റിയാലിറ്റി ഓഹരികളുടെ തകര്‍ച്ച തുടരുന്നു


മുംബൈ: നിഫ്റ്റിയും സെന്‍സെക്‌സും ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയില്‍ 181.55 പോയിന്റിന്റെയും ദേശീയ ഓഹരി സൂചികയില്‍ 47.80 പോയിന്റിന്റെയും കുറവാണുണ്ടായത്.
റിയാലിറ്റി ഫണ്ടിങ് വിവാദത്തില്‍ പെട്ട് ഈ ആഴ്ച മാത്രം സെന്‍സെക്‌സിനു നഷ്ടമായത് 448 പോയിന്റാണ്. അയര്‍ലണ്ട് കടക്കെണിയുടെ കാര്‍മേഘങ്ങള്‍ നീങ്ങാത്തതുകൊണ്ടു തന്നെ ആഗോളവിപണിയില്‍ നിന്ന് ഇന്നു കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. കൂടാതെ  ട്രേഡിങ് സ്ഥാപനങ്ങള്‍ നടത്തുന്ന ഇടപാടുകളെ കുറിച്ച് സെബി അന്വേഷണമാരംഭിക്കുന്നുവെന്ന വാര്‍ത്തകളും വിപണിയെ നെഗറ്റീവായി ബാധിച്ചു. അതേ സമയം എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് അഴിമതിയെ പര്‍വതീകരിക്കുന്നതിനെതിരേ സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ കൈക്കൂലി കേസിനെ സ്വാധീനിക്കുന്ന വിധത്തില്‍ സംഭവം വലുതാക്കിയതാണ് പ്രശ്‌നം-ഫസ്റ്റ് ഗ്ലോബലിലെ ശങ്കര്‍ ശര്‍മ അഭിപ്രായപ്പെട്ടു.
ഇത്തരം വിവാദങ്ങളെ തുടര്‍ന്ന് വന്‍തോതില്‍ പണമിറക്കിയ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങിയാല്‍ അത് സൂചികകളില്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാലിറ്റി സ്റ്റോക്കുകള്‍ക്ക് ഇന്നും തിരിച്ചടിയേറ്റു. റിയാലിറ്റി ഇന്‍ഡെക്‌സില്‍ 5.68 ശതമാനത്തിന്റെ കുറവാണുണ്ടായത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെറ്റല്‍, പവര്‍, എഫ്.എം.സി.ജി ഓഹരികള്‍ക്കും ഇന്നു നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്.
ഐ.ആര്‍.ബി ഇന്‍ഫ്രസ്ട്രക്ചര്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ഗ്രാസിം ഇന്ത്യ, ഒറിയന്റല്‍ ബാങ്ക്, സ്റ്റീല്‍ അഥോറിറ്റി ഇന്നു നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനികള്‍. ഹിന്ദ് കണ്‍സ്ട്രക്ഷന്‍, അദാനി എന്റര്‍പ്രൈസസ്, ബി.ജി.ആര്‍ എനര്‍ജി, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കു കാര്യമായ തിരിച്ചടിയേറ്റു.

Posted in Uncategorized

സെന്‍സെക്‌സ് 141 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: അവസാനമണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. പതിവുപോലെ റിയാലിറ്റി ഓഹരികള്‍ക്കാണ് ഏറ്റവും നഷ്ടം സംഭവിച്ചത്.സെന്‍സെക്‌സ് 141.69 പോയിന്റ് താഴ്ന്ന് 19318.16ലും നിഫ്റ്റി 66 പോയിന്റ് കുറഞ്ഞ് 5799.75ലുമാണ്  വില്‍പ്പന നിര്‍ത്തിയത്.
എല്‍.ഐ.സി ഹൗസിങ് ലോണ്‍ കുംഭകോണത്തില്‍ ഉള്‍പ്പെട്ട ബാങ്കുകളും സ്ഥാപനങ്ങളും അവരുടെ നിലപാട് വ്യക്തിമാക്കിയതും അമേരിക്ക, യൂറോപ്പ്, ഏഷ്യ വിപണികളിലെ അനുകൂല കാലാവസ്ഥയും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അധികസമയവും പച്ചക്കത്തിച്ചിരുന്നു. കൂടാതെ രാജ്യത്തെ ശക്തമായ ബാങ്കിങ് സംവിധാനം പരിഗണിക്കുമ്പോള്‍ ലോണ്‍ കുംഭകോണം ഒരു ചെറിയ സംഭവം മാത്രമാണെന്ന പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അഹ്‌ലുവാലിയ അഭിപ്രായപ്പെട്ടതും വിപണിക്ക് കരുത്തുപകര്‍ന്നു. കൂടാതെ സി.ബി.ഐ തയ്യാറാക്കിയ കുറ്റപ്പത്രപ്രകാരം തട്ടിപ്പുകള്‍ അധികവും വ്യക്തിപരമാണ്. നിലവിലുള്ള ചട്ടങ്ങള്‍ ലംഘിക്കുന്നതിന് സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്തതായി തെളിവില്ല. വിവാദം പുറത്തുവന്ന ഉടനെ തന്നെ 18 ശതമാനത്തോളം താഴ്ന്ന ഹൗസിങ് ഫിനാന്‍സ് കമ്പനിയുടെ ഓഹരികളില്‍ ഇന്ന് 11 ശതമാനം കൂടി കുറവ് രേഖപ്പെടുത്തി.
കേസുമായി ബന്ധമുണ്ടായിരുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഹരികള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. സെന്‍ട്രല്‍ ബാങ്ക് ഇന്നുമാത്രം 11.45 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. അതേ സമയം ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്കുകള്‍ക്ക് തകര്‍ച്ചയുടെ വേഗത കുറയ്ക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ. ഈ രണ്ടു ഓഹരികളും ഇന്നും നഷ്ടത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്. റിയാലിറ്റി ഓഹരികളില്‍ ഡി ബി റിയാലിറ്റി, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, എച്ച്.ഡി.ഐ.എല്‍, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ ഇന്നും നഷ്ടത്തിലാണ്. പക്ഷേ, നഷ്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്നു സണ്‍ഫാര്‍മയ്ക്കാണ്. നിര്‍മാണ മേഖലയില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും ജി.ടി.എല്‍ ഇന്‍ഫ്രാ 3.11 ശതമാനം നേട്ടത്തോടെ ഇന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്‍ഫോസിസ് ടെക്‌നോ, ഇന്‍ഡസ് ഇന്‍ഡ്ബാങ്ക്,രണ്ടാം പാദ ഫലം അനുകൂലമല്ലാത്തതിനെ തുടര്‍ന്ന് നഷ്ടത്തിലേക്ക് നീങ്ങിയ അപ്പോളോ ടയേഴ്‌സ് തുടങ്ങിയ ഓഹരികള്‍ ഇന്നു സ്ഥിതി മെച്ചപ്പെടുത്തി.
52 ആഴ്ചയിലെ ഏറ്റവും പുതിയ ഉയരത്തിലെത്തിയ പ്രമുഖ കമ്പനികള്‍
യൂനിസിസ് സോഫ്റ്റ്
ഡോ റെഡ്ഡി ലാബ്
ലൂപ്പിന്‍
രമ വിഷന്‍
മോശം പ്രകടനം തുടരുന്ന കമ്പനികള്‍
ആല്‍ഫാ ഗ്രാഫൈറ്റ്
ടെക്‌നോഫാബ് എന്‍ജീനിയറിങ്
വയര്‍ ആന്റ് വയര്‍ലെസ്
റെലിഗെയര്‍ ടെക്‌നോ
ജി ഇ ഇ
വാങ്ങാവുന്ന ചില ഓഹരികള്‍
ജി.എന്‍.എഫ്.സി, കോറമൊണ്ടല്‍ ഇന്റര്‍നാഷണല്‍, കോള്‍ ഇന്ത്യ, ആധുനിക് മെറ്റല്‍, ജയ് ബാലാജി ഇന്‍ഡസ്ട്രീസ്, ഗേറ്റ്‌വേ ഡിസ്ട്രിപാര്‍ക്‌സ്, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, പട്ടേല്‍ എന്‍ജിനീയറിങ്, ടാറ്റാ മോട്ടോര്‍സ്, ഡി.സി ഹോള്‍ഡിങ്, ടുലിപ് ടെലികോം, ജൂബിലന്റ് ലൈഫ്, ഇപ്കാ ലാബ്‌സ്.
Posted in Uncategorized

