കണ്ണട പുരാണം: കിഷന് ലോട്ടറിയടിച്ച സന്തോഷം, നമുക്കോ ടെൻഷനും

നാലാം ക്ളാസ്സിൽ പഠിയ്ക്കുമ്പോൾ നിർമല ടീച്ചറാണ് അതു കണ്ടു പിടിച്ചത്. ബോർഡിലേക്ക് നോക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങുന്നു. ” ഇവന്റെ കണ്ണൊന്ന് പരിശോധിപ്പിക്കണം” ടീച്ചർ അമ്മയോട് നിർദ്ദേശിച്ചു.. അന്ന് മൂന്നച്ഛൻ(അച്ഛന്റെ ഏട്ടൻ) ജോലി ചെയ്യുന്നത് ബീച്ച് ആശുപത്രിയിലാണ്. പരിശോധന അവിടെ വെച്ചായിരുന്നു. സംഗതി ശരിയാണ്. രണ്ടു കണ്ണിനും ഇത്തിരി കാഴ്ച കുറവുണ്ട്.
 
അങ്ങനെ നല്ല കറുത്ത ഫ്രെയിമോടു കൂടിയ കുപ്പിഗ്ളാസ് റെഡി. ഏഴാം ക്ളാസുവരെ അതു വെച്ചുവെന്നാണ് ഓർമ. ഹൈസ്കൂളിലെത്തിയതോടെ കണ്ണാടി, സോഡാകുപ്പി ചെല്ലപ്പേരുകളെ പേടിച്ചും ആ പ്രായത്തിന്റെ ഇത്തിരി സൗന്ദര്യബോധത്തിന് ക്ഷീണമാകുമെന്നതിനാലും കണ്ണട വെയ്ക്കുന്ന പരിപാടിയങ്ങ് നിർത്തി.(കണ്ണു കാണാത്ത പ്രശ്നമൊന്നും നമുക്കില്ല, ദൂരത്തുള്ളത് വായിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് അത്ര മാത്രമേ ഉള്ളൂ.)
 
പക്ഷേ, ആ നിർത്തൽ വലിയ തിരിച്ചടിയുണ്ടാക്കി. അടുത്ത തവണ പരിശോധിച്ചപ്പോൾ അത് 1.75ലേക്ക് എത്തിപ്പോയി (ആദ്യം .25ഉം .75ഉം ആയിരുന്നെന്നാണ് ഓർമ). കണ്ണട സ്ഥിരമായി വെയ്ക്കാൻ ഡോക്ടർ പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും കണ്ണട ഒഴിവാക്കണമെന്ന ചിന്തയിൽ മാമനാണ് എന്നെ മണ്ണൂരിലെ പ്രസിദ്ധമായ വൈദ്യരുടെ അടുത്ത് കൊണ്ടുപോയത്. രാവിലെ പാൽക്കഷായം, മുരിങ്ങ ഇലയുടെ നീരെടുത്ത് ചെറുതേനിൽ ചാലിച്ച് മൂന്നുനേരം കണ്ണിൽ ഇറ്റിക്കണം, പിന്നെ മറ്റു പഥ്യങ്ങളും. മരുന്നു കൊണ്ട് ഫലമുണ്ടായിരുന്നു. പക്ഷേ, മാമന് നല്ലൊരു തുക പ്രതിമാസം ചെലവാകുന്നുവെന്ന തിരിച്ചറിവിൽ നിന്നും..ഞാൻ കണ്ണട വെയ്ക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് കണ്ണട ശീലമായി. ഏകദേശം 25 വർഷമായി…
 
വലുതായതോടെ കണ്ണട ഒരു അലങ്കാരവും ഒരു സ്വകാര്യ ‘അഹങ്കാരവുമായി’ മാറി. ഇപ്പോ ഷോർട്ട് സൈറ്റും ലോങ് സൈറ്റും ചേർന്ന പ്രോഗ്രസ്സീവ് ലെൻസാണ്. വിശ്രമമില്ലാതെ കണ്ണിന് ജോലി കൊടുത്തതുകൊണ്ട് ‘പവറിന്’ യാതൊരു കുറവുമില്ല. രണ്ടു വർഷം കൂടുമ്പോൾ കൃത്യമായി കണ്ണ് പരിശോധിക്കുകയും കണ്ണട മാറ്റുകയും ചെയ്യാറുണ്ട്. കഴിഞ്ഞ മാസവും ഏകദേശം നല്ലൊരു തുക ഈ വകുപ്പിൽ ചെലവാക്കേണ്ടിയും വന്നിട്ടുണ്ട്. പുതിയ കോംപിനേഷൻ ലെൻസിന് നല്ല വിലയാണ്. കാരണം വലതു കണ്ണ് -5ഉം ഇടത് കണ്ണ് -4ഉം ആണ്.
 
കുട്ടികളായപ്പോൾ ആർക്കെങ്കിലും ഷോർട്ട് സൈറ്റ് ഉണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. രണ്ടു പേരുടെയും കണ്ണ് പരിശോധിക്കണമെന്ന് കരുതും. പിന്നെ ചിന്തിക്കും..എന്തെങ്കിലും പ്രശ്നം കാണിയ്ക്കുമ്പോൾ നോക്കാമെന്ന്… ഞാൻ പണ്ടേ ടിവി മുന്നിൽ ഇരുന്നാണ് കാണുക.. എനിക്ക് ആദ്യം കാണണം എന്ന് പറഞ്ഞ് കൂട്ടുകാരും വീട്ടുകാരും കളിയാക്കാറുണ്ട്. പക്ഷേ, അങ്ങനെ ശീലമായി പോയി. പിറകിലിരുന്നാലും കാണും..പക്ഷേ, ഒരു മനസ്സുഖം കിട്ടില്ല.(ഒരു പക്ഷേ, ഷോർട്ട് സൈറ്റ് കൊണ്ടായിരിക്കണം ആ സംതൃപ്തി കുറവുണ്ടാകുന്നത്). കിഷൻ ടിവിയുടെ തൊട്ടുമുന്നിൽ കസേരയിട്ടു കാണുമ്പോൾ അതുകൊണ്ട് തന്നെ യാതൊരു പ്രത്യേകതയും തോന്നിയില്ല. അച്ഛനെ കണ്ടു പഠിച്ചതാകുമെന്ന് കരുതി.
 
