Work From Home: ഇനിയും മാറാത്ത മലയാളി മനസ്സുകള്‍

പത്തുവര്‍ഷങ്ങള്‍ മുമ്പ് ഒരു പത്രത്തിന്റെ വെബ് എഡിറ്റര്‍ ജോലി ചെയ്യുന്ന കാലം. (ഡോട്ട് കോം ബൂമിന്റെ കാലത്ത് തലയില്‍ കയറി പോയ ഒരു പാഷനായിരുന്നു വെബ് ) കോര്‍ഡിനേറ്റിങ് എഡിറ്ററുടെ ജോലി വേണ്ടെന്ന് വെച്ച് എഡിറ്ററോട് ചോദിച്ചുവാങ്ങിയതായിരുന്നു ഈ പോസ്റ്റ്. പകലും രാത്രിയും ഓണ്‍ലൈനില്‍ വേണം. പലപ്പോഴും വീട്ടില്‍ നിന്നായിരുന്നു  വര്‍ക്ക്.

പതുക്കെ ഓരോരുത്തരായി വരാന്‍ തുടങ്ങും. ”അല്ലാ മോന് പണിയൊന്നും ഇല്ല അല്ലേ.. ഫുള്‍ ടൈം വീട്ടില്‍ കാണും. കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു.’.. ഒന്നു രണ്ടു പേരോട് അമ്മ പറഞ്ഞു, ”അവന്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. എല്ലാം കംപ്യുട്ടറിലാണ് ചെയ്യേണ്ടത്.”.

”അപ്പോ അവന് പത്രത്തിലോ ജോലി പോയോ? എത്ര ശമ്പളം കിട്ടും?”, ഇതായിരിക്കും അടുത്ത ചോദ്യം. ഒരു ദിവസം സഹിക്കെട്ട് അമ്മ എന്നോട് പറഞ്ഞൂ. ” മോനെ, ചുറ്റുവട്ടത്തുള്ളവരെല്ലാം പലതും പറയുന്നു. നിനക്ക് ഈ പണി ഓഫിസിയില്‍ പോയി എടുത്തൂടെ”. ഒരു പക്ഷേ, അതു പറയാന്‍ അമ്മ ഏറെ ആലോചിച്ചിട്ടുണ്ടാകും. കാരണം നാട്ടുകാരല്ല എനിക്ക് ചെലവിനു തരുന്നതെന്ന ആദ്യ ഡയലോഗ് എന്റെ അടുത്തു നിന്നുണ്ടാകും. ഞാനൊന്നും മിണ്ടിയില്ല. നമ്മുടെതായ ഒരു സംവിധാനമുണ്ടാക്കി അവിടേക്ക് മാറി. വര്‍ഷങ്ങള്‍ ഏറെ പോയിട്ടും ഈ ഓണ്‍ലൈന്‍ പരിപാടി അങ്ങോട്ട് ആളുകള്‍ക്ക് ദഹിച്ചുവരുന്നില്ലെന്നാണ് മനസ്സിലാകുന്നത്.

വാല്‍ക്കഷണം: വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന സബ് എഡിറ്ററോട് ”നീ വെറുതെ കംപ്യൂട്ടറിന് മുന്നിലിരുന്ന് കൊട്ടാതെ പോയി പാലു വാങ്ങി വാ..വരുമ്പോ ആ പലചരക്കുകടയില്‍ നിന്ന് ഈ സാധനങ്ങളും കൂടി വാങ്ങിക്കോ” എന്നു പറയുന്ന രീതിയിലാണ് വീട്ടുകാരും നാട്ടുകാരും. ”രാവിലെ തന്നെ ഹാര്‍മോണിയ പെട്ടിയും തുറന്നു തുടങ്ങും നിനക്കൊന്നും വേറെ പണിയില്ലെടാ” Prajitha Shinod ഇവളായതുകൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു..

ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ അഞ്ച് കാര്യങ്ങള്‍

1 അതിരാവിലെ എഴുന്നേല്‍ക്കുക. മഹാന്മാരായ പലരും ഈ ശീലമുള്ളവരാണെന്നു കാണാം. രാവിലെ 5.30ന് ഉള്ളിലെങ്കിലും എഴുന്നേല്‍ക്കണം. നേരത്തെ എഴുന്നേല്‍ക്കുന്ന നിങ്ങള്‍ ഭൂരിപക്ഷം പേരേക്കാളും മുന്നിലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ ദിവസവും നിങ്ങള്‍ക്ക് രണ്ടു മണിക്കൂറെങ്കിലും ഇതിലൂടെ അധികം ലഭിക്കുന്നു.

2 വ്യായാമം. ഏതെങ്കിലും രീതിയിലുള്ള വ്യായാമം ചെയ്യാന്‍ രാവിലെ തന്നെ സമയം കണ്ടെത്തണം. യോഗയും ധ്യാനവും ശീലിക്കുന്നത് നല്ലതാണ്. മാനസിക സമ്മര്‍ദ്ദം കുറച്ച് പ്രതികൂല സാഹചര്യങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇത് നിങ്ങളെ പ്രാപ്തരാക്കും.

3 കാര്യങ്ങള്‍ ഉള്‍കൊള്ളണം
വ്യക്തികളെ മനസ്സിലാക്കാനും കാര്യങ്ങളെ ഉള്‍കൊള്ളാനും ശ്രമിക്കണം. അഭിനന്ദിക്കേണ്ട സമയത്ത് അഭിനന്ദിക്കണം. സ്‌നേഹിക്കേണ്ട സമയത്ത് സ്‌നേഹിക്കണം. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം.

4 വായന
ശരിയ്ക്കും പുസ്തക വായനയ്ക്ക് ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. എത്ര തിരക്കാണെങ്കിലും വായിക്കാന്‍ വേണ്ടി ഒരു ദിവസം ഇത്തിരി സമയം കണ്ടെത്താന്‍ ശ്രമിക്കണം.ജീവിത വിജയം നേടിയതില്‍ ഭൂരിഭാഗം പേരും നല്ല വായനക്കാരായിരുന്നു. ബില്‍ഗേറ്റ്‌സും ബാരന്‍ ബഫെറ്റും വായന കൊണ്ടാണ് ഉയരങ്ങളിലെത്താന്‍ സാധിച്ചതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗവും നെഗറ്റീവ് റീഡിങ്ങാണ്. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തൂ. ഓഡിയോ ബുക്കുകളും പരീക്ഷിച്ചു നോക്കാവുന്നതാണ്.