ലോണ്‍ കുംഭകോണം; നിഫ്റ്റി താഴോട്ട്


മുംബൈ: ഹൗസിങ് ലോണ്‍ കുംഭകോണവുമായി ബന്ധപ്പെട്ട് എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ഓഫിസുകളില്‍ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയ തിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇടിവ്. ബാങ്കിങ്, റിയാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പല പ്രമുഖര്‍ക്കും സാമ്പത്തിക തിരിമറിയില്‍ പങ്കുണ്ടെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരാന്‍ തുടങ്ങിയതോടെ വിപണി താഴേക്ക് പോരുകയായിരുന്നു. ദിവസത്തിന്റെ അധികപങ്കും മുന്നേറ്റം പ്രകടമാക്കിയ വിപണി അവസാന അരമണിക്കൂറിനുള്ളിലാണ് തിരിച്ചുള്ള യാത്ര നടത്തിയത്. എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 18 ശതമാനത്തോളം തകര്‍ന്നു. നിക്ഷേപകര്‍ക്ക് ഒരു ഓഹരിയില്‍ മാത്രം 239.60 രൂപയുടെ നഷ്ടമാണുണ്ടായത്. ഹൗസിങ് ഫിനാന്‍സിന്റെ കലക്ഷന്‍ എക്കൗണ്ട് കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബാങ്കിനെയും വിവാദം പിടിച്ചുലച്ചു. 8.02 ശതമാനം താഴ്ന്ന ബാങ്ക് ഓഹരികള്‍ 197.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ബാങ്കിങ്, റിയാലിറ്റി മേഖലയ്ക്ക് മൂന്നു ശതമാനത്തോളം തകര്‍ച്ചയാണ് സംഭവിച്ചത്. എഫ്.എം.സി.ജി മേഖലയാണ് താരതമ്യേന അല്‍പ്പമെങ്കിലും നേട്ടമുണ്ടാക്കിയത്.
ടിവി.എസ് മോട്ടോര്‍സ്, അപ്പോളോ ടയേഴ്‌സ്, വീഡിയോകോണ്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടോറന്റ് പവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ ഡിബി റിയാലിറ്റി, കനറാബാങ്ക്, ഇന്ത്യ ബുള്‍ ഫിന്‍സര്‍വീസ് ഓഹരികള്‍ വിവാദത്തിന്റെ കാറ്റില്‍ താഴേക്കു പോന്നു. എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് സി.ഇ.ഒ രാമചന്ദ്രന്‍ നായര്‍, എല്‍.ഐ.സി ഇന്‍വെസ്റ്റ് മെന്റ് സെക്രട്ടറി നരേഷ് കെ ചോപ്ര, ബാങ്ക് ഓഫ് ഇന്ത്യ മുംബൈ ജനറല്‍ മാനേജര്‍ ആര്‍.എന്‍.ടയാല്‍, സെന്‍ട്രല്‍ ബാങ്ക് ഡയറക്ടര്‍ മഹീന്ദ്രസിങ് ജോഹര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് ഡി.ജി.എം വെങ്കോബ ഗുജ്ജല്‍, മണി മാറ്റേഴ്‌സിലെ രാജേഷ് ശര്‍മ, സുരേഷ് ഗട്ടാനി, സഞ്ജയ് ശര്‍മ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. നാലു മെട്രോ നഗരങ്ങളിലെ ഹൗസിങ് ഫിനാന്‍സ്, ബാങ്ക ഓഫിസുകളില്‍ സി.ബി.ഐ ഒരേ സമയം നടത്തിയ റെയ്ഡില്‍ നിരവധി തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.

വാങ്ങാവുന്ന ഓഹരികള്‍: ഡി ബി റിയാലിറ്റി, ടാറ്റാ സ്റ്റീല്‍, ഡിഷ് ടിവി, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ബി.ജി.ആര്‍ എനര്‍ജി, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ബജാജ് ഹോള്‍ഡിങ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്, കോള്‍ ഇന്ത്യ, രാഷ്ട്രീയ കെമിക്കല്‍സ്.