എന്നാൽ ഇത്തിരി ബലം പ്രയോഗിച്ച് കിഷനെ പിറകിലേക്ക് മാറ്റാൻ നോക്കിയപ്പോഴാണ് എന്തോ ഒരു പന്തികേട് തോന്നിയത്. അങ്ങനെ ഈ ഞായറാഴ്ച സംശയം തീർക്കാനായി മാറ്റി വെച്ചു. ആദ്യം വാസൻ ഐ കെയറിലാണ് പോയത്..രണ്ടു സെന്ററിൽ പോയിട്ടും സംഗതി നടന്നില്ല.(ആദ്യ സെന്ററിൽ-ജയനഗർ, ക്യാഷേ സ്വീകരിക്കൂവെന്ന ധാഷ്ട്യം ഇഷ്ടപ്പെട്ടില്ല. ആറ്റിറ്റ്യൂഡ് വെച്ചു പൊറുപ്പിക്കുന്ന ശീലം പണ്ടേ ഇല്ല. വാസ്തവത്തിൽ ഇതേ സെന്ററിലാണ് സ്ഥിരമായി ഞാൻ പോകാറുള്ളത്. എല്ലാ തവണയും ഡിജിറ്റൽ പേയ്മെന്റാണ് സ്വീകരിച്ചത്. ഇന്ന് ഞായറാഴ്ചയായതുകൊണ്ട് ഫിനാൻസ് ടീം ഇല്ലാത്തതുകൊണ്ടായിരിക്കും. എന്നാൽ അക്കാര്യം സൗമ്യമായി പറയുന്നതിനു പകരം ക്യാഷ് തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല. ഹുളിമാവിലുള്ള രണ്ടാമത്തെ സെന്റർ ഒരു മണിയ്ക്ക് ക്ലോസാക്കുമെന്ന് 12.55ന് പ്രഖ്യാപിച്ചതോടെ അതും വിട്ടു). അങ്ങനെ നാരായണ നേത്രാലയത്തിലെത്തി. മൂന്നു മണിക്കൂറോളം നീണ്ട പരിശോധനയ്ക്കൊടുവിൽ ആ സത്യം തിരിച്ചറിഞ്ഞു. കിഷനു ചെറിയ തോതിൽ ഷോർട്ട് സൈറ്റുണ്ട്.(ശരിയ്ക്കും എന്റേതു പോലെ തന്നെ). പാറുവിന് ക്ളീൻ സർട്ടിഫിക്കറ്റും കിട്ടി.
 
ഇതറിഞ്ഞതു മുതൽ കിഷൻ നല്ല ത്രില്ലിലാണ്. അച്ഛനെ പോലെ കണ്ണട വെയ്ക്കാലോ…കുട്ടിക്കുറുമ്പന്മാരുടെ ക്ളാസ്സിലാണ് പഠിയ്ക്കുന്നത്.. പൊട്ടിയ്ക്കുമെന്ന് പേടിച്ച് അത്യാവശ്യം വിലയുള്ള ഫ്രെയിമും ടിവിയും കംപ്യൂട്ടറും ഉപയോഗിക്കുന്നതിനാൽ ബ്ളുകട്ട് ലെൻസും വാങ്ങേണ്ടി വന്നു. പഴയ നമ്മുടെ ഗാന്ധി കണ്ണടയെ ഈ സമയത്ത് വെറുതെ ആലോചിച്ചു. കണ്ണട പൊട്ടുമെന്ന് പേടിച്ച് കളിയ്ക്കാൻ പോലും പോകാതിരുന്നത്. പിന്നീട് ആക്ടിവിറ്റികളിൽ നിന്നു പതുക്കെ പിറകോട്ട് പോയത്..എന്തായാലും ഇതൊന്നും കിഷന്റെ കാര്യത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.
വാൽക്കഷണം: ഇത്തിരി നീളം കൂടിപോയെന്നറിയാം. പക്ഷേ, ഇത്തരം അനുഭവങ്ങൾ ചിലർക്കെങ്കിലും ഉണ്ടാകുമെന്നതിനാലാണ് നീളം കൂട്ടിയത്.

ജോലിയും ജീവിതവും ബാലൻസാക്കേണ്ടതിന്റെ ആവശ്യകത

നമ്മൾ ഏത് കമ്പനിക്കു വേണ്ടിയാണോ ജോലി ചെയ്യുന്നത് ആ കമ്പനിക്കു വേണ്ടി ഒാരോ ദിവസവും ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യാൻ ശ്രമിക്കണം. അതേ സമയം, നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, മൂല്യങ്ങൾ എന്നിവ ഒരിക്കലും ആ കമ്പനിയുടെ മാനേജ്മെന്റിന് അടിയറവ് വെയ്ക്കരുത്.

പലപ്പോഴും പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ്. അവന് ജോലിയാണ് എല്ലാം. ജോലിയാണ് ജീവിതം. വർക്ക് ഹോളിക്കാണ്. ഇങ്ങനെയെല്ലാം ജോലി ചെയ്യുന്ന ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചിട്ടുണ്ടോ? റിട്ടയർ ചെയ്താലുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ജോലി എന്നത് നിങ്ങളുടെ ജീവിതമല്ല, അത് ജീവിക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ്. നിങ്ങളുടെ ആത്മാഭിമാനം, സന്തോഷം എന്നിവ നിർണയിക്കാനുള്ള അവകാശം ഏതെങ്കിലും ഒരു ജോലിക്കോ മുതലാളിക്കോ ഇല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ചില വേലിക്കെട്ടലുകൾ ആവശ്യമുണ്ടെന്ന് ചുരുക്കം. ജോലി, വ്യക്തിജീവിതം, ആരോഗ്യം, മൂല്യങ്ങൾ എന്നിവയെ വ്യക്തമായി വേർതിരിച്ചു നിർത്താൻ സാധിക്കുന്നിടത്താണ് വിജയം.

പല കമ്പനികളിലും ലക്ഷ്യത്തിലെത്താനുള്ള ഒരു ടൂൾ മാത്രമായാണ് ജീവനക്കാരെ കാണുന്നത്. ഒരിക്കലും അവരെ മനുഷ്യ ജീവികളായി പരിഗണിക്കുക പോലും ഇല്ല. നിങ്ങളെ ഒാരോ ഒൗൺസായി ഉൗറ്റിയെടുക്കുക മാത്രമായിരിക്കും അവരുടെ ലക്ഷ്യം. ഇത്തരമൊരു സാഹചര്യത്തിൽ ജോലി ചെയ്യുന്നത് തീർത്തും ആത്മഹത്യാപരമാണ്. അതേ സമയം നിങ്ങളുടെ കഴിവിനെ അംഗീകരിക്കുകയും നിങ്ങൾക്ക് കൂടുതൽ ഉയരങ്ങളിലേക്ക് വളരാനുള്ള അവസരങ്ങൾ ഒരുക്കുകയും ഉചിതമായ സമയത്ത് അഭിനന്ദിക്കുയും ചെയ്യുന്ന മാനേജ്മെന്റിനു കീഴിൽ എത്ര കാലം വേണമെങ്കിലും ജോലി ചെയ്യാൻ സാധിക്കും.