5 ത്രില്ലിങായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിയ്ക്കൂ..
നമ്മളെല്ലാം നമ്മുടെ കംഫര്‍ട്ട് സോണില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഇഷ്ടമുള്ളവരാണ്. ഇതില്‍ നിന്നു വിപരീതമായി ഇത്തിരി ചലഞ്ചിങായ ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കൂ. സൈക്കിള്‍ റൈഡിങ്, ട്രക്കിങ്, ട്രാവലിങ്..ഇതുപോലെ നിങ്ങള്‍ സാധാരണ ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തണം. വാസ്തവത്തില്‍ അസാധാരണമായ സാഹചര്യങ്ങളെ തരണം ചെയ്യുന്നതില്‍ ഇത് നിങ്ങളെ സഹായിക്കും.

 

റിച്ചി-വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു പടം

‘ഉളിദവരു കണ്ടംതേ..എന്ന സിനിമയുടെ റീമേക്കാണ് എന്നു കേട്ടതുകൊണ്ടു തന്നെ..ആദ്യം കന്നഡക്കാരോട് അഭിപ്രായം ചോദിച്ചതിനു ശേഷമാണ് റിച്ചി എന്ന സിനിമ കാണാന്‍ പോയത്.. . ആദ്യം അഭിപ്രായം പറഞ്ഞ മഹേഷും പിന്നെ റിവ്യൂവിലൂടെ ശൈലനും പറഞ്ഞത് ഒരേ കാര്യങ്ങളായിരുന്നു..ഒരു മാസ് പടമൊന്നുമല്ല..ഒരു പരീക്ഷണ സിനിമയാണ്.
 
സംഗതി ഇങ്ങനെയൊക്കെയാണെന്ന് മുന്‍വിധിയുള്ളതുകൊണ്ട് തന്നെ സിനിമ കാണല്‍ ഇത്തിരി ആരോഗ്യപരമാക്കാമെന്നു കരുതി. അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ശ്രീജിത്തിനും ( താമസിക്കുന്നിടത്ത് ആകെയുള്ള കൂട്ട്) സമ്മതം. അങ്ങനെ രണ്ടു പേരും കൂടി മൂന്നു കിലോമീറ്ററോളം നടന്ന് തിയേറ്ററിലെത്തി.
 
ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് നോക്കിയപ്പോള്‍ ഭൂരിഭാഗം സീറ്റും കാലിയായതിനാല്‍ അവിടെ ചെന്ന് ടിക്കറ്റ് എടുക്കാമെന്നു രണ്ടു പേരും നേരത്തെ ധാരണയിലെത്തിയിരുന്നു. സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്പാണ് എത്തിയതെങ്കിലും ഏറ്റവും പിറകിലെ സോഫാ സീറ്റു തന്നെ ലഭിച്ചുവെന്നതില്‍ നിന്നും തിയേറ്ററിലെ തിരക്ക് ഊഹിക്കാമല്ലോ? ഞായറാഴ്ചയായിട്ടും ആ ഭാഗം പോലും നിറഞ്ഞിരുന്നില്ല.
 
വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു പടം..എന്തോ എവിടെയോ ഒരു ഇഷ്ടം.. എന്‍റെ ഇടതുവശത്തിരുന്നവന്‍ ഇന്‍റര്‍വെല്‍ വരെ ഇരുന്നു കണ്ടു. അതിനു ശേഷം സ്ഥലം കാലിയാക്കി. വാസ്തവത്തില്‍ എന്‍റെ ടേസ്റ്റിനു യോജിച്ചതല്ലെങ്കിലും എന്തോ ഒരു കൗതുകം തോന്നിയതുകൊണ്ട് കണ്ടിരുന്നു. സിനിമ കണ്ടിറങ്ങി.(ഇല്ലെങ്കിലും എത്ര മോശം സിനിമയായാലും തിയേറ്റര്‍ വിട്ടു പോരുന്ന ശീലം നമുക്കില്ല) .ശ്രീജിത്ത് ഉള്ള കാര്യം തുറന്നു പറഞ്ഞു..”എന്തോന്ന് പടമാണിത്.. ഒരു സന്ദേശവുമില്ലാത്ത സിനിമ”..ഞങ്ങളുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന ആള്‍..തിരിഞ്ഞു നിന്ന് You saw, Richie.. Its a beautiful movie,,Good Movie..ഞാന്‍ നോക്കിയത് പുള്ളിയുടെ ഭാര്യയുടെ റിയാക്ഷനാണ്..മുഖഭാവം കണ്ടാലറിയാം പുള്ളിക്കാരത്തിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന്.. വീണ്ടും മൂന്നു കിലോമീറ്ററോളം നടന്ന് ഞങ്ങള്‍ വീട്ടിലെത്തി..ഒന്നുമില്ലെങ്കിലും നടത്തമെങ്കിലും കിട്ടിയല്ലോ എന്ന് രണ്ടു പേരും സമാധാനിച്ചു..
 
റിച്ചിയെ മുന്‍വിധിയോടെ കാണുന്നവര്‍ക്ക് അക്കിടി പറ്റും എന്ന കാര്യത്തില്‍ സംശയമില്ല. പക്കാ കച്ചവട സിനിമ മാത്രം ആര്‍ത്തിയോടെ കാണുന്ന എനിക്ക് എന്തോ ഒരു ഇന്പം തോന്നി..അതേ സമയം ശ്രീജിത്തിന് ഇഷ്ടപ്പെട്ടില്ല.. പക്ഷേ, വളരെ നല്ല അഭിപ്രായം പറയുന്ന ആളുകളും ഉണ്ട്.. അതുകൊണ്ട് നിവിന്‍ പോളിയെ കൊന്നു കൊലവിളിക്കരുത്…പ്ലീസ്..എല്ലാവര്‍ക്കും എപ്പോഴും പ്രേമിക്കാനൊന്നും പറ്റില്ല. ചിലപ്പോള്‍ കിട്ടുന്ന വെടിയില്‍ അങ്ങു ചത്തു പോകും.

ചാനലില്‍ സംഭവിച്ചത്, അതില്‍ അത്ര പുതുമയൊന്നുമില്ല

ആരെ ജോലിക്കെടുക്കണമെന്നത് 100 ശതമാനവും മുതലാളിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചു തന്നെ ഒരു ജീവനക്കാരനെ മുതലാളിക്ക് എളുപ്പത്തില്‍ പിരിച്ചു വിടാന്‍ സാധിക്കുമെന്നിരിക്കെ അവകാശങ്ങളെ ഇനി നമുക്ക് അധികം പൊക്കിപിടിയ്ക്കാനാകില്ല.. നാളെ ഇതു തന്നെയായിരിക്കും കേരളത്തിലെയും തൊഴില്‍ സംസ്കാരം. വീണ്ടും കൊടിപിടിച്ച് നേടാമെന്ന് സ്വപ്നം കാണണ്ട.