Posted in Uncategorized

വൈകാരികം:കൊറിയയില്‍ സംഘര്‍ഷാവസ്ഥ, വിപണി താഴോട്ട്

മുംബൈ: അയര്‍ലന്റിന്റെ കടക്കെണിയും ചൈനയിലെ പലിശനിരക്ക് വര്‍ധനവും പ്രാദേശികമായ അഴിമതി വിവാദങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയെ കൂടുതല്‍ വൈകാരികമാക്കിയിരിക്കുന്നു. ദക്ഷിണകൊറിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ദ്വീപിലേക്ക് ഉത്തരകൊറിയ നടത്തിയ ഷെല്ലാക്രമണവും അതിനു മറുപടിയായി ദക്ഷിണകൊറിയന്‍ സൈന്യത്തിന്റെ പീരങ്കിയാക്രമണവും സെന്‍സെക്‌സിനെ ഒരു സമയത്ത് 600 പോയിന്റോളം താഴേക്കുവലിച്ചുവെന്നതു തന്നെയാണ് ഇതിനു ഏറ്റവും നല്ല ഉദാഹരണം. സാങ്കേതികമായി വിലയിരുത്തുമ്പോള്‍ കൊറിയന്‍ അതിര്‍ത്തിയില്‍ നടന്ന വെടിവപ്പിനോട് ഇന്ത്യന്‍ വിപണി അമിതമായാണ് പ്രതികരിച്ചത്. ക്ലോസ് ചെയ്യുമ്പോള്‍ സെന്‍സെക്‌സ് നഷ്ടം 265.75 പോയിന്റായി കുറച്ചുവെങ്കിലും വിപണിയില്‍ കരടികള്‍ ഏത് നിമിഷവും പിടിമുറുക്കുമെന്നുറപ്പായി. നിഫ്റ്റി 75.25 പോയിന്റ് വീണ്ടും താഴേക്കിറങ്ങിയതിനാല്‍ ചെറുകിട കച്ചവടക്കാര്‍ 5500-5600 എന്ന ലെവലില്‍ പുതിയ ഓഹരികളിലേക്ക് പ്രവേശിക്കുന്നതാണ് നല്ലത്. സെന്‍സെക്‌സ് 19691.84ലും നിഫ്റ്റി 5934.75ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ആഗോളവിപണി മൊത്തത്തില്‍ സമ്മര്‍ദ്ദത്തിലാണ് നീങ്ങുന്നത്. ഇതിന്റെ മുറിവില്‍ ഉപ്പുതേക്കുന്നതുപോലെയായിരുന്നു കൊറിയന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ഏഷ്യന്‍ വിപണികളെ സ്വാധീനിച്ചത്. സൂചികള്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. ഇന്ന് ബി.എസ്.ഇയില്‍ ട്രേഡിങ് നടന്ന 3070 ഓഹരികളില്‍ 2151എണ്ണവും തകര്‍ച്ചയെ നേരിട്ടുവെന്ന കണക്കുമായി ഇതിനെ കൂട്ടിവായിക്കാന്‍.
വിപണിയില്‍ തിരുത്തല്‍ തുടങ്ങിയ ദിവസം മുതല്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുന്നത് റിയാലിറ്റി സ്റ്റോക്കുകള്‍ക്കാണ്. ഇന്നു മാത്രം 3.26 ശതമാനമാണ് കുറഞ്ഞത്. ഇതില്‍ ഡി.ബി റിയാലിറ്റി, എച്ച്.ഡി.ഐ.എല്‍, ഇന്ത്യ ബുള്‍ റിയല്‍ എസ്‌റ്റേറ്റ് എന്നീ ഓഹരികള്‍ അഞ്ചു ശതമാനത്തിലധികം താഴ്ന്നു. യൂനിടെക് ഓഹരികളുടെ മൂല്യത്തില്‍ 4.16 ശതമാനത്തോളം ഇടിവ് സംഭവിച്ചു. ഇനി ബാങ്കിങ് മേഖലയുടെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ ഐ.സി.ഐ.സി.ഐ,എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകളുടെ ഓഹരിക്കുണ്ടായ ക്ഷീണമാണ് സെന്‍സെക്‌സിലെ 80 പോയിന്റോളം നഷ്ടപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പരിഗണിക്കുകയാണെങ്കില്‍ 1.35 ശതമാനത്തിന്റെ നഷ്ടമാണ് സംഭവിച്ചത്. ഏഷ്യന്‍ വിപണികള്‍ നോക്കുകയാണെങ്കില്‍ ഹാങ് സെങ് 627.88 പോയിന്റും ഷാങ്ഗായി 56.09 പോയിന്റും സ്‌ട്രെയ്റ്റ്‌സ് ടൈംസ് 64.62 പോയിന്റും താഴ്ന്നു. അതേ സമയം കൊറിയന്‍ പ്രതിസന്ധിയൊന്നും ജപ്പാനിലെ നിക്കിയെ ബാധിച്ചില്ല. 92.80 പോയിന്റോടെ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
യൂറിയയുടെ വിലനിയന്ത്രണം പിന്‍വലിക്കില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച തകര്‍ച്ച നേരിട്ട രാഷ്ട്രീയ കെമിക്കല്‍സ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് കമ്പനികള്‍ ഇന്നു നഷ്ടം നികത്തി. എംഫസിസ് ലിമിറ്റഡ്, ജെയിന്‍ ഇറിഗേഷന്‍, ഡിഷ് ടി വി ഓഹരികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നു.
കൊറിയ സംഘര്‍വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ അത് കറന്‍സി വിപണിയില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. അമേരിക്കന്‍ ട്രഷറി ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നപ്പോള്‍ ജപ്പാന്‍ യെന്നിന് തിരിച്ചടിയേറ്റു. കൊറിയന്‍ സംഘര്‍ഷം രൂക്ഷമാവുകയാണെങ്കില്‍ അത് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ വൈകാരിക പ്രതിഫലനമുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അതേ സമയം സംഘര്‍ഷത്തിന് അന്താരാഷ്ട്രമാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കിയതാണ് ഇതിനു കാരണമെന്ന് സി.എന്‍.ബി.സി പ്രതിനിധി കുറ്റപ്പെടുത്തുന്നു. ഇതിനു മുമ്പും ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ആഗോളസമൂഹം കാര്യമായി ശ്രദ്ധിക്കാതെ കടന്നുപോവുകയായിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തയുടെ തീവ്രത കൂട്ടുന്ന സാമ്പത്തികഅന്തരീക്ഷമാണുള്ളതാണ് പ്രശ്‌നം. വിപണിയെ സ്വാധീനിക്കാവുന്ന പലപ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണിത്. ഇന്ത്യന്‍ വിപണിയില്‍ അമിതാഭിനയമാണ് നടന്നത്-അദ്ദേഹം പറഞ്ഞു.
നാളെ വാങ്ങാവുന്ന ഓഹരികള്‍: ആംടെക്, ടാറ്റാ സ്റ്റീല്‍, ഫോര്‍ട്ടിസ്, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ, ജെയിന്‍ ഇറിഗേഷന്‍, ഭാരതി ഷിപ്‌യാര്‍ഡ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്.
ഫൂട്ട്‌നോട്ട്: വിചിത്രമായ ഒരു ഓഹരിയെ കുറിച്ച് പറയട്ടെ. 15 ദിവസം കൊണ്ട് മൂല്യത്തില്‍ 33 ശതമാനം തകര്‍ച്ച, പോളിസ്റ്റര്‍ ഫിലിം ഉല്‍പ്പാദകരായ ഗാര്‍വെര്‍ പോളിസ്റ്ററാണ് നായകന്‍. നവംബര്‍ 11ലെ കണക്കുനോക്കുകയാണെങ്കില്‍ 266 രൂപയോളം വിലയുണ്ടായിരുന്ന ഈ ഓഹരി ഇപ്പോള്‍ 178.25ലാണ് നില്‍ക്കുന്നത്. മറ്റൊരു പ്രത്യേകത, ഒരു ദിവസം തന്നെ 17 രൂപയോളം താഴേക്കും മുകളിലേക്കും പോയിയെന്നാണ്.

