വിപണി ഒന്നു ശ്വാസം വിട്ടു


മുംബൈ: പത്തുദിവസത്തെ തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വിദേശനിക്ഷേപത്തിന്റെ കരുത്തില്‍ അതിവേഗം മുന്നേറുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭം കൊയ്‌തെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമത്തിന്റെ സമ്മര്‍ദ്ദമാണ് ഇന്നത്തെ തിരിച്ചടി. നിര്‍മാണ, ഐടി മേഖലയില്‍ ചെറിയ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ബാങ്കിങ്, ഫിനാന്‍സ് മേഖലകള്‍ ഇന്നും കരുത്തുകാട്ടി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 59.83 പോയിന്റ് നഷ്ടത്തില്‍ 19941.72ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.05 പോയിന്റ് കുറഞ്ഞ് 5991.00ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഒരു സമയത്ത് 19804.02 വരെ താഴ്ന്ന വിപണി ക്ലോസിങിലെത്തുമ്പോഴേക്കും നഷ്ടം കുറയ്ക്കുകയായിരുന്നു.
സത്യം കംപ്യൂട്ടേഴ്‌സിന്റെ പ്രവര്‍ത്തന ഫലം ഈ മാസം 29ന് പുറത്തുവരുമെന്ന റിപോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ടെക് മഹീന്ദ്രയാണ് വന്‍ കുതിപ്പ് നടത്തിയത്. 59.45 പോയിന്റുയര്‍ന്ന് 787.40ലാണ് ഇന്ന് ഈ ഓഹരി ക്ലോസ് ചെയ്തത്. സത്യം കംപ്യൂട്ടര്‍ സര്‍വീസ് ലിമിറ്റഡ് ഇന്നു മാത്രം 12.40ന്റെ നേട്ടമാണ് ഉണ്ടാക്കിയത്. മോസര്‍ ബെയര്‍, പുഞ്ച് ലോയ്ഡ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐ.ഡി.ബി.ഐ ബാങ്ക് ഓഹരികളും ഇന്ന് ലാഭത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്.
അതേ സമയം കഴിഞ്ഞ കുറെ ദിവസമായി നേട്ടമുണ്ടാക്കിയ ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, ഡാബര്‍ ഇന്ത്യ, ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, ജയ്പ്രകാശ് അസോസിയേറ്റ്‌സ് ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യൂറോപ്യന്‍ വിപണിയും നഷ്ടത്തിലാണ് വില്‍പ്പന തുടരുന്നത്.
വാങ്ങാവുന്ന ഓഹരികള്‍: ജെ.എസ്.ഡബ്ല്യു ഹോള്‍ഡിങ്‌സ്-ഇപ്പോള്‍ 1860.15 വിലയുള്ള ഈ ഓഹരികള്‍ 1900 ഭേദിക്കുകയാണെങ്കില്‍ 2250-2500 എന്ന ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. സ്‌റ്റോപ്പ് ലോസ് 1770ല്‍ ഇട്ടുവയ്ക്കുന്നത് നല്ലതാണ്.
സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്: 172.75 രൂപ വിലയുള്ള ഈ ഓഹരി 12 മാസത്തെ സമയപരിധിയില്‍ 200 എന്ന ലക്ഷ്യത്തില്‍ വാങ്ങാവുന്നതാണ്.
ബാങ്ക് ഓഫ് ഇന്ത്യ: 502.80 വിലയുള്ള ഓഹരി രണ്ടു മാസത്തിനുള്ളില്‍ 530ല്‍ എത്താനുള്ള സാധ്യത കൂടുതലാണ്.
എഡുകോംപ് സൊലൂഷന്‍സ്: അഞ്ചുദിവസത്തെ ലക്ഷ്യത്തില്‍ വാങ്ങാവുന്ന മികച്ച ഓരോഹരി. 645 ആണ് ലക്ഷ്യം. 605ല്‍ സ്‌റ്റോപ് ലോസ് നല്‍കണം.
ടെക് മഹീന്ദ്ര: 820 ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്ന ഓഹരിയാണ്. ഇപ്പോഴത്തെ വില 787.40. പത്തുദിവസത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.

