പുതിയ യുട്യൂബ് വസന്തം കാണുന്പോള്‍

മലയാളിയുടെ മാത്രം പ്രത്യേകതയാണ്. ഒരു സാധനം ക്ലിക്കായാൽ അതുപോലെ പത്തെണ്ണം ഉണ്ടാക്കും. എന്നാൽ വേറിട്ടൊരു സാധനം അല്ലെങ്കിൽ വേറിട്ടൊരു ബിസിനസ്സിനായി ശ്രമിക്കില്ല.

ന്യൂസ് പോർട്ടൽ ബിസിനസ്സും ഇങ്ങനെയായിരുന്നു. ഡൊമെയ്നും ബുക്ക് ചെയ്ത് പലരും തട്ടിക്കൂട്ടി വെബ് സൈറ്റ് തുടങ്ങി.ഞാനും പത്രക്കാരനായെന്ന് ബഡായി വിട്ടു നടന്നു.. ഒടുവിൽ. പൂട്ടിക്കെട്ടി പോയി. ചിലർ ഇപ്പോഴും ശ്വാസം വിടാതെ, കടവും കടത്തിന്മേൽ കടവുമായി മുന്നോട്ട് കൊണ്ടു പോകുന്നു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..എന്നു പറയുന്ന പോലെയാണ് ഇവരുടെ പോർട്ടൽ പ്രവർത്തനം. അവിടന്നും ഇവിടന്നും ഓരോ പരസ്യം കിട്ടും അത്ര മാത്രം. അപ് ചെയ്യുന്നതും പരസ്യം പിടിയ്ക്കുന്നതും എഡിറ്ററും എല്ലാം അവർ തന്നെ..ശ്രദ്ധിക്കണം..ഇവരും ന്യൂസ് പോർട്ടലാണ്.(അതാണ് നാട്ടുനടപ്പ്).. എന്നാൽ ഇതിലൊന്നും പെടാത്ത ചിലരുണ്ട്.

1 പോളിസിയുടെയും പാഷന്റെയും ഭാ​ഗമായി ഇതിലേക്ക് വന്നവർ, 2 കച്ചവട സാധ്യതകൾ പരമാവധി ചൂഷണം ചെയ്ത് അതിവേ​ഗം യൂസേഴ്സിനെ നേടിയവർ.3 കോർപ്പറേറ്റ് പിന്തുണയുള്ളതോ മാധ്യമ സ്ഥാപനങ്ങളുടെ ഭാ​ഗമോ ആയ പോർട്ടലുകൾ.. ഇവർ മാത്രമേ ഇവിടെ നിലനിൽക്കൂവെന്ന കാര്യം ന്യൂസ് പോർട്ടൽ തുടങ്ങാൻ ആ​ഗ്രഹിക്കുന്ന ഓരോരുത്തരും മനസ്സിൽ വെയ്ക്കേണ്ടതാണ്.

വാണിജ്യപരമായി സക്സസ് ആകുന്ന രീതിയിൽ ഒരു ന്യൂസ് പോർട്ടലിനെ മുന്നോട്ടു കൊണ്ടു പോകാൻ ലക്ഷ കണക്കിന് രൂപയുടെ നിക്ഷേപം വേണ്ടി വരുമെന്ന് പറഞ്ഞാൽ ചിലർ ചിരിക്കും. 12-20 പേരെയെങ്കിലും ജോലിയ്ക്കു വെയ്ക്കാതെ ഒരു ന്യൂസ് പോർട്ടൽ തുടങ്ങുന്നത് ബുദ്ധിപരമല്ലെന്നു പറഞ്ഞാൽ ചിലരുടെ നെറ്റിചുളിയും. അല്ലെങ്കിലും നടത്തി കൊണ്ടു പോകാം. രണ്ടു വർഷം കൊണ്ട് എത്തേണ്ട സ്ഥലത്ത് എട്ടു വർഷം കഴിഞ്ഞാലും എത്തില്ലെന്ന് ചുരുക്കം.

