യൂസേഴ്സിനു വേണ്ടിയുള്ള പോരാട്ടം..ഒരു തുടർക്കഥ

പലപ്പോഴും മുന്നിലൂടെ കടന്നു പോയ യൂസേഴ്സിനെ അല്ലെങ്കിൽ കസ്റ്റമേഴ്സിനെ കുറിച്ച് ചിന്തിക്കാറുണ്ട്..
പത്രവിതരണം: അതാണല്ലോ ആദ്യം ചെയ്ത ജോലി…പത്തോളം കിലോമീറ്റർ സൈക്കിൾ ചവിട്ടി വിതരണം കഴിഞ്ഞെത്തിയാൽ 5 രൂപ കിട്ടും. അത് അത്ര ചെറിയ പൈസയൊന്നുമല്ല. കോളജിൽ പോകാൻ 25 പൈസ മതി. ഉച്ചയ്ക്ക് അവിൽ മിൽക്ക് കഴിയ്ക്കാൻ 1.5 രൂപ..ഇനി ഇത്തിരി ആർഭാടമായി ഒരു സിനിമയ്ക്ക് പോകാനാണെങ്കിലും ആ ക്യാഷ് ധാരാളം. നമ്മുടെ കാര്യങ്ങളെല്ലാം നടക്കും. ഈ കാലത്ത് രണ്ട് അനുഭവങ്ങൾ എപ്പോഴും ഓർമയിലുണ്ട്..

ഇന്ത്യൻ എക്സ്പ്രസ് പത്രം വിതരണം ചെയ്യുന്ന കാലത്ത്..മഴക്കാലത്ത് പത്രം വിതരണം ചെയ്യുമ്പോൾ..കുട പിടിച്ചോടിയ്ക്കാനാകില്ല. റെയിൻ കോട്ട് അതെല്ലാം ഒരു സ്വപ്നം മാത്രം.. ആകെയുള്ള മാർ​ഗ്​ഗം പത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയുകയും നമ്മൾ നന്നായി മഴകൊണ്ട് ഓടിയ്ക്കുകയുമാണ്. കടലുണ്ടി റെയിൽവേ സ്റ്റേഷനു പിറകിലുള്ള ഒരു വീട്ടിൽ പത്രം കൊടുക്കാനായി അത്യാവശ്യം നല്ല വേ​ഗതയിൽ പോവുകയാണ്.. ആകെ നനഞ്ഞിട്ടുണ്ട്.. പ്ലാസ്റ്റിക് കെട്ടിൽ നിന്ന് പത്രമെടുത്ത് വീടിന്റെ കോലായിലേക്ക് ഇടുന്നതിനിടെ സ്വാഭാവികമായും ചില തുള്ളി ആ പത്രത്തിലും വീണു… അയാളിൽ നിന്നു കേട്ട തെറിക്ക് കൈയും കണക്കുമില്ല..ശരിയ്ക്കും സങ്കടമായി..

എന്നാൽ മാതൃഭൂമി വിതരണം ചെയ്യുന്ന കാലത്ത് രസകരമായ ഒരു സംഭവം ഉണ്ടായി..വീട്ടുടമസ്ഥൻ എല്ലാ ദിവസവും കാണുമ്പോൾ ചിരിയ്ക്കും…പക്ഷേ, ഒരു ദിവസം പത്രം ഇട്ടു തിരിഞ്ഞപ്പോൾ..അയാൾ പറഞ്ഞു പോകല്ലേ.. മോളേ…ഷിനോദിന് മിഠായി കൊടുക്കൂ.. ഞാൻ ഞെട്ടി..അയാൾക്ക് എന്റെ പേരറിയാം.. ഇന്നു മോളുടെ ബെർത്ത് ഡേ ആണ്…..പിന്നെ എന്നോട് പറഞ്ഞു.. നന്നായി പഠിയ്ക്കണം.. നിന്റെ സ്കൂളിലെ മാർക്കും വിവരങ്ങളുമെല്ലാം എനിക്കറിയാം.. ഒരു യുദ്ധം കീഴടക്കിയ സന്തോഷമായിരുന്നു അന്ന്… കാരണം സാധാരണ പത്രം വിതരണം ചെയ്യാൻ വരുന്ന പിള്ളേരെ..ഏതോ തലതിരിഞ്ഞ ചെറുക്കൻ എന്നു ചിന്തിക്കുന്നതാണ് നാട്ടിലെ പ്രകൃതം..

