വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിയുന്നു, മൂന്നാം ദിവസവും റെഡ്‌സോണില്‍, സെന്‍സെക്‌സ് 18395.97, നിഫ്റ്റി 5512.15

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതിനുള്ള വേഗത വര്‍ധിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദീപാവലിക്കുശേഷമുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. വിപണി കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 18395.97ലും(നഷ്ടം 288.46), നിഫ്റ്റി 5512.15ലും(നഷ്ടം 92.15) നില്‍ക്കുകയാണ്. നിഫ്റ്റി ഒരു സമയത്ത് 5459 വരെ താഴ്ന്നിരുന്നു.
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലിനൊപ്പം പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്.
പണപ്പെരുപ്പം തടയുന്നതിന് റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധനയെന്ന ഒറ്റനിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വിലക്കയറ്റവും പണപ്പെരുപ്പവും തടയുന്നതിന് ബഹുമുഖപരിപാടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലാത്തതാണ് കാര്യം.
കഴിഞ്ഞ വര്‍ഷം 28 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ച വിദേശസ്ഥാപനങ്ങള്‍ ജനുവരില്‍ മാത്രം 3400 കോടി രൂപയാണ് പിന്‍വലിച്ചത്. അതിനര്‍ഥം ഇനിയും പിന്‍വലിക്കല്‍ തുടര്‍ന്നാല്‍ വിപണിയും താഴോട്ട് വീഴുമെന്നു തന്നെയാണ്. ചില ഇ.ടി.എഫ് ഫണ്ടുകളുടെ ഭാവി പോലും ഇരുട്ടിലാക്കിയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നത്. 5450-5350 എന്ന റേഞ്ച് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. തിങ്കളാഴ്ച ഇതു തകര്‍ത്ത് താഴോട്ടിറങ്ങുകയാണെങ്കില്‍ പിന്നെ ചുരുങ്ങിയത് ആറുമാസത്തേക്ക് വിപണിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കന്‍ വിപണി മെച്ചപ്പെടുന്നതും ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. കൂടാതെ വിപണി താഴോട്ടുള്ള യാത്ര തുടരുന്നതില്‍ ഒരു വലിയ വിഭാഗം നിക്ഷേപകര്‍ കൂടുതല്‍ ഇടിവിനായി പണം മാറ്റി കാത്തിരിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഓഹരി വിദഗ്ധരുടെ അഭിപ്രായത്തില്‍ വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിഫ്റ്റി 5200 ലെവലിലേക്ക് താഴും. അതേ സമയം ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പിയുടെ കണക്കനുസരിച്ച് ജപ്പാന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന റിപോര്‍ട്ടുകളും ഇന്നു പ്രതികൂലമായി ബാധിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. എച്ച്. ഡി.ഐ.എള്‍, ഐ.വി.ആര്‍.സി എല്‍, ബി.ജി.ആര്‍ എനര്‍ജി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഡി.എല്‍.എഫ് ലിമിറ്റഡ് ഓഹരികള്‍ക്ക് ഇന്നു കനത്ത തിരിച്ചടിയേറ്റു. പ്രതിസന്ധിക്കിടയിലും ആന്ധ്ര ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഒ.എന്‍.ജി.സി, ഗ്ലാക്‌സോ, കോര്‍പ്പറേഷന്‍ ഓഹരികള്‍ തിളങ്ങി.
ഇപ്പോഴത്തെ നിലയില്‍ ഐ.സി.സി.ഐ, എസ്.ബി.ഐ ഓഹരികള്‍ വാങ്ങുന്നത് ഏറെ നല്ലതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ വിലകുറയുന്നതുകണ്ട് ആശങ്കപ്പെടേണ്ട. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വാങ്ങി സൂക്ഷിക്കാവുന്ന മികച്ച ഓഹരികളിലൊന്നാണിത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ വാങ്ങുന്നതിനുള്ള അനുകൂലസമയമാണ്. അതേ സമയം ടാറ്റാ മോട്ടോര്‍സ്, എ.സി.സി എന്നിവ വിറ്റൊഴിവാക്കാന്‍ പറ്റുമെങ്കില്‍ അതാണ് നല്ലത്. 600 താഴെ ടാറ്റാ സ്റ്റീല്‍ എത്തിയാല്‍ വാങ്ങാവുന്നതാണ്.

