Author Archives: shinod
ഓണ്‍ലൈനിലൂടെ പെട്ടെന്ന് പണക്കാരനാകാമോ?
മില്യനിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു വ്‌ളോഗറുടെ ഏറ്റവും പുതിയ വീഡിയോ കണ്ടതാണ് എനിക്ക് എന്റെ ഈ വീഡിയോ എടുക്കാന്‍ പ്രചോദനമായത്. ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്ന് നിങ്ങള്‍ക്ക് അതിവേഗം പണമുണ്ടാക്കാമെന്നാണ് പുള്ളി പറയുന്നത്. ഇതിനായി ചില ലിങ്കുകളും നല്‍കുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിനേക്കാളും നല്ലത്. നിങ്ങള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഡിജിറ്റല്‍ ലോകത്ത് സൗജന്യമായി ഒന്നുമില്ല. ആരെങ്കിലും എന്തെങ്കിലും നിങ്ങള്‍ക്ക് തരുന്നുണ്ടെങ്കില്‍ അതിനു പിറകില്‍ എന്തെങ്കിലും കാരണമുണ്ടാകും. ആ കാരണം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ അതിലേക്ക് ഇറങ്ങി ചെല്ലാതിരിക്കുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ അറിവില്ലായ്മയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.
നിങ്ങളുടെ ശ്രദ്ധ ഞാന്‍ ചൈനീസ് ആപ്പ് കുംഭകോണത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസ് കണ്ടുപിടിച്ചത് 150കോടിയുടെ തട്ടിപ്പാണ്. ഈ സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട് പോലിസ് ഏകദേശം 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആളുകളെ എളുപ്പത്തില്‍ പണക്കാരാക്കാമെന്ന മോഹനവാഗ്ദാനവുമായിട്ടാണ് ഇത്തരക്കാര്‍ വരുന്നത്. ഇതൊരു ആഗോള റാക്കറ്റാണ്. ചൈനക്കാര്‍ ഇതിനെ ഇന്ത്യക്കാരെ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഷെല്‍ കമ്പനികള്‍ ഉണ്ടാക്കി അത് ചൈനീസുകാര്‍ക്ക് കൈമാറിയാല്‍ രണ്ടോ മൂന്നോ ലക്ഷം രൂപ കിട്ടും. ഈ പണം കിട്ടാന്‍ വേണ്ടി ഒട്ടേറെ കമ്പനികളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയില്‍ പിടി കൂടിയ ആളുകള്‍ ഏകദേശം അഞ്ച് ലക്ഷം പേരെയാണ് പറ്റിച്ചത്.
സര്‍ക്കാര്‍ സംവിധാനവും ഗൂഗിളും മോണിറ്ററിങ് ശക്തമാക്കിയതോടെ ടെലഗ്രാം, വാട്ട്‌സ് ആപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് ഇത്തരം കമ്പനികള്‍ തട്ടിപ്പ് നടത്തുന്നത്. പ്രധാനമായും യുപിഐ, ട്രാന്‍സാക്ഷന്‍ ഐഡികള്‍, ബാങ്ക് എക്കൗണ്ട് വിവരങ്ങളാണ് സ്‌പൈ അപ്ലിക്കേഷനുകളിലൂടെ അടിച്ചു മാറ്റുന്നത്. പണവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അടിസ്ഥാന വിവരങ്ങളും എല്ലാവരും കൃത്യമായി നല്‍കും. പ്ലേ സ്റ്റോറില്‍ നിന്നും ആദ്യം ഡൗണ്‍ ലോഡ് ചെയ്യുന്ന ആപ്പും സുരക്ഷിതമായിരിക്കും. എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ അവര്‍ നിങ്ങളെ വഴിതെറ്റിച്ച് വിടും. ഇതോടെ വേണ്ട വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യും.
ഉദാഹരണം ആ പ്രമുഖ ബ്ലോഗറുടെ വീഡിയോയില്‍ പറയുന്ന ആപ്പിനെ കുറിച്ചും ഒട്ടേറെ നെഗറ്റീവ് വീഡിയോകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. റീച്ചാര്‍ജ് ഓപ്ഷനുകളിലൂടെയാണ് പലപ്പോഴും ഇത്തരം ആളുകളെ ആകര്‍ഷിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് വീടിനുള്ളില്‍ ഇരിയ്ക്കുന്നവര്‍, ഓണ്‍ലൈനില്‍ കൂടുതല്‍ സജീവമായതുകൊണ്ട്.. റീച്ചാര്‍ജ് എന്ന ഓഫര്‍ ആളുകളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ ഞാന്‍ പറഞ്ഞു..ഡിജിറ്റല്‍ ലോകത്ത് ഒന്നും സൗജന്യമല്ല.