​ഗൂ​ഗിൾ ആഡ്സെൻസിനെ പറ്റിച്ച് പൈസയുണ്ടാക്കിയ മലയാളിക്ക് അടുത്തതായി കിട്ടിയ ലോട്ടറിയായിരുന്നു യുട്യൂബ് റവന്യുവും ഫേസ്ബുക്ക് ഇൻസ്റ്റന്‍റും. തുടക്കം ​ഗംഭീരമായിരുന്നു. ഇൻസ്റ്റന്റ് പൈസ കിട്ടാൻ പലരും സൈറ്റുകൾ തട്ടിക്കൂട്ടാനും അവിടെ നിന്നും ഇവിടെ നിന്നും അടിച്ചു മാറ്റി പബ്ലിഷ് ചെയ്യാനും തുടങ്ങി. ഫേസ് ബുക്ക് ഇൻസ്റ്റന്റിനുള്ള ​ഗൈഡ് ലൈൻസ് കർശനമാക്കുകയും പണം വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ ആ കച്ചവടവും ഏതാണ്ട് തീർന്ന മട്ടായി.

ചിലര്‍ ചാടി യുട്യൂബിലും വീണു. ചേട്ടന്മാര്‍ പൈസയുണ്ടാക്കുന്ന വീരഗാഥകള്‍ കേട്ടായിരുന്നു തുടക്കം. സ്വന്തമായി ഒരു ശൈലിയും ഇല്ലാതെ മറ്റുള്ളവരെ അന്ധമായി തന്നെ അനുകരിയ്ക്കാന്‍ തുടങ്ങി. യുട്യൂബും ഫേസ് ബുക്കും വീഡിയോയ്ക്ക് പണം കൊടുക്കുന്നത് ഇപ്പോള്‍ കുറച്ചു. അവര്‍ക്കും പരസ്യം കുറവാണ്. ഇനിയെന്ത് ചെയ്യും?

വീഡിയോയുടെ കാലമാണ് വരാനിരിക്കുന്നത്. ഇഷ്ടം പോലെ യുട്യൂബ് ചാനലുകളാണ് തുറക്കുന്നത്. എനിക്ക് പറയാനുള്ളത് യുട്യൂബിലെയും ഫേസ് ബുക്കിലെയും ഗൂഗിളിലെയും റവന്യു കണ്ടിട്ട് നടത്താവുന്ന ബിസിനസ് അല്ല ഇതെന്നാണ്. ഒരു പരീക്ഷണം നടത്തി പോകാനാണെങ്കില്‍ ഒക്കെ.. എല്ലാം വിറ്റു പൊറുക്കി..ഇപ്പോള്‍ ഡിജിറ്റല്‍ മീഡിയയില്‍ ശാസ്ത്രീയമല്ലാതെ നിക്ഷേപിക്കുന്നത് ആത്മഹത്യാപരമാണ്. ഈ മേഖല പതുക്കെ പതുക്കെ കൈയൂക്കുള്ളവന്‍റെ (കൂടുതൽ പണമുള്ളവന്റെ) ബിസിനസ്സായി മാറി കൊണ്ടിരിക്കുകയാണ്. അതേ സമയം സ്വന്തം പോളിസിയിലും കഴിവിലും വിശ്വാസമുണ്ട്…ക്ഷമയുമുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ഡിജിറ്റല്‍ മീഡിയയില്‍ ചുവടുറിപ്പിക്കാന്‍ സാധിക്കും. അതേ ചുവട് ഉറപ്പിക്കാൻ മാത്രം…ശ്രദ്ധിക്കപ്പെടാൻ മാത്രം പറ്റും. അവരും കമേഴ്സ്യലായി സക്സസ് ആകുമെന്ന് ഉറപ്പില്ല. ഇന്നത്തെ സാഹചര്യത്തിൽ മീഡിയ സ്ഥാപനങ്ങളുടെ ഭാ​ഗമായവർക്ക് വളരാൻ എളുപ്പമാണ്. അതേ സമയം സ്വതന്ത്രബ്രാൻഡുകൾക്ക് നന്നായി കഷ്ടപ്പെടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. പുതുതായി രൂപപ്പെട്ടുവരുന്ന യുട്യൂബ് വസന്തം കാണുന്പോള്‍.. തോന്നിയ ചില ചിന്തകള്‍…