നിരക്ക് വര്‍ധനവിനെ കുറിച്ചുള്ള ആശങ്ക, വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷം, വിപണി നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിച്ചതോടെ സൂചികള്‍ താഴോട്ട് പതിക്കാന്‍ തുടങ്ങി. സെന്‍സെക്‌സ് 285.02 പോയിന്റ് താഴ്ന്ന് 18684.43ലും നിഫ്റ്റി 83.10 പോയിന്റ് കുറഞ്ഞ് 5604.30ലും ക്ലോസ് ചെയ്തു. നിഫ്റ്റിയ്ക്ക് 5600എന്ന സപ്പോര്‍ട്ടിങ് ലെവല്‍ കാത്തുസൂക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത നഷ്ടത്തിലേക്ക് വിപണി കൂപ്പുകുത്താന്‍ സാധ്യതയുണ്ട്. ഫ്യൂച്ചര്‍ ഓപ്ഷനുകളുടെ കാലാവധി തീരുന്ന ദിവസമായതുകൊണ്ട് വിപണിയില്‍ ഒരു തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവസാന മണിക്കൂറുകളില്‍ വന്‍തോതില്‍ വിറ്റൊഴിക്കലാണ് നടന്നത്. പണപ്പെരുപ്പം തുടരുന്നതിനാല്‍ ഇനിയും നിരക്ക് വര്‍ധനവടക്കമുള്ള കടുത്ത നടപടികള്‍ തുടരുമെന്ന ആശങ്കകളാണ് നിക്ഷേപകരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.
പക്ഷേ, സെന്‍ട്രം വെല്‍ത്ത് മാനേജ്‌മെന്റിലെ ജി ചൊക്കലിംഗത്തിന്റെ അഭിപ്രായത്തില്‍ വിദേശഫണ്ടിന്റെ ഒഴുക്കുകുറഞ്ഞതാണ് വിപണിയെ തകര്‍ക്കുന്നത്. വികസ്വരരാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള പണം വന്‍തോതില്‍ പിന്‍വലിച്ച് അത് വികസിത രാജ്യങ്ങളിലേക്ക് വഴിമാറ്റിവിടാനുള്ള വിദേശനിക്ഷേപസ്ഥാപനങ്ങളുടെ ശ്രമങ്ങള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു.
വിപണി 5450-5500 ലെവലിലേക്ക് പോകുവാനുള്ള സാധ്യത കൂടുതലായതിനാല്‍ ചുരുങ്ങിയത് ആറുമാസത്തെ ടാര്‍ജറ്റില്‍ നിക്ഷേപിക്കാന്‍ തയ്യാറാവണം. ഷോര്‍ട്ട് ടേം ടാര്‍ജറ്റില്‍ ലാഭം നേടല്‍ ലക്ഷ്യമാക്കി നിക്ഷേപത്തിനിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് ചുരുക്കം.
തകര്‍ച്ചക്കിടയിലും റെലിഗെയര്‍ എന്റര്‍പ്രൈസ്, ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, മദര്‍ സണ്‍ സുമി സിസ്റ്റംസ്, മാരികോ ലിമിറ്റഡ്, ടാറ്റാ മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി. അതേ സമയം ലാന്‍കോ ഇന്‍ഫ്രാടെക്, ടാറ്റാ കെമിക്കല്‍സ്, ഐ.ഡി.ബി.ഐ ബാങ്ക്, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, ടാറ്റാ കമ്യൂണിക്കേഷന്‍ ഓഹരികള്‍ക്ക് ഇന്നു കനത്ത നഷ്ടത്തിന്റെ ദിവസമായിരുന്നു. ഓട്ടോ, ബാങ്കിങ്, കണ്‍സ്യൂമര്‍ ഗൂഡ്‌സ് മേഖലകളിലാണ് വില്‍പ്പന സമ്മര്‍ദ്ദം ഏറ്റവും പ്രകടമായത്. അതേ സമയം ഐ.ടി, എഫ്.എം.സി.ജി മേഖലകിലെ ചില കമ്പനികള്‍ നേട്ടമുണ്ടാക്കി.
ചില ടിപ്പുകള്‍:
1.ഡി.എല്‍.എഫ് ഓഹരിയില്‍ ഇനിയും ഇടിവ് തുടരും.
2 സ്റ്റെര്‍ലൈറ്റ് ഓഹരികള്‍ 160ല്‍ താഴെയെത്തുകയാണെങ്കില്‍ ധൈര്യത്തില്‍ വാങ്ങാം
3 ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരികള്‍ വാങ്ങാന്‍ പറ്റിയ സമയമാണ്.
4 ഇപ്പോള്‍ 204 രൂപയുള്ള ഗീതാജ്ഞലി ഒരാഴ്ചയ്ക്കുള്ളില്‍ 10 ശതമാനത്തിലേറെ ലാഭം തരാനുള്ള സാധ്യത കൂടുതലാണ്.