നിക്ഷേപം ഊഹകച്ചവടമല്ല…

ഓഹരി നിക്ഷേപം പകിടകളി പോലുള്ള ഭാഗ്യപരീക്ഷണെന്ന ധാരണ തെറ്റാണ്. അറിഞ്ഞും പഠിച്ചും ചെയ്യേണ്ട നിക്ഷേപമാര്‍ഗ്ഗമാണിത്. ഓഹരിയില്‍ പണം നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ ഏതെങ്കിലും ബിസിനസ്സില്‍ പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് വളരുന്നതിനനുസരിച്ച് നിങ്ങളുടെ ലാഭവും വര്‍ധിക്കും. മികച്ച ഓഹരികള്‍ കണ്ടെത്തുന്നതിനുള്ള കഴിവില്ലായ്മയാണ് ചിലര്‍ക്കെങ്കിലും ഈ മേഖലയില്‍ തിരിച്ചടിയുണ്ടാവാന്‍ കാരണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നിക്ഷേപിക്കാനുള്ള ഓഹരി ഏതാണെന്ന് കണ്ടെത്തണം.അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള പണമെടുത്ത് ഒരിക്കലും ഓഹരിയില്‍ നിക്ഷേപിക്കരുത്. വാങ്ങിയ ഓഹരികള്‍ക്ക് മൂല്യം കുറഞ്ഞാല്‍ ക്ഷമയോടെ കാത്തിരിക്കണം.പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റിവയ്ക്കാന്‍ സാധിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതാണ് ഉചിതം.500 രൂപ മുതല്‍ പ്രതിമാസം ഇത്തരത്തില്‍ നിക്ഷേപിക്കാവുന്നതാണ്. ഓഹരി വിപണി പണക്കാര്‍ക്കു മാത്രമുള്ളതാണെന്ന ധാരണ തെറ്റാണ്.
ചിലര്‍ പറയും സമയം തീരെയില്ലെന്ന്: നിക്ഷേപം നടത്തുന്നവര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഇതും ശ്രദ്ധിച്ചിരിക്കേണ്ട കാര്യമില്ല. കംപ്യൂട്ടറില്‍ ശ്രദ്ധിച്ചിരിക്കാന്‍ സാധിക്കാത്തവര്‍ ആറു മാസം, ഒരു വര്‍ഷം, പത്തുവര്‍ഷം പോലുള്ള നിക്ഷേപമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഉദാഹരണത്തിന്. 2003ല്‍ ഫെഡറല്‍ ബാങ്ക് ഓഹരി ഒന്നിന് 30 രൂപയായിരുന്നു വില. ഇപ്പോള്‍ അതിന്റെ വില 370 രൂപയാണ്. എട്ടുവര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരാളുടെ പണം ഇപ്പോള്‍ ഏകദേശം 12 ലക്ഷത്തോളം രൂപയായി ഉയര്‍ന്നിട്ടുണ്ടാവും. എപ്പോഴും വാങ്ങാനും വില്‍ക്കാനും സാധിക്കുമെന്നതിനാലും സ്വര്‍ണത്തെ പോലെ പണിക്കൂലി, തേയ്മാനം എന്നിവ ഇല്ലാത്തതിനാലും ഓഹരി നിക്ഷേപം ഏറെ ലാഭകരമാണ്.
അത് പഠിപ്പും വിവരമുള്ളവര്‍ക്ക് പറഞ്ഞ പണിയാണ്: ഓഹരിയില്‍ നിക്ഷേപിക്കാന്‍ സാമ്പത്തികശാസ്ത്രമൊന്നും പഠിക്കേണ്ടതില്ല. സാമാന്യബോധം, ചെലവഴിക്കാന്‍ കുറച്ചു സമയം, അറിയാനുള്ള ആഗ്രഹം എന്നിവ മാത്രമാണ് ഒരാള്‍ക്കുവേണ്ടത്. അനുദിനം ജീവിതചെലവേറിയ ഈ കാലത്ത് മികച്ച ആദായം ലഭിക്കുന്ന നിക്ഷേപമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥയാണുള്ളത്. ബാങ്ക് ഡിപ്പോസിറ്റ്, പോസ്റ്റ് ഓഫിസ് എന്നീ പരമ്പരാഗത നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം 10 ശതമാനത്തില്‍ താഴെയാണ്.
വിപണി ഇടിയുമ്പോള്‍ പണം നഷ്ടമാവും: സാധാരണക്കാരന്‍ ഓഹരി വിപണിയെ സമീപിക്കാത്തതിന് ഏറ്റവും പ്രധാനകാരണം ഈ തെറ്റായ വിശ്വാസമാണ്. വിപണി ഇടിയുമ്പോള്‍ മൂല്യം കുറയുക മാത്രമാണ് ചെയ്യുന്നത്(സ്വര്‍ണത്തിന്റെ വില കുറയുന്നതും കൂടുന്നതുമായി താരതമ്യം ചെയ്യുക). ഉദാഹരണത്തിന് കേരളത്തിലെ ബ്ലുചിപ്പ് കമ്പനിയായ വിഗാര്‍ഡ് ഓഹരികളുടെ വില വിപണിയിലിറങ്ങി ആറുമാസത്തിനുള്ളില്‍ തന്നെ 82 രൂപയില്‍ നിന്ന് 50 രൂപയായി കുറഞ്ഞിരുന്നു. ഏറെ മലയാളികള്‍ ഇതില്‍ നിക്ഷേപിക്കുകയും ഓഹരി വില കുറയുന്നതു കണ്ട് ഏറെ നഷ്ടത്തില്‍ വിറ്റൊഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വി ഗാര്‍ഡ് മികച്ച കമ്പനിയാണെന്ന കാര്യത്തില്‍ നല്ല നിക്ഷേപകര്‍ക്ക് സംശയമില്ലായിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഓഹരി വില 200 രൂപയായി ഉയര്‍ന്നു. ചുരുക്കത്തില്‍ രണ്ടരവര്‍ഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയായി. ശരിയായ തീരുമാനം, ശരിയായ നിക്ഷേപം, ശരിയായ സമയം ഇതാണ് ഓഹരിവിപണിയില്‍ നേട്ടമുണ്ടാക്കുള്ള മുദ്രാവാക്യം.
ബ്രോക്കിങ് സ്ഥാപനം എല്ലാം ചെയ്തുകൊള്ളും: ഒരു എക്കൗണ്ട് തുടങ്ങി പണം നിക്ഷേപിച്ച് എല്ലാം ബ്രോക്കിങ് സ്ഥാപനത്തെ ഏല്‍പ്പിക്കുന്ന പ്രവണത നന്നല്ല. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്? അതിന്റെ വില എന്താണ്? എത്ര ഓഹരി വാങ്ങി? ഇത്രയും പ്രാഥമിക കാര്യങ്ങള്‍ ഓരോ നിക്ഷേപകനും അറിഞ്ഞിരിക്കണം. തുടക്കത്തില്‍ 15-20 ശതമാനം വരെ വാര്‍ഷിക അറ്റാദായം പ്രതീക്ഷിക്കുന്ന രീതിയില്‍ നിക്ഷേപിക്കുന്നതാണ് ബുദ്ധി.
JRG Securities Pvt Ltd
Fastinfoline
Feroke Hospital Complex
Feroke,Kozhikode,673631
+91 495 3922450
+91 9947707750
+91 9400057750