പിന്നെ രണ്ടാമത്തെ കാര്യം..പണമുള്ളവന് കൂടുതല്‍ പണമുണ്ടാക്കാന്‍ എളുപ്പമാണ്. എന്നാല്‍ വരവും ചെലവും കൂട്ടിമുട്ടിയ്ക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് പണമുണ്ടാക്കല്‍ അത്ര എളുപ്പമായിരിക്കില്ല. ഇത്തരക്കാരുടെ സ്വപ്‌നങ്ങളെയാണ് ഈ തട്ടിപ്പുകാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ചെറിയ ചെറിയ അപ്പക്കഷണങ്ങള്‍ എറിഞ്ഞു…വലിയ ചൂണ്ടയിട്ട് അവര്‍ കാത്തിരിക്കും. കരുതിയിരിക്കുക.. വ്‌ളോഗര്‍മാരോടെ എനിക്ക് പറയാനുള്ളത്, ജനങ്ങള്‍ക്ക് നിങ്ങള്‍ക്ക് നല്‍കിയ വിശ്വാസമാണ് നിങ്ങളുടെ സബ്‌സ്‌ക്രൈബേഴ്‌സ് നമ്പര്‍…അതിനെ തകര്‍ക്കുന്ന രീതിയിലുള്ള ആക്ടിവിറ്റികള്‍ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകരുത്.. വിശാസമാണ് എല്ലാം. അഫിലിയേറ്റ് ലിങ്കില്‍ നിന്നു കിട്ടുന്ന ആയിരങ്ങളേക്കാള്‍ വിലയുണ്ടതിന്..പരസ്യങ്ങളില്ലാതെ മുന്നോട്ടുപോകാനാകില്ല. എങ്കിലും ചില പോളിസികള്‍ സ്വീകരിക്കുന്നത് നല്ലതാണ്. അത് ഈ സമൂഹത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്.
നെഗറ്റീവ് ചിന്തകളെ മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം
മൊബൈൽ ഫോൺ കൂടുതൽ ഉപയോഗിച്ചാൽ എന്തു സംഭവിക്കും?
മൊബൈൽ ഫോണിന്റെ വരവ് എല്ലാ കാര്യങ്ങളും എളുപ്പാക്കിയിട്ടുണ്ട്. പോസിറ്റീവായ ഒട്ടേറെ കാര്യങ്ങൾക്കൊപ്പം ചില നെഗറ്റീവ് സംഗതികളുമുണ്ട്. ഓൺ ലൈൻ ക്ലാസ്സുകളുടെ കാലമാണ്. കൂട്ടികൾ മൊബൈൽ ഉപയോഗിക്കുന്ന വേഗത കണ്ട് അഭിമാനിക്കുന്ന രക്ഷിതാക്കൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികൾ കരയുന്നത് ഒഴിവാക്കാൻ മൊബൈൽ കൊടുക്കുന്ന പ്രിയപ്പെട്ടവർ തിരിച്ചറിയേണ്ട ചില സംഗതികളുണ്ട്. താഴെ പറയുന്ന കണ്ടീഷനിൽ എത്തിയാൽ നമ്മൾ അവരിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി മാറ്റിവെയ്ക്കണം. എന്നിട്ട് നിയന്ത്രിതമായ രീതിയിൽ കൊടുക്കാൻ ശ്രമിക്കണം. മുതിര്‍ന്നവരും ഇതിനു സമാനമായ മാനസികാവസ്ഥയിലൂടെ കടന്നുപോകും.
ഏകാഗ്രത കുറയുന്നത്
തുടർച്ചയായി മൊബൈൽ ഉപയോഗിക്കുന്നത് ഏകാഗ്രത നശിപ്പിക്കും. ഹോം വർക്ക് ചെയ്യുന്നതിലും റിവിഷൻ നടത്തുന്നതിലും തുടർച്ചയായി വീഴ്ച വരുത്തുന്നുവെങ്കിൽ സൂക്ഷിക്കേണ്ട സംഗതിയാണ്. നിശ്ചിത ഇടവേളകളിൽ മൊബൈൽ കൈയിലെടുക്കുക, ടിവി കാണുമ്പോഴും മൊബൈൽ നോക്കിയിരിക്കുക, മറ്റു കുട്ടികൾ കളിയ്ക്കുമ്പോഴും നിങ്ങളുടെ കുട്ടികളുടെ കൈയിൽ മൊബൈലുമായി ഇരിയ്ക്കുക. .ഇങ്ങനെയൊക്കെയാണെങ്കില്‍.എത്രയും വേഗം മൊബൈലും കുട്ടിയും തമ്മിലുള്ള അകലം കൂട്ടികൊണ്ടു വരേണ്ടതുണ്ട്. ഇത് വലിയവർക്കും ബാധകമാണ്. അവരുടെ കാര്യത്തിൽ ഹോം വർക്ക്, റിവിഷൻ എന്നിവ മാറ്റിപിടിച്ചാൽ മതി.
ഫൊമോ
ഫിയർ ഓഫ് മിസ്സിങ് ഔട്ട് (FOMO). മുതിർന്നവരിലാണ് ഇത് കൂടുതൽ കണ്ടു വരുന്നത്. വെരുതെ ഇരിയ്ക്കുമ്പോൾ ഫോൺ അടിയ്ക്കുന്നുണ്ടോ എന്ന് തോന്നുക. ഇരിയ്ക്കുന്ന അടുത്ത് തന്നെ ഫോൺ കൊണ്ടു വെയ്ക്കുക. എന്നുവെച്ചാൽ ഫോൺ ഇല്ലെങ്കിൽ എന്തൊക്കെയോ നഷ്ടപ്പെടന്നുണ്ടോ എന്നൊരു തോന്നൽ വരിക. ഇത്തരക്കാർ സോഷ്യൽ മീഡിയയിലും ഏറെ സജീവമായിരിക്കും. മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്ന ഉത്കണ്ഠ കൂടുതലായിരിക്കും. ജോലികൾ ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും ഇത്തരക്കാർ നിരന്തരം ഫോൺ പരിശോധിച്ചു കൊണ്ടിരിക്കും. ഇത്തരം ഫോമോ ഉള്ളവരുടെ മാനസികാവസ്ഥ എപ്പോഴും ഇത്തിരി ഡൗണായിരിക്കും. ഇത് മറികടക്കുക എളുപ്പമാണ്. മൾട്ടി ടാസ്കിങ് ഒഴിവാക്കുകയോ സോഷ്യൽമീഡിയ സമയം ലഘൂകരിക്കുകയോ ചെയ്താൽ മതി.