ഒരു തൊഴിലാളിക്ക് ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിവു മാത്രം പോരാ എന്നതാണ് സ്ഥിതി. അതോടൊപ്പം കഠിനാധ്വാനം ചെയ്യാനുള്ള ഒരു പോസിറ്റീവ് മനസ്സും വേണം. മുതലാളി ഓരോ വര്‍ഷവും കൂട്ടിവെയ്ക്കുന്ന ലാഭകണക്കില്‍ പരാതിയില്ലാതെ സമയം നോക്കാതെ ജോലി ചെയ്തു കൊണ്ടിരിക്കാനുള്ള ഒരു ആറ്റിറ്റ്യൂഡ് വേണം. കഴിഞ്ഞ പേജിലെ കണക്കുകള്‍ എളുപ്പം മറക്കുന്ന മൂരാച്ചിമാരാണ് മുതലാളിമാര്‍. പുതിയ കണക്ക് എത്തിക്കാന്‍ നമ്മളെ കൊണ്ട് പറ്റില്ലെന്നു കണ്ടാല്‍ കറിവേപ്പില പോലെ വലിച്ചെറിയും. നമ്മുടെ അത്രയും കാലത്തെ അധ്വാനമൊന്നും അവരുടെ ലാഭ സ്വപ്‌നത്തിനു മുന്നില്‍ വിലങ്ങ് തടി തീര്‍ക്കില്ല. ഇവിടെ മാനേജര്‍മാര്‍ പോലും ലാഭകണക്കിലെത്തിക്കാനുള്ള ടൂളുകള്‍ മാത്രമാണ്. അതുകൊണ്ട് എപ്പോഴും അപ് ഡേറ്റായിരിക്കുക. ബുദ്ധിപരമായി ജോലി ചെയ്യുക.

കോര്‍പ്പറേറ്റ് കമ്പനികളിലെ ജോലി
ഒരാളെ ജോലിക്കെടുക്കും. ആദ്യ വര്‍ഷം അയാളെ ആവുന്നത്ര പ്രോത്സാഹിപ്പിക്കും. കൂടെ ഒരു പ്രമോഷനും. രണ്ടു വര്‍ഷമാകുമ്പോഴേക്കും കമ്പനിയെ കുറിച്ച് അല്ലാതെ മറ്റൊന്നും ചിന്തിക്കാനാവാതെ കെട്ടിയിടും. ഇതിനിടയില്‍ ടാര്‍ജറ്റ് ഇരട്ടിയാക്കിയിരിക്കും. അടുത്ത വര്‍ഷമാകുമ്പോഴേക്കും വീണ്ടും ഇരട്ടി. മുതലാളി രാത്രി ഉറങ്ങി കിടക്കുമ്പോള്‍ സ്വപ്‌നം കാണുന്ന ലാഭത്തിനനുസരിച്ച് നമ്മുടെ ടാര്‍ജറ്റും കൂടി കൊണ്ടേയിരിക്കും. അവസാനം ജോലി നഷ്ടപ്പെടുന്ന ആധിയും ജോലിയുടെ ഭാരവും കുടുംബസംബന്ധമായ മറ്റു ടെന്‍ഷനും ചേര്‍ന്നുണ്ടാക്കുന്ന വ്യാധികളില്‍ കിതച്ചു നില്‍ക്കുമ്പോള്‍ ടെര്‍മിനേഷന്‍ ലെറ്റര്‍ നമുക്ക് മുന്നിലേക്ക് നീട്ടി തരും.  ഈ ബോധത്തോടെ ജോലിയെ സമീപിക്കുന്പോള്‍ എല്ലാം ശരിയാകും. .

അസെസ്സ്‌മെന്റ് കലാപരിപാടി
എല്ലാ വര്‍ഷവും മുതലാളിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന കലാപരിപാടിയാണ് അസെസ്‌മെന്റ്. ഒരു കൊല്ലത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നവര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുക്കാനാണ് മുതലാളി പറയുക. ഇത് അനുസരിക്കുക മാത്രമായിരിക്കും അതാത് ടീമിനെ നയിക്കുന്ന മാനേജര്‍മാര്‍ക്ക് മുന്നിലുള്ള വഴി.. കാരണം അയാള്‍ക്ക് അയാളുടെ ജോലി സംരക്ഷിക്കേണ്ടതുണ്ട്.

എന്നാല്‍ കേരളത്തിലെ തൊഴില്‍ മേഖലയില്‍ ഇപ്പോഴും യൂനിയന്‍ സംസ്‌കാരവും അവകാശവാദവും ശക്തമാണെന്ന് പറയാം. കേരളത്തിനുള്ളില്‍ നിന്നു നോക്കുമ്പോള്‍ ന്യൂസ് 18ലെ പിരിച്ചുവിടല്‍ അധാര്‍മികമാണെന്ന് തോന്നിയേക്കാം. എന്നാല്‍ കേരളത്തിനു പുറത്തുള്ള തൊഴില്‍ സംസ്‌കാരത്തില്‍ ഇത്തരം പുറത്താക്കലുകള്‍ പുത്തരിയല്ല. ഇനി മറ്റൊരു കാര്യം. പുറത്താക്കപ്പെട്ടവര്‍ കോടതിയെ സമീപിച്ചാല്‍ പോലും രക്ഷയില്ല. കാരണം എല്ലാം നിലവിലുള്ള നിയമങ്ങള്‍ അനുസൃതമായിരിക്കും. കാരണം കാണിക്കല്‍ നോട്ടീസ്, പിരിച്ചുവിടുന്നതിനുള്ള മുന്‍കൂര്‍ നോട്ടീസ്, ശമ്പളം എല്ലാം കൃത്യമായിരിക്കും. പിന്നെ ആകെയുള്ള വഴി ചില ക്രിമിനല്‍ കേസുകളും തൊഴില്‍ കേസുകളും തമ്മില്‍ കൂട്ടികുഴയ്ക്കുകയാണ്.

വാല്‍ക്കഷണം: കേരളത്തില്‍ 15 വര്‍ഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടാണ് പുതിയ താവളത്തിലെത്തിയത്. തുടക്കത്തില്‍ ശരിയ്ക്കും ശ്വാസം മുട്ടിയിരുന്നു. പൊരുത്തപ്പെടാനാകാത്ത ഒട്ടേറെ കാര്യങ്ങള്‍. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്പ് ജോയിന്‍ ചെയ്യുമ്പോഴുള്ള ടാര്‍ജറ്റിന്റെ എത്രയോ മടങ്ങ് അധികമാണ് ഇപ്പോഴുള്ളത്. ഒരിക്കലും സ്വന്തം ജോലി പോകുന്നതിനെ കുറിച്ച് വേവലാതിപ്പെട്ടിരുന്നില്ല. കൂടെയുള്ളവരെ സംരക്ഷിക്കാനാണ് ശ്രമിക്കാറുള്ളത്. ഈ വര്‍ഷത്തെ അസെസ്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ മൂന്നു പേര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുക്കാനാണ് മാനേജ്‌മെന്റ് അറിയിച്ചത്. ഇക്കാര്യം അവരെ ഞാന്‍ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് സത്യം. കാരണം ആറ്റിറ്റ്യൂഡിന് പ്രാധാന്യം കൊടുക്കുന്ന ഒരു മാനേജരാണ് ഞാന്‍.  അവരെ മുന്നോട്ടുകൊണ്ടുവരാനും ഗ്യാപ്പ് നികത്താനും കഴിയുമെന്ന എന്‍റെ വിശ്വാസം ജയിക്കുക തന്നെ ചെയ്യും.

