മുംബൈ: കടുത്ത വില്‍പ്പനസമ്മര്‍ദ്ദത്തില്‍ ഓഹരി വിപണി താഴേക്ക് പതിക്കുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 164.73 പോയിന്റ് നഷ്ടത്തില്‍ 17847.24ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 45.90 കുറഞ്ഞ് 5348.95ലും ക്ലോസ് ചെയ്തു. ഒട്ടുമിക്ക മേഖലകളും ഇന്നു നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഐ.ടി, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി, കാപ്പിറ്റല്‍ ഗുഡ്സ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത്.
പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനു ഇന്നു മോശം ദിവസമായിരുന്നു. 90ഓളം പോയിന്റ് താഴ്ന്ന ഓഹരി 50.05 നഷ്ടത്തില്‍ 2795ലാണ് ക്ലോസ് ചെയ്തത്. ബി-1 ബിസിനസ് വിസ ഉപയോഗിച്ചതിനെ കുറിച്ച് അമേരിക്കന്‍ കോടതി കമ്പനിയോട് വിശദീകരണമാവശ്യപ്പെട്ട റിപ്പോര്‍ട്ടാണ് തിരിച്ചടിയായത്. ടി.സി.എസ്, വിപ്രോ എന്നീ കമ്പനികളും ഇതിന്റെ ചുവടുപിടിച്ച് താഴോട്ടുപോന്നു.
റിയാലിറ്റി കമ്പനിയായ ഡി.എല്‍.എഫിന്റെ നാലാംപാദ ലാഭത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായത് കമ്പനി ഓഹരി മൂല്യത്തില്‍ 4ശതമാനത്തിന്റെ ക്ഷീണമുണ്ടാക്കി. 218.95ല്‍ ട്രേഡിങ് ആരംഭിച്ച ഓഹരി 8.85 നഷ്ടത്തില്‍ വില്‍പ്പന അവസാനിപ്പിച്ചു.
അതേ സമയം ഡി ബി റിയാലിറ്റി, എംഫസിസ്, എച്ച്.എം.ടി, എന്‍.എം.ഡി.സി, ഭാരത് ഫോര്‍ജ് എന്നീ കമ്പനികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി നേട്ടമുണ്ടാക്കി കൊണ്ടിരുന്ന ശ്രീരാം ട്രാന്‍സ് ഫിനാന്‍സിനാണ് ശതമാനക്കണക്കില്‍ ഇന്നേറ്റവും നഷ്ടം സംഭവിച്ചത്. 49.50 രൂപയോളം താഴ്ന്ന് 698ലാണ് വില്‍പ്പന അവസാനിപ്പിച്ചത്. പാട്നി കംപ്യൂട്ടേഴ്സ് സിസ്, ടാറ്റ ഗ്ലോബല്‍ ബിവറേജ്, അരബിന്ദോ ഫാര്‍മ തുടങ്ങിയ കമ്പനികളും നഷ്ടപ്പെട്ടവരുടെ പട്ടികയിലെ മുന്‍നിരയില്‍ ഇടംപിടിച്ചു.
വിപണിയുടെ ഇപ്പോഴത്തെ നീക്കം വിലയിരുത്തുമ്പോള്‍ അടുത്ത രണ്ടു മൂന്നു മാസത്തിനുള്ളില്‍ 5 മുതല്‍ 10 ശതമാനം വരെ തിരുത്തലിനുള്ള സാധ്യതയാണുള്ളത്. 5340നും താഴെ വിപണി നീങ്ങുകയാണെങ്കില്‍ അടുത്ത ഏറ്റവും മികച്ച സപ്പോര്‍ട്ട് 5200ലാണുള്ളത്. യൂറോപ്പ്, അമേരിക്ക വിപണികളില്‍ നിന്നും പ്രതീക്ഷാനിര്‍ഭരമായ ഒരു വാര്‍ത്തയും ഇന്ത്യയ്ക്കു ലഭിക്കുന്നില്ല. ഇതുകൂടാതെ പണപ്പെരുപ്പം, ഇന്ധനവില വര്‍ധനവ് എന്നീ പ്രശ്നങ്ങളും കൂടി ചേരുന്നതോടെ തകര്‍ച്ചയുടെ വേഗം വര്‍ധിക്കുകയാണ്. മെയ് മാസം ഫ്യൂച്ചര്‍, ഓപ്ഷന് വ്യാപാരത്തിന്റെ അവസാനദിവസമായ നാളെ(വ്യാഴം)വിപണിയില്‍ നേരിയ മുന്നേറ്റമെങ്കിലുമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.