സത്യം 125 കോടി രൂപ നഷ്ടത്തില്‍

മാര്‍ച്ച് 2010ന് ആരംഭിച്ച സാമ്പത്തികവര്‍ഷത്തില്‍ സത്യം കംപ്യൂട്ടേഴ്‌സ് 124.60 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപോര്‍ട്ട്. കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബി രാമലിംഗരാജു കണക്കില്‍ കൃത്രിമം കാണിച്ചു പോലിസ് പിടിയിലായതിനുശേഷം പുറത്തുവരുന്ന ആദ്യ കണക്കെടുപ്പാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സത്യം കംപ്യൂട്ടേഴ്‌സിനെ ടെക് മഹീന്ദ്രഏറ്റെടുത്തിരുന്നു. ഇതിനുശേഷം കമ്പനിയുടെ പേര് മഹീന്ദ്ര സത്യം എന്നാക്കി മാറ്റി.
ഫലം പുറത്തുവരുന്നതോടെ സത്യത്തിന്റെ ഓഹരികളില്‍ 10 ശതമാനത്തോളം വര്‍ധനവ് പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് ഈ വാര്‍ത്ത തിരിച്ചടിയാവും. ഇനി നവംബര്‍ 15ന് പുറത്തിറങ്ങുന്ന സാമ്പത്തിക റിപോര്‍ട്ടില്‍ പ്രതീക്ഷ അര്‍പ്പിക്കുകയേ നിക്ഷേപകര്‍ക്ക് നിവൃത്തിയുള്ളൂ. എങ്കിലും രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പിനിരയായ കമ്പനിയുടെ നഷ്ടം കുറവാണ്. തൊട്ടുമുമ്പത്തെ കണക്കുപ്രകാരം നഷ്ടം 818 കോടി രൂപയായിരുന്നു. പുതിയ കണക്കുകള്‍ മറ്റൊരു ലയനസാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ടെക് മഹീന്ദ്രയും മഹീന്ദ്ര സത്യവും ലയിച്ച ഒറ്റ കമ്പനിയാവാനുള്ള സാധ്യത തള്ളികളയാനാവില്ല.

വിപണിയില്‍ വൈകാരികപ്രകടനം


മുംബൈ: നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ കനത്ത വില്‍പ്പ സമ്മര്‍ദ്ദം. 20000 കടന്നുവെന്ന വൈകാരികസമ്മര്‍ദ്ദവും  യൂറോപ്യന്‍ വിപണിയില്‍ നിന്ന് വേണ്ടത്ര പിന്തുണകിട്ടാത്തതും വീഴ്ചയുടെ ആഘാതം കൂട്ടി. മുന്നോറ്റത്തോടെ വില്‍പ്പന ആരംഭിച്ച വിപണി 20234.05 പോയിന്റുവരെ ഉയര്‍ന്ന് ലാഭ പ്രതീക്ഷ വര്‍ധിപ്പിച്ചുവെങ്കിലും അരമണിക്കൂറിനുള്ള താഴേക്കുള്ള യാത്ര തുടങ്ങിയിരുന്നു. ഒടുവില്‍ 300 പോയിന്റോളം താഴ്ന്ന് 19956.34ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5980 വരെ താഴ്ന്നതിനു ശേഷം 5991.30ല്‍ തിരിച്ചെത്തി. കഴിഞ്ഞ കുറെ ദിവസമായി മികച്ച നേട്ടമുണ്ടാക്കികൊണ്ടിരിക്കുന്ന മെറ്റല്‍ മേഖലയിലാണ് നിക്ഷേപകര്‍ ഏറെ ലാഭകൊയ്ത്ത് നടത്തിയത്.
തകര്‍ച്ചക്കിടയിലും ടാറ്റോ മോട്ടോഴ്‌സ്, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ, യൂനിടെക്, അംബുജ സിമന്റ്‌സ് ഓഹരികള്‍ നേട്ടമുണ്ടാക്കി. സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ഒ.എന്‍.ജി.സി കമ്പനികളുടെ ഓഹരി മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി.
രണ്ട് സാമ്പത്തികവര്‍ഷത്തെ ഫലം പ്രഖ്യാപിക്കാനിരിക്കെ വില കുത്തനെ കുതിച്ചുയരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന സത്യം കംപ്യൂട്ടേഴ്‌സിന് ഇന്ന് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നു മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തമാക്കിയ നേട്ടം സമ്മര്‍ദ്ദത്തില്‍ അടിയറവ് വയ്‌ക്കേണ്ടിയും വന്നു.
ഇന്നത്തെ വിപണിയുടെ അടിസ്ഥാനത്തില്‍ നാളെ വാങ്ങാവുന്ന ചില ഓഹരികള്‍:
1 ബജാജ് ഓട്ടോ: ഇപ്പോള്‍ 1488.85 രൂപ വിലയുള്ള ഈ ഓഹരികള്‍ ഒരാഴ്ചക്കുള്ളില്‍ 1530ലെത്താനുള്ള സാധ്യതയുണ്ട്. സ്‌റ്റോപ്പ് ലോസ് നല്‍കേണ്ടത് 1450.00

2 alstom projecst: ഇപ്പോള്‍ 810.40 വിലയുള്ള ഈ ഓഹരികള്‍ 827 എന്ന ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. പരമാവധി ഒരു മാസം കാത്തിരിക്കേണ്ടി വരും. സ്റ്റോപ്പ് ലോസ് നല്‍കേണ്ടത് 790.00.
united phosphorosu: 228 എന്ന ലക്ഷ്യത്തില്‍ വാങ്ങാവുന്ന ഓഹരിയാണ്. ഇപ്പോഴത്തെ വില 182.50.