Posted in Uncategorized

റിസര്‍വ് ബാങ്ക് നയം:,സെന്‍സെക്‌സ് 19000നു താഴെ

മുംബൈ: മികച്ച നേട്ടത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നു വില്‍പ്പന ആരംഭിച്ചത്. ആഗോളവിപണികള്‍ അനുകൂലമായതിനാല്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ മൂന്നാം പാദ സാമ്പത്തിക അവലോകനറിപോര്‍ട്ട് പുറത്തുവന്നപ്പോഴും ഈ കുതിപ്പിനു മാറ്റമുണ്ടായില്ല. കാരണം റിപോ, റിവേഴ്‌സ് റിപോ നിരക്കുകളില്‍ .25 ശതമാനം വ്യത്യാസം വരുത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ പണപ്പെരുപ്പം മാര്‍ച്ചോടെ 7 ശതമാനത്തിലെത്തിക്കാന്‍ കൂടുതല്‍ നിരക്ക് വര്‍ധനവ് ആവശ്യമെങ്കില്‍ അതിനും അമാന്തിക്കില്ലെന്ന കേന്ദ്രബാങ്കിന്റെ തീരുമാനം വിപണിയെ പ്രതികൂലമായി ബാധിച്ചു. വിശദമായ റിപോര്‍ട്ട് പുറത്തുവരുന്നതിനനുസരിച്ച് വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായി. സെന്‍സെക്‌സ് 181.83 പോയിന്റ് നഷ്ടത്തില്‍ 18969.45ലും നിഫ്റ്റി 55.85 പോയിന്റ് കുറഞ്ഞ് 5687.40ലും വില്‍പ്പന അവസാനിപ്പിച്ചു.
ബാങ്കിങ് മേഖല 2.3 ശതമാനവും എഫ്.എം.സി.ജി 1.8 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഇതോടെ കേന്ദ്രബാങ്കില്‍ നിന്ന് മറ്റുബാങ്കുകള്‍ കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശനിരക്കായ റിപോ നിരക്ക് 6.5 ശതമാനവും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിനു നല്‍കുന്ന റിവേഴ്‌സ് റിപോ 5.50 ശതമാനവുമായി മാറി. അതേ സമയം ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിരക്കുവര്‍ധിച്ചതോടെ വാഹന, ഭവന വായ്പാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാവും.
ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ജെയ്പീ ഇന്‍ഫ്രാടെക്, ഐ.സി.ഐ.സി.ഐ, റൂറല്‍ ഇലക്ട്രോണിക്‌സ്, ലാന്‍കോ ഇന്‍ഫ്രാടെക്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, ടി.വി.എസ് മോട്ടോഴ്‌സ്, പവര്‍ ഫിനാന്‍സ്, യൂനിടെക്, ഡോ റെഡ്ഡീസ് ലാബ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നില്ല.
അതേ സമയം ഭാരത് പെട്രോളിയം, മദര്‍സണ്‍ സുമി സിസ്റ്റംസ്, ഐ.ആര്‍.ബി ഇന്‍ഫ്രാ, ഐഡിയ, ഐ.എല്‍.എഫ്.എസ് ഓഹരികള്‍ ഇന്നു മികച്ച നേട്ടമുണ്ടാക്കി.
വാങ്ങാവുന്ന ഓഹരികള്‍: യൂനിടെക് ഫോസ്ഫറസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, അശോക് ലെയ്‌ലന്റ്, ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോനെറ്റ ് എല്‍.എന്‍.ജി, ക്രോംപ്റ്റന്‍ ഗ്രീവ്‌സ്, രേണുകാ ഷുഗേഴ്‌സ്, ഇന്‍ഫോസിസ്‌
Posted in Uncategorized