ഓർമശക്തിയെ ബാധിക്കും
ഫോൺ സന്ദേശങ്ങളും അലെർട്ടുകളും പഠനത്തെ ശല്യപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. പലപ്പോഴും പഠനത്തിന്റെ ഭാഗമായ ആക്ടിവിറ്റികളിൽ പലതും കുട്ടികൾ മറക്കാൻ ഇത് ഇടയാക്കും. മൊബൈല്‍ വികിരണങ്ങൾ ഓർമശക്തിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ പോലും വ്യക്തമാക്കുന്നു. തുടർച്ചയായ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരിൽ മറ്റുള്ള കുട്ടികളേക്കാളും മെമ്മറി കുറവായിരിക്കും. ഇവരുടെ റെസ്പോൺസും പതുക്കെയായിരിക്കും. നിങ്ങളുടെ കുട്ടികളെ ഓൺലൈൻ ക്ലാസ്സുകൾ സജീവമായ ഈ കാലത്ത് സൂഷ്മമമായി നിരീക്ഷിക്കുന്നത് നല്ലതാണ്.
വളച്ചൊടിയ്ക്കുന്ന വസ്തുതകൾ
പലപ്പോഴും വികലമാക്കപ്പെട്ട കാഴ്ചയാണ് സോഷ്യൽ മീഡിയകളിലൂടെ കുട്ടികൾക്കു ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഒഴുകിയെത്തുന്ന കാര്യങ്ങൾ അതേ പോലെ വിശ്വസിക്കുന്നവരുണ്ട്. തെറ്റായ കാര്യങ്ങളെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്യുന്നതോടെ പ്രശ്നങ്ങൾ തുടങ്ങും. പലപ്പോഴും ഭയവും നിരാശയുമാണ് സോഷ്യൽ മീഡിയ പലരുടയും മനസ്സുകളിലേക്ക് പകർത്തുന്നത്. ‘ഫൊമോ’ ക്രിയേറ്റ് ചെയ്യുന്നതിനും ഇതിലൂടെ സാധ്യതയുണ്ട്.
കടുത്ത മാനസിക സമ്മർദ്ദം
തുടർച്ചയായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നമ്മുടെ മാനസികാരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. ഏകാന്തത, ആത്മവിശ്വാസമില്ലായ്മ എന്നിവയിലൂടെയായിരിക്കും തുടക്കം. മൊബൈൽ ഉപയോഗിക്കാൻ സാധിക്കാതെ വന്നാൽ ദേഷ്യവും നിരാശയും അക്ഷമയും കാണിയ്ക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.
ഉറക്കത്തെ ഇല്ലാതാക്കും.
20 മിനിറ്റിലധികം തുടർച്ചയായി ഫോൺ ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ക്വാളിറ്റിയിൽ വ്യത്യാസം വരുത്തുമെന്ന് പഠനങ്ങൾ തളിയിച്ചിട്ടുണ്ട്. നല്ല ഉറക്കം കിട്ടാൻ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോൺ, ലാപ് ടോപ്പ്, ടിവി പോലുള്ള സ്ക്രീനുകൾക്ക് മുന്നിൽ അധിക സമയം ഇരിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇത്തരം ബ്രൈറ്റ് സ്ക്രീനുകൾ നിങ്ങളുടെ ഉറക്കത്തെയും ഹൈജാക്ക് ചെയ്യുമെന്ന് തീർച്ച.
വിദേശരാജ്യങ്ങളിലെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചപ്പോള്‍ കുട്ടികളുടെ പ്രകടനത്തില്‍ വന്‍ വ്യത്യാസം വന്നിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. പരിപൂര്‍ണമായും മൊബൈല്‍ ഉപേക്ഷിക്കുക പ്രായോഗികമല്ലെങ്കിലും നമുക്ക് സ്വയം ചില നിയന്ത്രണങ്ങളൊക്കെ കൊണ്ടുവരുന്നത് നല്ലതാണ്.. ഒരു ഫെയര്‍ യൂസേജ് പോളിസി വേണമെന്ന് ചുരുക്കം.
നിങ്ങള്‍ നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ടോ?
“Enjoy your own life without comparing it with that of another.” – Marquis de Condorcet
നമ്മുടെ ജീവിതം നമ്മൾ തിരഞ്ഞെടുക്കുന്നതാണ്. അല്ലാതെ മറ്റുള്ളവരോ ചുറ്റുപ്പാടോ തീരുമാനിക്കുന്നതല്ല. ആത്മാര്‍ത്ഥമായി വിചാരിച്ചാൽ ജീവിതത്തിൽ നിങ്ങൾക്കു എന്തും നേടിയെടുക്കാൻ സാധിക്കും. എന്നാൽ ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കില്ല. പലതും നമുക്ക് തീർച്ചയായും നഷ്ടപ്പെടും..