വേർഡ് പ്രസ്സിന്റെ സഹായത്തോടെ എങ്ങനെ ന്യൂസ് പോർട്ടൽ ഉണ്ടാക്കാം?

വേർഡ്പ്രസ് ബ്ലോഗുകൾ രണ്ടു രീതിയിൽ ഉണ്ടാക്കാം. വേർഡ് പ്രസ് ഡോട്ട് കോം എന്ന സൈറ്റ് കാണാം. ഇത് ബ്ലോഗർ പോലെ തന്നെയാണ്. വേർഡ് പ്രസ് തന്നെ ഒരുക്കുന്ന ഹോസ്റ്റിങാണ്. ഇത്തരം സൈറ്റുകളുടെ വെബ് അഡ്രസ് kerala.wordpress.com എന്ന രീതിയിലായിരിക്കും. നിങ്ങൾക്കു വേണമെങ്കിൽ ഒരു ഡൊമെയ്ൻ വാങ്ങി ആ പേര് കൊടുക്കാനുള്ള സൗകര്യവും ഉണ്ടാകും.

എന്താണ് ബ്ലോഗർ, വേർഡ്പ്രസ് ഡോട്ട് കോം എന്നിവയുടെ പോരായ്മ?
ഇതിലെ ഡാറ്റ(നിങ്ങൾ അപ് ലോഡ് ചെയ്യുന്ന ഉള്ളടക്കം)യുടെ കൺട്രോൾ നമ്മുടെ കൈവശമായിരിക്കില്ല. അതിന്റെ യഥാർത്ഥ ഉടമകൾ ബ്ലോഗറും വേർഡ്പ്രസ്സും തന്നെയാണ്. കൂടാതെ അതിനെ നമുക്ക് മാനേജ് ചെയ്യുക അത്ര എളുപ്പമല്ല. ഏതെങ്കിലും ഒരു ദിവസം ഈ സേവനം നിർത്തുകയാണെന്ന് ഗൂഗിളോ വേർഡ്പ്രസ് കമ്പനിയോ പ്രഖ്യാപിച്ചാൽ വെള്ളം കുടിയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഡിസൈൻ മാറ്റുന്നതിനും പ്ലഗിനുകൾ ഉപയോഗിക്കുന്നതിനും ഏറെ പരിമിതിയുണ്ട്. നിങ്ങൾക്ക് പരിപൂർണമായും നിങ്ങളുടെ ഉടമസ്ഥതയിലുള്ള നിങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റാണ് ലക്ഷ്യമെങ്കിൽ ഫ്രീ സേവനം ഉപയോഗിക്കുന്നത് ബുദ്ധിയാകില്ല.