സെന്‍സെക്‌സ് 19000നുമുകളിലെത്തി

മുംബൈ:ഏറെ നാളുകള്‍ക്കുശേഷം ദലാല്‍ സ്ട്രീറ്റില്‍ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. കോര്‍പ്പറേറ്റ് കമ്പനികളുടെ മികച്ച പ്രവര്‍ത്ത റിപോര്‍ട്ടുകള്‍ പുറത്തുവന്നതും അമേരിക്കയിലെയും യൂറോപ്പിലെയും വിപണികള്‍ സ്ഥിരതപുലര്‍ത്തുന്നതുമാണ് ഇതിലേക്ക് നയിച്ചത്. അതേ സമയം ഓയില്‍ ഗ്യാസ് മേഖലയില്‍ മാന്ദ്യം തുടരുകയാണ്. സെന്‍സെക്‌സ് 209.80 പോയിന്റുയര്‍ന്ന് 19092.05ലും നിഫ്റ്റി 69.30 വര്‍ധിച്ച് 5724.05ലും ക്ലോസ് ചെയ്തു.
ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ് ഇന്ത്യ, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ബജാജ് ഫിന്‍സെര്‍വ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, സീ എന്റര്‍ടെയ്ന്‍മെന്‍ര്, ഗ്ലെന്‍മാര്‍ക്ക്, റിലയന്‍സ് ഇന്‍ഫ്ര, കോറമൊണ്ടല്‍ ഇന്റര്‍നാഷണല്‍ എന്നീ ഓഹരികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നില്ല.
അതേ സമയം നിക്ഷേപകര്‍ക്ക് ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് സൂചന. ഡോളറിന്റെ സൂചിക മുകളിലോട്ട് തന്നെ ഉയര്‍ന്നാല്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുമെന്നുറപ്പാണ്.

Posted in Uncategorized

പത്തുദിവസത്തിനുശേഷം പച്ചകത്തി

മുംബൈ: നേട്ടങ്ങളൊന്നും കാത്തുസൂക്ഷിക്കാനായില്ലെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി ഇന്നു വില്‍പ്പന നിര്‍ത്തിയത് ഗ്രീന്‍ സോണിലായിരുന്നു. തുടര്‍ച്ചയായ 10 സെഷനുകളില്‍ നഷ്ടത്തില്‍ നീങ്ങിയതിനുശേഷമാണ് ഈ നേട്ടമെന്നതിനാല്‍ അതിന്റെ മാറ്റു വര്‍ധിച്ചു. സെന്‍സെക്‌സ് 21.81 പോയിന്റുയര്‍ന്ന് 18882.25ലും നിഫ്റ്റി നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുകയുംചെയ്തു.
ഐ.ടി, ടെക്‌നിക്കല്‍ മേഖലകള്‍ കാര്യമായ നേട്ടമുണ്ടാക്കി. യഥാക്രമം 1.73ന്റെയും 1.33ന്റെയും വളര്‍ച്ചയാണുണ്ടായത്.
ശതമാനക്കണക്കില്‍ നോക്കിയാല്‍ ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, പെട്രോനെറ്റ് എല്‍.എന്‍.ജി, മാരികോ ലിമിറ്റഡ്, പാറ്റ്‌നി കംപ്യൂട്ടേഴ്സ്സിസ്റ്റംസ് എന്നീ കമ്പനികളാണ് ഇന്നു ഏറ്റവുമധികം ലാഭമുണ്ടാക്കിയത്. അതേ സമയം പാന്റലൂണ്‍ റീട്ടെയ്ല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ജെറ്റ് എയര്‍വെയ്‌സ്, സ്റ്റീല്‍ അഥോറിറ്റി, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ഇന്നു കനത്ത തിരിച്ചടിയേറ്റു.

Posted in Uncategorized

ഒടുവില്‍ അനിലിനു വിലക്ക്

വിപണിയ്ക്കു നിരക്കാത്ത ഇടപാടുകള്‍ നടത്തിയ അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ രണ്ടു കമ്പനികള്‍ക്കും സെബി വിലക്കേര്‍പ്പെടുത്തി.ഇതോടെ ഏറെ നാളായി വിപണിയില്‍ പുകഞ്ഞുകൊണ്ടിരുന്ന അവിഹിത ഇടപാടുകള്‍ക്ക് പരിഹാരമായി. റിലയന്‍സ് ഇന്‍ഫ്ര, ആര്‍.എന്‍.ആര്‍.എല്‍ എന്നീ ഓഹരികള്‍ക്കുള്ള വിലക്ക് അടുത്ത വര്‍ഷം അവസാനം വരെയുണ്ട്. അനില്‍ അംബാനിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏതെങ്കിലും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ദ്വിതീയ ഓഹരിവിപണിയില്‍ പണമിറക്കുന്നതിനാണ് വിലക്ക്. കൂടാതെ തെറ്റായ ഇടപാടുകള്‍ക്കുള്ള പിഴയായി 50 കോടി രൂപ അടയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ സമയം വിലക്ക് മ്യൂച്ചല്‍ ഫണ്ട് തുടങ്ങിയ വിപണിയിലെ സാധാരണകാര്യങ്ങളെ ബാധിക്കില്ല.
Posted in Uncategorized