മറ്റുള്ളവരോട് നമ്മളെ താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ ആദ്യം ആലോചിക്കേണ്ട കാര്യവും ഇതാണ്. നമ്മൾ ജീവിതത്തിൽ ചിലതെല്ലാം നേടിയിട്ടുണ്ട്. മറ്റുള്ളവരും. അവരുടെ ഏറ്റവും മികച്ച സംഗതികളെ നമ്മുടെ ശരാശരി കാര്യങ്ങളുമായി താരതമ്യം ചെയ്യുന്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇടംകൈകൊണ്ട് നന്നായി ബാഡ്മിന്റൺ കളിയ്ക്കുന്ന ഒരാളെ നമ്മൾ നിർബന്ധിച്ച് വലം കൈകൊണ്ട് മറ്റൊരു വലംകൈയ്യനുമായി കളിയ്ക്കാൻ വിട്ടാൽ എങ്ങനെയിരിക്കും. തീർച്ചയായും അതു തന്നെയാണ് നമ്മൾ നമ്മളെ മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ നടക്കുന്നത്. വ്യക്തികളെ വ്യക്തികളുമായി താരതമ്യം ചെയ്യുന്നത് തീര്‍ത്തും അശാസ്ത്രീയമായ കാര്യമാണ്.
രണ്ടു വ്യക്തികളെ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് എപ്പോഴും സന്തോഷമില്ലായ്മയ്ക്ക് കാരണമാകുമെന്ന് തിരിച്ചറിയണം. നിങ്ങൾ നിങ്ങളായിരിക്കുമ്പോൾ, മറ്റുള്ളവരോട് താരതമ്യം ചെയ്യുന്നത് തീർത്തും യുക്തിപരമല്ല. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ എവിടെയാണ് നിൽക്കുന്നതെന്നു മാത്രമാണ് തിരിച്ചറിയേണ്ടത്. അതിനു ശേഷം ശ്രദ്ധിക്കേണ്ടത്. ഇപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും? നിങ്ങളെ നിങ്ങൾക്ക് എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കും അല്ലാതെ അവരെ പോലെ ആകണമെന്നല്ല ചിന്തിക്കേണ്ടത്. അത്തരം അനുകരണ ചിന്തകളും വാശികളും കടന്നു വന്നാൽ അത് നമ്മുടെ ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലേക്ക് കൊണ്ടു പോകും.
മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? എങ്കിൽ അതു വളരെ മോശം ചിന്തയാണ്. അവർ ചിന്തിക്കുന്നതു പോലെ നിങ്ങൾ ചിന്തിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ പ്രശ്നം ഉയർന്നു വരുന്നത്. അവരുടെ പരിചയസമ്പത്തും പ്രതീക്ഷകളും ചേർത്തു കാഴ്ചമങ്ങിപ്പിച്ച ഒരു കണ്ണടയിലൂടെ തന്നെ നിങ്ങളും നോക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവിടെയാണ് നിങ്ങൾക്ക് ഒരു നിലപാട് ഉണ്ടായിരിക്കേണ്ടത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ മത്സരിക്കാനോ ഉള്ളതല്ല എൻറെ ജീവിതം എന്നു തിരിച്ചറിയാൻ സാധിക്കണം.
ഇതിനർത്ഥം നല്ല ഉപദേശങ്ങൾ നൽകുന്നവരെ നിരാകരിക്കണം എന്നല്ല. നിങ്ങളുടെ ജീവിതത്തിന് മുതൽക്കൂട്ടാകുന്ന കാര്യങ്ങളെ തിരിച്ചറിയാൻ സാധിക്കണം. കാരണം നിങ്ങളുടെ ജീവിതം നിങ്ങളുടെ മാത്രമാണ്. അതുകൊണ്ട് മനസ്സിൽ വ്യക്തികളുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. നിങ്ങൾ നിങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന്, അവിടെ എന്താണ് ആവശ്യമെന്ന് തിരിച്ചറിയാൻ ശ്രമിക്കണം. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാനും കളിയ്ക്കാനും എളുപ്പമാണ്.
എന്നാൽ സ്വന്തം ജീവിതത്തിൽ ഒരു പ്ലാനുണ്ടാക്കുകയെന്നത് നിങ്ങൾക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്. ആ പ്ലാനിൽ വേണം നിങ്ങൾ ജീവിയ്ക്കാൻ. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സംഭവിക്കുന്നത് നമ്മുടെ മനസ്സിനുള്ളിൽ നിന്നു തന്നെയാണ്. നിങ്ങൾക്ക് മാത്രം നന്നായി ചെയ്യാൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയണം. നിങ്ങൾ നിങ്ങളെ താരതമ്യം ചെയ്യേണ്ടത്..നിങ്ങളുടെ തന്നെ ഇന്നലെയുമായാണ്. എന്തു വ്യത്യാസം നിങ്ങളിൽ ഉണ്ടായെന്നും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും ഈ താരതമ്യത്തിലൂടെയാണ് കണ്ടെത്തേണ്ടത്. അല്ലാതെ മറ്റേതെങ്കിലും വ്യക്തിയെ നോക്കിയായിരിക്കരുത് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടത്. നിങ്ങൾ നിങ്ങളായിരിക്കുക. താരതമ്യം നിങ്ങളെ ദുഖത്തിലേക്കു മാത്രമേ നയിക്കൂ..