ഇവിടെ രണ്ട് യൂസേഴ്സ് രണ്ടു രീതിയിലാണ് ബിഹേവ് ചെയ്തത്.. പഠിയ്ക്കുമ്പോൾ പല പണികളും എടുത്തിട്ടുണ്ട്….
സ്റ്റുഡിയോയിൽ അസിസ്റ്റന്റായും മെഡിക്കൽ ഷോപ്പിൽ സെയിൽസ്മാനായും ഐസ്ക്രീം പാർലറിൽ വിൽപ്പനക്കാരനായും മരക്കമ്പനിയിലെ കണക്കെഴുത്തുപിള്ളയായും കോളജിൽ അധ്യാപകനായും ജോലി ചെയ്തതിനുശേഷമാണ് ഡ്രീം ജോബായ ജേർണലിസത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. വേറൊരു ജോലിയും സ്വപ്നത്തിലില്ലായിരുന്നു. എല്ലാ ജോലിയും ചെയ്തത് ഈ ലക്ഷ്യത്തിലേക്കെത്താൻ വേണ്ടിയായിരുന്നു. പിജിയും ജേർണലിസവും കഴിഞ്ഞ് ഉടൻ ജോലിയും കിട്ടി.. അതിനിടയിൽ പിജിയ്ക്ക് പഠിയ്ക്കുന്ന കാലത്ത് കേരളകൗമുദിയിൽ പ്രൂഫ് റീഡറുടെ പണിയും നോക്കിയിരുന്നു…ഇത് പാഷന്റെ തീവ്രത കൂട്ടുകയാണ് ചെയ്തത്. പലരീതിയിലുള്ള യൂസേഴ്സുമായി ഇക്കാലത്ത് ഇടപെടാൻ സാധിച്ചു.

എന്നാൽ ആദ്യത്തെ പത്രത്തിൽ എട്ടിന്റെ പണി കിട്ടി. മൂന്നു മാസം ശമ്പളം കിട്ടി..പിന്നെ കിട്ടിയത് ആ പത്രം തന്നെയായിരുന്നു. അതിന്റെ എല്ലാ നടത്തിപ്പും എന്റെയും പ്രദീപേട്ടന്റെയും തലയിൽ വീണു.. റിപ്പോർട്ടിങ്, ടൈപ്പിങ്, ഡിസൈനിങ്, പ്രിന്റിങ്, പരസ്യം പിടിയ്ക്കൽ..എല്ലാം കൂടി എട്ടുമാസം വണ്ടിയോടിച്ചു.. വാസ്തവത്തിൽ ആ പോരാട്ടമായിരുന്നു…പിന്നീട് കരിയറിലെ ഊർജ്ജമായി മാറിയത്.. ഇൻഡസ്ട്രിയിലെ വിവിധ ടൈപ്പിലുള്ള ആളുകളെ അഭിമുഖീകരിക്കാൻ പഠിച്ചു.. അതിനുശേഷം അഞ്ചോളം പത്രങ്ങൾ മാറി… 2002ഓടെ തന്നെ ഡിജിറ്റൽ മീഡിയയിൽ ശ്രദ്ധയൂന്നി തുടങ്ങി. 2010 ആകുമ്പോഴേക്കും പരിപൂർണമായും ഡിജിറ്റൽ മീഡിയ ജേർണലിസ്റ്റ് എന്ന രീതിയിലേക്ക് കൺവെർട്ട് ആയി.. ഏറ്റവും രസകരമായ കാര്യം ഞാനിപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിലൊന്ന് യൂസേഴ്സ് എന്നതാണ്.. മുന്നോട്ടു കുതിയ്ക്കാനും എതിരാളിയുടെ മനസ്സിലുള്ള കാര്യങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും പലപ്പോഴും എനിക്ക് വെളിച്ചമാകുന്നത് ഈ വ്യത്യസ്ത മേഖലയിലുള്ള യൂസേഴ്സ് അല്ലെങ്കിൽ കസ്റ്റമേഴ്സ് നൽകിയ അനുഭവങ്ങൾ തന്നെയാണ്… പോരാട്ടം തുടരുന്നു….

Happy New Year: ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.

ധാരണകളും തീരുമാനങ്ങളും, ഇതിന് പുതുവർഷമാകണമെന്നില്ല. എപ്പോഴും ആകാവുന്നതാണ്. പക്ഷേ, ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.(ആർക്കെങ്കിലും പ്രചോദനമായാലോ?)

ജോലി
(a) ഏറ്റെടുത്ത സംഗതി ലക്ഷ്യത്തിലെത്തിക്കാൻ വേണ്ടി പൊരുതും. കരിയർ സ്വപ്നത്തിലേക്ക്.
(b) ബിസിനസ്സും സൗഹൃദവും കൂട്ടിക്കുഴയ്ക്കില്ലെന്ന നിലപാട് തുടരും.
(c) വീഡിയോ ആയിരിക്കും മുഖ്യ ഫോക്കസ്
(d) സെയിൽസ്, മാർക്കറ്റിങ് എന്നിവയിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് നോക്കണം.