Posted in Uncategorized

നിഫ്റ്റി 6000ല്‍ തിരിച്ചെത്തി

മുംബൈ: കഴിഞ്ഞ വാരത്തിലെ വീഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് മികച്ചൊരു തിരിച്ചുവരവ് നടത്തി. അനുകൂലമല്ലെങ്കിലും പ്രശ്‌നങ്ങളില്ലാത്ത ആഗോളവിപണി, കടക്കെണിയില്‍ കുടുങ്ങിയ അയര്‍ലന്റിനുള്ള സാമ്പത്തികപാക്കേജുകള്‍, ഈ മാസത്തെ ഫ്യൂച്ചര്‍ വ്യാപാരത്തിന്റെ അവസാനവാരം തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ന്നാണ് വിപണിയില്‍ പച്ചക്കത്തിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 372.15 പോയിന്റുയര്‍ന്ന് 19957.59ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 119.70 വര്‍ധിച്ച് 6010ലും വില്‍പ്പ അവസാനിപ്പിച്ചു. അതേ സമയം നിഫ്റ്റിയുടെ 50 ദിവസത്തെ ശരാശരി വിലയിരുത്തുമ്പോള്‍ തിരുത്തല്‍ പൂര്‍ണമായിട്ടില്ലെന്നും നിക്ഷേപകര്‍ കരുതലോടെ നീങ്ങണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ട് വരവ് കുറഞ്ഞിരിക്കുന്നതും രൂപയുടെ മൂല്യത്തില്‍ വരുന്ന കുറവും ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്നു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ബാങ്ക് ഓഹരികള്‍ 2.6 മുതല്‍ 2.9 ശതമാനം വരെ വര്‍ധനവ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിയാലിറ്റി, ഓയില്‍, എഫ്.എം.സി.ജി, ഓട്ടോമോബൈല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികള്‍ മുന്നോട്ടുനീങ്ങിയെങ്കിലും എടുത്തുപറയാവുന്ന നേട്ടങ്ങള്‍ കുറവാണ്. യൂറിയയുടെ വില നിയന്ത്രണം എടുത്തുമാറ്റണമെന്ന നിര്‍ദ്ദേശം കേന്ദ്രം തള്ളിക്കളഞ്ഞത് ഫെര്‍ട്ടിലൈസിങ് കമ്പനികള്‍ക്ക് തിരിച്ചടിയായി. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന അയര്‍ലന്റ് ഔദ്യോഗികമായി തന്നെ സാമ്പത്തിക സഹായ പാക്കേജ് ആവശ്യപ്പെട്ടതോടുകൂടി യൂറോപ്യന്‍മാര്‍ക്കറ്റിലെ പ്രതിസന്ധി ഒരു പരിധിവരെ തീര്‍ന്നു. യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും അയര്‍ലന്റിനായി പ്രത്യേക പാക്കേജുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ ആറുബാങ്കുകളില്‍ മൂന്നെണ്ണത്തിന് സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചിരുന്നു.
ഏഷ്യന്‍ വിപണികള്‍ പൊതുവെ സമ്മിശ്രപ്രതികരമാണ് കാണിച്ചത്. ജപ്പാനിലെ നിക്കി 0.93 ശതമാനവും തെക്കന്‍ കൊറിയയിലെ കോസ്പി 00.17 ശതമാനവും വര്‍ധിച്ചപ്പോള്‍ ഹോങ്കോങ് ഹാങ്‌സെങ് വിപണി 0.36 പോയിന്റ് ഇടിഞ്ഞു. അമേരിക്കന്‍ വിപണി വെള്ളിയാഴ്ച ക്ലോസ് ചെയ്തത് ചെറിയ നേട്ടത്തോടെയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യൂറോപ്പിലെ ഒട്ടുമിക്ക വിപണികളും നേട്ടത്തിലാണ്.
ജയ് കോര്‍പ്പറേഷന്‍, യൂകോ ബാങ്ക്, ഹാവെല്‍സ്, ഇന്ത്യാബുള്‍സ് ഫിന്‍സര്‍വീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്കുകളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. പാക്കേജിങ് മേഖലയിലെ പ്രമുഖ കമ്പനിയായ ജയ് കോര്‍പ്പറേഷന്‍ ഒറ്റ ദിവസം കൊണ്ട് 16.11 ശതമാനം വര്‍ധനയോടെ 262.30ലാണ് മികച്ച മുന്നേറ്റം നടത്തി. ഡി ബി റിയാലിറ്റി, രാഷ്ട്രീയ കെമിക്കല്‍സ്, കോറമണ്ടല്‍ ഇന്റര്‍നാഷനല്‍, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ഐഡിയ സെല്ലുലാര്‍ കമ്പനികളാണ് ഇന്നു തകര്‍ച്ചയെ നേരിട്ട പ്രമുഖ കമ്പനികള്‍.
വാങ്ങാവുന്ന ഓഹരികള്‍:
ഡി.എല്‍.എഫ്, ശ്രീ രേണുകാ ഷുഗേഴ്‌സ്, പ്രിസം സിമന്റ്, എക്ലെര്‍ക്‌സ് സര്‍വീസ്, പാറ്റ്‌നി കംപ്യൂട്ടേഴ്‌സ്, എം.ടി.എന്‍.എല്‍, എസ് കുമാര്‍, മണപ്പുറം, ബാറ്റാ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ഐ.എസ്.എം.ടി