ഇത്രയും കാലം ജീവിച്ചതിനും ഇങ്ങനെ ജീവിയ്ക്കാൻ സാധിച്ചതിനും അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെയൊക്കെ ജീവിയ്ക്കാൻ കഴിയുന്നതിൽ ആശ്വസിക്കാറുണ്ട്. കാരണം ഇത്രയും കാലം ജീവിച്ചതെല്ലാം എന്റെ സ്വന്തം ഇഷ്ടത്തിനാണ്. .നൂറു ശതമാനവും എന്റെ തീരുമാനങ്ങൾ തന്നെയാണ് എന്നെ മുന്നോട്ട് നയിച്ചിരുന്നത്. പോളിസികളിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ കാലാ കാലങ്ങളിൽ തിരുത്തലുകളും വരുത്താറുണ്ട്. അറിവ് നേടാനുള്ള അവസരങ്ങളൊന്നും തന്നെ നഷ്ടപ്പെടുത്താറുമില്ല. പറഞ്ഞു വരുന്നത്..നിങ്ങള്‍ നിങ്ങളെ മെച്ചപ്പെടുത്തി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനാണ് നോക്കേണ്ടത് എന്നാണ്..തളര്‍ന്നിരിക്കരുത്.. പോരാടൂ.. തോല്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്നാല്‍ തോല്‍വികളില്‍ നിന്നും ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരുന്നിടത്താണ് മിടുക്ക്..
ഇത്തവണ ഒരേ ഒരു റസല്യൂഷൻ, ഇതെങ്കിലും നടന്നാ മതിയായിരുന്നു
ഒട്ടേറെ റസല്യൂഷൻസ് എടുത്ത് ഒന്നും നടക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ ഒരു റസല്യൂഷൻ മാത്രമെടുത്ത് അത് നടപ്പാക്കുന്നത്. അത് എന്തായിരിക്കണം? ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അതിനുള്ള ഉത്തരം കിട്ടി. വർഷങ്ങളായി ലിസ്റ്റിൽ സ്ഥിരമായി സ്ഥാനം പിടിച്ചിരുന്ന സംഗതിയാണെങ്കിലും ഓരോ വർഷം കൂടുന്തോറും അതിന്റെ പ്രാധാന്യം കൂടി വരികയാണ്..
എന്താണ് വർക്ക് ലൈഫ് ബാലൻസ്?
ജീവിതവും ജോലിയും തമ്മിൽ ഒരു ബാലൻസിൽ കൊണ്ടു പോവുകയെന്നതു തന്നെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കോർപ്പറേറ്റ് അന്തരീക്ഷത്തിൽ ലൈഫിന് കൂടുതൽ പ്രാധാന്യം നൽകിയാൽ ജോലി പോകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ജോലിക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ കടുത്ത മാനസിക സംഘർഷത്തിലേക്കും ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അത് നമ്മളെ നയിക്കും.
ഹൈപ്പർ ടെൻഷൻ തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇരിയ്ക്കുന്ന ജോലി ചെയ്യുന്നവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദഹന പ്രക്രിയയിലുള്ള പ്രശ്‌നങ്ങൾ, ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടാൻ തുടങ്ങും. വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കും ഉറക്കമില്ലായ്മയിലേക്കും നീങ്ങാൻ തുടങ്ങുന്നതോടെ ജോലി ശരീരത്തെ ബാധിച്ചു തുടങ്ങിയെന്നു വേണം മനസ്സിലാക്കാൻ. അപ്പോ ഈ വർക്കിനെയും ലൈഫിനെയും സുന്ദരമായി ബാലൻസ് ചെയ്യുകയെന്നതാണ് വർക്ക് ലൈഫ് ബാലൻസ്.
എങ്ങനെ നടപ്പാക്കും?
അഡിക്ഷൻ ആയ അവസ്ഥ മാറ്റുകയെന്നതാണ് ഒന്നാമത്തെ കാര്യം. ഞാൻ കംപ്യൂട്ടറിന് മുന്നിൽ നിന്ന് എണീറ്റാൽ ലോകം ഇടിഞ്ഞു വീഴുമെന്ന് ചിന്തിക്കുന്ന രീതിയങ്ങ് മാറ്റണം. ഡിസംബറിൽ തന്നെ ഇക്കാര്യത്തിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിൽ നിന്നും പോസിറ്റീവായ ഒട്ടേറെ പാഠങ്ങൾ ലഭിച്ചിരുന്നു. വീടിനുള്ളിലിരുന്നാൽ കംപ്യൂട്ടറിന് മുന്നിൽ തന്നെയാകുമെന്നുറപ്പാണ്.
1 യാത്രകൾ എന്നും ഇഷ്ടമാണ്. വെറുതെ യാത്ര ചെയ്യുക. തനിച്ചോ ഫ്രീക്വൻസി മാച്ചാകുമെന്ന് വിശ്വസിക്കുന്നവരുടെ കൂടെയോ മാത്രം. ഇതാണ് ഏറ്റവും എളുപ്പവും നടക്കാൻ സാധ്യതയുള്ളതുമായ മാർഗ്ഗം. കാരണം യാത്ര എന്നും ത്രില്ലാണ്.
2 വീട്ടിലാണെങ്കിലും ഞാനെന്റെ ലോകത്തായിരിക്കും. ഇതിനു പകരം ഫാമിലി ടൈം കൂട്ടുക. ഇക്കാര്യത്തിൽ ഒരു പോസിറ്റീവ് സംഗതിയുണ്ട്. കുട്ടികൾ വലുതാകുന്നതിന് അനുസരിച്ച് ഇത് ഓട്ടോമാറ്റിക്കായി വരുന്നുണ്ട്. അവർ സമയം ഡിമാന്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. മാസത്തിലൊരിക്കലെങ്കിലും ഇവരുമായി യാത്ര ചെയ്യുക.
3 ഡിജിറ്റൽ വായനയ്ക്കു പകരം പുസ്തക വായനയ്ക്കു വേണ്ടി ശ്രമിക്കുക.