ജീവനക്കാരെ ഒരു കുടുംബമായാണ് കാണേണ്ടത്. അവരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും അഭിനന്ദിക്കുകയും സംരക്ഷിക്കുകയും വേണം. ഒരു നല്ല തൊഴിൽ അന്തരീക്ഷത്തിന് വേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.

1 ഒരു നല്ല തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം. അവർക്ക് അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യവും സൗകര്യവും ഒരുക്കണം.

2 നിങ്ങൾക്ക് നിങ്ങളുടെ ജീവനക്കാരെ വിശ്വാസമാണെങ്കിൽ ഒരിക്കലും മൈക്രോ മാനേജ് ചെയ്യാൻ പോകരുത്.

3 തൊഴിലാളികളെ ബഹുമാനിക്കുന്നുവെങ്കിൽ കഴിയുന്നതും അവരുടെ വ്യക്തിപരമായ സമയങ്ങളിൽ കൈകടത്താൻ നോക്കരുത്. അവരോട് അധിക സമയം ഇരുന്ന് ജോലി ചെയ്യാനോ, ജോലി സമയത്തിനു ശേഷം വിളിച്ച് ബുദ്ധിമുട്ടിക്കാനോ പാടില്ല.

4 ജീവനക്കാരെ മാനിക്കുന്നുവെങ്കിൽ അവരുടെ സംഭാവനകളെ അഭിനന്ദിക്കാനും തയ്യാറാകണം.

5 ജീവനക്കാരെ സ്നേഹിക്കുന്നുവെങ്കിൽ വ്യക്തിപരമായ അവരുടെ വികാസത്തിനുവേണ്ടിയും പരിശ്രമിക്കണം.

കമ്പനി ജീവനക്കാരോട് ആത്മാർത്ഥത കാണിക്കുന്നില്ലെങ്കിൽ തീർച്ചയായും ജീവനക്കാരിൽ നിന്നും തിരിച്ച് അത് പ്രതീക്ഷിക്കരുത്. ഇളകികൊണ്ടിരിക്കുന്ന ഒരു പ്രതലത്തിൽ നിന്നു ജോലി ചെയ്യാൻ ഒരു ജീവനക്കാരനും ഇഷ്ടപ്പെടില്ല. ഇനി അവൻ ജോലി ചെയ്യുന്നുണ്ടെങ്കിൽ തന്നെ അത് അവന്റെ ബെസ്റ്റ് പെർഫോമൻസ് ഒന്നും ആകില്ല.

സെറ്റില്‍മെന്‍റ് കണ്‍ഫ്യൂഷന്‍, അഥവാ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

”സെറ്റിലാകണം”, ഞാന്‍ അധികസമയവും കേള്‍ക്കുന്ന വാക്കാണിത്. ”എന്ത് അങ്ങനെ ജീവിച്ചു പോയാല്‍ മതി. ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദിക്കാം”. എന്ന നിലപാടിലായിരുന്നു ഞാന്‍ മുന്നോട്ടു പോയിരുന്നത്. പക്ഷേ, പിള്ളേരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിലപ്പോഴൊക്കെ നമ്മള്‍ വട്ടം കറങ്ങി പോകുന്നു.

1രണ്ടു പേര്‍ക്കും ഒരു നായ്ക്കുട്ടിയെ വേണം. പറയുമ്പോഴെല്ലാം ഞാന്‍ പറയും. അച്ഛന്റെ ജോലി ഇങ്ങനെ മാറി കൊണ്ടിരിക്കും. നായകുട്ടിയെ വാങ്ങിയാല്‍ നമുക്ക് നാട്ടില്‍ പോകാന്‍ കഴിയില്ല. സാരമില്ല, നാട്ടില്‍ പോകണ്ട..എന്നായിരിക്കും ഉടന്‍ വരുന്ന മറുപടി. അപ്പോ ഞാന്‍ പറയും. നമുക്ക് വീട് വാങ്ങിയിട്ട് നായ്ക്കുട്ടിയെ വാങ്ങാം. അപ്പോ പിന്നെ അതെന്നാണെന്നായിരിക്കും ചോദ്യം.. പൂച്ചട്ടി വെയ്ക്കാന്‍ പോലും ഇതേ ഡയലോഗായിരിക്കും.

2 സ്‌കൂട്ടറിലാണ് നാലുപേരുടെയും യാത്ര. പക്ഷേ, നിലവിലെ അവസ്ഥയില്‍ യാത്ര പ്രായോഗികമല്ല. ” അച്ഛാ നമുക്ക് കാറു വേണം. ശരിയാണ്. നാലു പേര്‍ക്കും ഇനി ഒരുമിച്ച് യാത്ര ചെയ്യണമെങ്കില്‍ കാറ് വാങ്ങണം അല്ലെങ്കില്‍ ഓല, യൂബര്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളെ ആശ്രയിക്കണം. തീര്‍ച്ചയായും നമ്മുടെ ചോയ്‌സ് രണ്ടാമത്തെതാണ്. അപ്പോഴും പിള്ളേരോട് പറയും.. ആദ്യം നമുക്ക് വേണ്ടത് വീടല്ലേ.. പിന്നെയല്ലേ കാറ്.. അതില്‍ അവര്‍ പറയും. ശരിയാ ആദ്യം വേണ്ടത് വീടാണ്..

3 എളുപ്പത്തില്‍ ഇളക്കി മാറ്റാവുന്ന ഭാരം കുറഞ്ഞ ഫര്‍ണിച്ചറുകളാണ് വീട്ടിലുള്ളത്. ഭാര്യയുടെ പലപ്പോഴുമുള്ള പരാതിയാണ്. അലമാരയില്‍ സ്ഥലമില്ലെന്നത്. പക്ഷേ, അധികം വെയ്റ്റുള്ളത് വാങ്ങിയാല്‍ മൂവ് ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് വാങ്ങാറില്ല. അതിനും മറുപടി വീട് വാങ്ങട്ടെ..എന്നാല്‍ പിന്നെ ഇത് കൊണ്ട് ഓടി നടക്കണ്ടല്ലോ?