വിപണി കരടികള്‍ പിടിച്ചെടുത്തു

മുംബൈ: ദലാല്‍ വിപണി നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്തു. നിര്‍ണായകമായ എല്ലാ സാങ്കേതിക ലെവലുകളും തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു ഈ പതനം. സെന്‍സെക്‌സ് 322.38 പോയിന്റും നിഫ്റ്റി 97.35 പോയിന്റും താഴ്ന്ന് യഥാക്രമം 18860.44ലും 5654.55ലും ക്ലോസ് ചെയ്തു.
നാലുമാസത്തിനിടെ സെന്‍സെക്‌സ് ആദ്യമായാണ് 19000നു താഴെയെത്തുന്നത്. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 5960-5700 എന്നത് ഏറ്റവും കരുത്തുള്ള സപ്പോര്‍ട്ടീവ് ലെവലായിരുന്നു. ഇനി നിഫ്റ്റിക്ക് അത്തരം കരുത്തുള്ള ഒരു സപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ 5200വരെയെങ്കിലും താഴണം. ഇതിനര്‍ഥം അത്രയും താഴുമെന്നല്ല, എന്നാല്‍ അത്രയും താഴ്ന്നാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നാണ്. ഡോളര്‍ സൂചിക കരുത്താര്‍ജ്ജിക്കുന്നതിനാല്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഫണ്ട് പിന്‍വലിക്കുന്നതും പലിശനിരക്ക്, കമ്പനികളുടെ മൂന്നാം പാദഫലം, പണപ്പെരുപ്പം, വ്യവസായിക വളര്‍ച്ചാനിരക്ക് എന്നീ ഘടകങ്ങളെല്ലാം ചേര്‍ന്ന് വിപണിയെ ചുവപ്പിക്കുകയായിരുന്നു. നവംബര്‍ മാസം പണപ്പെരും 7.48 ശതമാനമായിരുന്നപ്പോള്‍ ഡിസംബറില്‍ അത് 8.43 ആയി ഉയര്‍ന്നിരിക്കുന്നു.
വിപണിയില്‍ ഏറ്റവും കൂടുതല്‍ ചാഞ്ചാട്ടം കണ്ട ദിവസം കൂടിയായിരുന്നു ഇന്നു. തുടക്കത്തില്‍ 400 പോയിന്റിലേറെ നഷ്ടത്തിലേക്ക് നീങ്ങിയ വിപണി ആ നഷ്ടമെല്ലാം നികത്തി മുന്നേറിയെങ്കിലും ലാഭമെടുക്കുന്നവരുടെ തിക്കിലും തിരക്കിലും തകര്‍ന്നടിഞ്ഞു. തുടക്കത്തില്‍ നേട്ടമുണ്ടാക്കിയ യൂറോപ്യന്‍ വിപണിയും നഷ്ടത്തിലേക്ക് നീങ്ങിയതോടെ കരടികളുടെ പിടിമുറുക്കം കൂടി. ട്രേഡര്‍മാരല്ലാത്ത നിക്ഷേപകരെല്ലാം അടുത്ത മൂന്നു ദിവസത്തെ വിപണി നിരീക്ഷിച്ചതിനുശേഷം പണമിറക്കുന്നതാണ് ബുദ്ധി.