ടാര്‍ജറ്റ് എന്റെ ബാധ്യതയാണ് അതു ഞാന്‍ എത്തിക്കുക തന്നെ ചെയ്യുമെന്ന വാദമാണ് അവര്‍ക്ക് മുന്നില്‍ വെച്ചത്. ഇതിന്റെ മുഴുവന്‍ സമ്മര്‍ദ്ദവും നമുക്കു മുന്നിലുണ്ടാകും. അത് അനുഭവിക്കാന്‍ തയ്യാറായിട്ടു തന്നെയാണ് ആ റിസ്ക് ഏറ്റെടുത്തത്. തീര്‍ച്ചയായും ഒരു രക്ഷയുമില്ലെങ്കില്‍ മാത്രമേ കൂടെയുള്ളവരെ കൈവിടാവൂവെന്നു മാത്രമേ ന്യൂസ് 18 വിഷയത്തില്‍ പറയാനുള്ളൂ. അതേ സമയം നിരക്കാത്ത രീതിയില്‍ സംരക്ഷിക്കേണ്ട കാര്യവും ഇല്ല. നമ്മുടെ പൊസിഷന്‍ മാന്യമായി തന്നെ അവരെ അറിയിക്കുകയും അവരില്‍ നിന്നു തന്നെ രാജി വാങ്ങുകയുമാണ് അതിന്‍റെ മര്യാദ. അതിനിടയില്‍ പൊളിറ്റിക്സ് കളിയ്ക്കുന്നതിനോട് യോജിപ്പില്ല..മാനേജര്‍മാരും ജീവനക്കാര്‍ മാത്രമാണ്.

ടീം വര്‍ക്കിലാണ് കാര്യം. അതേ സമയം കൊള്ളരുതാത്ത ഒരു ജീവനക്കാരനോട് വളരെ സ്നേഹത്തോടെ തന്നെ നമ്മള്‍ മാച്ചായി വരില്ല. താങ്കള്‍ക്ക് പുതിയ മേച്ചില്‍പ്പുറം തേടാമെന്ന് പറയുന്നതിനും ഇത്രയും കാലത്തിനിടയില്‍ മടി കാണിച്ചിട്ടില്ല. എന്നാല്‍ എല്ലാ വ്യക്തികള്‍ക്കും കഴിവുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ ഇതുവരെ രണ്ടു മൂന്നു പേരോട് മാത്രമേ പറയേണ്ടി വന്നിട്ടുള്ളൂ.

ആര്‍ത്തവ സംവരണം പെണ്ണിന് ഗുണമോ ദോഷമോ?

ഒരു പ്രമുഖ ചാനലില്‍ ആര്‍ത്തവത്തിന്‍റെ ആദ്യ ദിവസം അവധി കൊടുത്തതിനെ ചിലര്‍ ആഘോഷിക്കുന്നതു കണ്ടു. തീര്‍ച്ചയായും ഈ ദിവസങ്ങളില്‍ ചില പെണ്‍കുട്ടികള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. അവര്‍ക്ക് ആവശ്യമായ ലീവ് ലഭിക്കുന്നത് നല്ല കാര്യം തന്നെയാണ്. അതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത് ഭൂരിഭാഗം കന്പനികളും ഫോളോ ചെയ്യാന്‍ സാധ്യതയില്ല. കാരണം ചില കാര്യങ്ങള്‍ നമുക്കൊന്നു നോക്കാം..
——————————————————————————————————————————-
കുറഞ്ഞ ശമ്പളത്തിനെ ജീവനക്കാരെ കിട്ടാനാണ് മുതലാളി ആദ്യം പറയുക. പെണ്‍കുട്ടികളാണ് നല്ലത്. ചുരുങ്ങിയത് കല്യാണം വരെയെങ്കിലും അവരെ കിട്ടുമല്ലോ? നല്ലതുപോലെ ജോലിയും ചെയ്തോളും.  പിന്നെ സ്വകാര്യം പറയും.. കല്യാണം ഉടന്‍ ഉണ്ടാകുമോ? എന്താണ് പരിപാടിയെന്ന് ഒന്നു സൂത്രത്തില്‍ തിരക്കണേ…!!!!! അല്ലെങ്കില്‍ ചോദിക്കും..കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയതല്ലേ..ജോലി OK ആണെങ്കില്‍ കുഴപ്പമില്ല, ശന്പളം ഇത്രയേ കൊടുക്കാന്‍ പറ്റൂ…
 
ഇത്തരം സമീപനം എടുക്കുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം ഇത്തിരി കൂടുകയും ചെയ്യും. പെണ്‍കുട്ടികളുടെതായ പല പ്രശ്‌നങ്ങള്‍ കൊണ്ട് അവര്‍ ലീവെടുക്കുമ്പോള്‍..മുതലാളി കൂളായി പറയും..ആണ്‍കുട്ടികളാണ് നല്ലത്.. പെണ്‍കുട്ടികള്‍ എപ്പോഴും തലവേദനയാണെന്ന്.. ആണ്‍കുട്ടികളാണെങ്കില്‍ ഒരു കുഴപ്പവുമില്ല.. ഇതേ മുതലാളിയാണ് കുറഞ്ഞ ശന്പളം മാത്രമേ കൊടുക്കാന്‍ കഴിയൂവെന്ന് പറയുന്നത്..
 
കല്യാണമെത്തിയാല്‍ മുതലാളി മാനേജരോട് സ്വകാര്യം ചോദിക്കും..അല്ലെ പോകില്ലേ? പോകുന്നില്ലെങ്കില്‍ മുതലാളിക്ക് ആധിയാണ്. കാരണം മുതലാളി പേടിയ്ക്കുന്നത് കല്യാണത്തിന്റെ ലീവിനെയാണ്. പേടി അവിടെ തീരുന്നില്ല.. എങ്ങാനും പ്രെഗ്നന്റായി പോയി.. ബെഡ് റെസ്റ്റ്.. പിന്നെ പ്രസവാവധി…അതു കഴിഞ്ഞ് കുട്ടിയെ നോക്കാന്‍ അവധി..ഇതൊക്കെ മറികടക്കാന്‍ മുതലാളി കാണുന്ന സൂത്രപ്പണിയാണ്. സൂത്രത്തില്‍ അങ്ങ് പറഞ്ഞു വിടുക.അതിന് ഓരോ കാരണമുണ്ടാക്കാന്‍ മാനേജരുടെ ചെവികടിയ്ക്കും. അയാളെ ഭീഷണിപ്പെടുത്തും.
 
