ഇൻഫർമേഷൻ ഓവർ ലോഡിങ് ജീവനക്കാരുടെ പ്രൊഡക്ടിവിറ്റിയെ മാത്രമല്ല ബാധിക്കുക. അത് പലപ്പോഴും കൃത്യമായ തീരുമാനങ്ങളെടുക്കാനുള്ള അവരുടെ കഴിവിനെ പോലും ഇല്ലാതാക്കും. കൺഫ്യൂഷൻ, സ്‌ട്രെസ്സ്, ഫ്രസ്‌ട്രേഷൻ എന്നിവയെല്ലാം ചേർന്ന് അവരെ കൊണ്ട് തെറ്റുകൾ ചെയ്യിക്കാൻ തുടങ്ങും. ചുരുക്കത്തിൽ ഇൻഫർമേഷൻ ഓവർ ലോഡിങ് അവരുടെ ലോജിക്കോടെയുള്ള ചിന്തയെ ഇല്ലാതാക്കും.

അതേ സമയം ഇത്തരം ഇൻഫർമേഷനെ തിരിച്ചറിയാനും അതിനെ കംപാർട്ട്‌മെന്റായി അടുക്കി വെയ്ക്കാനും ഉചിതമായത് ഉപയോഗിക്കാനും അറിയുന്ന 15 ശതമാനം പേർ എല്ലാ ടീമിലും കാണും. ഇവരെ തിരിച്ചറിയാൻ ഒരു പരിധി വരെ ലീഡേഴ്‌സ് ഡാറ്റ ഓവർ ലോഡിങ് നടത്തും. തീർച്ചയായും അതിന് ഒരു നെഗറ്റീവ് ഇംപാക്ട് കാണും. എന്നാൽ ആ 15 ശതമാനത്തെ തിരിച്ചറിയേണ്ടത് ലീഡറെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. പ്രശ്‌നങ്ങളുണ്ടാക്കാനല്ല, പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പരിഹാരമുണ്ടാക്കാനാണ് ഡാറ്റ ഉപയോഗിക്കേണ്ടതെന്ന ചിന്ത ചിലരുടെ മനസ്സിലെങ്കിലും കടന്നു കിട്ടിയാൽ അത് ലീഡറെ സംബന്ധിച്ചിടത്തോളം ടീം പ്ലാനിങിൽ നിർണായകമാണ്.

എഡിറ്റർ+ പ്രൊഡക്ട് മാനേജർ+ ലീഡർ..‍‍‍‍‍‍‍

രസകരമായ ഒരു കോംപിനേഷനാണിത്. ഇതെല്ലാം ഒരാൾ തന്നെയാണ്.. വ്യത്യസ്ത റോളുകളാണ് ഒരാൾ എടുക്കേണ്ടത്. നിങ്ങളിൽ ചിലരെങ്കിലും കരിയറിൽ വലിയ സ്വപ്നങ്ങൾ കാണുന്നവരായിരിക്കും. അവർക്ക് ഉപകാരപ്പെടാൻ വേണ്ടി…ചുമ്മാ കുറിച്ചിടുന്നു.

എഡിറ്റർ ഓരോ വാർത്തയും വായിക്കാൻ ശ്രമിക്കണം. കണ്ടന്റ് സ്ട്രാറ്റജി നിരന്തരം ചെക്ക് ചെയ്തു കൊണ്ടിരിക്കണം. കണ്ടന്റ് ട്രീറ്റ്മെന്റിലുള്ള പ്രശ്നങ്ങൾ വിലയിരുത്തി കൊണ്ടേയിരിക്കണം. അതോടൊപ്പം മിസ്സിങ് വരുന്നുണ്ടോയെന്ന് ഡബിൾ ചെക്ക് ചെയ്യുകയും വേണം. എവിടെയെങ്കിലും വരുന്ന ചില പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. ഓരോ വാർത്തയും എഡിറ്റർ അറിയുകയെന്നത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് വിശ്വസിക്കാവുന്ന മികച്ച ഒരു ടീമിനെ വാർത്തെടുക്കുക മാത്രമാണ് എഡിറ്ററുടെ മുന്നിലുള്ള വഴി. പ്രൂഫ് റീഡിങും സൂപ്പർ എഡിറ്റിങും ഇല്ലാത്ത ഓൺലൈൻ കാലത്ത് അക്ഷരത്തെറ്റ് കുറച്ചുകൊണ്ടുവരാനും വസ്തുതാപരമായ പിഴവുകൾ ഒഴിവാക്കാനും ഇതു മാത്രമേ മാർഗ്ഗമുള്ളൂ.