4 പിന്നെ പിള്ളേര് കണ്ടെത്തിയ സൂത്രമാണ്. നമുക്ക് നാട്ടില്‍ വീടെടുക്കാം. നാട്ടിലെ സ്‌കൂളില്‍ പോകാം. നാട്ടിലേക്ക് മാറാം. നായ്കുട്ടിയെ വാങ്ങാം എന്നത്. രണ്ടു പേര്ക്കും‍ നാട് നല്ല ക്രേസാണ്. അപ്പോ ഞാന്‍ മനസ്സില്‍ ആലോചിക്കും..നാട്ടിലേക്ക് മാറിയാല്‍ ആരു പണി തരും? ആരു ശമ്പളം തരും..നിലവിലുള്ള അവസ്ഥയില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് , നോയിഡ എന്നിവിടങ്ങളില്‍ മാത്രമാണ് നമുക്ക് ഭാവിയുള്ളത്. (അതേ സമയം ഇവിടത്തെ സാലറി തന്നെ തരാമെന്നു പറഞ്ഞ നാട്ടിലെ രണ്ടു പ്രമുഖ മാധ്യമ സ്ഥാപനങ്ങളെ ഞാന്‍ മറക്കുന്നുമില്ല.)

പറഞ്ഞു വരുന്നത്..സെറ്റില്‍മെന്റ് എന്ന ചിന്ത ഇടക്കിടെ തലയിലേക്ക് കയറി വരുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. 2008-2010 കാലത്ത് ഓഹരി വിപണിയിലെ പ്രതിസന്ധി ജീവിതമാകെ മാറ്റി മറിച്ചതുകൊണ്ട് റിസ്‌കെടുക്കാന്‍ പേടിയാണ്. അതിനു മുമ്പുള്ള കാര്യമാണെങ്കില്‍ രസകരമാണ്…. രാവിലെ സ്‌കൂട്ടര്‍ വാങ്ങാന്‍ തീരുമാനിക്കുന്നു, ഉച്ചയ്ക്ക് റെഡിക്യാഷ് കൊടുത്ത് സ്‌കൂട്ടറും വാങ്ങി വീട്ടിലെത്തുന്നു. ലാപ്പ് ടോപ്പിന് വലിയ ഭാരം..നേരെ പോയി അടുത്ത കംപ്യൂട്ടര്‍ കടയില്‍ നിന്നും ഒരു ലൈറ്റ് വെയ്റ്റ് മോഡലും വാങ്ങി വീട്ടിലേക്ക്.. ഇതായിരുന്നു നമ്മുടെ സ്റ്റൈല്‍. ഓഹരി വിപണിയില്‍ നിന്നു തന്നെ നല്ലതുപോലെ പണം കിട്ടിയിരുന്നു. രാത്രി മാത്രമുള്ള പത്രപ്രവര്‍ത്തന ജോലി കഴിഞ്ഞാല്‍ ഫുള്‍ ടൈം ഷെയര്‍മാര്‍ക്കറ്റ് കച്ചവടത്തിലായിരുന്നു. പക്ഷേ, ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്ന ആ രണ്ടു വര്‍ഷം ജീവിതത്തില്‍ ചില തിരിച്ചറിവുകളെല്ലാം നല്‍കിയിട്ടുണ്ട്. ഇപ്പോഴും പരിപൂര്‍ണമായി പഠിച്ചു തീരാത്ത പാഠങ്ങള്‍..

എന്തായാലും വീട് വേണം. പക്ഷേ, എവിടെ എന്ന ചോദ്യം നിര്‍ണായകമാണ്. കാരണം നമ്മുടെ ജോലി എവിടെയാണെന്നത് വലിയ ഉറപ്പില്ലാത്ത കാര്യമാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി ബാംഗ്ലൂരാണുള്ളത്. കൈയില്‍ കാശൊന്നുമില്ലെങ്കിലും ലോണെല്ലാം എടുത്ത് ചെറിയ തോതില്‍ ബാംഗ്ലൂരില്‍ ഒന്നു വാങ്ങാമെന്നു വെച്ചാലോ? അപ്പോ നാളെ സ്ഥലമാറ്റം കിട്ടിയാല്‍.. അപ്പോ കരുതും നാട്ടില്‍ വാങ്ങിയാലോ? നാട്ടില്‍ വാങ്ങിയിട്ട് ജോലി ഇവിടെ തന്നെ ആയാലോ? ചിലര്‍ പറയുന്നത് വീടൊന്നും വെയ്ക്കുന്നില്ലെങ്കില്‍ നിനക്ക് സ്ഥലം വാങ്ങിക്കൂടെന്നാണ്. സ്ഥലം വാങ്ങാന്‍ ആരുടെ കൈയില്‍ വെറുതെ പണം കിടക്കുന്നു. അതേ സമയം സ്ഥലം വാങ്ങി വീടു വെയ്ക്കാന്‍ ലോണ്‍ കിട്ടും. ഇതെല്ലാം നമ്മുടെ പിള്ളേരോട് പറയാന്‍ പറ്റ്വോ? എന്തായാലും കണ്‍ഫ്യൂഷന്‍ പിരിയഡ് തന്നെയാണ്.. അതു തുടരുന്നു.. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത് റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളാണ്. അതു വായിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷവും സുഖവുമാണ്…അല്ലെങ്കിലും ആ പത്രം ഞാന്‍ വാങ്ങുന്നത് പരസ്യം വായിക്കാന്‍ വേണ്ടിയാണ്. വാര്‍ത്തകളെല്ലാം ഓണ്‍ലൈനില്‍ വായിച്ചു കഴിഞ്ഞിരിക്കും.

ശബരിമല: കയറുന്നവര്‍ കയറട്ടേന്ന്..നിങ്ങള്‍ക്കെന്താ?

സ്ത്രീകള്‍ അന്പലത്തില്‍ പോകണം.
സ്ത്രീകള്‍ അന്പലത്തില്‍ പോകുന്നില്ലേ?
സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകണം
സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകുന്നില്ലേ?
വിധിയെ സ്വാഗതം ചെയ്യുന്നു. അതില്‍ പുതുതായി
ഒന്നുമില്ല. ശബരിമലയിലെ നിലവിലുള്ള ചിട്ടവട്ടങ്ങളില്‍
വിശ്വസിക്കുന്നവര്‍ ഇനിയും മലചവിട്ടില്ല. സമയമെടുക്കും.