4 നടത്തം, സൈക്ക്‌ളിങ് എന്ന ആക്ടിവിറ്റികൾ ആരോഗ്യത്തിന് എന്നതിനേക്കാൾ പുറത്തേക്ക് ഇറങ്ങാനുള്ള കാരണങ്ങാക്കി മാറ്റുക. നിശ്ചിത ഇടവേളകൾ നിർബന്ധമായും എടുക്കുക.
5 അത്യാവശ്യം ഫാമിലി ഫങ്ഷനുകളിലും പ്രോഗ്രാമുകളിലും പങ്കെടുക്കുക. തുരുത്തായി മാറാനുള്ള ടെൻഡൻസി ഒഴിവാക്കുകയും കുട്ടികളെ ഇത്തരം കൂട്ടായ്മകൾ പരിചയപ്പെടുത്തുകയും ചെയ്യുക.
അപ്പോ ഒരേ ഒരു റസല്യൂഷൻ..ഇത് നടക്കുമെന്ന് തോന്നുന്നു. അതിനു കാരണം ഡിസംബറിൽ നടത്തിയ ടെസ്റ്റ് ഡോസ് വൻ സക്‌സസായിരുന്നു. നടന്നാൽ എനിക്ക് നന്ന്….അത്ര മാത്രം.
നമ്മൾ അവരെ വിളിക്കാറുണ്ട്, പക്ഷേ, അവർ നമ്മളെ വിളിക്കാറില്ല
സോഷ്യൽ മീഡിയയിൽ ഇത്തിരി അച്ചടക്കം പാലിച്ചു തുടങ്ങിയതിനു ശേഷമാണ് ഫോൺ കോളുകളുടെ എണ്ണത്തിൽ കൂടി മിതത്വം ആവാമെന്ന ചിന്ത കടന്നുവന്നത്. ഔദ്യോഗിക കോളുകൾ എന്തായാലും ഒഴിവാക്കാനാകില്ല. പിന്നെ, ഒഴിവാക്കാനുള്ളത് പേഴ്സണൽ കോളുകളാണ്. ഇത്തരം കോളുകൾ വിശകലനം ചെയ്തു നോക്കിയപ്പോഴാണ് വിചിത്രമായ ഒരു സംഗതി കണ്ടെത്തിയത്.
വിളിക്കുന്ന ഒട്ടേറെ കോളുകൾ ഏകപക്ഷീയമാണ്. ഭൂരിഭാഗം സമയത്തും ഞാനാണ് അങ്ങോട്ട് വിളിക്കുന്നത്. തിരിച്ച് ഇങ്ങോട്ട് വിളിച്ചിട്ടുള്ളത് അപൂർവ സമയങ്ങളിൽ മാത്രം. ഇതിനർത്ഥം അവർക്ക് നമ്മളോട് സ്നേഹമില്ല എന്നൊന്നുമല്ല. പക്ഷേ, അവരുടെ പ്രയോറിറ്റികൾ മാറിയെന്നതാണ്. എന്നാൽ മറ്റൊരു രീതിയിൽ ആലോചിക്കുമ്പോൾ ആ സൗഹൃദത്തിന്റെ ചരടിനെ വൺവേ ട്രാഫിക്കിലൂടെ ഘടിപ്പിച്ചിടുന്നുവെന്നതല്ലേ സത്യം. അവർക്ക് നമ്മൾ പ്രിയപ്പെട്ടതാണെങ്കിൽ അവർ നമ്മളെ വിളിക്കില്ലേ… അപ്പോൾ നമ്മുടെ കോളുകൾ അവർക്ക് ശല്യപ്പെടുത്തലായി മാറുകയല്ലേ ചെയ്യുന്നത്.
ഇന്റർനെറ്റും ഫോൺ കോളുമില്ലാതെ ഒരു കാട്ടിനുള്ളിൽ രണ്ടു ദിവസം തനിച്ചിരിക്കുമ്പോൾ മനസ്സിലേക്ക് വന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ചിലർ പറയാറുണ്ട്. ഫോൺ എന്നത് ഒരു അതിക്രമിച്ചു കടക്കലാണെന്ന്. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു ചെന്ന് അയാളോട് സംസാരിക്കാനും ചോദ്യങ്ങൾക്ക് മറുപടി പറയാനും ആവശ്യപ്പെടുകയല്ലേ നമ്മൾ ചെയ്യുന്നത്. അവർ എന്താണോ അത്രയും നേരം ചെയ്തു കൊണ്ടിരിക്കുന്നത് അതെല്ലാം നിർത്തിവെച്ച് താരതമ്യേന അപ്രധാനമായ നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുകയല്ലേ ചെയ്യുന്നത്.
തീർച്ചയായും പഴയകാല സൗഹൃദം നിലനിർത്താൻ വേണ്ടി നടത്തുന്ന കോളുകളുടെ എണ്ണം ഇനി ക്രമാതീതമായി വെട്ടിക്കുറയ്ക്കണം. അതേ സമയം ഇങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിളിച്ചു കൊണ്ടിരിക്കുന്നവരെ തിരിച്ചും വിളിക്കാം. ചിലരോട് സംസാരിക്കാൻ തോന്നിയാൽ അവർക്ക് ഒരു എസ്എംഎസോ വാട്സ് ആപ്പ് മെസ്സേജോ അയച്ച് ചോദിക്കാം. ഫ്രീയാകുന്പോൾ അറിയിച്ചാൽ നമുക്ക് സംസാരിക്കാം. അതിനു മറുപടി കിട്ടുകയാണെങ്കിൽ മാത്രം അത്തരം സൗഹൃദങ്ങളുമായി ഫോണിലൂടെ കണക്ട് ചെയ്താൽ മതി. എന്നാൽ ചിലർ നമ്മൾ ബിസിയായിരിക്കുമെന്ന് കരുതി വിളിക്കാത്തവരുണ്ട്. അവരെ തിരിച്ചറിയാനും പറ്റണം.