ഡിസംബര്‍ മുതല്‍ ട്രെയിനിന് അഞ്ചക്ക നമ്പര്‍


ന്യൂഡല്‍ഹി: ഡിസംബര്‍ മുതല്‍ ഇന്ത്യയിലെ ട്രെയിന്‍ നമ്പറുകള്‍ അഞ്ചക്കമാവും. ട്രെയിന്‍ നമ്പറില്‍ നിന്നു തന്നെ ട്രെയിന്‍ ഏത് വിഭാഗത്തില്‍ പെടുന്നുവെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ രീതി. ഇപ്പോഴുള്ള അശാസ്ത്രീയമായ രീതിക്കുപകരം നമ്പറുകള്‍ ഒരു ഏകീകൃതസ്വഭാവത്തില്‍ കൊണ്ടുവരാനും ഇതുമൂലം സാധിക്കും. ഇപ്പോള്‍ മൂന്നു,നാല്, ആല്‍ഫ ന്യൂമറിക്കല്‍ എന്ന രീതിയിലാണ് ട്രെയിന്‍ നമ്പറുകള്‍ നല്‍കുന്നത്.
പുതിയ പദ്ധതി പ്രകാരം ഡുറണ്ടോ, രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളുടെ തുടക്കം 1 എന്ന അക്കത്തിലായിരിക്കും. സെന്റര്‍ ഫോര്‍ റയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനാവശ്യമായ വ്യത്യാസങ്ങള്‍ വരുത്താന്‍ ഇതിനകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തികഴിഞ്ഞാല്‍ പുതിയ നമ്പറുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