പുതിയ ഡിജിറ്റൽ ലോകത്ത് ഓരോ എഡിറ്ററും മാനേജർ കൂടിയാണ്. ഇൻഡസ്ട്രിയിൽ വരുന്ന ഓരോ മാറ്റങ്ങളും ഉൾകൊള്ളാൻ ഇയാൾ തയ്യാറാകണം. സൈറ്റിന്റെയും ആപ്പിന്റെയും സോഷ്യൽമീഡിയകളുടെയും പ്രവർത്തനങ്ങൾ സസൂക്ഷ്മം വിലയിരുത്തണം. കൂടുതൽ ഉയരങ്ങളിലേക്കെത്താൻ സാങ്കേതിക വിദ്യയെ എങ്ങനെ ഉപയോഗപ്പെടുത്താം, പ്രൊഡക്ടിനെ എങ്ങനെ കൂടുതൽ മെച്ചപ്പെട്ടതാക്കാം തുടങ്ങിയ കാര്യങ്ങളിൽ ടെക് ടീമുമായി സഹകരിച്ച് നിരന്തരം മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം. വായനക്കാരന്റെ ആംഗിളിൽ നിന്നും പ്രൊഡക്ടിനെ നോക്കി കാണാനും അതിനെ അപ്ഡേറ്റ് ചെയ്യാനും തയ്യാറാകുന്ന പ്രൊഡക്ട് മാനേജർ കൂടിയാണ് ഇദ്ദേഹം.. ഇത് കൂടാതെ ടീമിന്റെ മൊത്തം ഹ്യൂമൻ റിസോഴ്സ് പരിപാലനവും ഈ എഡിറ്ററുടെ ചുമതലയാണ്. ബ്രാൻഡ് വാല്യു സംരക്ഷിക്കേണ്ടതും ലീഗൽ ഇഷ്യൂസിനെ നേരിടേണ്ടതും റിക്രൂട്ട്മെന്റ് നടത്തേണ്ടതും സെയിൽസ് മാർക്കറ്റിങ് ടീമുകളെ കൂട്ടിയോജിപ്പിക്കേണ്ടതും ഇയാളാണ്. വ്യത്യസ്ത ഫ്രീക്വൻസിയിൽ നിന്നെത്തുന്നവരെ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെയും ആർക്കും പക്ഷപാതമുണ്ടെന്ന് തോന്നാത്ത വിധത്തിലും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകാനുള്ള സാമർത്ഥ്യവും ഈ മാനേജർ കാണിയ്ക്കണം.

പത്രങ്ങളിലും ചാനലുകളിലും കൂട്ടിനുള്ളിലിരുന്ന് ഭരണം നടത്തുന്ന എഡിറ്റർമാരാണ് ഉള്ളത്. എന്നാൽ നമ്മുടെ ഏരിയയിൽ അത് പ്രായോഗികമല്ല. ഉഗ്രശാസനകളിലൂടെയോ പേടിപ്പിക്കലിലൂടെയോ നീങ്ങേണ്ട ഒന്നല്ല ഡിജിറ്റൽ മീഡിയ മാനേജ്മെന്റ്. വ്യക്തമായ ബോധവത്കരണത്തിലൂടെ, വാത്സല്യം നിറഞ്ഞ ശാസനകളിലൂടെ, സ്വയം തീർക്കുന്ന മാതൃകകളിലൂടെ മുന്നിൽ നിന്നു നയിക്കുന്ന പടത്തലവൻ കൂടിയാകണം എഡിറ്റർ. അവർക്കൊപ്പം നിന്ന് അവരെ നയിക്കണം. അവരിലൊരാളായി മാറണം. അതേ സമയം അങ്ങനെ മാറുമ്പോഴും എഡിറ്റർ എന്ന സ്വത്വം നിലനിർത്തുകയും വേണം. അവരിൽ ലയിച്ച് ചേർന്ന് അവരിലൊരാളായി മാറാനും എഡിറ്റർക്ക് അവകാശമില്ലെന്ന് ചുരുക്കം.