അതേ സമയം,
ഇത് ലിംഗവിവേചനമാണെന്ന് ചിന്തിക്കുന്നവര്‍
തീര്‍ച്ചയായും മലകയറാന്‍ ശ്രമിക്കും. അവരെ തടയേണ്ട
കാര്യമൊന്നും ഇല്ല. അധികപേര്‍ കാണില്ല.
ചെല്ലുന്നവര്‍ക്ക് ഭക്തന്മാര്‍ ‘സ്വീകരണം’
നല്‍കാനുള്ള സാധ്യതയും ഉണ്ട്.
41 ദിവസം വ്രതമെടുത്ത്
വരുന്നവര്‍ക്ക് മാത്രമേ 18ാം പടി കയറാനാകൂ.
അതും തെളിയിക്കാനാകുന്നതല്ല. അതുകൊണ്ട്
ഇതെല്ലാം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.
ആചാരങ്ങള്‍ പാലിക്കാതെ എത്തുന്നവര്‍
ശരിയ്ക്കും ടൂറിസ്റ്റുകളാണ്. കഴിഞ്ഞ തവണ
മലചവിട്ടിയത് ആറു കോടി പേരാണ്.
വരുമാനം 255 കോടിയും.

കയറുന്നവര്‍ കയറട്ടെ. അന്പലങ്ങളില്‍ മുണ്ടുടുക്കണം. ഷര്‍ട്ടൂരണം,
സാരിയുടുക്കണം. ഇതെല്ലാം ഒന്നു മാറി കിട്ടിയാല്‍
നന്നായിരുന്നു.. ആചാരങ്ങള്‍, വിശ്വാസം ഇവയുടെ
പ്യൂരിറ്റി ആര്‍ക്കും നിശ്ചയിക്കാനാകില്ല. അതു
കാലഘട്ടങ്ങളായി മാറ്റപ്പെടുന്നതാണ്. അതാണല്ലോ
സെമിറ്റിക് മതങ്ങളും ഹിന്ദു ജീവിതരീതിയും തമ്മിലുള്ള
വ്യത്യാസവും. മാറേണ്ടത് മാറണം. അതേ സമയം
ഇതൊന്നും നിയമം മൂലം മാറ്റുക അത്ര എളുപ്പമല്ല. അല്ലെങ്കില്‍ അതൊരു വന്‍ ഭൂരിപക്ഷത്തിന്റെ ആവശ്യമായിരിക്കണം.

Work From Home: ഇനിയും മാറാത്ത മലയാളി മനസ്സുകള്‍

പത്തുവര്‍ഷങ്ങള്‍ മുമ്പ് ഒരു പത്രത്തിന്റെ വെബ് എഡിറ്റര്‍ ജോലി ചെയ്യുന്ന കാലം. (ഡോട്ട് കോം ബൂമിന്റെ കാലത്ത് തലയില്‍ കയറി പോയ ഒരു പാഷനായിരുന്നു വെബ് ) കോര്‍ഡിനേറ്റിങ് എഡിറ്ററുടെ ജോലി വേണ്ടെന്ന് വെച്ച് എഡിറ്ററോട് ചോദിച്ചുവാങ്ങിയതായിരുന്നു ഈ പോസ്റ്റ്. പകലും രാത്രിയും ഓണ്‍ലൈനില്‍ വേണം. പലപ്പോഴും വീട്ടില്‍ നിന്നായിരുന്നു  വര്‍ക്ക്.

പതുക്കെ ഓരോരുത്തരായി വരാന്‍ തുടങ്ങും. ”അല്ലാ മോന് പണിയൊന്നും ഇല്ല അല്ലേ.. ഫുള്‍ ടൈം വീട്ടില്‍ കാണും. കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു.’.. ഒന്നു രണ്ടു പേരോട് അമ്മ പറഞ്ഞു, ”അവന്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. എല്ലാം കംപ്യുട്ടറിലാണ് ചെയ്യേണ്ടത്.”.

”അപ്പോ അവന് പത്രത്തിലോ ജോലി പോയോ? എത്ര ശമ്പളം കിട്ടും?”, ഇതായിരിക്കും അടുത്ത ചോദ്യം. ഒരു ദിവസം സഹിക്കെട്ട് അമ്മ എന്നോട് പറഞ്ഞൂ. ” മോനെ, ചുറ്റുവട്ടത്തുള്ളവരെല്ലാം പലതും പറയുന്നു. നിനക്ക് ഈ പണി ഓഫിസിയില്‍ പോയി എടുത്തൂടെ”. ഒരു പക്ഷേ, അതു പറയാന്‍ അമ്മ ഏറെ ആലോചിച്ചിട്ടുണ്ടാകും. കാരണം നാട്ടുകാരല്ല എനിക്ക് ചെലവിനു തരുന്നതെന്ന ആദ്യ ഡയലോഗ് എന്റെ അടുത്തു നിന്നുണ്ടാകും. ഞാനൊന്നും മിണ്ടിയില്ല. നമ്മുടെതായ ഒരു സംവിധാനമുണ്ടാക്കി അവിടേക്ക് മാറി. വര്‍ഷങ്ങള്‍ ഏറെ പോയിട്ടും ഈ ഓണ്‍ലൈന്‍ പരിപാടി അങ്ങോട്ട് ആളുകള്‍ക്ക് ദഹിച്ചുവരുന്നില്ലെന്നാണ് മനസ്സിലാകുന്നത്.

വാല്‍ക്കഷണം: വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന സബ് എഡിറ്ററോട് ”നീ വെറുതെ കംപ്യൂട്ടറിന് മുന്നിലിരുന്ന് കൊട്ടാതെ പോയി പാലു വാങ്ങി വാ..വരുമ്പോ ആ പലചരക്കുകടയില്‍ നിന്ന് ഈ സാധനങ്ങളും കൂടി വാങ്ങിക്കോ” എന്നു പറയുന്ന രീതിയിലാണ് വീട്ടുകാരും നാട്ടുകാരും. ”രാവിലെ തന്നെ ഹാര്‍മോണിയ പെട്ടിയും തുറന്നു തുടങ്ങും നിനക്കൊന്നും വേറെ പണിയില്ലെടാ” Prajitha Shinod ഇവളായതുകൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു..

ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ അഞ്ച് കാര്യങ്ങള്‍

1 അതിരാവിലെ എഴുന്നേല്‍ക്കുക. മഹാന്മാരായ പലരും ഈ ശീലമുള്ളവരാണെന്നു കാണാം. രാവിലെ 5.30ന് ഉള്ളിലെങ്കിലും എഴുന്നേല്‍ക്കണം. നേരത്തെ എഴുന്നേല്‍ക്കുന്ന നിങ്ങള്‍ ഭൂരിപക്ഷം പേരേക്കാളും മുന്നിലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ ദിവസവും നിങ്ങള്‍ക്ക് രണ്ടു മണിക്കൂറെങ്കിലും ഇതിലൂടെ അധികം ലഭിക്കുന്നു.

2 വ്യായാമം. ഏതെങ്കിലും രീതിയിലുള്ള വ്യായാമം ചെയ്യാന്‍ രാവിലെ തന്നെ സമയം കണ്ടെത്തണം. യോഗയും ധ്യാനവും ശീലിക്കുന്നത് നല്ലതാണ്. മാനസിക സമ്മര്‍ദ്ദം കുറച്ച് പ്രതികൂല സാഹചര്യങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇത് നിങ്ങളെ പ്രാപ്തരാക്കും.

3 കാര്യങ്ങള്‍ ഉള്‍കൊള്ളണം
വ്യക്തികളെ മനസ്സിലാക്കാനും കാര്യങ്ങളെ ഉള്‍കൊള്ളാനും ശ്രമിക്കണം. അഭിനന്ദിക്കേണ്ട സമയത്ത് അഭിനന്ദിക്കണം. സ്‌നേഹിക്കേണ്ട സമയത്ത് സ്‌നേഹിക്കണം. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം.

4 വായന
ശരിയ്ക്കും പുസ്തക വായനയ്ക്ക് ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. എത്ര തിരക്കാണെങ്കിലും വായിക്കാന്‍ വേണ്ടി ഒരു ദിവസം ഇത്തിരി സമയം കണ്ടെത്താന്‍ ശ്രമിക്കണം.ജീവിത വിജയം നേടിയതില്‍ ഭൂരിഭാഗം പേരും നല്ല വായനക്കാരായിരുന്നു. ബില്‍ഗേറ്റ്‌സും ബാരന്‍ ബഫെറ്റും വായന കൊണ്ടാണ് ഉയരങ്ങളിലെത്താന്‍ സാധിച്ചതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗവും നെഗറ്റീവ് റീഡിങ്ങാണ്. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തൂ. ഓഡിയോ ബുക്കുകളും പരീക്ഷിച്ചു നോക്കാവുന്നതാണ്.

5 ത്രില്ലിങായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിയ്ക്കൂ..
നമ്മളെല്ലാം നമ്മുടെ കംഫര്‍ട്ട് സോണില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഇഷ്ടമുള്ളവരാണ്. ഇതില്‍ നിന്നു വിപരീതമായി ഇത്തിരി ചലഞ്ചിങായ ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കൂ. സൈക്കിള്‍ റൈഡിങ്, ട്രക്കിങ്, ട്രാവലിങ്..ഇതുപോലെ നിങ്ങള്‍ സാധാരണ ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തണം. വാസ്തവത്തില്‍ അസാധാരണമായ സാഹചര്യങ്ങളെ തരണം ചെയ്യുന്നതില്‍ ഇത് നിങ്ങളെ സഹായിക്കും.

 

റിച്ചി-വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു പടം

‘ഉളിദവരു കണ്ടംതേ..എന്ന സിനിമയുടെ റീമേക്കാണ് എന്നു കേട്ടതുകൊണ്ടു തന്നെ..ആദ്യം കന്നഡക്കാരോട് അഭിപ്രായം ചോദിച്ചതിനു ശേഷമാണ് റിച്ചി എന്ന സിനിമ കാണാന്‍ പോയത്.. . ആദ്യം അഭിപ്രായം പറഞ്ഞ മഹേഷും പിന്നെ റിവ്യൂവിലൂടെ ശൈലനും പറഞ്ഞത് ഒരേ കാര്യങ്ങളായിരുന്നു..ഒരു മാസ് പടമൊന്നുമല്ല..ഒരു പരീക്ഷണ സിനിമയാണ്.
 
സംഗതി ഇങ്ങനെയൊക്കെയാണെന്ന് മുന്‍വിധിയുള്ളതുകൊണ്ട് തന്നെ സിനിമ കാണല്‍ ഇത്തിരി ആരോഗ്യപരമാക്കാമെന്നു കരുതി. അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ശ്രീജിത്തിനും ( താമസിക്കുന്നിടത്ത് ആകെയുള്ള കൂട്ട്) സമ്മതം. അങ്ങനെ രണ്ടു പേരും കൂടി മൂന്നു കിലോമീറ്ററോളം നടന്ന് തിയേറ്ററിലെത്തി.
 
ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് നോക്കിയപ്പോള്‍ ഭൂരിഭാഗം സീറ്റും കാലിയായതിനാല്‍ അവിടെ ചെന്ന് ടിക്കറ്റ് എടുക്കാമെന്നു രണ്ടു പേരും നേരത്തെ ധാരണയിലെത്തിയിരുന്നു. സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്പാണ് എത്തിയതെങ്കിലും ഏറ്റവും പിറകിലെ സോഫാ സീറ്റു തന്നെ ലഭിച്ചുവെന്നതില്‍ നിന്നും തിയേറ്ററിലെ തിരക്ക് ഊഹിക്കാമല്ലോ? ഞായറാഴ്ചയായിട്ടും ആ ഭാഗം പോലും നിറഞ്ഞിരുന്നില്ല.
 
വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു പടം..എന്തോ എവിടെയോ ഒരു ഇഷ്ടം.. എന്‍റെ ഇടതുവശത്തിരുന്നവന്‍ ഇന്‍റര്‍വെല്‍ വരെ ഇരുന്നു കണ്ടു. അതിനു ശേഷം സ്ഥലം കാലിയാക്കി. വാസ്തവത്തില്‍ എന്‍റെ ടേസ്റ്റിനു യോജിച്ചതല്ലെങ്കിലും എന്തോ ഒരു കൗതുകം തോന്നിയതുകൊണ്ട് കണ്ടിരുന്നു. സിനിമ കണ്ടിറങ്ങി.(ഇല്ലെങ്കിലും എത്ര മോശം സിനിമയായാലും തിയേറ്റര്‍ വിട്ടു പോരുന്ന ശീലം നമുക്കില്ല) .ശ്രീജിത്ത് ഉള്ള കാര്യം തുറന്നു പറഞ്ഞു..”എന്തോന്ന് പടമാണിത്.. ഒരു സന്ദേശവുമില്ലാത്ത സിനിമ”..ഞങ്ങളുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന ആള്‍..തിരിഞ്ഞു നിന്ന് You saw, Richie.. Its a beautiful movie,,Good Movie..ഞാന്‍ നോക്കിയത് പുള്ളിയുടെ ഭാര്യയുടെ റിയാക്ഷനാണ്..മുഖഭാവം കണ്ടാലറിയാം പുള്ളിക്കാരത്തിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന്.. വീണ്ടും മൂന്നു കിലോമീറ്ററോളം നടന്ന് ഞങ്ങള്‍ വീട്ടിലെത്തി..ഒന്നുമില്ലെങ്കിലും നടത്തമെങ്കിലും കിട്ടിയല്ലോ എന്ന് രണ്ടു പേരും സമാധാനിച്ചു..
 