ആരൊക്കെയാണ് ശരിയായ ഫ്രണ്ട്സ് എന്നത് പ്രതിസന്ധി കാലത്ത് തിരിച്ചറിഞ്ഞതാണ്. പലപ്പോഴും നമ്മൾ വിചാരിക്കും അവർ നമ്മുടെ ക്ലോസ് ഫ്രണ്ട്സാണെന്ന്. അത് അവരുടെ അന്നത്തെ ആവശ്യവും ശരിയുമായിരുന്നു. ഇന്ന് അവർക്ക് പുതിയ ആവശ്യങ്ങളും സൗഹൃദങ്ങളും ഉണ്ട്. തീർച്ചയായും പ്രയോറിറ്റിയിൽ വന്നിട്ടുള്ള ഈ വ്യത്യാസം അംഗീകരിക്കാൻ നമ്മൾ തയ്യാറാകണം.
ചിലർ പറയുന്നത് മറ്റൊരു കാര്യമാണ്. ക്ലോസ് ഫ്രണ്ട്സ് ഇല്ലാത്തവരാണ് ഇത്തരത്തിൽ നിരന്തരം കോളുകൾ ചെയ്യുകയെന്നതാണ്. അവർക്ക് ആരോടെങ്കിലും സംസാരിക്കണം. അതിനായിട്ടുള്ള ശ്രമമാണ് അവർ നടത്തുന്നത്. മറുഭാഗത്ത് ഇരിയ്ക്കുന്നവരുടെ മാനസിക വ്യാപാരം എന്താണെന്നോ അവർ തിരിച്ചു വിളിക്കുന്നുണ്ടോ എന്നും ഇത്തരക്കാർ ചിന്തിക്കുന്നില്ല. നമ്മൾ ഇതിൽ ഏത് കാറ്റഗറിയിൽ വരുമെന്നതിനേക്കാളും അനാവശ്യമായ കോളുകൾ ഒഴിവാക്കണം. മണിക്കൂറോളം നീണ്ട സംസാരങ്ങൾ കുറയ്ക്കണം, എന്നീ പോയിൻറുകൾക്കാണ് പ്രസക്തി.. (ഇതെല്ലാം പേഴ്സണൽ കോളുകളുടെ കാര്യത്തിലാണ്. ഓഫീസ് കാര്യത്തിൽ നമ്മൾ ആവശ്യക്കാരാണ്. നമ്മൾ ഔചിത്യം കാണിക്കേണ്ട കാര്യമില്ല).
എന്താണ് നിങ്ങളുടെ സോഷ്യല്‍മീഡിയ സ്ട്രാറ്റജി?
ഈ ചോദ്യം നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിച്ചിട്ടുണ്ടോ? ഞാന്‍ പല തവണ ചോദിച്ചിട്ടുണ്ട്? ഞാന്‍ ഏതെങ്കിലും ഒരു ഫോട്ടോ എടുക്കുന്നത് കണ്ടാല്‍..ഓ..അച്ഛന് ഫേസ് ബുക്കിലേക്ക് ഒരു ഐറ്റമായി..ഇതാണ് പാറുവിന്റെ പോലും ഫസ്റ്റ് ഡയലോഗ്… (ചിലപ്പോ നമ്മള്‍ വെറുതെ എടുത്തതാകും. എങ്കിലും ഈ ചോദ്യം പ്രതീക്ഷിക്കണം. .വൈഫിന് സോഷ്യല്‍ മീഡിയ ക്രേസൊന്നുമില്ല. പലപ്പോഴും ഞാന്‍ ടാഗ് ചെയ്തു കൊണ്ടു വരുന്നതാണ്.. തീര്‍ച്ചയായും ഇതിലൊരു പ്ലാനിങ് വേണമെന്ന് കുറെ കാലമായി ആഗ്രഹിക്കാറുണ്ട്.
കണക്ടഡായ ഒരു ലോകം.
ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാത്ത ഒരു കൂടിച്ചേരലാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. തുല്യതയും ആശയസംവാദവും സാധ്യമാക്കുന്ന ഒരു റിയല്‍ ടൈം ടൂള്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഇന്നത് മൊത്തം കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു.
പലപ്പോഴും നമ്മുടെ സമയം കളയുന്നതില്‍ ഇത് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ചിലരെല്ലാം സോഷ്യല്‍ മീഡിയകളില്‍ നിന്ന് ബ്രെയ്ക്ക് എടുക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ മീഡിയ എഡിറ്റര്‍ എന്ന രീതിയില്‍ എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് പരിപൂര്‍ണമായും പിന്‍വാങ്ങാനാകില്ല. കാരണം അതെന്റെ ജോലിയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെ കുറിച്ച് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആലോചിക്കുകയായിരുന്നു. നടക്കുമോ എന്നത് വേറെ കാര്യം..