ഇതിന് മുതലാളിമാര്‍ സ്ഥിരമെടുക്കുന്ന നമ്പറാണ്. കല്യാണത്തിന് പത്തുദിവസമേ അവധി തരൂ. ലക്ഷ്യം പോയി കിട്ടുമല്ലോ? ചില ദുഷ്ടന്മാര്‍ പറയും..അഞ്ചു ദിവസം മാത്രം…. അതു കഴിഞ്ഞ് അവധിയില്ലെന്ന് ആദ്യമേ പറഞ്ഞേക്കും. ബെഡ് റെസ്റ്റ് എങ്ങാനും പറഞ്ഞ് ലീവ് ചോദിച്ചാല്‍… കമ്പനി പോളിസി അനുസരിച്ച് ലീവ് കൂടുതല്‍ തരാന്‍ സാധിക്കില്ല.ഞാന്‍ ഒരു പതിനഞ്ച് ദിവസം ലീവ് തരാം. അതു കഴിഞ്ഞും പറ്റിയില്ലെങ്കില്‍ രാജിവെയ്ക്കുന്നതാണ് നല്ലത്. ഇവിടെ മാക്‌സിമം മുറുക്കി പിടിയ്ക്കും. കാരണം ഇതോടെ പോയില്ലെങ്കില്‍ പിന്നീട് ഒന്നര കൊല്ലത്തിന് ആ മാന്‍ പവറിനെ നോക്കണ്ട.ഇനി ആ ഘട്ടവും കടന്നാല്‍ കുട്ടിയുണ്ടെന്ന് കരുതി എക്‌സ്‌ക്യൂസൊന്നും തരാന്‍ പറ്റില്ല..ഈ രീതിയില്‍ ബുദ്ധിമുട്ടാക്കി കൊണ്ടേയിരിക്കും. എന്നാല്‍ ആണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞാല്‍ കുറച്ചു കൂടി ‘ഉത്തരവാദിത്വത്തോടെ’ ജോലിക്കു വന്നു തുടങ്ങും…പ്രശ്നം മുഴുവന്‍ പാവം പെണ്‍കുട്ടികള്‍ക്കും.
 
… പ്രസവാവധി കൂട്ടിയിട്ടോ…ആര്‍ത്തവ അവധി നല്‍കിയിട്ടോ കാര്യമില്ല. നമ്മുടെ തൊഴില്‍ സംസ്‌കാരമാണ് നന്നാകേണ്ടത്. സ്ത്രീകളോടുള്ള സമീപനമാണ് മാറേണ്ടത്. ചുരുക്കത്തില്‍ മുതലാളി ചിന്തിക്കുക ഇങ്ങനെയായിരിക്കും. മാസത്തില്‍ ഒരു അവധി അധികം നല്‍കേണ്ട, ആറു മാസം പ്രസവാവധിയും അതിനു ശേഷം മാസങ്ങളോളം കുട്ടിയെ നോക്കാനും(ഇതെല്ലാം കഴിഞ്ഞ് വരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത) അവധി വേണ്ട പെണ്ണിനെ വേണോ അതോ ആണിനെ വേണോ എന്നായിരിക്കും. സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുക. ലാഭം മാത്രം വെച്ചായിരിക്കും മുതലാളി കണക്കു കൂട്ടുക.  അതു മറന്നു പോകരുത്.. സോഷ്യലിസത്തില്‍ നിന്നു നമ്മള്‍ അകന്നാണ് പോകുന്നത്..
————————————————————————————————————————————–
  ”ആര്‍ത്തവം എന്നതു നാണക്കേടല്ല.  അത് ആരോടു പറയാനും എനിക്ക് മടിയില്ല. എന്നാല്‍ അത് കന്പനിയിലെ മുതലാളിയോട് വിളിച്ചു പറഞ്ഞ് അതിന്‍റെ പേരിലുള്ള പരിഗണന വേണ്ട. അതിന്‍റെ പേരില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ലീവെടുക്കും. അത് മറ്റേത് അസുഖത്തിന്‍റെയും ലാഘവത്തോടെ തന്നെ. ആര്‍ത്തവ സംവരണത്തോട് യോജിപ്പില്ല. ഇത്തരം സംവരണം ഏര്‍പ്പെടുത്തി പിറകോട്ട് തള്ളാന്‍ അനുവദിക്കുകയുമില്ല. അവനൊപ്പം ഒരു പക്ഷേ, അവനേക്കാള്‍ നന്നായി തിളങ്ങുക തന്നെ ചെയ്യും. ”. എന്ന മുദ്രാവാക്യം ചില  പെണ്‍കുട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. അതേ സമയം മുതലാളി ചിന്തിക്കുന്നത്. ആ ആഴ്ച എപ്പോഴോ ആണ് അവളുടെ ഡേറ്റ്…ഈ ജോലി അവള്‍ക്ക് കൊടുക്കണ്ട…അത് അവന്‍ ചെയ്തോട്ടെ..അവള് ലീവാകും…അല്ലെങ്കില്‍ ഈ പ്രൊജക്ടില്‍ നിന്ന് അവളെ മാറ്റിക്കളയൂ.. അതേ അവള് രാജിക്കത്ത് തന്നാല്‍ സ്വീകരിച്ചേക്ക്….പകരം ഒരു ആണ്‍കുട്ടിയെ നോക്ക്….ഇതാണ് മുതലാളിയുടെ സമീപനം വരിക….എന്തായാലും ആ ചാനല്‍ എത്രമാത്രം ഇതു നടപ്പാക്കുമെന്ന് കണ്ടുതന്നെ അറിയാം..
വാല്‍ക്കഷണം: ആര്‍ത്തവദിവസം ബുദ്ധിമുട്ടുള്ളവര്‍ക്ക്  ലീവ് പോലും കൊടുക്കാതെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്ന സ്ഥാപനമാണ് ചാനലെന്നും ഇത് മാറ്റി വായിക്കാം. ആര്‍ത്തവും ഉള്ളവരും ഇല്ലാത്തവരും എന്ന പരിഗണനയ്ക്കപ്പുറം വയ്യാത്തവര്‍ക്കു ലീവ് കിട്ടുന്ന സാഹചര്യം ഉണ്ടാകണം. ഇത്തരം സംവരണ കലാപരിപാടി വേണ്ടെന്നാണ് ഒരിത്..