യൂ ടൂബ് ലൈവ് സ്ട്രീമിങ് ട്രയല്‍


ലോകപ്രശസ്ത വീഡിയോ ഹോസ്റ്റിങ് സേവനദാതാക്കളായ യൂ ടൂബ് ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം ആരംഭിക്കുന്നു. തുടക്കത്തില്‍ ട്രയല്‍ രീതിയില്‍ രണ്ടു ദിവസം ലൈവ് സ്ട്രീമിങ് അനുവദിക്കും.
വെബ് കാം ഉപയോഗിച്ചോ അതോ ഒരു എക്‌സ്‌റ്റേര്‍ണല്‍ യു.എസ്.ബി/ഫയര്‍വാള്‍ കാമറ ഉപയോഗിച്ചോ പരിപാടികള്‍ ഇനി യുടൂബിലൂടെ ലൈവായി സംപ്രേഷണം ചെയ്യാം.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപഭോക്താവിന് അനുഗ്രഹമാവും

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സേവന മേഖലയില്‍ ഓഫറുകളെ പെരുമഴയാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സെക്കന്റ് പള്‍സും സ്‌പെഷ്യല്‍ ഓഫറുകളുമായി കമ്പനികള്‍ ഇപ്പോള്‍ തന്നെ തീപാറുന്ന പോരാട്ടത്തിലാണ്. അടുത്ത മാസം 31ഓടു കൂടി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി യാഥാര്‍ഥ്യമാവുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന അവസ്ഥയാണുണ്ടാക്കുക. പുതിയ കസ്റ്റമറെ കണ്ടെത്തുന്നതിനേക്കാള്‍ കമ്പനികള്‍ ഒരു പക്ഷേ, മല്‍സരിക്കുക, മറ്റു കമ്പനികളുടെ പ്രീമിയം വരിക്കാരെ സ്വന്തമാക്കാനായിരിക്കും. ഇത്തരം ഒരു നീക്കം കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും. എന്തായാലും ഇതുകൊണ്ടു അടിസ്ഥാന പരമായി ലാഭം ഉപഭോക്താക്കള്‍ക്കു തന്നെയാവും. ഒരു കമ്പനിയില്‍ നിന്ന് നല്ല സേവനം ലഭിക്കുന്നില്ലെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ സാധിക്കും. നമ്പര്‍ മാറുന്നതിനു മടിച്ചാണ് ഇപ്പോള്‍ പലരും മൊബൈല്‍ കമ്പനികളെ മാറ്റാന്‍ തയ്യാറാവാത്തത്.
എം.എന്‍.പി യാഥാര്‍ഥ്യമാവുന്നതോടെ ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് കസ്റ്റമര്‍ക്ക് മാറാന് സാധിക്കും. മാര്‍ക്കറ്റിലേക്ക് ദിവസം തോറും പുതിയ പുതിയ കമ്പനികള്‍ കടന്നു വരുന്നതിനാല്‍ ഇത് മല്‍സരം ഒന്നു കൂടി വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ഇപ്പോല്‍ യുനൈറ്റഡ് കിങ്ഡം, ജര്‍മനി, ഹോങ്കോങ്, അമേരിക്ക, സിങ്കപ്പൂര്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുണ്ട്. എന്തിനേറെ നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ 2007ല്‍ തന്നെ ഇതു നടപ്പാക്കിയിട്ടുണ്ട്.

വിപണി കുതിപ്പ് തുടരാന്‍ സാധ്യത


ന്യൂഡല്‍ഹി: വരുന്ന ആഴ്ചയിലും ഓഹരി വിപണി കുതിപ്പ് തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എങ്കിലും ഈ മാസം 16ന് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന അര്‍ധവാര്‍ഷിക സാമ്പത്തിക റിപോര്‍ട്ടും സപ്തംബര്‍ 14ലെ പണപ്പെരുപ്പ റിപോര്‍ട്ടും നിര്‍ണായകമാവും.
വ്യവസായമേഖലയിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കും ആഗോള വിപണിയിലെ അനുകൂല സാഹചര്യവും വിപണിയെ ഇനിയും മുന്നോട്ടു നയിക്കുമെന്ന് ഒട്ടുമിക്ക ബ്രോക്കര്‍മാരും അഭിപ്രായപ്പെടുന്നു.
വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ റിപോര്‍ട്ട് അനുസരിച്ച് വ്യവസായ വളര്‍ച്ചാ നിരക്ക് 13.8 ശതമാനമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തിന്റെ ഇരട്ടിയോളം വരും.

