റിയാലിറ്റി ഓഹരികളുടെ തകര്‍ച്ച തുടരുന്നു


മുംബൈ: നിഫ്റ്റിയും സെന്‍സെക്‌സും ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയില്‍ 181.55 പോയിന്റിന്റെയും ദേശീയ ഓഹരി സൂചികയില്‍ 47.80 പോയിന്റിന്റെയും കുറവാണുണ്ടായത്.
റിയാലിറ്റി ഫണ്ടിങ് വിവാദത്തില്‍ പെട്ട് ഈ ആഴ്ച മാത്രം സെന്‍സെക്‌സിനു നഷ്ടമായത് 448 പോയിന്റാണ്. അയര്‍ലണ്ട് കടക്കെണിയുടെ കാര്‍മേഘങ്ങള്‍ നീങ്ങാത്തതുകൊണ്ടു തന്നെ ആഗോളവിപണിയില്‍ നിന്ന് ഇന്നു കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. കൂടാതെ  ട്രേഡിങ് സ്ഥാപനങ്ങള്‍ നടത്തുന്ന ഇടപാടുകളെ കുറിച്ച് സെബി അന്വേഷണമാരംഭിക്കുന്നുവെന്ന വാര്‍ത്തകളും വിപണിയെ നെഗറ്റീവായി ബാധിച്ചു. അതേ സമയം എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് അഴിമതിയെ പര്‍വതീകരിക്കുന്നതിനെതിരേ സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ കൈക്കൂലി കേസിനെ സ്വാധീനിക്കുന്ന വിധത്തില്‍ സംഭവം വലുതാക്കിയതാണ് പ്രശ്‌നം-ഫസ്റ്റ് ഗ്ലോബലിലെ ശങ്കര്‍ ശര്‍മ അഭിപ്രായപ്പെട്ടു.
ഇത്തരം വിവാദങ്ങളെ തുടര്‍ന്ന് വന്‍തോതില്‍ പണമിറക്കിയ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങിയാല്‍ അത് സൂചികകളില്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാലിറ്റി സ്റ്റോക്കുകള്‍ക്ക് ഇന്നും തിരിച്ചടിയേറ്റു. റിയാലിറ്റി ഇന്‍ഡെക്‌സില്‍ 5.68 ശതമാനത്തിന്റെ കുറവാണുണ്ടായത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെറ്റല്‍, പവര്‍, എഫ്.എം.സി.ജി ഓഹരികള്‍ക്കും ഇന്നു നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്.
ഐ.ആര്‍.ബി ഇന്‍ഫ്രസ്ട്രക്ചര്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ഗ്രാസിം ഇന്ത്യ, ഒറിയന്റല്‍ ബാങ്ക്, സ്റ്റീല്‍ അഥോറിറ്റി ഇന്നു നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനികള്‍. ഹിന്ദ് കണ്‍സ്ട്രക്ഷന്‍, അദാനി എന്റര്‍പ്രൈസസ്, ബി.ജി.ആര്‍ എനര്‍ജി, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കു കാര്യമായ തിരിച്ചടിയേറ്റു.

Posted in Uncategorized