ഇതിൽ മാനേജർ എന്ന റോളിൽ ഒരു എഡിറ്റർക്ക് ചിലപ്പോൾ ആരച്ചാരുടെ വേഷവും കെട്ടേണ്ടി വരും. കാരണം നിശ്ചിത നമ്പറുകളെത്തിയിട്ടില്ലെങ്കിൽ, വ്യക്തിഗത പെർഫോമൻസ് താഴെയാണെങ്കിൽ, കോർപ്പറേറ്റ് മാനേജ്മെന്റ് തീരുമാനങ്ങൾ വേദനയോടെയാണെങ്കിലും നടപ്പിലാക്കേണ്ടതും ഇതേ കക്ഷി തന്നെ. ലാഭം മാത്രം കൊതിക്കുന്ന മുതലാളിമാർ എല്ലാം അളക്കുന്നത് നമ്പറുകളിലായിരിക്കും. ഭാവിയിൽ സ്ഥിരം, താത്കാലികം എന്നീ കാര്യങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്ന് ചുരുക്കം. നന്നായി പണിയെടുക്കുന്ന കാലത്തോളം നമുക്ക് പിടിച്ചു നിൽക്കാം. അത്ര തന്നെ.

ഹെലോ ആപ്പ് ഫേസ് ബുക്കിനെ മറികടക്കുമോ?

ഹെലോയോട് ഒരു നെഗറ്റീവ് മെന്റാലിറ്റിയാണ് ആദ്യമുണ്ടായിരുന്നത്. ഷെയർ ചാറ്റ് പോലെ ഒരു സംഗതി…അല്ലെങ്കിൽ ഡെയ്ലിഹണ്ട് പോലെ ഒരു അഗ്രഗേറ്റർ എന്നു മാത്രമാണ് ചിന്തിച്ചത്.
തുടക്കം മുതൽ ഹെലോയിൽ എക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും നയപരമായ കാരണങ്ങളാൽ അതിൽ കാര്യമായ ശ്രദ്ധയൂന്നിയിരുന്നില്ല. ആ നയം തന്നെ തെറ്റായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കാരണം ഹെലോ ഒരു അഗ്രഗേറ്ററേ അല്ല.(അഗ്രഗേറ്റർ ആണെന്ന് തെറ്റിദ്ധരിച്ച് ചിലർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരുന്നു).


ടോപ്പിക് അടിസ്ഥാനമാക്കിയാണ് ഹെലോ വർക്ക് ചെയ്യുന്നത്. കണ്ടന്റിന് പ്രാധാന്യം നൽകുന്ന അൽഗൊരിതമാണെന്ന് ചുരുക്കം. ഇപ്പോൾ ഫേസ് ബുക്കിൽ പോസ്റ്റുകൾ കുറഞ്ഞു വരാനുള്ള ഒരു കാരണം ഹെലോയെ കൂടുതൽ ഇഷ്ടപ്പെട്ടു വരുന്നതു കൊണ്ടാണെന്ന് പറഞ്ഞാൽ തെറ്റില്ല. നമുക്ക് ലാഭം കിട്ടുന്ന ബിസിനസ്സിലല്ലേ നമുക്ക് കാര്യമുള്ളൂ….

1 പ്രാദേശികഭാഷകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ആപ്പിൽ 14 ഇന്ത്യൻ ഭാഷകൾ ലഭ്യമാണ്..

2 കഴിഞ്ഞ ജൂണിൽ ഹെലോയ്ക്ക് 50 മില്യൺ ആക്ടീവ് യൂസേഴ്സ് ഉണ്ട്. ‍25 മില്യനിൽ നിന്നും കേവലം ആറു മാസം കൊണ്ടാണ് 50 മില്യനിലേക്ക് കുതിച്ചതെന്ന് ഓർക്കണം..

3 ഇന്ത്യൻ യൂസേഴ്സിനെ ടാർജറ്റ് ചെയ്യുന്ന അൽഗൊരിതം. വിഷയത്തിൽ അടിസ്ഥാനമാക്കിയുള്ള റീച്ച്. നിങ്ങൾക്ക് 10 ഫോളോവേഴ്സ് ഉള്ളൂവെങ്കിലും സ്റ്റോറി കറക്ട് ടോപ്പിക്കുകൾക്കുള്ളിലാക്കിയാൽ ആയിരകണക്കിനാളുകളിൽ എത്തും.