റിച്ചിയെ മുന്‍വിധിയോടെ കാണുന്നവര്‍ക്ക് അക്കിടി പറ്റും എന്ന കാര്യത്തില്‍ സംശയമില്ല. പക്കാ കച്ചവട സിനിമ മാത്രം ആര്‍ത്തിയോടെ കാണുന്ന എനിക്ക് എന്തോ ഒരു ഇന്പം തോന്നി..അതേ സമയം ശ്രീജിത്തിന് ഇഷ്ടപ്പെട്ടില്ല.. പക്ഷേ, വളരെ നല്ല അഭിപ്രായം പറയുന്ന ആളുകളും ഉണ്ട്.. അതുകൊണ്ട് നിവിന്‍ പോളിയെ കൊന്നു കൊലവിളിക്കരുത്…പ്ലീസ്..എല്ലാവര്‍ക്കും എപ്പോഴും പ്രേമിക്കാനൊന്നും പറ്റില്ല. ചിലപ്പോള്‍ കിട്ടുന്ന വെടിയില്‍ അങ്ങു ചത്തു പോകും.

ചാനലില്‍ സംഭവിച്ചത്, അതില്‍ അത്ര പുതുമയൊന്നുമില്ല

ആരെ ജോലിക്കെടുക്കണമെന്നത് 100 ശതമാനവും മുതലാളിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചു തന്നെ ഒരു ജീവനക്കാരനെ മുതലാളിക്ക് എളുപ്പത്തില്‍ പിരിച്ചു വിടാന്‍ സാധിക്കുമെന്നിരിക്കെ അവകാശങ്ങളെ ഇനി നമുക്ക് അധികം പൊക്കിപിടിയ്ക്കാനാകില്ല.. നാളെ ഇതു തന്നെയായിരിക്കും കേരളത്തിലെയും തൊഴില്‍ സംസ്കാരം. വീണ്ടും കൊടിപിടിച്ച് നേടാമെന്ന് സ്വപ്നം കാണണ്ട.

ഒരു തൊഴിലാളിക്ക് ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിവു മാത്രം പോരാ എന്നതാണ് സ്ഥിതി. അതോടൊപ്പം കഠിനാധ്വാനം ചെയ്യാനുള്ള ഒരു പോസിറ്റീവ് മനസ്സും വേണം. മുതലാളി ഓരോ വര്‍ഷവും കൂട്ടിവെയ്ക്കുന്ന ലാഭകണക്കില്‍ പരാതിയില്ലാതെ സമയം നോക്കാതെ ജോലി ചെയ്തു കൊണ്ടിരിക്കാനുള്ള ഒരു ആറ്റിറ്റ്യൂഡ് വേണം. കഴിഞ്ഞ പേജിലെ കണക്കുകള്‍ എളുപ്പം മറക്കുന്ന മൂരാച്ചിമാരാണ് മുതലാളിമാര്‍. പുതിയ കണക്ക് എത്തിക്കാന്‍ നമ്മളെ കൊണ്ട് പറ്റില്ലെന്നു കണ്ടാല്‍ കറിവേപ്പില പോലെ വലിച്ചെറിയും. നമ്മുടെ അത്രയും കാലത്തെ അധ്വാനമൊന്നും അവരുടെ ലാഭ സ്വപ്‌നത്തിനു മുന്നില്‍ വിലങ്ങ് തടി തീര്‍ക്കില്ല. ഇവിടെ മാനേജര്‍മാര്‍ പോലും ലാഭകണക്കിലെത്തിക്കാനുള്ള ടൂളുകള്‍ മാത്രമാണ്. അതുകൊണ്ട് എപ്പോഴും അപ് ഡേറ്റായിരിക്കുക. ബുദ്ധിപരമായി ജോലി ചെയ്യുക.

കോര്‍പ്പറേറ്റ് കമ്പനികളിലെ ജോലി
ഒരാളെ ജോലിക്കെടുക്കും. ആദ്യ വര്‍ഷം അയാളെ ആവുന്നത്ര പ്രോത്സാഹിപ്പിക്കും. കൂടെ ഒരു പ്രമോഷനും. രണ്ടു വര്‍ഷമാകുമ്പോഴേക്കും കമ്പനിയെ കുറിച്ച് അല്ലാതെ മറ്റൊന്നും ചിന്തിക്കാനാവാതെ കെട്ടിയിടും. ഇതിനിടയില്‍ ടാര്‍ജറ്റ് ഇരട്ടിയാക്കിയിരിക്കും. അടുത്ത വര്‍ഷമാകുമ്പോഴേക്കും വീണ്ടും ഇരട്ടി. മുതലാളി രാത്രി ഉറങ്ങി കിടക്കുമ്പോള്‍ സ്വപ്‌നം കാണുന്ന ലാഭത്തിനനുസരിച്ച് നമ്മുടെ ടാര്‍ജറ്റും കൂടി കൊണ്ടേയിരിക്കും. അവസാനം ജോലി നഷ്ടപ്പെടുന്ന ആധിയും ജോലിയുടെ ഭാരവും കുടുംബസംബന്ധമായ മറ്റു ടെന്‍ഷനും ചേര്‍ന്നുണ്ടാക്കുന്ന വ്യാധികളില്‍ കിതച്ചു നില്‍ക്കുമ്പോള്‍ ടെര്‍മിനേഷന്‍ ലെറ്റര്‍ നമുക്ക് മുന്നിലേക്ക് നീട്ടി തരും.  ഈ ബോധത്തോടെ ജോലിയെ സമീപിക്കുന്പോള്‍ എല്ലാം ശരിയാകും. .