ഹോട്ടല്‍ ബില്‍ ഇനി മുതല്‍ കൗണ്ടറില്‍ തിരിച്ചു കൊടുക്കാതിരിക്കുക

ജിഎസ്ടിയും ഹോട്ടല്‍ ബില്ലും.

1 ബില്‍ നന്പര്‍ തുടര്‍ച്ചയായിട്ടുള്ളതല്ലെങ്കില്‍ ഇക്കാര്യം ബില്‍ വാങ്ങിയതിനു ശേഷം കടക്കാരനോട് പറയുക. ഓരോ ദിവസവും അല്ല ജിഎസ്ടി പ്രകാരം നന്പര്‍ വരേണ്ടത്. അത് തുടര്‍ച്ചയായ നന്പറുകളായിരിക്കണം. നല്ല തിരക്കുള്ള ഹോട്ടലുകളില്‍ നന്പര്‍ പ്രതിദിനം ആയിരം കടന്നേക്കും. ഇക്കാര്യം മറക്കരുത്. അപ്പോള്‍ തുടര്‍ച്ചയായ നന്പറുകളാണെങ്കില്‍ എത്രയുണ്ടാകുമെന്ന് ഊഹിക്കാമല്ലോ.. ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കുന്പോള്‍ 100ല്‍ താഴെയുള്ള നന്പര്‍ കണ്ടാല്‍ ഓര്‍ത്തോ..ഈ ഹോട്ടല്‍ നടത്തിപ്പുക്കാരന്‍ കള്ളനാണ്.

2 18 ശതമാനം ജിഎസ് ടി എടുക്കുന്ന ഹോട്ടലുകാരോട് തമാശയായിട്ടാണെങ്കിലും നിങ്ങള്‍ക്ക് 75 ലക്ഷത്തിന് മുകളില്‍ കച്ചവടം ഉണ്ടല്ലേ… അപ്പോ ജിഎസ്ടി ഇനത്തില്‍ പ്രതിമാസം നിങ്ങള്‍ ഏറ്റവും ചുരുങ്ങിയത് 13.5 ലക്ഷം രൂപ സര്‍ക്കാറിന് നല്‍കുന്നുണ്ടല്ലേ..നമുക്കറിയാം..ഇത്രയും കാലം ആവറേജ് ടാക്സ് അടച്ചു പോന്നവന്‍ ഈ പണം കൂടി പോക്കറ്റിലിടാമെന്നു കരുതിയിരിക്കുകയാണ്. സമ്മതിക്കരുത്.

3 അപ്പോ നിങ്ങളുടെ മുതലാളിയുടെ വരുമാനവും പ്രതിമാസം 10 ലക്ഷത്തോളം കാണില്ലേ. അയാള്‍ ഇന്‍കം ടാക്സ് ഇനത്തിലും നല്ല സംഖ്യ കൊടുക്കുമായിരിക്കും അല്ലേ… കാരണം ഇവന്‍ തന്നെ അല്ലേ വളണ്ടിയറായി വന്ന് 18 ശതമാനം ടാക്സ് എടുക്കുന്നത്.. കച്ചവടം കുറവാണെങ്കില്‍ അവന്‍ 12 ശതമാനവും അഞ്ച് ശതമാനവും അല്ലേ വാങ്ങേണ്ടത്..അപ്പോ നല്ല കച്ചവടമാണ്.

4 ബില്ലുകളില്‍ നിന്നു പിടിയ്ക്കുന്ന ടാക്സ് സര്‍ക്കാറിലേക്ക് അടയ്ക്കുന്നില്ലെന്ന് സംശയമുണ്ടെങ്കില്‍ facebook.com/postbillshere/ എന്ന പേജില്‍ അത് പോസ്റ്റ് ചെയ്യൂ. സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ ഉറച്ച് തന്നെയാണ്.

5 കൂടാതെ ജിഎസ്ടി നന്പറും ബില്‍ നന്പറും എന്‍റര്‍ ചെയ്താല്‍ ടാക്സ് ക്രെഡിറ്റായോ എന്ന് അറിയാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുമായിരിക്കും. ഒരു മാസം കഴിഞ്ഞ് ബില്‍ ഈ രീതിയില്‍ ചെക് ചെയ്തു നോക്കാം. അതുകൊണ്ട് ബില്‍ സൂക്ഷിക്കുക. പണി കൊടുക്കേണ്ടവന് പണി കൊടുക്കാം..

എല്ലാം ഒരു കൊച്ചു പെട്ടിയിലേക്ക്, സോഷ്യല്‍ മീഡിയ, ന്യൂസില്‍ പിടി മുറുക്കുന്പോള്‍

ഇപ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും ലോകം ആറിഞ്ചിൽ താഴെ മാത്രം നീളമുള്ള ഒരു ചതുരപ്പെട്ടിയിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ടിവിയും വാര്‍ത്തയും വിനോദവും ബന്ധങ്ങളും ഈ കൊച്ചു പെട്ടിക്കുള്ളിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയും വാര്‍ത്തയും പരസ്പരം പൂരകങ്ങളായി നില്‍ക്കുന്നതിനു പകരം ഒന്നായി ഒരേ സ്വരത്തില്‍ വായനക്കാരുടെ ഇടപെടലോടെ ഒഴുകുന്ന കാലം എത്തിയിരിക്കുകയാണ്.

റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ സ്റ്റഡി ഓഫ് ജേര്‍ണലിസം പുറത്തുവിട്ട ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഇത് സാധൂകരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടത്തിയെ സര്‍വെ അനുസരിച്ച് ഓണ്‍ലൈനിലുളള 60 ശതമാനത്തോളം ആളുകള്‍ വാര്‍ത്തകള്‍ക്കായി ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെയാണ് കാര്യമായി ആശ്രയിക്കുന്നത്.

പണ്ട് ഓരോ ജില്ലയിലും പത്രത്തിന്റെ എഡിഷന്‍ തുടങ്ങുന്നത് കൗതുകത്തോടെയാണ് നമ്മള്‍ നോക്കി കണ്ടത്. പിന്നീട് മത്സരത്തിന്റെ ഭാഗമായി ഇത് ഓരോ പഞ്ചായത്ത് വരെയെത്തി. എന്നാല്‍ ഡിജിറ്റല്‍ മീഡിയയിലെത്തിയപ്പോള്‍ ഇത് ഓരോ വ്യക്തിയ്ക്കും ഓരോ എഡിഷന്‍ നിലയിലേക്ക് മാറി. അതേ, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും അവയുടെ അല്‍ഗൊരിതങ്ങളും തന്നെയാണ് വരാനിരിക്കുന്ന നാളുകളിലെ വാര്‍ത്ത വില്‍പ്പനയെ നിര്‍ണയിക്കാന്‍ പോകുന്നത്.