250 മില്യനോളം ആക്ടീവ് യൂസേഴ്സ് ഉള്ള ഫേസ് ബുക്കിനെ ഹെലോ എന്തു ചെയ്യാനാണെന്ന് ചിന്തിക്കുന്നവരോട് ഈ പോക്കു പോയാൽ ഹെലോ മറികടന്നു പോകുമെന്നാണ് തോന്നുന്നത്. സുക്കറണ്ണാ താമസിയാതെ കത്തിക്കൽ തീരും.

കൊടുക്കേണ്ടവർക്ക്, കൊടുക്കാൻ പറ്റുമെങ്കിൽ തീർച്ചയായും കൊടുക്കണം

ബക്കറ്റ് പിരിവ് ഒരു കാലത്തെ ശരിയായിരുന്നു. അന്നു മുതലാളിമാർ ശത്രുക്കളായിരുന്നു. വേറെ മാർഗ്ഗമില്ല, സാധാരണക്കാരൻ നൽകുന്ന അഞ്ചും പത്തും രൂപ കൊണ്ടായിരുന്നു കാര്യങ്ങൾ ചെയ്തിരുന്നത്. എന്നാൽ ഇന്നോ.?

ഫോണിൽ പറഞ്ഞുറപ്പിച്ച തുക അല്ലെങ്കിൽ രശീതിയിൽ എഴുതി നീട്ടുന്ന തുക മുതലാളിമാർ (സാധാരണക്കാർ അല്ലാത്തവർ) കൊടുക്കുകയാണ് ചെയ്യുന്നത്. ഈ ശീലം വളർന്നതോടെ ബക്കറ്റ് പിരിവ് ഔട്ട് ഓഫ് ഫാഷനായി. പുതുതലമുറയിലുള്ളവർക്കും ഈ പാട്ടപിരിവിനോട് വലിയ യോജിപ്പില്ല. അതിലും വലിയ കുറക്കു വഴികൾ അറിയുന്നവരാണ് കുട്ടി നേതാക്കൾ..

കൊടുക്കേണ്ടവർക്ക് തീർച്ചയായും കൊടുക്കണം. ബക്കറ്റ് പിരിവിനെത്തുമ്പോൾ…..ആരാണ് വരുന്നത്? എന്തിനാണ് വരുന്നത്? ഈ രണ്ട് ചോദ്യങ്ങൾക്ക് അനുസരിച്ചായിരിക്കും സംഭാവന നൽകുക. പല രശീതി ബുക്കുകളും പിരിപ്പിച്ചിട്ടുണ്ട്. ഇപ്പോ അതിനോട് വലിയ യോജിപ്പില്ല. അതെ സമയം മെംബർഷിപ്പ് പിരിവും ഇതും കൂടി കൂട്ടിക്കെട്ടരുത്.

പ്രളയത്തിന് പാട്ടപിരിവ് കൊടുക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ ദുരിതാശ്വാസത്തിനും ദുരിതാശ്വാസ നിധിയിലേക്കും കൊടുക്കാൻ ഇഷ്ടം പോലെ മാർഗ്ഗമുണ്ട്. ചിഹ്നങ്ങളുമായി ക്യാംപിന്റെ ഏഴയലത്ത് വരരുതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.. അതുകൊണ്ട് നമുക്ക് ഒരുമിച്ച് പൊരുതാം..

പ്രിന്റ് മീഡിയയുടെ കാലം കഴിയുന്നു, ഡിജിറ്റൽ മീഡിയ ഒന്നാം സ്ഥാനത്തേക്ക്

2021ഓടെ ഡിജിറ്റൽ മീഡിയ പ്രിന്റ് മീഡിയയെ തോൽപ്പിക്കുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ തന്നെ പത്രങ്ങളേക്കാൾ സ്വാധീനം ചെലുത്താൻ കഴിയുന്നത് ചാനലുകൾക്കും ഓൺലൈൻ മീഡിയകൾക്കുമാണ്.

