എങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കി അതിനെ ഇഷ്ടമുള്ള ഡൊമെയ്നിലേക്ക് മാറ്റാം?

ആദ്യം നമുക്ക് ബ്ലോഗ് എന്താണെന്ന് നോക്കാം. തീർച്ചയായും ഇന്റർനെറ്റ് ലോകത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കേട്ട വാക്കുകളിൽ ഒന്നായിരിക്കും ബ്ലോഗ്. ഓൺലൈനിൽ തുടർച്ചയായി അപ് ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പേഴ്സണൽ ജേർണലിനെയോ ഡയറിയെയോ നമുക്ക് എളുപ്പത്തിൽ ബ്ലോഗ് എന്നു വിളിയ്ക്കാം. നിങ്ങൾക്ക് ലോകത്തോട് കാര്യങ്ങൾ പറയാനുള്ള ഒരിടം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും വിചാരങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു സ്ഥലം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്കായി നിങ്ങളാൽ അപ് ഡേറ്റ് ചെയ്യപ്പെടുന്ന ഒരു വെബ് സൈറ്റ്. വേൾഡ് വെബ് ലോഗ് എന്നതിന്റെ ചുരുക്കെഴുത്തായാണ് ബ്ലോഗ് എന്ന വാക്കു കടന്നു വരുന്നത്.

ഒരു കാലത്ത് ബ്ലോഗ് ഒരു ഫാഷനായിരുന്നു. സ്ഥിരമായി ബ്ലോഗിൽ അപ് ഡേറ്റ് ചെയ്യുന്നയാളെ ബ്ലോഗർ എന്നാണ് വിളിക്കുന്നത്. ഇന്ന് സോഷ്യൽമീഡിയയിൽ ആക്ടീവായ പലരും ഒരു കാലത്തെ പ്രശസ്തരായ ബ്ലോഗർമാരായിരുന്നു. വേർഡ് പ്രസ് ഡോട്ട് കോം, ബ്ലോഗർ, ടംബ്ലർ, മീഡിയം, സ്ക്വയർ സ്പേസ്, വിക്സ് അങ്ങനെ ബ്ലോഗുണ്ടാക്കാൻ ഒട്ടേറെ പ്ലാറ്റു ഫോമുകൾ ലഭ്യമാണ്. ഇതിൽ വേർഡ്പ്രസ് ഡോട്ട് കോമും ബ്ലോഗറുമാണ് ഏറെ പ്രശസ്തം. ഇന്നു കാലം മാറി, ബ്ലോഗ് എന്നതിന്റെ അർത്ഥത്തിലും വ്യത്യാസം വന്നു. ഇന്ന് പലരും ബ്ലോഗ് സൗകര്യങ്ങൾ ഉപയോഗിച്ച് വലിയ ന്യൂസ് പോർട്ടലുകൾ തന്നെ റൺ ചെയ്യുന്നുണ്ട്. അപ്പോൾ പറഞ്ഞു വരുന്നത് കൈയിൽ കാശില്ലെങ്കിൽ ബ്ലോഗ് സൗകര്യം ഉപയോഗിച്ച് എളുപ്പത്തിൽ ഒരു വെബ് സൈറ്റ് ഉണ്ടാക്കാൻ സാധിക്കുമെന്നു തന്നെയാണ്.

ബ്ലോഗുണ്ടാക്കാൻ വേണ്ടി ഗൂഗിൾ ഒരുക്കിയിട്ടുള്ള പ്ലാറ്റ് ഫോമാണ് ബ്ലോഗ്ഗർ(www.blogger.com). തീർത്തും സൗജന്യമാണ് ഈ സേവനം.

1 ആദ്യം ഇടതുവശത്തുള്ള ന്യൂ ബ്ലോഗ് ബട്ടൺ അമർത്തുക. തുടർന്ന് വരുന്ന വിൻഡോയിൽ. ടൈറ്റിൽ എന്ന കള്ളി കാണാം. അവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് കൊടുക്കാം. അതിനു താഴെ അഡ്രസ് എന്ന കള്ളി. അവിടെ എന്ത് യുആർഎല്ലിലാണ് നിങ്ങളുടെ ബ്ലോഗ് അറിയപ്പെടേണ്ടത് ആ പേര് നൽകണം. ഉദാഹരണത്തിന് കോഴിക്കോടിനെ കുറിച്ചുള്ള ബ്ലോഗാണെങ്കിൽ kozhikode എന്ന് അവിടെ അടിച്ചു കൊടുത്താൽ മതി. എപ്പോഴും ചെറിയ, അർത്ഥമുള്ള, പരിചയമുള്ള പേര് നോക്കുന്നതാണ് നല്ലത്. പേര് ലഭ്യമാണെങ്കിൽ അത് താഴെ കാണിയ്ക്കും. ഉദാഹരണത്തിന് kozhikode എന്ന പേര് ലഭ്യമാണെങ്കിൽ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് kozhikode.blogspot.in എന്നായിരിക്കും. തൊട്ടു താഴെ ഇഷ്ടമുള്ള തീം(നിങ്ങളുടെ ബ്ലോഗിന്റെ കാഴ്ച) സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ കാണും. ക്രിയേറ്റ് ബ്ലോഗ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ബ്ലോഗ് റെഡിയായി.