കുടുംബം
(a) സെറ്റിൽമെന്റ് എന്ന സംഗതിയിൽ വലിയ കാര്യമില്ലെന്ന് പുതിയ തീരുമാനം. ഇങ്ങനെ പോയാൽ മതി
(b) കുട്ടികളെ പുതിയ സ്കൂളിലേക്ക് മാറ്റാനും അതിനടുത്ത് തന്നെ വീടെടുക്കാനും ശ്രമിക്കും.
(c) വർക്ക്-ലൈഫ് ബാലൻസിനായി ശ്രമിക്കും. നടക്കില്ലെന്നറിയാം.. എങ്കിലും
(d) ഫാമിലി ബിസിനസ്സിനെ കൂടുതൽ ഉയരത്തിലെത്തിക്കാൻ മാനസികമായി പിന്തുണ കൊടുക്കും..

സാമ്പത്തികം
(a) വേട്ടയാടുന്ന ബാധ്യതകൾ 2020ൽ എങ്കിലും ക്ലോസാകുമായിരിക്കും.
(b) നിലവിലുളള ഇൻഷുറൻസ് പോളിസികൾ വീഴാതെ മുന്നോട്ടുകൊണ്ടു പോകണം.
(c) പുതിയ ചില സംഗതികൾ കൂടി തുടങ്ങണം. റിസർവ് മണി ഒരു മിഥ്യയാണ്. എങ്കിലും

വ്യക്തിപരം
(a) പുസ്തക വായന നടക്കില്ല, യാത്രയെങ്കിലും നടക്കണം. യാത്ര നല്ല വായനയാണ്.
(b) തേടി പോകുന്നതിനു പകരം, നമ്മളെ തേടിയെത്തുന്നവർ മതി. നല്ല ആത്മാർത്ഥ സൗഹൃദങ്ങൾക്കായി…
(c) ഇത്തിരി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കും. വ്യായാമം എന്നൊന്നും പറഞ്ഞ് ബോറാക്കുന്നില്ല.

ഹെലോ ആപ്പ് ഫേസ് ബുക്കിനെ മറികടക്കുമോ?

ഹെലോയോട് ഒരു നെഗറ്റീവ് മെന്റാലിറ്റിയാണ് ആദ്യമുണ്ടായിരുന്നത്. ഷെയർ ചാറ്റ് പോലെ ഒരു സംഗതി…അല്ലെങ്കിൽ ഡെയ്ലിഹണ്ട് പോലെ ഒരു അഗ്രഗേറ്റർ എന്നു മാത്രമാണ് ചിന്തിച്ചത്.
തുടക്കം മുതൽ ഹെലോയിൽ എക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും നയപരമായ കാരണങ്ങളാൽ അതിൽ കാര്യമായ ശ്രദ്ധയൂന്നിയിരുന്നില്ല. ആ നയം തന്നെ തെറ്റായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കാരണം ഹെലോ ഒരു അഗ്രഗേറ്ററേ അല്ല.(അഗ്രഗേറ്റർ ആണെന്ന് തെറ്റിദ്ധരിച്ച് ചിലർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരുന്നു).


ടോപ്പിക് അടിസ്ഥാനമാക്കിയാണ് ഹെലോ വർക്ക് ചെയ്യുന്നത്. കണ്ടന്റിന് പ്രാധാന്യം നൽകുന്ന അൽഗൊരിതമാണെന്ന് ചുരുക്കം. ഇപ്പോൾ ഫേസ് ബുക്കിൽ പോസ്റ്റുകൾ കുറഞ്ഞു വരാനുള്ള ഒരു കാരണം ഹെലോയെ കൂടുതൽ ഇഷ്ടപ്പെട്ടു വരുന്നതു കൊണ്ടാണെന്ന് പറഞ്ഞാൽ തെറ്റില്ല. നമുക്ക് ലാഭം കിട്ടുന്ന ബിസിനസ്സിലല്ലേ നമുക്ക് കാര്യമുള്ളൂ….

1 പ്രാദേശികഭാഷകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ആപ്പിൽ 14 ഇന്ത്യൻ ഭാഷകൾ ലഭ്യമാണ്..

2 കഴിഞ്ഞ ജൂണിൽ ഹെലോയ്ക്ക് 50 മില്യൺ ആക്ടീവ് യൂസേഴ്സ് ഉണ്ട്. ‍25 മില്യനിൽ നിന്നും കേവലം ആറു മാസം കൊണ്ടാണ് 50 മില്യനിലേക്ക് കുതിച്ചതെന്ന് ഓർക്കണം..

3 ഇന്ത്യൻ യൂസേഴ്സിനെ ടാർജറ്റ് ചെയ്യുന്ന അൽഗൊരിതം. വിഷയത്തിൽ അടിസ്ഥാനമാക്കിയുള്ള റീച്ച്. നിങ്ങൾക്ക് 10 ഫോളോവേഴ്സ് ഉള്ളൂവെങ്കിലും സ്റ്റോറി കറക്ട് ടോപ്പിക്കുകൾക്കുള്ളിലാക്കിയാൽ ആയിരകണക്കിനാളുകളിൽ എത്തും.