Posted in Uncategorized

വിപണി തിരുത്തലിന്റെ വഴിയേ…

മുംബൈ: നിര്‍ണായകമായ സപ്പോര്‍ട്ടിങ് പോയിന്റുകള്‍ തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് തിരുത്തലിന്റെ വഴിയിലേക്ക് തിരിഞ്ഞു. സെന്‍സെക്‌സ് 345.20 താഴ്ന്ന് 19585.44ലും നിഫ്റ്റി 108.50 കുറഞ്ഞ് 5890.30ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സിലെ രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന പോയിന്റാണിത്.
അമേരിക്ക, യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ തലേ ദിവസം നേട്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നു ആവേശം ഉള്‍കൊണ്ട് ഇന്ത്യന്‍ വിപണിയിലും ലാഭത്തിലാണ് വില്‍പ്പനതുടങ്ങിയത്. എന്നാല്‍ ഈ മുന്നേറ്റം കുറച്ചുനേരം മാത്രമാണ് നീണ്ടുനിന്നത്. നിക്ഷേപകര്‍ ഏറെ പേടിയോടെയാണ് ഇന്നു വിപണിയെ സമീപിച്ചത്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമായ സ്ഥിതിക്ക് ചൈന പലിശനിരക്കില്‍ വര്‍ധനവ് വരുത്താനുള്ള സാധ്യതയും 2ജി സ്‌പെക്ട്രം അഴിമതി ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കിയ അനിശ്ചിതത്വവുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തത്. ആഴ്ചയിലെ അവസാനദിവസമായതും യൂറോപ്യന്‍ യൂനിയന്റെയും ഐ.എം.എഫിന്റെയും സാമ്പത്തികപാക്കേജിനോടുള്ള അയര്‍ലന്റിന്റെ നിലപാടില്‍ അവ്യക്തത തുടരുന്നതും ചെറിയ ചെറിയ കാരണങ്ങളായി പരിഗണിക്കാം.
രാവിലത്തെ നഷ്ടത്തിന് ഉച്ചയോടുകൂടി വിപണി ഒരു പരിധി വരെ പരിഹാരം കണ്ടെങ്കിലും അവസാന ഒരു മണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ വിപണി താഴേക്ക് കൂപ്പുകുത്തുകയായിരുന്നു.
വിപണിയില്‍ എന്നൊക്കെ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായാലും അത് റിയാലിറ്റി സ്റ്റോക്കുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇന്നും ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് റിയാലിറ്റി മേഖലയ്ക്കാണ്. 3.84 ശതമാനത്തോളമാണ് ഇന്ന് ഇടിവു സംഭവിച്ചത്. മെറ്റല്‍, കണ്‍സ്യൂമര്‍, പവര്‍, ബാങ്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഓട്ടോ, ഹെല്‍ത്ത്‌കെയര്‍ മേഖലയെയും ഇന്നത്തെ തകര്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. അതേ സമയം എഫ്.എം.സി.ജി, കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ ചെറിയ നേട്ടം പ്രകടമായിരുന്നു.
മൊബൈല്‍ ലൈസന്‍സ് റദ്ദാക്കാനുള്ള ട്രായിയുടെ ശുപാര്‍ശ വീഡിയോ കോണ്‍ ഓഹരികള്‍ക്ക് ഇന്ന് കനത്ത തിരിച്ചടി നല്‍കി. ഇന്ത്യ ബുള്‍ ഫിന്‍സര്‍വീസ്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഷിപ്പിങ് കോര്‍പ്പറേഷന്‍, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്കാണ് ഏറ്റവും നഷ്ടം സംഭവിച്ചത്.
നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ എഡ്യുകോംപ് സൊലൂഷന്‍സ്, ഐഡിയ സെല്ലുലാര്‍, ഗ്ലെന്മാര്‍ക്ക്, ശ്രീ സിമന്റ്, റൂറല്‍ ഇലക്ട്രോണിക്‌സ് ഓഹരികളാണ് മുന്നിലെത്തിയത്.
2ജി സ്‌പെക്ട്രം അഴിമതി, മൈക്രോഫിനാന്‍സ് വിവാദം എന്നിവയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. ടെലികോം, ബാങ്കിങ് മേഖലയിലാണ് വില്‍പ്പന കൂടുതല്‍ പ്രകടമായത്. യൂറോപ്യന്‍ വിപണി നഷ്ടത്തോടെ ഓപണ്‍ ചെയ്തതും വിറ്റൊഴിക്കലിന്റെ വേഗത കൂട്ടി-ജിയോജിത് പാരിബാസ് റിസര്‍ച്ച് ഹെഡ് അലെക്‌സ് മാത്യു പറഞ്ഞു.
നിഫ്റ്റിയുടെ അടുത്ത സപ്പോര്‍ട്ടിങ് ലെവലായി പരിഗണിക്കുന്നത് 5840 ആണ്. ഇതും ഭേദിക്കുകയാണെങ്കില്‍ 5775ല്‍ നോക്കിയാല്‍ മതി-ബി.എസ്.പി.എല്ലിന്റെ വിജയ് അഭിപ്രായപ്പെട്ടു.