അസെസ്സ്‌മെന്റ് കലാപരിപാടി
എല്ലാ വര്‍ഷവും മുതലാളിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന കലാപരിപാടിയാണ് അസെസ്‌മെന്റ്. ഒരു കൊല്ലത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നവര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുക്കാനാണ് മുതലാളി പറയുക. ഇത് അനുസരിക്കുക മാത്രമായിരിക്കും അതാത് ടീമിനെ നയിക്കുന്ന മാനേജര്‍മാര്‍ക്ക് മുന്നിലുള്ള വഴി.. കാരണം അയാള്‍ക്ക് അയാളുടെ ജോലി സംരക്ഷിക്കേണ്ടതുണ്ട്.

എന്നാല്‍ കേരളത്തിലെ തൊഴില്‍ മേഖലയില്‍ ഇപ്പോഴും യൂനിയന്‍ സംസ്‌കാരവും അവകാശവാദവും ശക്തമാണെന്ന് പറയാം. കേരളത്തിനുള്ളില്‍ നിന്നു നോക്കുമ്പോള്‍ ന്യൂസ് 18ലെ പിരിച്ചുവിടല്‍ അധാര്‍മികമാണെന്ന് തോന്നിയേക്കാം. എന്നാല്‍ കേരളത്തിനു പുറത്തുള്ള തൊഴില്‍ സംസ്‌കാരത്തില്‍ ഇത്തരം പുറത്താക്കലുകള്‍ പുത്തരിയല്ല. ഇനി മറ്റൊരു കാര്യം. പുറത്താക്കപ്പെട്ടവര്‍ കോടതിയെ സമീപിച്ചാല്‍ പോലും രക്ഷയില്ല. കാരണം എല്ലാം നിലവിലുള്ള നിയമങ്ങള്‍ അനുസൃതമായിരിക്കും. കാരണം കാണിക്കല്‍ നോട്ടീസ്, പിരിച്ചുവിടുന്നതിനുള്ള മുന്‍കൂര്‍ നോട്ടീസ്, ശമ്പളം എല്ലാം കൃത്യമായിരിക്കും. പിന്നെ ആകെയുള്ള വഴി ചില ക്രിമിനല്‍ കേസുകളും തൊഴില്‍ കേസുകളും തമ്മില്‍ കൂട്ടികുഴയ്ക്കുകയാണ്.

വാല്‍ക്കഷണം: കേരളത്തില്‍ 15 വര്‍ഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടാണ് പുതിയ താവളത്തിലെത്തിയത്. തുടക്കത്തില്‍ ശരിയ്ക്കും ശ്വാസം മുട്ടിയിരുന്നു. പൊരുത്തപ്പെടാനാകാത്ത ഒട്ടേറെ കാര്യങ്ങള്‍. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്പ് ജോയിന്‍ ചെയ്യുമ്പോഴുള്ള ടാര്‍ജറ്റിന്റെ എത്രയോ മടങ്ങ് അധികമാണ് ഇപ്പോഴുള്ളത്. ഒരിക്കലും സ്വന്തം ജോലി പോകുന്നതിനെ കുറിച്ച് വേവലാതിപ്പെട്ടിരുന്നില്ല. കൂടെയുള്ളവരെ സംരക്ഷിക്കാനാണ് ശ്രമിക്കാറുള്ളത്. ഈ വര്‍ഷത്തെ അസെസ്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ മൂന്നു പേര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുക്കാനാണ് മാനേജ്‌മെന്റ് അറിയിച്ചത്. ഇക്കാര്യം അവരെ ഞാന്‍ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് സത്യം. കാരണം ആറ്റിറ്റ്യൂഡിന് പ്രാധാന്യം കൊടുക്കുന്ന ഒരു മാനേജരാണ് ഞാന്‍.  അവരെ മുന്നോട്ടുകൊണ്ടുവരാനും ഗ്യാപ്പ് നികത്താനും കഴിയുമെന്ന എന്‍റെ വിശ്വാസം ജയിക്കുക തന്നെ ചെയ്യും.

ടാര്‍ജറ്റ് എന്റെ ബാധ്യതയാണ് അതു ഞാന്‍ എത്തിക്കുക തന്നെ ചെയ്യുമെന്ന വാദമാണ് അവര്‍ക്ക് മുന്നില്‍ വെച്ചത്. ഇതിന്റെ മുഴുവന്‍ സമ്മര്‍ദ്ദവും നമുക്കു മുന്നിലുണ്ടാകും. അത് അനുഭവിക്കാന്‍ തയ്യാറായിട്ടു തന്നെയാണ് ആ റിസ്ക് ഏറ്റെടുത്തത്. തീര്‍ച്ചയായും ഒരു രക്ഷയുമില്ലെങ്കില്‍ മാത്രമേ കൂടെയുള്ളവരെ കൈവിടാവൂവെന്നു മാത്രമേ ന്യൂസ് 18 വിഷയത്തില്‍ പറയാനുള്ളൂ. അതേ സമയം നിരക്കാത്ത രീതിയില്‍ സംരക്ഷിക്കേണ്ട കാര്യവും ഇല്ല. നമ്മുടെ പൊസിഷന്‍ മാന്യമായി തന്നെ അവരെ അറിയിക്കുകയും അവരില്‍ നിന്നു തന്നെ രാജി വാങ്ങുകയുമാണ് അതിന്‍റെ മര്യാദ. അതിനിടയില്‍ പൊളിറ്റിക്സ് കളിയ്ക്കുന്നതിനോട് യോജിപ്പില്ല..മാനേജര്‍മാരും ജീവനക്കാര്‍ മാത്രമാണ്.

ടീം വര്‍ക്കിലാണ് കാര്യം. അതേ സമയം കൊള്ളരുതാത്ത ഒരു ജീവനക്കാരനോട് വളരെ സ്നേഹത്തോടെ തന്നെ നമ്മള്‍ മാച്ചായി വരില്ല. താങ്കള്‍ക്ക് പുതിയ മേച്ചില്‍പ്പുറം തേടാമെന്ന് പറയുന്നതിനും ഇത്രയും കാലത്തിനിടയില്‍ മടി കാണിച്ചിട്ടില്ല. എന്നാല്‍ എല്ലാ വ്യക്തികള്‍ക്കും കഴിവുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ ഇതുവരെ രണ്ടു മൂന്നു പേരോട് മാത്രമേ പറയേണ്ടി വന്നിട്ടുള്ളൂ.

Digital Story Teller

Exit mobile version