നേരത്തെ മൂലധന താത്പര്യത്തിനും എഡിറ്റോറിയല്‍ നിലപാടുകള്‍ക്കും ഭൂമിശാസ്ത്ര പരിഗണനകള്‍ക്കും അനുസരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നതെങ്കില്‍ ഇന്ന് ഈ പരിഗണനകളെല്ലാം തന്നെ 50 ശതമാനത്തിന് താഴേ പോയിരിക്കുകയാണ്. യൂസര്‍ ബിഹേവിയര്‍ അനുസരിച്ച് തയ്യാറാക്കുന്ന അല്‍ഗൊരിതം ഉപയോഗിച്ചാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും വെബ് സൈറ്റുകളിലും എത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ വായനയും വാണിജ്യപരമായ വിജയവും സാധ്യമാകുന്നു.

പല പ്രമുഖ മാധ്യമങ്ങളും ഈ പുതിയ മാറ്റത്തെ ഉള്‍കൊള്ളാനാകാതെ പകച്ചു നില്‍ക്കുകയാണ്. വിതരണ സമ്പ്രദായത്തിലെ പുത്തന്‍ പ്രവണതകള്‍ മുതലാക്കി തുടക്കക്കാര്‍ കുതിച്ചുകയറുമ്പോള്‍ വര്‍ഷങ്ങളുടെ പാരമ്പര്യം പറയുന്ന മാധ്യമഗ്രൂപ്പുകള്‍ പലതും കിതയ്ക്കുകയാണ്.

എങ്ങനെ കൂടുതല്‍ പരിഗണന നേടാം? വായനക്കാരെ എങ്ങനെ തിരിച്ചു കൊണ്ടുവരാം? ഈ ചിന്തയിലാണ് പല സ്ഥാപനങ്ങളും. കാരണം വരുമാനമില്ലാതെ ആര്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. ഡിസ്‌പ്ലേ പരസ്യ രീതിയില്‍ നിന്നും കണ്ടന്റ് പരസ്യങ്ങളിലേക്ക് വരുമാന മേഖലയും പതുക്കെ ചുവട് മാറ്റുകയാണ്. സാധാരണ പരസ്യങ്ങളേക്കാളും 53 ശതമാനം അധികം സാധ്യതയാണ് കണ്ടന്റ് പരസ്യങ്ങളിലൂടെ ലഭിക്കുന്നത്.

ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയ്ക്ക് ചെറിയൊരു ഉദാഹരണം പറയാം. 2017ല്‍ അമേരിക്കയിലെ മൊത്തം മീഡിയ പരസ്യ നിക്ഷേപത്തിന്റെ 40 ശതമാനവും ഡിജിറ്റല്‍ മീഡിയ കൊണ്ടു പോകും. 35.8 ശതമാനം ടിവിയ്ക്കും ബാക്കിയുള്ളത് മാത്രമാണ് പ്രിന്റ് മാധ്യമങ്ങള്‍ക്ക് ലഭിക്കുക. ഡിജിറ്റല്‍ പരസ്യ മേഖലയില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെ ആധിപത്യം തന്നെയാണ്. മൊത്തം പരസ്യങ്ങളുടെ 57.6 ശതമാനവും ഇവര്‍ തന്നെയാണ് സ്വന്തമാക്കുന്നത്.

അതിവേഗ ഇന്റര്‍നെറ്റും പുതിയ സാങ്കേതിക വിദ്യകളും മൊബൈല്‍ ട്രാഫിക് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. 2016ല്‍ തന്നെ ഡെസ്‌ക് ടോപ്പിനെ മൊബൈല്‍ മറികടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പ്രമോഷനായി മാറ്റിവെയ്ക്കുന്ന ഫണ്ടില്‍ 21 ശതമാനവും മൊബൈലിനു മുന്തിയ പരിഗണന നല്‍കുന്നു. 2010ല്‍ഇത് വെറും നാലു ശതമാനം മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിലൂടെ ഫേസ് ബുക്കും കണ്ടന്റ് പരസ്യങ്ങളിലൂടെ ഗൂഗിളും മറ്റു പ്ലാറ്റ് ഫോമുകളും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു.

ആദ്യകാലത്ത് കൗതുകത്തിനും സൗഹൃദത്തിനുമാണ് പലരും സോഷ്യല്‍ മീഡിയയിലെത്തിയത്. എന്നാല്‍ കാലക്രമേണ അത് കാര്യങ്ങള്‍ അറിയാനുള്ള അല്ലെങ്കില്‍ അറിയിക്കാനുള്ള ഒരു പ്ലാറ്റ് ഫോമുകൂടിയായി മാറി. വാര്‍ത്തകളുടെ കടന്നുവരവോടു കൂടിയാണ് സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ക്ക് ഒരു ഗൗരവബോധം കടന്നുവന്നത്. എന്നാല്‍ ആധികാരികമല്ലാത്തതും നിലവാരമില്ലാത്തതുമായ വാര്‍ത്തകളുടെയും വിവരങ്ങളുടെയും കുത്തൊഴുക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനെ മറികടക്കാന്‍ വേണ്ടിയുള്ള പുതിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.


സെന്‍സര്‍ ഷിപ്പും എഡിറ്റോറിയല്‍ റെസ്‌പോണ്‍സിബിലിറ്റിയുമാണ് സോഷ്യല്‍ മീഡിയ ന്യൂസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വാസ്തവത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ ടാര്‍ജറ്റ് ചെയ്യാതിരുന്ന ഒരു ബിസിനസ് മേഖലയിലേക്ക് വഴുതി വീഴുകയായിരുന്നു. എന്നാല്‍ ഇതിന്റെ വാണിജ്യപ്രാധാന്യം തിരിച്ചറിഞ്ഞ കമ്പനികള്‍ ഉള്ളടക്കങ്ങളില്‍ ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

സോഷ്യല്‍മീഡിയയുടെ അതിപ്രസരം വാര്‍ത്താ ഉപഭോഗത്തെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പത്രവായനയുടെ രീതിയിലും ടെലിവിഷന്‍ വാര്‍ത്ത കാണുന്നതിലും വന്ന മാറ്റം നിങ്ങള്‍ക്ക് ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. വരാനിരിക്കുന്നത് സ്മാകിന്റെ കാലമാണ്. (സോഷ്യല്‍, മൊബൈല്‍, അനാലിറ്റിക്‌സ് ആന്റ് ക്ലൗഡ്).