ഈ പ്രൊഫൈലില്‍ രാഷ്ട്രീയം പറയില്ലെന്നതാണ് ഒന്നാമത്തെ തീരുമാനം. കുടുംബപരം ആയ പോസ്റ്റുകളെ വെട്ടിച്ചുരുക്കുകയെന്നതാണ് മറ്റൊരു തീരുമാനം. മൊത്തം പോസ്റ്റുകളുടെ എണ്ണവും ഇന്‍ട്രാക്ഷനും ഗണ്യമായി കുറയ്ക്കും. തീര്‍ത്തും വ്യക്തിപരമല്ലാത്ത വീഡിയോകള്‍ ചെയ്യും.
https://www.facebook.com/shinodedakkad/ ഇതാണ് സ്വന്തം പേരിലുള്ള പേജ്. ഇതില്‍ കൂടുതല്‍ ആക്ടീവാകും. ഇതിലും പേഴ്‌സണല്‍ കാര്യങ്ങള്‍ ഇടില്ല. പോസ്റ്റ് ചെയ്യാന്‍ വല്ലതും ഉണ്ടെങ്കില്‍ മാത്രം പോസ്റ്റ് ചെയ്യും. തയ്യാറാക്കുന്ന വീഡിയോകള്‍ ഇവിടെ അപ്പാക്കും. പ്രൊഫൈലില്‍ അപ്പാക്കില്ല.
കുറെ പേജുകളും ഗ്രൂപ്പുകളും ഉണ്ട്. അത് നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അതില്‍ വേണ്ട അപ് ഡേറ്റ്‌സ് തുടരും. തീര്‍ച്ചയായും അതിലൊന്നും പേഴ്‌സണല്‍ കാര്യങ്ങള്‍ കടന്നു വരുന്നില്ല. കൂടാതെ ഭൂരിഭാഗവും നിലനിന്നുപോകാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ പോസ്റ്റുകള്‍ മതിയാകും.
https://www.linkedin.com/in/shinod/ പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് ആയതുകൊണ്ട് തന്നെ ഇതില്‍ യാതൊരു മാറ്റവും വരുത്തേണ്ട കാര്യമില്ല
https://twitter.com/eshinod ഭൂരിഭാഗം മലയാളികളെയും പോലെ ട്വിറ്ററില്‍ ആക്ടീവാകാന്‍ മടിയാണ്. എങ്കിലും ഇവിടെ ഇത്തിരി അധികം ആക്ടീവായാല്‍ കൊള്ളാമെന്നുണ്ട്.. പ്രതിദിനം ഒരു പോസ്‌റ്റെങ്കിലും. സ്വാഭാവികമായും ഇവിടെ പേഴ്‌സണല്‍ കാര്യങ്ങള്‍ കടന്നു വരുന്നില്ല. വീഡിയോ അപ്പാക്കും.
https://www.instagram.com/life_with_digital/ ഏകദേശം എട്ടു വര്‍ഷം മുമ്പ് എക്കൗണ്ട് ഉണ്ടാക്കിയിരുന്നെങ്കിലും ആക്ടീവായിരുന്നില്ല. മാസങ്ങള്‍ കൂടുമ്പോള്‍ വല്ല പോസ്റ്റിട്ടാലും ആയി. സമീപകാലത്താണ് ഇതിന്റെ പ്രവര്‍ത്തന രീതികള്‍ പഠിയ്ക്കാന്‍ ശ്രമിച്ചത്. ഇതില്‍ നിന്ന് പേഴ്‌സണല്‍ സംഗതി വേര്‍തിരിയ്ക്കുക ബുദ്ധിമുട്ടാണ്. കാരണം ഇതിന്റെ സ്വാഭാവം അങ്ങനെയാണ്. സജീവമായിരിക്കും. ദിവസം ഒരു പോസ്റ്റിടാന്‍ ശ്രമിക്കും. വീഡിയോകള്‍ അപ്പാക്കാന്‍ ശ്രമിക്കും.
https://www.youtube.com/c/shinodedakkad/ ഏറ്റവും കൂടുതല്‍ സമയം കളയുന്നത് ഇവിടെയാണ്. പല യുട്യൂബ് ചാനലുകളിലെയും വീഡിയോ കാണാനും അത് പഠിയ്ക്കാനും ശ്രമിക്കുന്നതാണ് ഇതിനു കാരണം. പിന്നെ തെലുങ്ക്, കന്നഡ ഹിന്ദി സിനിമകളോടുള്ള ക്രേസും. രാത്രി പത്തുമണിയ്ക്ക് ശേഷം ഒരു സിനിമ യുട്യൂബില്‍ കണ്ടിട്ടായിരിക്കും ഉറക്കം. യുട്യൂബില്‍ ഈ ചുമ്മാ കാണുന്ന പരിപാടി നിര്‍ത്തും. അതേ സമയം മാക്‌സിമം വീഡിയോ ഇതില്‍ അപ് ലോഡ് ചെയ്യാന്‍ ശ്രമിക്കും. പ്രത്യേകിച്ചും ഷോര്‍ട്‌സ്.
Whatsapp: വാട്സ് ആപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്‍തോതില്‍ ഉപയോഗിക്കുന്നതിനാല്‍ രക്ഷപ്പെടുക സാധ്യമല്ല. പക്ഷേ, ലൈവായി മറുപടി പറയണമെന്ന വാശി കളയും. നിശ്ചിത ഇടവേളകളില്‍ മാത്രം ചെക്ക് ചെയ്യും. മറ്റൊരു മെസ്സഞ്ചര്‍ സംവിധാനവും തത്കാലം ഉപയോഗിക്കാന്‍ പരിപാടിയില്ല.