250 മില്യനോളം ആക്ടീവ് യൂസേഴ്സ് ഉള്ള ഫേസ് ബുക്കിനെ ഹെലോ എന്തു ചെയ്യാനാണെന്ന് ചിന്തിക്കുന്നവരോട് ഈ പോക്കു പോയാൽ ഹെലോ മറികടന്നു പോകുമെന്നാണ് തോന്നുന്നത്. സുക്കറണ്ണാ താമസിയാതെ കത്തിക്കൽ തീരും.

കൊടുക്കേണ്ടവർക്ക്, കൊടുക്കാൻ പറ്റുമെങ്കിൽ തീർച്ചയായും കൊടുക്കണം

ബക്കറ്റ് പിരിവ് ഒരു കാലത്തെ ശരിയായിരുന്നു. അന്നു മുതലാളിമാർ ശത്രുക്കളായിരുന്നു. വേറെ മാർഗ്ഗമില്ല, സാധാരണക്കാരൻ നൽകുന്ന അഞ്ചും പത്തും രൂപ കൊണ്ടായിരുന്നു കാര്യങ്ങൾ ചെയ്തിരുന്നത്. എന്നാൽ ഇന്നോ.?

ഫോണിൽ പറഞ്ഞുറപ്പിച്ച തുക അല്ലെങ്കിൽ രശീതിയിൽ എഴുതി നീട്ടുന്ന തുക മുതലാളിമാർ (സാധാരണക്കാർ അല്ലാത്തവർ) കൊടുക്കുകയാണ് ചെയ്യുന്നത്. ഈ ശീലം വളർന്നതോടെ ബക്കറ്റ് പിരിവ് ഔട്ട് ഓഫ് ഫാഷനായി. പുതുതലമുറയിലുള്ളവർക്കും ഈ പാട്ടപിരിവിനോട് വലിയ യോജിപ്പില്ല. അതിലും വലിയ കുറക്കു വഴികൾ അറിയുന്നവരാണ് കുട്ടി നേതാക്കൾ..

കൊടുക്കേണ്ടവർക്ക് തീർച്ചയായും കൊടുക്കണം. ബക്കറ്റ് പിരിവിനെത്തുമ്പോൾ…..ആരാണ് വരുന്നത്? എന്തിനാണ് വരുന്നത്? ഈ രണ്ട് ചോദ്യങ്ങൾക്ക് അനുസരിച്ചായിരിക്കും സംഭാവന നൽകുക. പല രശീതി ബുക്കുകളും പിരിപ്പിച്ചിട്ടുണ്ട്. ഇപ്പോ അതിനോട് വലിയ യോജിപ്പില്ല. അതെ സമയം മെംബർഷിപ്പ് പിരിവും ഇതും കൂടി കൂട്ടിക്കെട്ടരുത്.

പ്രളയത്തിന് പാട്ടപിരിവ് കൊടുക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ ദുരിതാശ്വാസത്തിനും ദുരിതാശ്വാസ നിധിയിലേക്കും കൊടുക്കാൻ ഇഷ്ടം പോലെ മാർഗ്ഗമുണ്ട്. ചിഹ്നങ്ങളുമായി ക്യാംപിന്റെ ഏഴയലത്ത് വരരുതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.. അതുകൊണ്ട് നമുക്ക് ഒരുമിച്ച് പൊരുതാം..

പ്രിന്റ് മീഡിയയുടെ കാലം കഴിയുന്നു, ഡിജിറ്റൽ മീഡിയ ഒന്നാം സ്ഥാനത്തേക്ക്

2021ഓടെ ഡിജിറ്റൽ മീഡിയ പ്രിന്റ് മീഡിയയെ തോൽപ്പിക്കുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ തന്നെ പത്രങ്ങളേക്കാൾ സ്വാധീനം ചെലുത്താൻ കഴിയുന്നത് ചാനലുകൾക്കും ഓൺലൈൻ മീഡിയകൾക്കുമാണ്.

2018ൽ മാത്രം ഡിജിറ്റൽ മീഡിയ സ്വന്തമാക്കിയത് 42 ശതമാനം വളർച്ചയാണ്. ഓരോ ഇന്ത്യക്കാരനും ഫോണിൽ ചെലവഴിയ്ക്കുന്ന സമയത്തിന്റെ 30 ശതമാനവും എന്റർടെയ്ൻമെന്റിനുവേണ്ടിയാണ്. 2018ൽ 325 മില്യൺ ഓൺലൈൻ വീഡിയോ വ്യൂവേഴ്സാണ് ഉണ്ടായിരുന്നതെങ്കിൽ 2019ൽ അത് 3.2 ബില്യൺ ആയി ഉയരും.