2018ൽ മാത്രം ഡിജിറ്റൽ മീഡിയ സ്വന്തമാക്കിയത് 42 ശതമാനം വളർച്ചയാണ്. ഓരോ ഇന്ത്യക്കാരനും ഫോണിൽ ചെലവഴിയ്ക്കുന്ന സമയത്തിന്റെ 30 ശതമാനവും എന്റർടെയ്ൻമെന്റിനുവേണ്ടിയാണ്. 2018ൽ 325 മില്യൺ ഓൺലൈൻ വീഡിയോ വ്യൂവേഴ്സാണ് ഉണ്ടായിരുന്നതെങ്കിൽ 2019ൽ അത് 3.2 ബില്യൺ ആയി ഉയരും.

OTT പ്ലാറ്റ് ഫോമുകളുടെ ജനപ്രിയത ഓരോ ദിവസവും കൂടി കൂടി വരികയാണ്. 2021ഓടു കൂടി 30-35 മില്യൺ ആളുകൾ OTT പ്ലാറ്റ് ഫോമുകളുടെ പെയ്ഡ് വേർഷൻ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. കോടികണക്കിന് ജനങ്ങളാണ് ലോകകപ്പ് ക്രിക്കറ്റ് ഹോട്ട് സ്റ്റാറിലൂടെ കണ്ടത്. ഡിജിറ്റൽ മീഡിയ പരസ്യരംഗത്തും വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലാണെങ്കിൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ഡിജിറ്റൽ മീഡിയയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തിലാണെങ്കിൽ കുത്തക പിടിച്ചെടുക്കാൻ കോർപ്പറേറ്റ് കമ്പനികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.

മലയാളത്തിലേക്ക് കൂടുതൽ കളിക്കാരെത്തുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം ദക്ഷിണേന്ത്യ പിടിയ്ക്കാതെ ഇന്ത്യ പിടിച്ചെടുക്കാനാകില്ല. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടമാണ് ഇനി നടക്കുക. കൂടുതൽ ശ്രദ്ധ അൾട്രാ ലോക്കൽ മേഖലയിലേക്ക് തിരിയും. സോഷ്യൽമീഡിയയിലെ വൈറൽ അൽഗൊരിതം ക്രെഡിബിലിറ്റിയ്ക്കും ആധികാരികതയ്ക്കും റെസ്പോൺസിബിലിറ്റിയ്ക്കും പ്രാധാന്യം നൽകുന്നതോടെ ഡിജിറ്റൽ മീഡിയയിലെ ശുദ്ധീകരണം പൂർത്തിയാകും. ഇതോടെ പ്രിന്റ് മീഡിയ വിട്ട് ഡിജിറ്റൽ മീഡിയ ചാനലുകളെ OTTയ്ക്കുള്ളിലേക്ക് പരിപൂർണമായും ഒതുക്കാനുള്ള പോരാട്ടത്തിലേക്ക് നീങ്ങും. ചുരുക്കത്തിൽ എല്ലാം നമ്മുടെ മൊബൈൽ കൊച്ചു ഡിവൈസിലേക്ക് ചുരുങ്ങും.

ജോലിയും ജീവിതവും ബാലൻസാക്കേണ്ടതിന്റെ ആവശ്യകത

നമ്മൾ ഏത് കമ്പനിക്കു വേണ്ടിയാണോ ജോലി ചെയ്യുന്നത് ആ കമ്പനിക്കു വേണ്ടി ഒാരോ ദിവസവും ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യാൻ ശ്രമിക്കണം. അതേ സമയം, നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, മൂല്യങ്ങൾ എന്നിവ ഒരിക്കലും ആ കമ്പനിയുടെ മാനേജ്മെന്റിന് അടിയറവ് വെയ്ക്കരുത്.

പലപ്പോഴും പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ്. അവന് ജോലിയാണ് എല്ലാം. ജോലിയാണ് ജീവിതം. വർക്ക് ഹോളിക്കാണ്. ഇങ്ങനെയെല്ലാം ജോലി ചെയ്യുന്ന ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചിട്ടുണ്ടോ? റിട്ടയർ ചെയ്താലുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ജോലി എന്നത് നിങ്ങളുടെ ജീവിതമല്ല, അത് ജീവിക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ്. നിങ്ങളുടെ ആത്മാഭിമാനം, സന്തോഷം എന്നിവ നിർണയിക്കാനുള്ള അവകാശം ഏതെങ്കിലും ഒരു ജോലിക്കോ മുതലാളിക്കോ ഇല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ചില വേലിക്കെട്ടലുകൾ ആവശ്യമുണ്ടെന്ന് ചുരുക്കം. ജോലി, വ്യക്തിജീവിതം, ആരോഗ്യം, മൂല്യങ്ങൾ എന്നിവയെ വ്യക്തമായി വേർതിരിച്ചു നിർത്താൻ സാധിക്കുന്നിടത്താണ് വിജയം.

