ജി സ്യൂട്ട് ലെഗസി ഫ്രീ എഡിഷന് ജൂലായ് ഒന്നുമുതല്‍ ലഭ്യമാകില്ല. ഒന്നും മനസ്സിലായില്ല അല്ലേ. പറയാം. ജിമെയില്‍ ഇമെയില്‍ എക്കൗണ്ടുകള്‍ ഫ്രീയാണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം.
എന്നാല്‍ പണ്ട് ഗൂഗിള്‍ നമ്മുടെ ഡൊമെയ്ന്‍ പേരില്‍ തന്നെ ഇമെയിലുകള്‍ ഫ്രീയായി ഉണ്ടാക്കാന്‍ അനുവദിച്ചിരുന്നു. എന്നുവെച്ചാല്‍ shinod.in എന്റെ ബ്ലോഗാണ്. ഈ ഡൊമെയ്ന്‍ വെച്ച് ഗൂഗിളിന്റെ ഫ്രീ സേവനത്തില്‍ ഉണ്ടാക്കിയ ഇമെയില്‍ ഐഡിയാണ് mail@shinod.in. എന്റെ പ്രധാന ഇമെയില്‍ ഐഡികളില്‍ ഒന്നാണിത്. ലോഗിന്‍ ചെയ്യുന്നത് ജിമെയിലില്‍ mail@shinod.in എന്ന് യൂസര്‍ നെയിം അടിച്ച് പാസ് വേര്‍ഡ് അടിച്ച് ഓപ്പണാക്കുന്നു.
15 ജിബി സ്പേസുള്ള ജിമെയിലിന്റെ എല്ലാ സൗകര്യങ്ങളും mail@shinod.in ല്‍ ഉപയോഗിക്കാന്‍ സാധിക്കും. 2009ലാണ് ഈ ഡൊമെയ്ന്‍ ബുക്ക് ചെയ്തത്. ഏകദേശം 50 ഇമെയില്‍ ഈ ഡൊമെയ്ന്‍ വെച്ച് ഈ രീതിയില്‍ ഉണ്ടാക്കാമായിരുന്നു. 2005ല്‍ ബുക്ക് ചെയ്ത കടലുണ്ടി ഡോട്ട് കോമില് ആയിരം ഇമെയില്‍ ഐഡി ഉണ്ടാക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഈ ഫ്രീ സേവനങ്ങളാണ് ഗൂഗിള്‍ അവസാനിപ്പിക്കാന്‍ പോകുന്നത്. സംഗതി ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല ഉണ്ടാക്കാന്‍ പോകുന്നത്. ഈ വര്‍ഷം ജൂലായ് ഒന്നു മുതലാണ് ഈ സേവനം നിര്‍ത്തുന്നത്.
നിലവില്‍ ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ ഗൂഗിളിന്റെ വര്‍ക്ക് സ്പേസ് (ജി സ്യൂട്ടിന്റെ പുതിയ പേരാണ് വര്‍ക്ക് സ്പേസ്) പ്ലാനിലേക്ക് മാറണം. മെയ് ഒന്നിനാണ് ഈ പ്ലാനിലേക്ക് മാറേണ്ടത്. ഇങ്ങനെ മാറുന്നവര്‍ക്ക് ജൂലായ് ഒന്നുവരെ സൗകര്യം ഉപയോഗപ്പെടുത്താം. മെയ് ഒന്നിന് നിങ്ങള്‍ ഒന്നും ചെയ്യേണ്ട കാര്യമില്ല. ഗൂഗിള്‍ ഓട്ടോമാറ്റിക്കായി അപ് ഗ്രേഡ് ചെയ്യും. ജൂലായ് ഒന്നിനുള്ളില്‍ പേയ്മെന്റ് ഡീറ്റെയില്‍സ് കൊടുത്തിട്ടില്ലെങ്കില്‍ സേവനം തടസ്സപ്പെടും.
ഇതേ ഐഡിയിലുള്ള ജിമെയില്‍ മാത്രമല്ല, കലണ്ടര്‍, മീറ്റ്, ഗൂഗിള്‍, ഡ്രൈവ് സേവനങ്ങളും തടസ്സപ്പെടും. ഇത് സംബന്ധിച്ച് ഗൂഗിള്‍ ഇമെയിലുകള്‍ ഇതിനകം തന്നെ അയയ്ക്കാന്‍ തുടങ്ങി കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്..ഇത്രയും കാലം ഫ്രീ ഉപയോഗിച്ചവര്‍ വരും ദിവസങ്ങളില്‍ ഇത്തിരി വട്ടംകറങ്ങാന്‍ പോകുന്നുണ്ട്. അല്ലെങ്കില്‍ പണം കൊടുത്ത് സേവനം തുടര്‍ന്നും ഉപയോഗിക്കാന്‍ തീരുമാനിച്ചാലും മതി..