OTT പ്ലാറ്റ് ഫോമുകളുടെ ജനപ്രിയത ഓരോ ദിവസവും കൂടി കൂടി വരികയാണ്. 2021ഓടു കൂടി 30-35 മില്യൺ ആളുകൾ OTT പ്ലാറ്റ് ഫോമുകളുടെ പെയ്ഡ് വേർഷൻ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. കോടികണക്കിന് ജനങ്ങളാണ് ലോകകപ്പ് ക്രിക്കറ്റ് ഹോട്ട് സ്റ്റാറിലൂടെ കണ്ടത്. ഡിജിറ്റൽ മീഡിയ പരസ്യരംഗത്തും വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലാണെങ്കിൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ഡിജിറ്റൽ മീഡിയയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തിലാണെങ്കിൽ കുത്തക പിടിച്ചെടുക്കാൻ കോർപ്പറേറ്റ് കമ്പനികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.

മലയാളത്തിലേക്ക് കൂടുതൽ കളിക്കാരെത്തുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം ദക്ഷിണേന്ത്യ പിടിയ്ക്കാതെ ഇന്ത്യ പിടിച്ചെടുക്കാനാകില്ല. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടമാണ് ഇനി നടക്കുക. കൂടുതൽ ശ്രദ്ധ അൾട്രാ ലോക്കൽ മേഖലയിലേക്ക് തിരിയും. സോഷ്യൽമീഡിയയിലെ വൈറൽ അൽഗൊരിതം ക്രെഡിബിലിറ്റിയ്ക്കും ആധികാരികതയ്ക്കും റെസ്പോൺസിബിലിറ്റിയ്ക്കും പ്രാധാന്യം നൽകുന്നതോടെ ഡിജിറ്റൽ മീഡിയയിലെ ശുദ്ധീകരണം പൂർത്തിയാകും. ഇതോടെ പ്രിന്റ് മീഡിയ വിട്ട് ഡിജിറ്റൽ മീഡിയ ചാനലുകളെ OTTയ്ക്കുള്ളിലേക്ക് പരിപൂർണമായും ഒതുക്കാനുള്ള പോരാട്ടത്തിലേക്ക് നീങ്ങും. ചുരുക്കത്തിൽ എല്ലാം നമ്മുടെ മൊബൈൽ കൊച്ചു ഡിവൈസിലേക്ക് ചുരുങ്ങും.

ഫേസ് ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ, വേണമോ, വേണ്ടയോ?

വേഗതയ്ക്കാണ് ഓൺലൈനിൽ കാര്യം. പ്രത്യേകിച്ചും മൊബൈൽ യൂസേഴ്സ് കൂടി വരുന്ന ഈ കാലത്ത്. ഒരു പേജ് ലോഡ് ചെയ്യാൻ ശരാശരി അഞ്ച് സെക്കന്റ് എടുക്കുന്നുവെന്നാണ് കണക്ക്. പക്ഷേ, അപ്പോൾ നിങ്ങൾക്ക് മറ്റൊരു സത്യമറിയുമോ? ഈ അഞ്ച് സെക്കന്റ് എത്തുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ 74 ശതമാനത്തോളം ട്രാഫിക് ബൗൺസ് ചെയ്തു പോകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ് ഫേസ്ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ സംവിധാനം മുന്നോട്ടു വെച്ചത്. പബ്ലിഷേഴ്സിന് വളരെ എളുപ്പത്തിലും വേഗത്തിലും വാർത്തകൾ പബ്ലിഷ് ചെയ്യാനുള്ള ഒരു സൗകര്യം. ഇത് എൻഗേജ്മെന്റ് ലെവൽ ഉയർത്തുകയും കൂടുതൽ വായന നടക്കുകയും ചെയ്യും.

നല്ല ക്വാളിറ്റിയുള്ള ഇമേജുകളും വീഡിയോകളും വരുമ്പോൾ പേജ് സ്വാഭാവികമായും സ്ലോ ആകും. ഇതിനെ മറികടക്കാൻ പണ്ട് ചെയ്തിരുന്ന മാർഗ്ഗങ്ങൾ. ഇമേജുകളെ കംപ്രസ് ചെയ്യുകയും സിഡിഎൻ അഥവാ കണ്ടന്റ് ഡെലിവറി സൗകര്യം ഉപയോഗപ്പെടുത്തുകയുമായിരുന്നു. ഇത് ചെലവേറിയതും ബുദ്ധിമുട്ടേറിയതുമായ ജോലിയായിരുന്നു.


ഇപ്പോ കാലം മാറി. ടെക്സ്റ്റിന്റെ കാലമല്ലിത്. ഇമേജുകളുടെയും വീഡിയോകളുടെയും കുത്തൊഴുക്ക് തന്നെയാണ്. വീഡിയോ ഉള്ള, നല്ല ഇമേമജുകൾ ഉള്ള വാർത്തകൾ ഷെയർ ചെയ്യപ്പെടാനുള്ള സാധ്യത പതിന്മടങ്ങാണ്.
വേഗത കുറഞ്ഞ സൈറ്റുകൾ വായനക്കാർ നിരാശ സമ്മാനിക്കുക മാത്രമല്ല, എസ്ഇഒ ആംഗിളിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
ഗൂഗിളാണ് ഈ പ്രശ്നം ആദ്യം തിരിച്ചറിഞ്ഞതും പരിഹാരം കണ്ടെത്തിയതും. അഞ്ച് മില്ലി സെക്കന്റിന്റെ ഡിലേ പോലും 20 ശതമാനം ട്രാഫിക് നഷ്ടമുണ്ടാകുമെന്ന തിരിച്ചറിവിന്റെ ഭാഗമായി ഗൂഗിൾ എഎംപി പ്രൊജക്ട് ആരംഭിച്ചു. എന്താണ് ആക്സലറേറ്റഡ് മൊബൈൽ പേജസ് അല്ലെങ്കിൽ എഎംപി. മൊബൈൽ വായന ഈസിയാക്കുന്ന ഒരു ഫ്രെയിം വർക്കാണിത്.