കോഡുകൾ അടിയ്ക്കാൻ വേണ്ടത്ര പരിചയം ഇല്ല, അതേ സമയം മുകളിൽ പറഞ്ഞ ബ്ലോഗുകളുടെ എല്ലാ സൗകര്യവും വേണമെന്നാണ് ആഗ്രഹമെങ്കിൽ നിങ്ങൾക്ക് വേർഡ് പ്രസ്, ദ്രുപാൽ, ജൂംല എന്നീ ഓപ്പൺ സിഎംഎസ് ഉപയോഗിച്ച് മനോഹരമായ സൈറ്റുകൾ ഉണ്ടാക്കാം. ഇതിൽ താരതമ്യേന എളുപ്പം വേർഡ്പ്രസ് കോഡുകൾ ഡൗൺ ലോഡ് ചെയ്യാൻ wordpress.org ലാണ് പോകേണ്ടത്. ഏത് ലെവലിലുള്ള സൈറ്റും നമുക്ക് വേർഡ്പ്രസ്സിലൂടെ ഉണ്ടാക്കിയെടുക്കാം. കേരളത്തിൽ ഇന്ന് കൂണുകൾ പോലെ മുളച്ചു പൊന്തുന്ന അധിക ന്യൂസ് പോർട്ടലുകളും വേർഡ്പ്രസ്സിലാണെന്നതാണ് സത്യം. അപ്പോൾ നമുക്ക് വേർഡ് പ്രസ് ഉപയോഗിച്ച് ഒരു സൈറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ
1 ഡൊമെയ്ൻ
2 വേർഡ്പ്രസ് കോഡ്
3 ഹോസ്റ്റിങ്

വേർഡ് പ്രസ് ഉപയോഗിച്ച് ഒരു സൈറ്റ് ഉണ്ടാക്കുന്നതിന് ഒരു ഡൊമെയ്നും ഹോസ്റ്റിങും ആദ്യം സ്വന്തമാക്കണം. നിലവിൽ അധിക ഹോസ്റ്റിങ് ദാതാക്കളും വേർഡ് പ്രസ് ഒറ്റക്ലിക്കിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾസംഗതി എളുപ്പമാണ്. മാനുവലായി ചെയ്യേണ്ടി വരുമ്പോൾ വേർഡ്പ്രസ് ഡോട്ട് ഓർഗ് എന്ന സൈറ്റിൽ നിന്നും സോഫ്റ്റ് വെയർ ഡൗൺ ലോഡ് ചെയ്യണം. അതിനു ശേഷം കൺട്രോൾ പാനലിലൂടെ ഈ റാർ ഫയലിനെ ബ്രൗസ് ചെയ്ത് സെർവറിനുള്ളിൽ എത്തിക്കണം. ഇതിനു മുമ്പ് ചെയ്യേണ്ട ഒരു ജോലിയുണ്ട്. സെർവറിൽ ഡാറ്റാ ബേസ് ക്രിയേറ്റ് ചെയ്യണം. യൂസർനെയിം ഉണ്ടാക്കി ഡാറ്റാ ബേസുമായി ഘടിപ്പിക്കണം. ഡാറ്റാ ബേസ് നെയിം, യൂസർ നെയിം, പാസ് വേർഡ് എന്നിവ ഒരു നോട്ട് പാഡിൽ സൂക്ഷിച്ചുവെയ്ക്കുന്നത് നല്ലതാണ്.
ഇനി നേരത്തെ അപ് ലോഡ് ചെയ്തുവെച്ചിരിക്കുന്ന വേർഡ് പ്രസ് റാർ ഫയലിനെ അവിടെ വെച്ച് തന്നെ എക്സ്ട്രാക്ട് ചെയ്യാം. ഇത്തരത്തിൽ എക്സ്ട്രാക്ട് ചെയ്യുന്നത് വേർഡ്പ്രസ് എന്ന ഫോൾഡറിനുള്ളിൽ തന്നെയായിരിക്കും. ആ ഫോൾഡർ തുറന്ന് എല്ലാ ഫയലും സെലക്ട് ചെയ്ത് അവയെ റൂട്ടിലേക്ക് മൂവ് ചെയ്യണം.(എവിടെയാണോ വേർഡ്പ്രസ് ഫോൾഡർ ഉള്ളത്). അതോടെ വേർഡ് പ്രസ് എന്ന ഫോൾഡറും നേരത്തെ അപ് ലോഡ് ചെയ്ത റാർ ഫയലും നമുക്ക് ഡിലിറ്റ് ചെയ്യാം. വേർഡ്പ്രസ് എന്ന ഫോൾഡറിലെ കാര്യങ്ങളെല്ലാം റൂട്ടിലേക്ക് മൂവ് ചെയ്തുവെന്ന് ഉറപ്പാക്കണേ..
നിങ്ങളുടെ ഡൊമെയ്ൻ നെയിം നേരത്തെ തന്നെ ഹോസ്റ്റിങിലേക്ക് പോയിന്റ് ചെയ്തിട്ടുണ്ടാവണം. ഇനി നിങ്ങളുടെ വെബ് അഡ്രസ് (ഡൊമെൻ നെയിം) അടിച്ച് തുറക്കാൻ നോക്കൂ. സ്ക്രീനിൽ ഡാറ്റാ ബേസ് നെയിം തുടങ്ങിയ ചില കള്ളികൾ പൂരിപ്പിക്കാൻ പറയും. നിങ്ങൾ നേരത്തെ നോട്ട് പാഡിൽ സൂക്ഷിച്ചുവെച്ച കാര്യങ്ങൾ അവിടെ കൊടുക്കുക. വേർഡ്പ്രസ് കൺട്രോൾ ചെയ്യാനായി യൂസർ നെയിമും പാസ് വേർഡും ഉണ്ടാക്കാനുള്ള ഓപ്ഷൻ കാണിയ്ക്കും. ഈ യൂസർ നെയിമും പാസ് വേർഡുമാണ് ഇനി നിങ്ങൾ സ്ഥിരമായി ഉപയോഗിക്കേണ്ടത്. നേരത്തെയുള്ള ഡാറ്റാ ബേസ് ഡീറ്റെയിൽസ് ഭദ്രമായി എവിടെയെങ്കിലും എടുത്തുവെച്ചാൽ മതി. ഓർമയിൽ വെയ്ക്കേണ്ട കാര്യമില്ല. നിങ്ങളുടെ സൈറ്റ് റെഡിയായി…