ഈ നാല് സാങ്കേതിക വിദ്യകളാണ് വാര്‍ത്താ ലോകത്തെയും നിയന്ത്രിക്കാന്‍ പോകുന്നത്. കുറഞ്ഞ ചെലവില്‍ പരമാവധി നേടിയെടുക്കുകയെന്ന ബിസിനസ് തന്ത്രം. പ്രസും നാടുനീളെ ഓഫിസുകളും ട്രാന്‍സ്‌പോണ്ടറുകളും വിലയേറിയ ഉപകരണങ്ങളും വേണ്ട. കുറഞ്ഞ മുതല്‍മുടക്കില്‍ പരമാവധി ലാഭം. വായനക്കാരന് പരിഗണനയും വാര്‍ത്തയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നതുകൊണ്ടു തന്നെ ‘സോഷ്യല്‍ ന്യൂസ്’ സങ്കല്‍പ്പം കൂടുതല്‍ ജനപ്രിയമാകും.

കളി കാര്യമാക്കരുത് – കളിയില്‍ പാകിസ്താനു വേണ്ടിയും കൈയടിയ്ക്കാം

കളി കാര്യമാക്കരുത്.. കളിയില്‍ ജയിച്ച പാകിസ്താന് ജയ് വിളിക്കാം. കളി കാണുന്പോള്‍ ഗ്യാലറിയില്‍ പാക് പതാകയേന്താം. കളി കഴിഞ്ഞ് കളിക്കാരും പോയി…ചുമ്മാ പാകിസ്താനു സിന്ദാബാദും വിളിച്ചു നടക്കുന്നവന്‍റെ ലക്ഷ്യം വേറെയാണ്. ഇത്തരക്കാര്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

സിനിമ തുടങ്ങുന്നതിനു മുന്പ് ദേശീയഗാനം ഇടുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. അവിടെ ഒരു പൊതുചടങ്ങല്ല നടക്കാന്‍ പോകുന്നത്. എങ്കിലും എല്ലാവര്‍ക്കുമൊപ്പം എഴുന്നേറ്റ് നില്‍ക്കാറുണ്ട്. പക്ഷേ, സിനിമയ്ക്കുള്ളില്‍, സിനിമയുടെ ഭാഗമായി പാട്ട് വന്നാല്‍ അത് ആ കലാസൃഷ്ടിയുടെ ഭാഗമാണെന്ന് ചിന്തിക്കാനാണ് ഇഷ്ടം.. എഴുന്നേല്‍ക്കാന്‍ ശ്രമിക്കാറില്ല. പക്ഷേ, ദംഗല്‍ കാണാന്‍ പോയപ്പോള്‍..ഈ പോളിയിസിയിലും വെള്ളം ചേര്‍ക്കേണ്ടി വന്നു.(അല്ലെങ്കില്‍ ആ പൊട്ടന്മാരുടെ അടുത്തു നിന്ന് തല്ലു കിട്ടുമായിരുന്നു) ചാംപ്യന്‍സ് ലീഗ് നടക്കുന്പോള്‍, ഇന്ത്യയുടെ കളി ടിവിയില്‍ വന്നാല്‍..അന്ന് ഓഫിസ് മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കാണാം.. ഇതിനോടും വ്യക്തിപരമായി യോജിപ്പില്ല. എന്നാല്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയാണെങ്കില്‍ നിര്‍ബന്ധമായും ദേശീയ ഗാനത്തെ മാനിക്കണം. എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. . അതേ പോലെ ആളുകൂടുന്ന പൊതുപരിപാടികളില്‍ ഏതെങ്കിലും ദൈവസ്തുതി പാടുന്നതിനേക്കാള്‍ നല്ലത് ദേശീയഗാനം പാടുന്നതാണെന്ന് കരുതുന്നു.

ടിവിയില്‍ ഗാനം വന്നപ്പോള്‍ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ ”നിങ്ങള്‍ മലയാളികള്‍ അങ്ങനെയാണെന്നാണ്” ഒരു അന്യഭാഷക്കാരന്‍ ഇതിനോട് പ്രതികരിച്ചത്. ഞാന്‍ അയാളോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഇന്ത്യ കളിയ്ക്കുന്നുണ്ടെങ്കില്‍ മനസ്സില്‍ ഇന്ത്യ ജയിക്കണമെന്നു തന്നെയാണ് ആഗ്രഹിക്കുക. ഓരോ കാര്യത്തിലും ഇന്ത്യന്‍ പതാക ആവോളം ഉയരത്തില്‍ പറക്കണമെന്നാണ് സ്വപ്നം കാണുന്നത്. പൊതു സ്ഥലങ്ങളില്‍ എവിടെ ദേശീയഗാനം പാടിയാലും അതേറ്റു പാടികൊണ്ടു തന്നെയാണ് എഴുന്നേറ്റ് നില്‍ക്കാറുള്ളത്. പക്ഷേ, എന്തായാലും ഓവറാക്കരുത്..

പക്ഷേ, പാകിസ്താന്‍കാരന്‍ നന്നായി കളിച്ചാല്‍ അതിനെ അഭിനന്ദിക്കാനും സൂപ്പര്‍ വിജയം നേടിയാല്‍ അതിനെ പ്രകീര്‍ത്തിക്കാനും മടിയ്ക്കാറില്ല. ഞാന്‍ കാണുന്നത് വിനോദമാണെന്നും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും തിരിച്ചറിയുന്നതുകൊണ്ടാണ്. ഈ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് അധിക മലയാളികള്‍ക്കുമുണ്ടാകും. . പക്ഷേ, നിങ്ങളുടെ പ്രശ്നം, കേരളത്തിലെ മുസ്ലിം മതമൗലികവാദികളായ ചിലരും ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ച് ‘തെറ്റിദ്ധാരണ’ വെച്ചുപുലര്‍ത്തുന്ന ചില അരാഷ്ട്രീയ വാദികളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മൊത്തം മലയാളികളുടെ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ്. ഞങ്ങളും രാജ്യസ്നേഹികളാടോ….

വാല്‍ക്കഷണം: മൗലികവാദികളുടെ ലക്ഷ്യം ഭിന്നിപ്പിച്ചു നിര്‍ത്തുകയെന്നതാണ്. കൂട്ടുകൂടാന്‍ സമ്മതിക്കാതിരിക്കുകയെന്നത് അവരുടെ തന്ത്രമാണ്. സ്പോര്‍ട്സ് എന്ന വികാരത്തില്‍ എല്ലാവരും യോജിക്കരുത്. അതിര്‍ത്തികള്‍ ഇല്ലാതാകരുത്. വേറിട്ടു നില്‍ക്കുന്പോള്‍ മാത്രമാണ് അവര്‍ക്കു കാര്യമുള്ളത്. അരാഷ്ട്രീയവാദികളുടെ നിലപാടുകളും മൗലികവാദികള്‍ക്ക് ചൂട്ടുപിടിയ്ക്കുന്നതാണെന്നതാണ് സത്യം.