ഗൂഗിള്‍ ആപ്‌സ് സേവനത്തില്‍ മാറ്റം

സ്വന്തം ഡൊമെയ്‌നില്‍ ഗൂഗിള്‍ ആപ് സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ള കൂട്ടുകാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ഒട്ടുമിക്ക ഗൂഗിള്‍ ആപ്പുകളും നിങ്ങള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കും.
ഉദാഹരണത്തിന് ആദ്യ കാലത്ത് ആപ് മെയില്‍ തുറക്കാന്‍ www.google.com/a/yourdomainname ആണ് കൊടുക്കാറുള്ളത്. പിന്നീട് അത് mail.google.com/a/yourdomainname ആയി മാറി. ഇപ്പോഴത് ലോഗിന്‍ mail.google.com ആയി മാറിയിരിക്കുകയാണ്. മെച്ചം. നിങ്ങള്‍ സാധാരണ ജിമെയില്‍ ഓപണ്‍ ചെയ്യുന്ന ലോഗിനില്‍ തന്നെ ആപ് സേവനങ്ങളും ഉപയോഗിക്കാം. ഒരു വ്യത്യാസം മാത്രം. ജി മെയില്‍ ലോഗിന്‍ യൂസര്‍ ഐ.ഡി മുഴുവന്‍ കൊടുക്കണം. ഉദാഹരണത്തിന് mail@shinod.in എന്നത് മുഴുവനായി കൊടുത്തതിനു ശേഷം താഴെ പാസ് വേര്‍ഡ് നല്‍കാം. ഇത്തരത്തില്‍ ബ്ലോഗര്‍ അടക്കമുള്ള മറ്റു സേവനങ്ങളും ഉപയോഗിക്കാവുന്നതാണ്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍

ഇന്ത്യയിലെ വീടുകളില്‍ മൊത്തം സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് 16000 ടണിലധികമാണെന്നാണ് കണക്ക്. ഇതിന് ഏകദേശം 591 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ വിലമതിക്കും. ഭാരതീയര്‍ സ്വര്‍ണത്തെ എന്നും മികച്ച നിക്ഷേപമാര്‍ഗമായാണ് പരിഗണിക്കുന്നത്.
എങ്ങനെ വാങ്ങാം?
ആഭരണ രൂപത്തിലാണ് പണ്ടു മുതലേ ആളുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നത്. ഇന്നും 90 ശതമാനം പേരും ഈ രീതിയില്‍ തന്നെയാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഈ രീതിയില്‍ പണിക്കുറവും പണിക്കൂലിയും കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കുന്നത്.
ബാങ്കില്‍ നിന്നു വാങ്ങുന്ന സ്വര്‍ണനാണയങ്ങളുടെ കാര്യത്തിലും ചില പരിമിതികളുണ്ട്. കമ്മീഷനായി ബാങ്കുകള്‍ അഞ്ചു മുതല്‍ പത്തുശതമാനം വരെ ഈടാക്കുന്നതും വില്‍ക്കുമ്പോള്‍ ബാങ്കുകള്‍ വാങ്ങാന്‍ തയ്യാറാവാത്തതും ഈ നിക്ഷേപരീതിയുടെ പോരായ്മയാണ്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ സ്വര്‍ണബാറുകള്‍ വാങ്ങാന്‍ സാധിക്കും. പക്ഷേ കിലോ കണക്കിന് സ്വര്‍ണം വാങ്ങുന്നത് സാധാരണക്കാരനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ കമോഡിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയോ സ്വര്‍ണത്തില്‍ മാത്രം നിക്ഷേപം നടത്തുന്ന മ്യൂച്ചല്‍ ഫണ്ടുകളോ വാങ്ങുകയാണ് മികച്ച മാര്‍ഗ്ഗം. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഏറ്റവും സുരക്ഷിതവും എളുപ്പവുമുള്ള മാര്‍ഗ്ഗം ഇതാണ്.