എന്താണ് വേർഡ് പ്രസ് ഉപയോഗിച്ച് ന്യൂസ് പോർട്ടലുണ്ടാക്കുമ്പോഴുള്ള ദോഷങ്ങൾ?
വേർഡ് പ്രസ് സ്വതവേ ലോഡുള്ള കോഡാണ്. നിങ്ങളുടെ ന്യൂസ് പോർട്ടൽ പോപ്പുലർ ആയി വരുന്നതിനനുസരിച്ച് നിങ്ങളുടെ ഹോസ്റ്റിങ് ചാർജ് കൂടി കൊണ്ടേയിരിക്കും. അവസാനം ആമസോൺ ക്ലൗഡ് പോലുള്ള പ്ലാറ്റ് ഫോമിലേക്ക് നീങ്ങേണ്ടി വരും. ഡാറ്റ വർധിക്കുന്തോറും വേർഡ്പ്രസ് ന്യൂസ് പോർട്ടലുകൾ പ്രശ്നങ്ങൾ കാണിയ്ക്കും. ഇതെല്ലാം ട്രാഫിക്കുള്ളവരുടെ കാര്യമാണ്.. പക്ഷേ, എല്ലാവരും തുടങ്ങുന്നത് ട്രാഫിക്കിനുവേണ്ടിയും വരുമാനത്തിനുവേണ്ടിയുമാണല്ലോ? സീരിയസ്സായി ന്യൂസ് പോർട്ടലോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള വാണിജ്യ വെബ് സൈറ്രുകളോ തുടങ്ങാനാണ് പരിപാടിയെങ്കിൽ വേർഡ്പ്രസ് പോലുള്ള ഓപൺ സിഎംഎസ് പരിപാടിക്ക് പോകാതിരിക്കുന്നതാണ് നല്ലത്. അതല്ല, ചെറിയ തോതിൽ, അങ്ങനെ തട്ടിമുട്ടി പോയാൽ മതിയെങ്കിൽ വേർഡ്പ്രസും ദ്രുപാലും ജൂംലയും നല്ല ഓപ്ഷനാണ്.