Posted in Uncategorized

വിപണി തകര്‍ന്നു, തൂക്കം ഇടത്തോട്ട്

മുംബൈ: വിപണി വീണ്ടും റെഡ്‌സോണിലേക്ക് തിരിഞ്ഞു. ഇന്‍ഫോസിസിന്റെ മൂന്നാം പാദഫലം പ്രതീക്ഷിച്ചതിലും താഴ്ന്നതും ധനകാര്യസ്ഥാപനങ്ങളില്‍ വില്‍പ്പനസമ്മര്‍ദ്ദം കൂടുതലായതുമാണ് ഇതിനു കാരണം. ആഗോളവിപണികളെല്ലാം അനുകൂലമായിട്ടും ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയുണ്ടായത് നിക്ഷേപകരെ അമ്പരിപ്പിച്ചു. 351.28 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 19182.82ലും 111.35 പോയിന്റ് കുറഞ്ഞ് നിഫ്റ്റി 5751.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ഇന്‍ഫോസിസില്‍ നിന്നു നേരത്തെ ലഭിച്ച സൂചനകളനുസരിച്ച് ടാക്‌സ് കഴിച്ച് കമ്പനിയുടെ ലാഭം 1780 കോടിയായിരുന്നു. എന്നാല്‍ മൂന്നാം പാദഫലം പുറത്തുവന്നപ്പോള്‍ അത് 1737 കോടി രൂപയായി കുറഞ്ഞു. ഫലം കമ്പനിയുടെ ഓഹരികളെയും പ്രതികൂലമായി ബാധിച്ചു. ഒരു ദിവസം കൊണ്ട് 162.65 പോയിന്റ് താഴ്ന്ന് 3212.30ലാണ് ഇന്‍ഫോസിസ് ക്ലോസ് ചെയ്തത്. മുംബൈ ഓഹരി സൂചിക പരിഗണിക്കുകയാണെങ്കില്‍ ഐ.ടി മേഖലയ്ക്ക് മൊത്തം 3.4 ശതമാനത്തിന്റെ നഷ്ടമാണുണ്ടായത്.
അതേ പോലെ ബാങ്കിങ് ഓഹരികളിലും ഇന്നു കാര്യമായ തിരിച്ചടിയുണ്ടായി. പലിശനിരക്കില്‍ വര്‍ധനവ് വരുത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളില്‍ നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇടിവിനു കാരണം. അതേ സമയം റിയാലിറ്റി ഓഹരികള്‍ നേരിയ മുന്നേറ്റം പ്രകടമാക്കി.
നിക്ഷേപകര്‍ ഇപ്പോഴും വിപണിയുടെ കാര്യത്തില്‍ ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ലെന്നതിന് ഏറ്റവും നല്ല തെളിവാണ് ഇന്നത്തെ വ്യാപാരം. ഡോളര്‍ സൂചികകള്‍ കരുത്തുകാട്ടുന്നതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഫണ്ട് പിന്‍വലിക്കാന്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബുധനാഴ്ച ഷോര്‍ട്ട് കവറിങ് നടത്താനുള്ള ശ്രമമാണ് വിപണിയ്ക്ക് ഉണര്‍വ് സമ്മാനിച്ചതെന്നുവേണം കരുതാന്‍. 5700 നിഫ്റ്റിയുടെ ഏറ്റവും മികച്ച സപ്പോര്‍ട്ടീവ് ലെവലായി പരിഗണിക്കുന്നുണ്ടെങ്കിലും ആവര്‍ത്തിച്ച് ഈ ലെവലിന്റെ ബലം പരീക്ഷിക്കുന്നത് നന്നാവില്ലെന്ന നിഗമനമാണ് വിദഗ്ധര്‍ക്കുള്ളത്.
അദാനി എന്റര്‍പ്രൈസസ്, അംബുജാ സിമന്റ്, അള്‍ട്രാടെക്, നാഷണല്‍ അലുമിനിയം, ലാന്‍കോ ഇന്‍ഫ്രാടെക് തുടങ്ങിയ ഓഹരികള്‍ തകര്‍ച്ചക്കിടയിലും ഇന്നു നേട്ടമുണ്ടാക്കി. അതേ സമയം ഹിന്ദ് പെട്രോളിയം, പാന്റലൂണ്‍ റീട്ടെയില്‍, ഇന്‍ഫോസിസ് ടെക്‌നോ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഹരികള്‍ക്ക് ഇന്നു കറുത്ത ദിവസമായിരുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അലോക് ഇന്‍ഡസ്ട്രീസ്, കെ ആര്‍ ബി എല്‍, ഐ.സി.സി.ഐ, പ്രജ് ഇന്‍ഡസ്ട്രീസ്, ഡെല്‍റ്റാ കോര്‍പ്പറേഷന്‍, ടാറ്റാ മോട്ടോഴ്‌സ്, ഐ.എഫ്.സി.ഐ, ജിന്‍ഡാല്‍ സോ
Posted in Uncategorized