2 ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ new post എന്ന ബട്ടൺ കാണാം. അതിൽ ക്ലിക് ചെയ്ത് പോസ്റ്റ് ടൈറ്റിൽ എന്നിടത്ത് ഹെഡ്ഡിങും അതിനു താഴെയുള്ള വലിയ ഏരിയയിൽ കണ്ടന്റും പേസ്റ്റ് ചെയ്യുക. ഇതിലേക്ക് ആവശ്യമായ ചിത്രങ്ങളും വീഡിയോകളും ഇൻസെർട്ട് ചെയ്യാനുള്ള സൗകര്യം കണ്ടന്റ് ഏരിയക്ക് തൊട്ടുമുകളിലായി കാണാം. വലതു വശത്ത്, ലേബൽ, പെർമാലിങ്ക് തുടങ്ങിയ ബട്ടനുകൾ കാണാം.. ഇവിടെ കുറിച്ച് പിന്നീട് പറയാം. അങ്ങനെ ആദ്യത്തെ പോസ്റ്റും റെഡിയായി.

3 ഇനി നിങ്ങൾക്ക് തോന്നുകയാണ് ബ്ലോഗിന്റെ പേരിൽ നിന്നും blogspot എന്ന വാല് ഒഴിവാക്കണം. ഒരു ഡൊമെയ്ൻ വാങ്ങി ആ പേര് ബ്ലോഗിന് കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതും ആകാം. സെറ്റിങ്സിൽ പോയി basic എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. എന്നിട്ട് അവിടെ തേർഡ് പാർട്ടി യുആർഎൽ ആഡ് ചെയ്യാനുള്ള ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. അവിടെ http എന്ന കള്ളിയിൽ www.നിങ്ങൾ വാങ്ങിയ ഡൊമെയ്നിന്റെ പേര് കൊടുക്കുക. (ഇതിനു മുമ്പ് ചെയ്യേണ്ട ഒരു കാര്യമുണ്ട്)
4 ഡൊമെയ്ൻ ആഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ നെയിം സെർവർ വാല്യൂസിനെ ഡിഫാൾട്ടിലേക്ക് മാറ്റണം. ബ്ലോഗിന്റെ മേൽപ്പറഞ്ഞ സെറ്റിങ്സിൽ ഡൊമെയ്ൻ ആഡ് ചെയ്ത് സേവ് ചെയ്യുന്നതോടെ രണ്ടു വാല്യൂസ് പോയിന്റ് ചെയ്യാൻ പറഞ്ഞ് റെഡ്ഡിൽ കാണിയ്ക്കും. ഡൊമെയ്നിന്റെ കൺട്രോൾ പാനൽ തുറന്ന് ഈ സി പാനൽ വാല്യൂസ് നൽകണം.
5 ഓരോ ഡൊമെയ്ൻ പ്രൊവൈഡറും ഡിഎൻഎസ് ചെയ്ഞ്ച് ചെയ്യുന്നതിന് ഓരോ രീതികളാണ് ഒരുക്കിയിട്ടുണ്ടാവുക. ഡിഎൻഎസിൽ മാറ്റം വരുത്തുന്നതോടെ നിങ്ങളുടെ ജോലി പൂർത്തിയായി. ഈ ഡിഎൻഎസ് മാറ്റം എല്ലായിടത്തും റിഫ്ളക്ട് ആയി വരുന്ന മുറയ്ക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പേരിലുള്ള ബ്ലോഗ് ഉപയോഗിച്ച് തുടങ്ങാം. ടെംപ്ലേറ്റുകൾ മാറ്റാനുള്ള സൗകര്യവും ഉണ്ട്. ഡൊമെയ്നിന്റെ പണം മാത്രം ചെലവാക്കി..നിങ്ങൾക്ക് ചെറിയ സൈറ്റുകളും ഈ രീതിയിൽ ഉണ്ടാക്കാം.. ചുരുക്കി പറഞ്ഞാൽ 200 രൂപയ്ക്ക് വരെ സ്വന്തം ഡൊമെയ്നിൽ വെബ് സൈറ്റ് ഉണ്ടാക്കാമെന്ന്..