മെച്ചങ്ങൾ നമുക്ക് ചുരുങ്ങി പറയാം
ഫേസ് ബുക്ക് ഇൻസ്റ്റന്റ് കൊണ്ട് ഗുണമുള്ളത് വായനക്കാരനാണ്. നല്ലൊരു വായനാ അനുഭവമാണ് ഇൻസ്റ്റന്റ് സമ്മാനിക്കുന്നത്. കൂടാതെ നമ്മുടെ സ്റ്റോറികൾ കൂടുതൽ ആളുകളിലെത്താനും കൂടുതൽ ആളുകൾ ഫേസ് ബുക്ക് ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ വരുമാനം ലഭിക്കാനും സഹായിക്കുന്നു.

ഇനി ഇതുകൊണ്ടുള്ള ദോഷങ്ങൾ പറയാം. ഒരു സൈറ്റുകളിലേക്ക് പലരീതിയിൽ ട്രാഫിക് വരും. ഇത്തരം റഫറലുകൾ നഷ്ടപ്പെടുത്താൻ ഇൻസ്റ്റന്റ് കാരണമാകും. ഉദാഹരണത്തിന് നമ്മുടെ വെബ് സൈറ്റിൽ നിന്നാണ് ഒരാൾ വാർത്ത വായിക്കുന്നതെങ്കിൽ അത് വായിച്ചതിനു ശേഷം അയാൾ മറ്റു വാർത്തകൾ വായിക്കാനുള്ള സാധ്യത കൂടുതലാണ്.. എന്നാൽ ഇൻസ്റ്റന്റ് കേസിൽ അയാൾ മറ്റൊരു പബ്ലിഷറുടെ വാർത്തയിലേക്കാണ് പോവുക.
ഫോട്ടോകൾ ആഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നുണ്ടെങ്കിലും നമുക്ക് ഒരു സ്റ്റോറിയുടെ പരിപൂർണതയ്ക്കായി ആഡ് ചെയ്യാവുന്ന വീഡിയോ, സ്ലൈഡ് ഷോ, മറ്റു ലിങ്കുകൾ എന്നിവ മിസ്സാകുന്നു.

പരസ്യവും നമുക്ക് തോന്നുന്ന പോലെ കൊടുക്കാനാകില്ല. ഫേസ്ബുക്കിന്റെ പരിമിതമായ സൗകര്യത്തിനുള്ളിൽ വേണം കാര്യങ്ങൾ ചെയ്യാൻ. പരസ്യവരുമാനത്തിലും കാര്യമായ നേട്ടം ഉണ്ടാക്കാൻ ഇൻസ്റ്റന്റ് സഹായിക്കില്ല.

വളരെ ബുദ്ധിമുട്ടേറിയ അൽഗൊരിതമാണ് ഫേസ് ബുക്കിനുള്ളത്. പണ്ട് നമ്പൂതിരി പശുവിനെ അടിയ്ക്കാൻ പോയ പോലെയാണ്. എല്ലായിടത്തും മർമമാണ്. ന്യൂസ് വാല്യ ഉള്ള സംഗതികൾ ചെയ്യുന്ന ഒരു പോർട്ടലിന് പലപ്പോഴും നിലപാടെടുക്കാൻ ഇത് തടസ്സമാകാറുണ്ട്. ബോൾഡായ സ്റ്റോറികൾ ചെയ്യാനും ഇത് പ്രതിബന്ധമാകും. ഇതിൽ നിന്നും നിങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഫേസ്ബുക്ക് ഇൻസ്റ്റന്റ് ഇല്ലാത്തതായിരിക്കും വളരാൻ നല്ലത്.

ബെംഗലൂരു നഗരത്തിനോട് വിട..

ഒരിക്കലും മടുക്കാത്ത നഗരമാണ് ബെംഗലൂരു. പത്തു വര്‍ഷത്തോളം താങ്ങും തണലുമായ നഗരം. വിട്ടുപോരുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, അങ്ങനെ ചെയ്യുന്നത് പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന തിരിച്ചറിവിനെ അവഗണിക്കാനും പറ്റില്ലായിരുന്നു.