Posted in Uncategorized

ടൈക്കൂണുകള്‍ വരുന്നു കരുതിയിരിക്കുക


ഷെയറില്‍ പണം മുടക്കൂ..വര്‍ഷത്തിനുള്ളില്‍ കോടീശ്വരനാകൂ… ഇത്തരത്തില്‍ മോഹനവാഗ്ദാനങ്ങളുമായി ഇതിനകം പലരും നിങ്ങളെ സമീപിച്ചിട്ടുണ്ടാവും. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങിന് വേണ്ടത്ര തിളങ്ങാന്‍ കഴിയാത്ത ഇന്ത്യന്‍ വിപണിയില്‍ പുത്തന്‍പരീക്ഷണങ്ങളുമായി പല കമ്പനികളും രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ ഇവര്‍ പറയുന്ന ഷെയറിന് ഇന്ത്യന്‍ ഓഹരി വിപണിയുമായി പുലബന്ധം പോലും ഉണ്ടാവില്ല. കാരണം വിപണിയില്‍ ട്രേഡിങ് നടത്താന്‍ കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. നിങ്ങളില്‍ നിന്ന് പണം വാങ്ങി ട്രേഡിങ് നടത്താന്‍ സെബിയുടെ പോര്‍ട്ട് ഫോളിയോമാനേജ്‌മെന്റ് ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ പറ്റൂ..ഇതിനു മിനിമം അഞ്ചു ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കണം. ആട്, മാഞ്ചിയം,തേക്കിലൂടെ ലക്ഷങ്ങള്‍ പോയ മലയാളി പല കമ്പനികളുടെ പേരിലും ഇപ്പോള്‍ സ്വപ്‌നം കാണുകയാണ്..
പിന്നെ, ഇക്കൂട്ടരുടെ ഷെയറെന്തായിരിക്കും? തമിഴ്‌നാട്ടില്‍ സ്ഥലം വാങ്ങി വില്‍ക്കുന്ന ബിസിനസ്സാണ് ഞങ്ങള്‍ നടത്തുന്നത്? അല്ലെങ്കില്‍ ദുബൈയിലെ വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. നിങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ പണം മുടക്കുകയാണെങ്കില്‍ ഭീമമായ ലാഭം നിങ്ങളെ കാത്തിരിക്കുന്നു? അല്ലെങ്കില്‍ ഞങ്ങളുടെ കമ്പനിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആജിവനാന്തം പ്രതിമാസം രണ്ടു ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കും….ഇത്തരം മോഹനവാഗ്ദാനങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് സ്വപ്‌നം കണ്ടു പോവും. ഒരിക്കല്‍ അക്കിടി പറ്റിയവര്‍ തന്നെയായിരിക്കും ഇത്തരത്തിലുള്ള നെറ്റ്‌വര്‍ക്ക്, ഷെയര്‍ വിപണിക്ക് വീണ്ടും ഇരകളാവുന്നത്. കഷ്ടപ്പാടോ,എളുപ്പത്തില്‍ പണക്കാരനാവാനോ,,അത്യാര്‍ത്തിയോ കൊണ്ട് പലരും ഇത്തരത്തില്‍ പെട്ടുപോവാറുണ്ട്…ഞങ്ങള്‍ ലോട്ടറിയിലാണ് നിക്ഷേപിക്കുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയ കമ്പനി പലര്‍ക്കും പണം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. അവര്‍ ഇപ്പോള്‍ പുതിയ രൂപത്തില്‍ വന്നപ്പോള്‍ അതിന്റെ പരസ്യം കൊടുക്കാന്‍ മാധ്യമങ്ങള്‍ മല്‍സരിക്കുകയാണ്..ഇത്തരത്തിലുള്ള പ്രലോഭനങ്ങള്‍ ചുറ്റുപ്പാടില്‍ നിന്നുമുണ്ടാവും.
നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇതൊക്കെയാണ്.
1 കൈയില്‍ എത്രപണമുണ്ട്?(ഒരിക്കലും കടം വാങ്ങി എവിടെയും നിക്ഷേപിക്കരുത്)
2 എത്ര ലാഭം കിട്ടുമെന്നാണ് പറയുന്നത്?(നിങ്ങള്‍ പണം നിക്ഷേപിച്ച് അത് പെറ്റുപെരുകുമെന്ന് പറയുന്ന ശതമാനം 15നു മുകളിലാണെങ്കില്‍, നിങ്ങള്‍ക്ക് പ്രത്യേകിച്ച് യാതൊരു ശാരീരിക അധ്വാനവുമില്ലെങ്കില്‍, എനിക്ക് ആ ലാഭം വേണ്ട, ഞാന്‍ നിക്ഷേപിക്കുന്നില്ല. എന്നു തീരുമാനിക്കുന്നതാണ് ബുദ്ധി)
3 നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങാണെങ്കില്‍ നല്ല ചങ്ങാത്തവും നല്ല കുടുംബബന്ധവും കാത്തുസൂക്ഷിക്കാന്‍…ഞാനില്ല പൊന്നേ, എന്നേ വിട്ടേക്കൂ…എന്നു പറയുന്നവര്‍ക്ക് മനസ്സമാധാനം ഉണ്ടാവും.
4 നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനി പ്രതിനിധികള്‍ കൊണ്ടു വരുന്ന ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. അവര്‍ ഏത് കമ്പനിയാണ് ഓഫര്‍ ചെയ്യുന്നതെങ്കില്‍ ആ കമ്പനിയുമായി നേരിട്ട് ബന്ധപ്പെടുക. ഇവര്‍ പറയുന്ന കാര്യങ്ങളെല്ലാം ആ പോളിസിയിലുണ്ടെങ്കില്‍ അവിടെ ചേരുക. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിലൂടെ വിതരണം ചെയ്യുമ്പോള്‍ വിതരണം ചെയ്യുന്ന കമ്പനി പരമാവധി തുക ആദ്യമേ കട്ട് ചെയ്യുന്ന രീതിയിലായിരിക്കും പോളിസി ഓപ്പറേറ്റ് ചെയ്യുക.. ഇതോടെ ഫണ്ട് അലോക്കേഷന്‍ കുറയും. തീര്‍ച്ചയായും ലാഭവും കുറയും. കൂടാതെ ഐ.ആര്‍.ഡി.എ ലൈസന്‍സുള്ളവര്‍ക്ക്ു മാത്രമാണ് ഇന്‍ഷുറന്‍സ് ഏജന്റാവാന്‍ പറ്റൂ..ഇവര്‍ നിയമവിരുദ്ധമായാണ് ഉല്‍പ്പനം വിപണിയിലെത്തിക്കുന്നത്.
5, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത വന്‍കിട കമ്പനികളുടെ ഷെയര്‍ നല്‍കാമെന്നു പറഞ്ഞു തട്ടിപ്പുസംഘങ്ങള്‍ സജീവമാണ്. ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക.