ഉടന്‍ ലഭിക്കുന്ന വരുമാനം
ദീര്‍ഘനിക്ഷേപം എന്ന രീതിയില്‍ വേണം സ്വര്‍ണത്തെ കാണാന്‍. ഉദാഹരണത്തിന് അഞ്ചു വര്‍ഷം മുമ്പ് സ്വര്‍ണത്തിന് 5000ല്‍ താഴെയായിരുന്നു വില

റിസ്‌ക് സാധ്യത

സ്വര്‍ണ നിക്ഷേപത്തില്‍ റിസ്‌ക് വളറെ കുറവാണ്. എ.ഡി1800 മുതലുള്ള കണക്കുകള്‍ ഈ വിശ്വാസത്തിനു കരുത്തു പകരുന്നു.

പണമാക്കാന്‍ എളുപ്പം

സ്വര്‍ണത്തിന് പണമടയ്ക്കുമ്പോള്‍ ലഭിക്കുന്ന ഡിജിറ്റല്‍ കോണ്‍ട്രാക്ട് ഏത് നിമിഷം വേണമെങ്കിലും സ്വര്‍ണമാക്കി മാറ്റാനും തുടര്‍ന്ന് പണമാക്കി മാറ്റാനും സാധിക്കും. നിക്ഷേപം ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായതിനാല്‍ സ്വര്‍ണം സൂക്ഷിക്കുകയെന്ന റിസ്‌കും കുറവാണ്.

ടാക്‌സ് സാധ്യത

സ്വര്‍ണനിക്ഷേപത്തിലുള്ള ലാഭം കാപ്പിറ്റല്‍ ഗെയിന്‍ നികുതിക്ക് വിധേയമായിരിക്കും. അതുകൊണ്ട് സ്വര്‍ണം നിക്ഷേപമായി സ്വീകരിക്കുന്ന എല്ലാവരും ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ബില്‍ നിര്‍ബന്ധമായും വാങ്ങണം. വലിയ ജ്വല്ലറികളില്‍ നിന്ന് ബില്‍ തരുമെങ്കിലും ചെറിയ ജ്വല്ലറികള്‍ ക്വട്ടേഷന്‍ പോലുള്ള നോട്ടുകളാണ് തരിക.

പുതിയ രീതികള്‍

കമോഡിറ്റി മാര്‍ക്കറ്റില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏത് ചെറിയ തുകയ്ക്കും നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. പ്രതിമാസം ഒരു നിശ്ചിത തുക നല്‍കാമെന്നതാണ് മെച്ചം. നല്‍കുന്ന തുകയ്ക്ക് തുല്യമായ സ്വര്‍ണം നിങ്ങളുടെ പേരിലാവും.

ഇനി നിങ്ങള്‍ക്ക് സ്വര്‍ണം വേണം. നിങ്ങളുടെ കൈയില്‍ പണമില്ലെന്ന് കരുതൂ.. പണമാവുന്നതുവരെ കാത്തിരിക്കാന്‍ പറ്റില്ല. കാരണം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാവുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സ്‌കീമുകളും ഇന്ന് ലഭ്യമാണ്. നമ്മുടെ കൈയില്‍ അന്നത്തെ മാര്‍ക്കറ്റ് വിലയുടെ 35 ശതമാനം പണമുണ്ടായാല്‍ മാത്രം മതി. ബാക്കി പണം തുല്യ തവണകളിലൂടെ അടയ്ക്കാം. ആ പണത്തിന് ചെറിയൊരു പലിശ നല്‍കേണ്ടി വരും. എങ്കിലും അത് പേഴ്‌സണല്‍ ലോണിനേക്കാള്‍ എത്രയോ ചെറുതായിരിക്കും. കൈയില്‍ പണമായാല്‍ അത് എപ്പോള്‍ വേണമെങ്കിലും സ്വര്‍ണമായും ആഭരണമായും മാറ്റാന്‍ സാധിക്കും. വില വര്‍ധിക്കുന്നുവെന്ന ആശങ്ക വേണ്ട. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞ് വരുന്ന മകളുടെ കല്യാണത്തിന് ഇന്നു തന്നെ സ്വര്‍ണം വാങ്ങി തുടങ്ങാം അല്ലെങ്കില്‍ ഇന്നത്തെ സ്വര്‍ണ വിലയ്ക്ക് സ്വര്‍ണം(ഡിജിറ്റല്‍) വാങ്ങി സൂക്ഷിയ്ക്കാം. പണം തവണകളായി അടച്ചു തീര്‍ക്കാം.