24 വര്‍ഷത്തോളം നീണ്ട കരിയറിന്റെ പകുതിയോളം കാലഘട്ടം ഡിജിറ്റല്‍ മീഡിയയിലായിരുന്നു. തുടര്‍ച്ചയായി ഒരേ രീതിയില്‍ ജോലി ചെയ്യുന്നത് ബോറടിപ്പിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഒന്നു മാറ്റിപിടിയ്ക്കാമെന്നു കരുതിയത്. സെയില്‍സ്, മാര്‍ക്കറ്റിങ്, പബ്ലിക് റിലേഷന്‍ മേഖലകളെ കൂടി കണ്ടന്റിന്റെ കോര്‍ഡിനേഷനോട് കൂട്ടിച്ചേര്‍ക്കുകയാണ് ദൗത്യം. കേരളമെന്ന കൊച്ചു മാര്‍ക്കറ്റില്‍ നിന്നും മാക്‌സിമം നേട്ടമുണ്ടാക്കാനാകുമോ എന്ന പരീക്ഷണവും. ചോദിച്ചു വാങ്ങിയ മാറ്റം.

രണ്ടുവര്‍ഷം മുന്നെ തുടങ്ങിയ പ്ലാനിങാണ്. ‘വിഷന്‍ 2020’ എന്ന പ്രൊപ്പോസല്‍ കമ്പനി അംഗീകരിച്ചതോടെ കൊച്ചിയിലേക്കുള്ള സ്ഥലമാറ്റം യാഥാര്‍ത്ഥ്യമായി. ഈ പറിച്ചു നടല്‍ അത്ര എളുപ്പമായിരുന്നില്ല. കഴിഞ്ഞ 20-25 ദിവസം തുടര്‍ച്ചയായ ഓട്ടമായിരുന്നു. ബാംഗ്ലൂര്‍-കോഴിക്കോട്-കൊച്ചി… ഒന്നൊ രണ്ടോ തവണ ഈ പരിപാടി തന്നെ വേണ്ടിയിരുന്നില്ലെന്ന് തോന്നി.

സ്‌കൂള്‍ അഡ്മിഷനായിരുന്നു ഏറ്റവും വലിയ കടമ്പ. സിറ്റില്‍ നിന്ന് ഇത്തിരി വിട്ട് തൃപ്പുണിത്തുറയാണ് ആസ്ഥാനമായി തിരഞ്ഞെടുത്തത്..കാക്കനാടും ഇടപ്പള്ളിയും കറങ്ങി തിരിഞ്ഞ എനിക്ക് ഈ സ്ഥലം എന്തോ കൂടുതല്‍ ഇഷ്ടപ്പെട്ടു.

പുതുവർഷം, പുതുപ്രതീക്ഷകൾ

ജനുവരി ഒന്നിന് സ്വിച്ചിട്ടതുപോലെ നന്നാവുകയെന്നത് പ്രായോഗികമല്ല. താഴെ പറയുന്ന പല കാര്യങ്ങളും നേരത്തെ തന്നെ നടപ്പാക്കി തുടങ്ങിയതാണ്. പക്ഷേ, ഒരു പുതുവര്‍ഷമൊക്കെ വരികയല്ലേ.. ഒരു നാട്ടുനടപ്പിന്റെ ഭാഗമായി അടുത്ത വര്‍ഷത്തേക്കുള്ള ചിന്തകള്‍ സമര്‍പ്പിക്കുന്നു.

1 ബിസിനസ്, സ്‌പോര്‍ട്‌സ്, സിനിമ എന്നിവ പ്രിയപ്പെട്ട മൂന്നു മേഖലകളാണ്. കൂടുതല്‍ ശ്രദ്ധ ഇവിടേയ്ക്ക് തിരിയ്ക്കാന്‍ പുതുവര്‍ഷം വഴിയൊരുക്കുമെന്ന് കരുതുന്നു. 23 വര്‍ഷത്തോളമായി ചെയ്യുന്ന ജോലിയോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്നു. ക്രിയാത്മകമായ ഇടപെടലുകളിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. കരിയറുമായി ബന്ധപ്പെട്ട പുതിയ പുതിയ സാങ്കേതിക വിദ്യകളില്‍ അതിവേഗം നൈപുണ്യം നേടുകയെന്നതും ലക്ഷ്യത്തിലുണ്ട്.

2 കണ്ടന്റ്, മാനേജ്‌മെന്റ് പരിചയത്തിനപ്പുറം സെയില്‍സിന്റെയും മാര്‍ക്കറ്റിങിന്റെയും രസതന്ത്രം കൂടുതല്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല മാനേജിങ് എഡിറ്ററാകാന്‍ ഇതെല്ലാം അത്യാവശ്യമാണെന്ന് ചിന്തിക്കുന്നു. കൂടാതെ മേഖലയിലെ ഒരു ഓള്‍റൗണ്ടറാവുകയെന്നതാണ് സ്വപ്നം.