പല കമ്പനികളിലും ലക്ഷ്യത്തിലെത്താനുള്ള ഒരു ടൂൾ മാത്രമായാണ് ജീവനക്കാരെ കാണുന്നത്. ഒരിക്കലും അവരെ മനുഷ്യ ജീവികളായി പരിഗണിക്കുക പോലും ഇല്ല. നിങ്ങളെ ഒാരോ ഒൗൺസായി ഉൗറ്റിയെടുക്കുക മാത്രമായിരിക്കും അവരുടെ ലക്ഷ്യം. ഇത്തരമൊരു സാഹചര്യത്തിൽ ജോലി ചെയ്യുന്നത് തീർത്തും ആത്മഹത്യാപരമാണ്. അതേ സമയം നിങ്ങളുടെ കഴിവിനെ അംഗീകരിക്കുകയും നിങ്ങൾക്ക് കൂടുതൽ ഉയരങ്ങളിലേക്ക് വളരാനുള്ള അവസരങ്ങൾ ഒരുക്കുകയും ഉചിതമായ സമയത്ത് അഭിനന്ദിക്കുയും ചെയ്യുന്ന മാനേജ്മെന്റിനു കീഴിൽ എത്ര കാലം വേണമെങ്കിലും ജോലി ചെയ്യാൻ സാധിക്കും.

ജീവനക്കാരെ ഒരു കുടുംബമായാണ് കാണേണ്ടത്. അവരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും അഭിനന്ദിക്കുകയും സംരക്ഷിക്കുകയും വേണം. ഒരു നല്ല തൊഴിൽ അന്തരീക്ഷത്തിന് വേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.

1 ഒരു നല്ല തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം. അവർക്ക് അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യവും സൗകര്യവും ഒരുക്കണം.

2 നിങ്ങൾക്ക് നിങ്ങളുടെ ജീവനക്കാരെ വിശ്വാസമാണെങ്കിൽ ഒരിക്കലും മൈക്രോ മാനേജ് ചെയ്യാൻ പോകരുത്.

3 തൊഴിലാളികളെ ബഹുമാനിക്കുന്നുവെങ്കിൽ കഴിയുന്നതും അവരുടെ വ്യക്തിപരമായ സമയങ്ങളിൽ കൈകടത്താൻ നോക്കരുത്. അവരോട് അധിക സമയം ഇരുന്ന് ജോലി ചെയ്യാനോ, ജോലി സമയത്തിനു ശേഷം വിളിച്ച് ബുദ്ധിമുട്ടിക്കാനോ പാടില്ല.

4 ജീവനക്കാരെ മാനിക്കുന്നുവെങ്കിൽ അവരുടെ സംഭാവനകളെ അഭിനന്ദിക്കാനും തയ്യാറാകണം.

5 ജീവനക്കാരെ സ്നേഹിക്കുന്നുവെങ്കിൽ വ്യക്തിപരമായ അവരുടെ വികാസത്തിനുവേണ്ടിയും പരിശ്രമിക്കണം.

കമ്പനി ജീവനക്കാരോട് ആത്മാർത്ഥത കാണിക്കുന്നില്ലെങ്കിൽ തീർച്ചയായും ജീവനക്കാരിൽ നിന്നും തിരിച്ച് അത് പ്രതീക്ഷിക്കരുത്. ഇളകികൊണ്ടിരിക്കുന്ന ഒരു പ്രതലത്തിൽ നിന്നു ജോലി ചെയ്യാൻ ഒരു ജീവനക്കാരനും ഇഷ്ടപ്പെടില്ല. ഇനി അവൻ ജോലി ചെയ്യുന്നുണ്ടെങ്കിൽ തന്നെ അത് അവന്റെ ബെസ്റ്റ് പെർഫോമൻസ് ഒന്നും ആകില്ല.