6 സ്റ്റോക്ക് മാര്‍ക്കറ്റ് സ്ഥാപനങ്ങളില്‍ പണം കൊടുക്കുമ്പോള്‍ അത് കമ്പനിയുടെ പേരില്‍ ക്രോസ് ചെയ്തു നല്‍കണം. ഒരിക്കലും ബ്രാഞ്ചിനോ..ബ്രാഞ്ചിലെ നടത്തിപ്പുക്കാരനോ നല്‍കരുത്. നിങ്ങളുടെ എക്കൗണ്ടിലൂടെ അല്ലാതെ ട്രേഡിങ് നടത്താമെന്ന് ഏത് വാഗ്ദാനവും സ്‌നേഹപൂര്‍വം നിരസിക്കുക. പോര്‍ട്ട്‌ഫോളിയോ ചെയ്യാമെന്നു പറഞ്ഞാല്‍ ..ആ സ്ഥാപനത്തിന് അത് ചെയ്യാന്‍ ലൈസന്‍സ് ഉണ്ടോയെന്ന് അന്വേഷിക്കുക. ഉണ്ടെങ്കില്‍ നിങ്ങള്‍ നിക്ഷേപിക്കേണ്ട തുക അഞ്ചു ലക്ഷം രൂപയാണ്. അതില്‍ കുറഞ്ഞ തുകയാണ് ആവശ്യപ്പെട്ടതെങ്കില്‍ ശ്രദ്ധിക്കുക. രണ്ടു വട്ടം ആലോചിക്കുക.
ആദ്യകാലത്തെ നെറ്റ്‌വര്‍ക്കിങ് മാര്‍ക്കറ്റ് രീതി പ്രകാരം മൂന്നോ നാലോ കണ്ണികളിലേക്ക് ആളെ കിട്ടിയാല്‍ മാത്രമേ പുതുതായി ചേര്‍ന്ന ആള്‍ക്ക് പണം തിരിച്ചുകിട്ടുകയുള്ളൂ. ഇന്ന് കാലം മാറി…ചേരുമ്പോള്‍ മുടക്കുന്ന തുകയ്ക്ക് തുല്യമായ സാധനം കൈമാറുകയാണ് ഇപ്പോഴത്തെ രീതി.
അതെങ്ങനെയാണെന്ന് നിങ്ങള്‍ അദ്ഭുതപ്പെടുന്നുണ്ടാവും. അവിടെയാണ് ചൈനീസ് വിപണി അനുഗ്രഹമാവുന്നത്. ഉദാഹരണത്തിന് 2000 നല്‍കി നിങ്ങള്‍ ഒരു കമ്പനിയില്‍ അംഗമായാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് വിപണിയില്‍ 2500 രൂപ വിലയുള്ള മൊബൈലോ തെര്‍മല്‍ കുക്കറോ ലഭിക്കും..പിന്നെന്താ നഷ്ടം എന്നു ചിന്തിക്കും.. ലാഭം തന്നെയാണ്. പക്ഷേ,,,കമ്പനിയുടെ ലാഭത്തെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ചൈനയില്‍ 750രൂപയ്ക്ക് ബള്‍ക്കായി എടുക്കുന്ന മൊബൈലും തെര്‍മല്‍ കുക്കറുമാണ് ഇത്തരത്തില്‍ വിറ്റൊഴിവാക്കുന്നത്. നിങ്ങള്‍ ഓരോ കസ്റ്റമറെ കൊണ്ടു കൊടുക്കുമ്പോഴും കമ്പനി ആയിരങ്ങളാണ് ലാഭമുണ്ടാക്കുന്നത്. ഇതിലുള്ള ട്രാപ്പ് ഇതും ഒരു നെറ്റ്‌വര്‍ക്കിങ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം ഗ്യാരണ്ടിയുണ്ടെന്നെല്ലാം പറയും. ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി പൂട്ടിയിരിക്കും..അല്ലെങ്കില്‍ ചേര്‍ന്ന ആള്‍ മാര്‍ക്കറ്റിങ് നിര്‍ത്തിയിരിക്കും. 90 ശതമാനം നെറ്റ്‌വര്‍ക്കിങ് മാര്‍ക്കറ്റ് കമ്പനികളുടെയും ആയുസ് മൂന്നു വര്‍ഷമാണെന്ന കണക്കും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