3 ഒമ്പത് വര്‍ഷത്തോളം നീണ്ട ബാംഗ്ലൂര്‍ ജീവിതത്തിന് പുതുവര്‍ഷത്തോടെ അവസാനമാകുമെന്നാണ് കരുതുന്നത്. നാടിന്റെ ചൂടിലേക്ക് ചാടുന്നതിനെ ചിലരെങ്കിലും പൊട്ടത്തരം എന്നു പറയുന്നുണ്ടെങ്കിലും വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. കാരണം കംഫര്‍ട്ട് സോണില്‍ ഇരിയ്ക്കുന്നത് പലപ്പോഴും മടിയനാക്കുന്നു. എപ്പോഴും ആക്ടീവായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം കമ്പനി മറ്റൊരു ദൗത്യമേല്‍പ്പിച്ചാല്‍ അതുമായി പോകാന്‍ മടിയില്ലെന്ന് ചുരുക്കം.

4 ഹരിതാഭയും പച്ചപ്പും–ഈ സെന്റിമെന്റെിലൊന്നിലും വിശ്വാസമില്ലെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് നാട്ടിലെ വിദ്യാഭ്യാസമാണ് നല്ലതെന്ന് കരുതുന്നു. മോശമല്ലാത്ത ബേസിക് രണ്ടു പേര്‍ക്കും ആയിട്ടുള്ളതിനാല്‍ നാട്ടിലെത്തിയാല്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. വലിയ ക്ലാസ്സിലേക്ക് മാറുന്നതിന് അനുസരിച്ച് മൂവിങ് എളുപ്പമാകില്ല. കാരണം മലയാളം, കൂടാതെ കുട്ടികളും വരാന്‍ മടി കാണിച്ചു തുടങ്ങും. കുട്ടികളെ നാട്ടിലേക്ക് മാറ്റുന്നു.

5 സെറ്റില്‍മെന്റ് എന്ന കണ്‍ഫ്യൂഷനും 2019 എന്തെങ്കിലും ഉത്തരം തരുമെന്ന പ്രതീക്ഷയുണ്ട്. മനസ്സില്‍ ചില പദ്ധതികളും ഉണ്ട്. കുടുംബവീട് എന്നതിനേക്കാളും സ്വന്തമായൊരു വീട്, അത് എല്ലാവരുടെയും സ്വപ്നമാണല്ലോ. ഒരു വർഷം കൊണ്ടൊന്നും നടക്കില്ലെങ്കിലും ആ ലക്ഷ്യത്തിലേക്ക് കുറച്ച് ദൂരം നടക്കാനാകണം.

6 ജോലിയും ജീവിതവും വേറെ വേറെയാക്കാന്‍ ശ്രമിക്കും. ഇതിനായി പ്രത്യേക ആസൂത്രണം മനസ്സിലുണ്ട്. (നടന്നാല്‍ മതിയായിരുന്നു). ആറു മണിക്കൂര്‍ മിനിമം ഉറക്കം ഉറപ്പാക്കും. കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും.

7 വേട്ടയാടുന്ന ചില ബാധ്യതകളെ 2019ഓടെ പരിപൂര്‍ണമായും ക്ലോസ്സാക്കാനാകുമെന്നാണ് പ്രതീക്ഷ. അതിന് പ്രഥമ പ്രയോറിറ്റി നല്‍കിയിട്ടുണ്ട്. 2009ല്‍ തുടങ്ങിയ പോരാട്ടം. ഇതിനെ പോസിറ്റീവായി നോക്കി കാണാനാണ് ആഗ്രഹിക്കാറുള്ളത്. പോരാട്ട വീര്യത്തിന് ഇന്ധനമായത് പലപ്പോഴും ഈ പ്രതിസന്ധിയാണ്.

8 കൂടുതല്‍ യാത്രകള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നു. 2018ല്‍ ഇക്കാര്യത്തില്‍ നല്ല പുരോഗതിയുണ്ടായിരുന്നു. 2019ല്‍ അത് കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിക്കണമെന്ന് ആഗ്രിഹിക്കുന്നു.

9 ജോലിയുടെ ആവശ്യത്തിനോ പഠിയ്ക്കുന്നതിനോ വേണ്ട ഡിജിറ്റല്‍ വായന മാത്രമേ ഉള്ളൂ. പുസ്തക വായന കൂട്ടണമെന്ന് ആഗ്രഹിക്കുന്നു.

10 പ്രജിയുടെ ഡിജിറ്റല്‍ കണ്‍സള്‍ട്ടിങ് കമ്പനിയെ കേരളത്തിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റുകയും അതിലൂടെ അവളെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുകയെന്നതും പുതുവര്‍ഷ ലക്ഷ്യത്തിന്റെ ഭാഗമാണ്. ഈ ലക്ഷ്യത്തിനുവേണ്ടി പ്രജിയ്ക്ക് കൂടുതല്‍ പ്രചോദനം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

#NewYearResolution, #HappyNewYear, #Welcome2019, #YearEnd2018

Digital Story Teller

Exit mobile version