Daily Archives: June 22, 2013
മുസ്ലീം പെണ്ണുങ്ങള്‍ക്കെന്താ?
അടിസ്ഥാനപരമായ ചില കാര്യങ്ങളില്‍ രാജ്യത്ത് പൊതു നിയമമാണ് വേണ്ടത്. ജീവശാസ്ത്രപരമായ കാരണങ്ങളാലാണ് പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 ആയി സര്‍ക്കാര്‍ നിജപ്പെടുത്തിയതെന്നാണ് ഭൂരിഭാഗം പേരുടെയുംഅറിവ്. പിന്നെ എന്തുകൊണ്ടാണ് മുസ്ലീം പെണ്‍കുട്ടികളുടെ മാത്രം വിവാഹപ്രായം 16ആക്കി ചുരുക്കിയിരിക്കുന്നത്. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഇളവ് നല്‍കിയിരിക്കുന്നത്.
പഴയകാലമെല്ലാം മാറി. ഇന്ന് വിദ്യാഭ്യാസപരമായും ആശയപരമായും ഏറ്റവും മുന്നിലുള്ള കൂട്ടരാണ് മുസ്ലീങ്ങള്‍. സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര ക്ലാസ് റൂമുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകും. എന്‍ജിനീയറിങ് കോളിജിലും മെഡിക്കല്‍ കോളജിലും പഠിയ്ക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ ഏറെയുണ്ട്. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ വിരലിലെണ്ണാവുന്ന ചിലരുടെ മാത്രം ആവശ്യമാണ് വിവാഹപ്രായം കുറയ്ക്കുകയെന്നത്.
ഇത്തരത്തിലുള്ളവരെ സംതൃപ്തിപ്പെടുത്തുന്നതിലൂടെ എങ്ങനെയാണ് മൊത്തം മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ കഴിയുന്നുവെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഒരേ സ്ഥലത്ത് ജീവിയ്ക്കുന്ന പെണ്‍കുട്ടികള്‍ എല്ലാം ഒരു പോലെയുള്ള ശാരീരിക പ്രത്യേകതകളുള്ളവരാണ്. പഴയകാല ഗ്രന്ഥങ്ങളിലെ വ്യാഖ്യാനങ്ങള്‍ക്കനുസരിച്ചാകരുത് സര്‍ക്കാറിന്റെ നിലപാട്. അത് ശാസ്ത്രീയമാകണം. മുസ്ലീം പെണ്‍കുട്ടിയ്ക്ക് 16 വയസ്സില്‍ വിവാഹം കഴിയ്ക്കാമെങ്കില്‍ അത് ഹിന്ദു, കൃസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും ബാധകമാക്കണം.
സ്കൂളില്‍ ചേര്‍ക്കുന്ന പ്രായം, ഡ്രൈവിങ് ലൈസന്‍സ് നല്‍കാനുള്ള പ്രായം, തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രായം എന്നിവയെല്ലാം ഓരോ മതത്തിനനുസരിച്ച് മാറ്റി കൊടുക്കേണ്ട കാര്യങ്ങളല്ല. പതിനെട്ട് വയസ്സാകുന്നതോടെ മാത്രമേ ഒരു പെണ്‍കുട്ടി ശാരീരികമായും മാനസികമായും വിവാഹത്തിന് പക്വത നേടുന്നുള്ളൂവെന്നാണ് തിരിച്ചറിവാണ് ഇത്തരമൊരു നിഷ്കര്‍ഷയ്ക്ക് കാരണം. പുതിയ സാഹചര്യത്തില്‍ നേരത്തെയുള്ള കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് എല്ലാവര്ക്കും ബാധകമാക്കണം. അല്ലെങ്കില്‍ മുസ്ലീങ്ങളുടെ വോട്ടവകാശം 15 വയസ്സാക്കി കൊണ്ട് അടുത്ത ഉത്തരവിറങ്ങും എന്ന കാര്യത്തില്‍ സംശയമില്ല. വോട്ട് ചെയ്യാനുള്ള അവകാശം വ്യക്തിപരമാണ്. പക്ഷേ, അതിന് നിഷ്കര്‍ഷിക്കുന്ന പ്രായം എല്ലാവര്ക്കും ഒന്നാണ്. അതുപോലെ തന്നെയാണ് വിവാഹവും.
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് പിന്‍വലിക്കുക തന്നെ വേണം. ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ അത്യാവശ്യാണ്. ഇത്തരത്തില്‍ അനാവശ്യമായി വിവാദമുണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍പിടിയ്ക്കാനാണ് ചിലരുടെ ശ്രമം. ഇത്തരക്കാരെ തിരിച്ചറിയുക തന്നെ വേണം.
‘വേണമെങ്കില്‍ ആവാം. ആരും 16 വയസ്സില്‍ വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിക്കുന്നില്ല’എന്നാണ് ചില വിരുതന്മാരുടെ വ്യാഖ്യാനം. പിന്നെ ആരെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ ഏര്‍പ്പെടുത്തുന്നത്. 16 വയസ്സെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ഇനി വിവാഹം 12 വയസ്സിലാകും. കാരണം ഇപ്പോള്‍ 18 വയസ്സാണെങ്കിലും വേണ്ടത്ര വകതിരിവില്ലാത്ത പല രക്ഷിതാക്കളും കൊച്ചുകുട്ടികളെ പതിനഞ്ചിലും പതിനാറിലും വിവാഹം ചെയ്തുകൊടുക്കുന്നുണ്ട്. ‘അതുകൊണ്ടെന്താ മാനം ഇടിഞ്ഞു വീഴുമോ? അവള് നാലു പെറ്റു കെട്യോനോടൊപ്പം സുഖമായി ജീവിയ്ക്കുന്നു’. സ്വന്തം മകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നു പോലും തിരിച്ചറിയാനാകാത്ത അല്ലെങ്കില്‍ അന്ധമായ മതവിശ്വാസം വെച്ചുപുലര്‍ത്തുന്ന ഇവര്‍ മറുപടി അര്‍ഹിക്കുന്നില്ല. എന്തായാലും പൊതുവായ കാര്യങ്ങളെ പോലും മതത്തിനുവേണ്ടി മാറ്റി മറിയ്ക്കുന്നത് രാജ്യത്തിന്റെ നാശത്തിലേക്കുള്ള പോക്കാണ്.
Published in oneindia.in