Posted in Uncategorized

ആടിയുലഞ്ഞ വിപണി ഒടുവില്‍ ലാഭത്തില്‍, ബാങ്കിങ് മേഖല ഇടിഞ്ഞു

മുംബൈ: ലാഭത്തിനും നഷ്ടത്തിനുമിടയില്‍ കരണം മറിഞ്ഞു കളിച്ച ഇന്ത്യന്‍ ഓഹരി വിപണി ഒടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 65.50 ഉയര്‍ന്ന് 19930.64ലും നിഫ്റ്റി 10.10 പോയിന്റ് വര്‍ധിച്ച് 5998.80ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. മെറ്റല്‍, ഓട്ടോ സ്‌റ്റോക്കുകള്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബാങ്കിങ്,ടെലികോം മേഖല കനത്ത തിരിച്ചടിയാണ് നേരിട്ടത്.
പണം വഴിവിട്ടുചെലവാക്കുന്നുവെന്ന പരാതിവ്യാപകമായതിനെ തുടര്‍ന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പണം കടം കൊടുക്കേണ്ടന്ന ബാങ്കുകളുടെ നിലപാട് എസ്.കെ.എസ് മൈക്രോഫിനാന്‍സിനെയാണ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഇന്നു മാത്രം ഏകദേശം 20 പോയിന്റിന്റെ ഇടിവാണ് ഈ ഓഹരിക്കുണ്ടായത്. 2 ജി സ്‌പെക്ട്രം അനുവദിക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടുണ്ടായതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ട് ചെയ്തതാണ് ടെലികോം മേഖലയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. അതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജിവയ്ക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിപണി താഴേക്ക് പതിക്കാന്‍ തുടങ്ങി. 19615.51 വരെ താഴ്ന്ന വിപണി തിരിച്ചുകയറുകയായിരുന്നു. ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി ഫയല്‍ ചെയ്ത കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജക്കെതിരേ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ പ്രധാമമന്ത്രി മന്‍മോഹന്‍സിങിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടതായിരുന്നു കിംവദന്തി പരക്കാന്‍ കാരണമായത്. അഴിമതി നടന്നുവെന്ന് വ്യക്തമായിട്ടും കഴിഞ്ഞ 11 മാസം കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതിന് ശനിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും രാജ്യത്തെ പരമോന്നത കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പുറത്തുവന്ന ഉടന്‍ തന്നെ റിലയന്‍സ് കമ്യൂണിക്കേഷന്‍, യൂനിടെക്, റിലയന്‍സ് കാപിറ്റല്‍ അടക്കമുള്ള ഓഹരികളുടെ വില താഴേക്കു വരാന്‍ തുടങ്ങിയിരുന്നു.
സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരി ഹീറോ ഹോണ്ട മോട്ടോഴ്‌സാണ്. 99.10 രൂപ വര്‍ധിച്ച് 1912.85ലാണ് ഹോണ്ട ഓഹരികള്‍ അവസാനം വിറ്റത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഭൂഷണ്‍ സ്റ്റീല്‍, ജെറ്റ് എയര്‍വെയ്‌സ്, സിപ്ല, ടി.വി.എസ് മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍ കമ്പനികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു. എസ്.കെ.എസ്, റിലയന്‍സ് ഓഹരികളെ കൂടാതെ ഡി ബി റിയാലിറ്റി, യൂനിടെക് കമ്പനികളും നഷ്ടക്കാരുടെ പട്ടികയുടെ മുന്‍പന്തിയില്‍ സ്ഥാനംപിടിച്ചു. ബാങ്കിങ്, റിയാലിറ്റി.ടെലികോം മേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റൊഴിക്കല്‍ നടന്നത്.
ആഗോളവിപണി പരിശോധിക്കുകയാണെങ്കില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നു വേണം വിശ്വസിക്കാന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിലായ അയര്‍ലന്റിനായി പ്രത്യേക ആശ്വാസപാക്കേജ് നല്‍കാന്‍ യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും തീരുമാനിച്ചിട്ടുണ്ട്. ഏഷ്യയിലെ ഒട്ടുമിക്ക വിപണികളും മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
വിദഗ്ധര്‍ക്ക് ഇന്ത്യന്‍ വിപണിയുടെ കാര്യത്തില്‍ ഇപ്പോഴും ശുഭപ്രതീക്ഷയാണുള്ളത്. ഇത് സ്വാഭാവികമായ തിരുത്തലാണ്. താഴേക്കുള്ള യാത്രയില്‍ 5500-5700 ലെവല്‍ അത്ര എളുപ്പത്തില്‍ തകര്‍ക്കാനാവില്ല, വിപണി 2011ല്‍ പുതിയ ഉയരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല-അമാന്‍സാ കാപ്പിറ്റലിന്റെ ആകാശ് പ്രകാശ് പറഞ്ഞു.
അതേ സമയം വിപണി 5950നെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് അത്ര നല്ലതിനല്ലെന്നാണ് എയ്ഞ്ചല്‍ ബ്രോക്കിങിലെ ലളിത് തക്കറിന്റെ അഭിപ്രായം.  5-8 ശതമാനം വരെ തിരുത്തല്‍ വരുന്നതില്‍ അദ്ഭുതപ്പെടേണ്ട കാര്യമില്ല. ഇത് സ്വാഭാവികമാണ് അദ്ദേഹം വ്യക്തമാക്കി. അതിനിടെ സപ്തംബര്‍ മാസത്തില്‍ ഇന്ത്യയിലേക്കൊഴുകിയ വിദേശപണത്തിന്റെ കണക്കുകള്‍ പുറത്തുവന്നു.2.1 ബില്യണ്‍ ഡോളറാണ് ഒരൊറ്റ മാസം കൊണ്ട് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 40 ശതമാനം കൂടുതലാണിത്. പക്ഷേ, ഇന്നത്തെ വിറ്റൊഴിവാക്കലിന് മുന്നിട്ടിറങ്ങിയതും ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് തന്നെയാണ്. 452.71 കോടിയുടെ ഓഹരികള്‍ എഫ്.ഐ.ഐ സ്ഥാപനങ്ങള്‍ വിറ്റൊഴിച്ചു. ഇക്വിറ്റി ബ്രോക്കിങ് സ്ഥാപനമായ ഇനാമിനെ സ്വന്തമാക്കാനുള്ള ആക്‌സിസ് ബാങ്കിന്റെ ശ്രമം ഓഹരികളെ പ്രതികൂലമായാണ് ബാധിച്ചത്. ഇന്ന് 2.72 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
വാങ്ങാവുന്ന ഓഹരികള്‍: ലാന്‍കോ ഇന്‍ഫ്രാ, ജെ.ബി.എഫ്, കുമ്മിന്‍സ്, ആക്‌സിസ്,സ്‌പൈസ് ജെറ്റി, സെസാ ഗോവ,അലോക് ഇന്‍ഡസ്ട്രീസ്, ഭാരത് പെട്രോളിയം, ത്രിവേണി എന്‍ജിനീയറിങ്.
Posted in Uncategorized